Image

ചില ദു:ഖവെള്ളിയാഴ്‌ച പ്രകടനങ്ങള്‍

ടോം ജോസ്‌ തടിയമ്പാട്‌ Published on 21 April, 2012
 ചില ദു:ഖവെള്ളിയാഴ്‌ച പ്രകടനങ്ങള്‍
ദുഃഖ വെള്ളിയാഴ്‌ച കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി ലിവര്‍പൂളിലെ സെന്റ്‌ ഫിലോമിനാസ്‌ ദേവാലയത്തില്‍ ചെന്നപ്പോള്‍ തോന്നിയ ചില ചിന്തകളാണ്‌ ഇത്തരം ഒരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

ഏകദേശം 700 ആളുകള്‍ ദേവാലയത്തില്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു അവരില്‍ സ്‌ത്രീകള്‍ ബഹുഭൂരിപക്ഷവും സാരിയും ബ്ലൗസും ചുരിദാറും അടങ്ങുന്ന പരമ്പരാഗത വസ്‌ത്രങ്ങള്‍ അണിഞ്ഞാണ്‌ വന്നിരുന്നത്‌ പുരുഷന്‍മാരില്‍ ഷര്‍ട്ടും മുണ്ടും ധരിച്ചവരും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ്‌ ഇത്രയും ആളുകള്‍ ഇരട്ടി ശമ്പളം കിട്ടുമായിട്ടു കൂടി ജോലി ഉപേക്ഷിച്ച്‌ ദേവാലയത്തില്‍ ഒത്തു കൂടാന്‍ കാരണം എന്നു ചിന്തിച്ചപ്പോള്‍ ഒരു പക്ഷെ അവരുടെ ദൈവ വിശ്വാസം ആയിരിക്കാം എന്ന്‌ ഒരു വശത്ത്‌ തോന്നിയപ്പോള്‍ മറു വശത്ത്‌ അവരില്‍ ഉറഞ്ഞു കൂടി കിടക്കുന്ന സമാനതകളില്ലാത്ത സംസ്‌കാരത്തോടുള്ള അഭിനിവേശം ആണ്‌ എന്നു തോന്നിപ്പോയി.

സംസ്‌കാരത്തിന്റെ രണ്ടു പ്രധാന ഘടകങ്ങളാണ്‌ ഭാഷയും, സിവില്‍ലൈസേഷനും അതുപോലെ തന്നെ സംസ്‌കാരത്തിന്റെ രണ്ടു തലങ്ങള്‍ ഉണ്ട്‌ ഒന്ന്‌ നമുക്ക്‌ തൊട്ട്‌ അറിയാവുന്നതും മറ്റൊന്ന്‌ അനുഭവിച്ച്‌ അറിയാവുന്നതും. ഇന്ദ്രിയ ഗോചരമായതിനെയും തൊട്ടറിയാവുന്നതിനെയും നമ്മള്‍ സിവിലൈസേഷന്‍ എന്നു വിളിക്കുന്നു. ഉദാ. വസ്‌ത്രധാരണം, വാസ്‌തു ശില്‍പ്പങ്ങള്‍ എന്നാല്‍ അനുഭവിച്ചറിയാന്‍ മാത്രം കഴിയുന്നവയാണ്‌ മറ്റൊന്ന്‌ ഉദാ: ഭാഷ, പെരുമാറ്റം ഇവ രണ്ടും കൂടി ചേരുന്നതിനെയാണ്‌ സംസ്‌കാരം എന്നു വിളിക്കുന്നത്‌.

ദേവാലയത്തില്‍ കണ്ടത്‌ തങ്ങള്‍ ജീവിതത്തിന്റെ സിംഹഭാഗവും അഭ്യസിച്ച ഭാഷക്കും സംസ്‌കാരത്തിലും ഊന്നിയ കുര്‍ബാനയും ആചാര അനുഷ്ടാനങ്ങളും അഭ്യസിക്കാനുള്ള അഭിനിവേശം ആയിരുന്നു. ഇതെല്ലാം കണ്ടാവും തസ്‌ലിമ നസ്‌റിന്‍ എന്ന എഴുത്തുകാരി അവരുടെ ലങ്ക എന്ന നോവലില്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു ''ഭാഷയും സംസ്‌കാരവുമാണ്‌ മനുഷ്യനെ ഏകോപിപ്പിക്കുന്ന പ്രധാന ഘടകം'' മറ്റെല്ലാം വിഭജനവും കൃത്രിമവും ആണ്‌ എന്ന അവരുടെ വിലയിരുത്തല്‍ ശരിയണ്‌ എന്നു തോന്നിപ്പോയി ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇറാക്കിലെ യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദീ തടത്തില്‍ രൂപപെട്ട ഹീബ്രൂ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ വേണ്ടി യഹൂദര്‍ നടത്തിയ സമരത്തിന്റെ ചരിത്രമാണ്‌ ലോക ചരിത്രത്തിന്റെ പ്രധാന ഭാഗം തന്നെ അതുപോലെ സിക്കുകാര്‍, ഹൈന്ദവര്‍, അറബികള്‍ ഇവരെല്ലാം അവരുടെ സംസ്‌കാരം സംരക്ഷിക്കാന്‍ നടത്തിയ നീണ്ട സമരങ്ങളുടെ ചരിത്രം നമ്മുടെ മുമ്പില്‍ ഉണ്ട്‌. അത്തരം ഒരു സാംസ്‌കാരിക ഗൃഹാതുരതവം ആകാം ഇത്രയും ആളുകളെ ഈ ദേവാലയത്തില്‍ എത്തിച്ചത്‌ എന്നു തോന്നിപ്പോയി.

കുരിശിന്റെ വഴിയില്‍ വായിച്ച ബൈബിള്‍ വാക്യങ്ങള്‍ വളരെയേറെ ഹൃദയസ്‌പര്‍ശിയും ചിന്താപരവും ആയിരുന്നു അതില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷണമായി തോന്നിയത്‌ റോമന്‍ ഗവര്‍ണരുടെ മുമ്പില്‍ വച്ച്‌ ക്രിസ്‌തു മരണത്തെ മുഖാ മുഖം കണ്ടപ്പോള്‍ പറഞ്ഞ വാക്കുകളാണ്‌ അദ്ദേഹം പറഞ്ഞു എന്റെ ലോകം ഐഹികമല്ല. മറ്റൊന്ന്‌ അദ്ദേഹം പറഞ്ഞത്‌ ഞാന്‍ സത്യത്തിന്‌ സാക്ഷ്യം വഹിക്കാന്‍ വന്നവനാണ്‌ സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു. ഇവിടെ അദ്ദേഹം അടിവരയിട്ടു പറയുന്നത്‌ ഇഹലോകവാസത്തിന്റെ ക്ഷണികതയില്‍ നയിക്കപ്പെടുന്ന ആരും ക്രിസ്‌തുവിന്റെ ശബ്ദം കേള്‍ക്കുന്നവരല്ല എന്നുള്ളതാണ്‌ സത്യം എന്നുപറയുന്നത്‌ അതി ഭൗതികവും, ദൈവത്തിന്റെ അമൂര്‍ത്ത ഭാവവും ആയതുകൊണ്ടായിരിക്കും മഹാത്മഗാന്ധി സത്യമാണ്‌ ഈശ്വരന്‍ എന്ന്‌ പ്രവചിക്കാന്‍ കാരണം എന്നാണ്‌ സത്യം എന്ന പീലാത്തോസിന്റെ ചോദ്യത്തിന്‌ അദ്ദേഹം മറുപടി പറയുന്നതായി കാണുന്നില്ല കാരണം സത്യത്തിന്‌ ഒരു സ്ഥായി ആയ രൂപം ഇല്ലാത്തതുകൊണ്ടും അത്‌ മനസ്സാക്ഷിയില്‍ നിന്നും ഉയരുന്നതു കൊണ്ടും ആകാം അദ്ദേഹം മറുപടി പറയാതിരുന്നത്‌.

ഒരിക്കല്‍ സരിഗമ എന്ന ഏഷ്യനെറ്റിലെ പരിപാടിയില്‍ പങ്കെടുത്ത മേജര്‍ രവി എന്ന സിനിമക്കാരനോട്‌ പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എത്ര ആളുകളെ കൊല്ലേണ്ടി വന്നിട്ടുണ്ട്‌ എന്ന ചോദ്യത്തിന്‌ 24 എന്നായിരുന്നു മറുപടി അതില്‍ എന്തെങ്കിലും ദുഃഖം ഉണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ല എന്നായിരുന്നു മറുപടി കാരണം ജനങ്ങള്‍ ശമ്പളം തന്ന്‌ അവരുടെ സുരക്ഷിതത്വത്തിനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നവരാണ്‌ പട്ടാളക്കാര്‍ അതുകൊണ്ടു തന്നെ തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം സത്യസന്ധമായി നടപ്പിലാക്കി എന്നു മാത്രം ഇവിടെ മേജര്‍ രവി അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം കൊന്നവര്‍ക്കും ഇങ്ങനെ തന്നെയാവും പറയാന്‍ ഉള്ളത്‌ അവനും അവര്‍ വിശ്വസിക്കുന്ന മതത്തിനുവേണ്ടിയോ ആദര്‍ശത്തിനുവേണ്ടിയോ ആണ്‌ മരിച്ചു വീഴുന്നത്‌ ഇവിടെ അവരുടെ ഭാഗത്താണ്‌ സത്യം എന്നു കണ്ടെത്തുക വലിയ പ്രയാസം പിടിച്ച കാര്യം ആയത്‌ കൊണ്ടാകും ക്രിസ്‌തു മറുപടി പറയാതിരുന്നത്‌ പക്ഷെ അദ്ദേഹം ഒന്ന്‌ അടിവരയിട്ടു പറയുന്ന സത്യത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ അവന്റെ ശബ്ദം കേള്‍ക്കുമെന്ന്‌ ഒരു പക്ഷെ ആത്മാവിന്റെ ശബ്ദം ആയിരിക്കും സത്യം എന്ന്‌. അദ്ദേഹം പറഞ്ഞത്‌ ഭൗതിക നേട്ടങ്ങള്‍ക്ക്‌ പുറകെ ഓടുന്ന നമ്മളില്‍ എത്ര പേര്‍ക്ക്‌ ഈ ആത്മാവിന്റെ, ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്‌ എന്ന്‌ ഞാന്‍ പള്ളിയില്‍ നിന്നു ചിന്തിച്ചു സത്യത്തിന്റെ പ്രാധാന്യം അത്രമാത്രം ഉള്‍ക്കൊണ്ടതു കൊണ്ടാകാം ഒരിക്കല്‍ ഗാന്ധിജി പറഞ്ഞത്‌ എന്നെ ഒരു സത്യ ആരാധകനായി പോലും അറിയാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്ന്‌ നമ്മുടെ ഭാരതത്തിന്റെ പ്രസക്തമായ മുദ്രാവാക്യം തന്നെ സത്യമേവത ജയതേ എന്നാണ്‌.

മറ്റൊരു കാര്യം ശ്രദ്ധിക്കപ്പെട്ടത്‌ അധികാരി ആയിരിക്കുമ്പോഴും അധികാരം നടപ്പിലാക്കാന്‍ കഴിയാത്ത ജന കൂട്ടത്തിന്റെ ഇംഗിതത്തിനു വഴങ്ങേണ്ടി വന്ന പീലാത്തോസിന്റെ ബലഹീനതയാണ്‌ സീസറിന്റെയും, പീലാത്തോസിന്റെയും കാലഘട്ടത്തില്‍ ജെറുശലേം പൂര്‍ണ്ണമായും റോമിന്റെ അധികാരത്തില്‍ അല്ലായിരുന്നു എന്നാണ്‌ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്‌ കാരണം ഒരിക്കല്‍ റോമന്‍ സൈന്യം അവരുടെ കൊടിയും ബാനറും വഹിച്ചു കൊണ്ട്‌ ജെറുശലേമില്‍ മാര്‍ച്ച്‌ നടത്തിയപ്പോള്‍ യഹൂദന്‍മാര്‍ അതില്‍ പ്രതിഷേധിച്ച്‌ പീലാത്തോസിന്റെ അടുക്കല്‍ പരാതി ആയി ചെന്നു അവര്‍ ദാവീദിന്റെ കൊടി മാത്രമേ അവിടെ പറക്കാന്‍ അനുവദിച്ചിരുന്നുള്ളൂ പീലാത്തോസ്‌ ഉത്തരവിട്ടു അത്തരം രാഷ്ട്രീയ സാഹചര്യം ജെറുശലേമില്‍ നിലനിന്നിരുന്നത്‌ കൊണ്ട്‌ യഹൂദരുടെ ക്രിസ്‌തുവിനെ ക്രൂശിക്കുന്നതിനുള്ള മുറവിളി കേള്‍ക്കാതിരിക്കാന്‍ പീലാത്തോസിനു കഴിഞ്ഞില്ല അതു മാത്രമല്ല യഹൂദരില്‍ ഒരു വിഭാഗം റോമിനെതിരെ സായുധ വിപ്ലവവും നയിച്ചിരുന്ന കാലമായിരുന്നു അതില്‍പെട്ട ഒരാളായിരുന്ന ബറാബസ്‌ അതു കൊണ്ടാണ്‌ ആരെ കൊന്നിട്ട്‌ ആണെങ്കില്‍ കൂടി ബറാബസിനെ രക്ഷിക്കുക എന്ന ശരാശരി ഭീകരവാദികളുടെ തന്ത്രം യഹൂദന്‍മാര്‍ അവിടെ ആവിഷ്‌കരിച്ചത്‌.

സീസറിനു ശേഷം വന്ന നീറോ ചക്രവര്‍ത്തിക്കോ അദ്ദേഹത്തെ പിന്തുടര്‍ന്നു വന്ന വെസ്‌പാസിയനോ ജെറുശലേം കീഴടക്കാന്‍ കഴിഞ്ഞില്ല വെസ്‌പാസിയന്റെ മകന്‍ ആയ ടൈറ്റസ്‌ എഡി 70 കളില്‍ ജെറുശലേം പൂര്‍ണ്ണമായി കീഴടക്കി റോമന്‍ ആധിപത്യത്തില്‍ കൊണ്ടു വരുന്നത്‌ യുദ്ധം ജയിച്ചു വന്ന്‌ ടൈറ്റസിന്റെ ഓര്‍മ്മയ്‌ക്കായി റോമിലെ റോമന്‍ ഫോറത്തില്‍ ഒരു ടവര്‍ പണിതിട്ടുണ്ട്‌ അതില്‍ കുതിരപ്പുറത്ത്‌ ഇരിക്കുന്ന ടൈറ്റസിന്റെ മുമ്പില്‍ പരാജയം സമ്മതിച്ച യഹൂദര്‍ അവരുടെ പരസ്യത്തിന്റെ ഉചിതമായ വിളക്കുമായി വന്ന്‌ കീഴ്‌പ്പെടുന്ന ചിത്രവും കൊത്തി വച്ചിട്ടുണ്ട്‌ റോമിന്റെ പൂര്‍ണ്ണമായ അധികാരം ജെറുശലേമില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ യേശു ക്രൂശിക്കപ്പെടുകയില്ലായിരുന്നു എന്നു വേണം ചിന്തിക്കന്‍.

ഈ സംഭവത്തിലൂടെ ലോകത്ത്‌ ഇന്ന്‌ അതി ജീവിക്കപ്പെട്ട ഒരു പ്രത്യയശാസ്‌ത്രം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ പരിമിതി കൂടി നമുക്ക്‌ കാണാം ജനകൂട്ടത്തിന്‌ വിധേയനാകേണ്ടി വന്ന പീലാത്തോസിന്‌ തെറ്റായ ജനകീയ വിധിയെ തിരുത്താന്‍ കഴിഞ്ഞില്ല ഇത്‌ ജനാധിപത്യത്തിന്‌ തിരുത്താന്‍ കഴിയാത്ത ഒരു തിന്മായായി ഇന്നും നിലനിന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും.

മറ്റൊന്ന്‌ പള്ളിയില്‍ കണ്ടത്‌ കുരിശിന്റെ വഴി കണ്ടതിനുശേഷം ശ്ലീഹാമാര്‍ ക്രിസ്‌തുവിന്റെ മൃതശരീരം ശവപ്പെട്ടിയില്‍ ചുമന്നു കൊണ്ട്‌ വന്ന്‌ ജന മദ്ധ്യത്തില്‍ വച്ച്‌ അതില്‍ മുത്തി നേര്‍ച്ച ഇടുന്ന രംഗമാണ്‌.

ചെറുപ്പത്തില്‍ ഞാന്‍ പോയ കരിങ്കുന്നം പള്ളിയിലോ പിന്നീടു പോയ വാഴത്തോപ്പ്‌ പള്ളിയിലോ ഫാത്തിമ മന പള്ളിയിലോ ഒന്നും ഇത്തരം ഒരു പ്രാക്ടീസ്‌ കണ്ടിട്ടില്ല അതു മാത്രമല്ല ആ പ്രവര്‍ത്തികളിള്‍ എവിടെയാണ്‌ ബൈബിളിന്റെ പിന്‍ബലം എന്ന്‌ മനസിലായില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന അരുമത്തിയക്കാരന്‍ ജോസഫ്‌ ക്രിസ്‌തുവിന്റെ ശരീരം കുരിശില്‍ നിന്ന്‌ ഇറക്കി സുഗന്ധ ദ്രവ്യങ്ങള്‍ പൊതിഞ്ഞ്‌ സമീപത്തുള്ള ആരേയും അടക്കാത്ത കല്ലറയില്‍ അടക്കി എന്ന്‌ മത്തായിയുടെയും, മാര്‍ക്കോസിന്റെയും സുവിശേഷത്തില്‍ പറയുന്നു ക്രിസ്‌തുവിന്റെ ശരീരം കുരിശില്‍ നിന്നും ഇറക്കി സമീപത്തു തന്നെ പുതുതായി വെട്ടി ഉണ്ടാക്കിയ ശവക്കല്ലറയില്‍ സംസ്‌കരിച്ചു എന്ന്‌, ഇവിടെ എവിടെയാണ്‌ ഒരു നഗരി കാണിക്കാന്‍ പ്രദിക്ഷിണം നടന്നത്‌ എന്നു മനസ്സിലാകുന്നില്ല അതുമാത്രമല്ല അക്കാലത്ത്‌ ശവപ്പെട്ടി ഉപയോഗിച്ചിരുന്നതായും അറിവില്ല അതു കൊണ്ട്‌ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌ വിശ്വാസികള്‍ ചിന്തിക്കണം.

ക്രിസ്‌തുവിന്റെ പ്രസക്തിയും, സഭയുടെ വിശ്വാസത്തിന്റെ അടിത്തറയും ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും അതിലൂടെ പരിശുദ്ധീകരിക്കപ്പെട്ട കുരിശും ആണ്‌ ക്രിസ്‌തുവിന്റെ ഉയര്‍പ്പിനെക്കാള്‍ പ്രാധാന്യത്തില്‍ അദ്ദേഹത്തിന്റെ മരണത്തെ ഉയര്‍ത്തി കാണിക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ ആവശ്യപ്പെട്ട ജനക്കൂട്ടത്തോടൊപ്പം നമ്മളും ആയിത്തീരില്ലെ എന്ന്‌ ചിന്തിച്ചു പോകുന്നു.

ഇത്തരം ദുഃഖ ഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ദുഃഖ ഭാവങ്ങളെ തട്ടിയുണര്‍ത്തി അത്‌ വ്യവസായ വല്‍ക്കരിക്കാന്‍ കഴിഞ്ഞേക്കും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ആകാശദൂത്‌ സിനിമ നിര്‍മ്മിച്ച്‌ പണം വാരി എടുത്തവര്‍ക്ക്‌ സമാനമായെ കാണാന്‍ കഴിയുന്നുള്ളൂ. ഇത്‌ എഴുതുന്നത്‌ ആരേയും വേദനിപ്പിക്കാനല്ല. മനസു തേടുന്നവന്റെ ഒരു അന്വേഷണം മാത്രം.
 ചില ദു:ഖവെള്ളിയാഴ്‌ച പ്രകടനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക