Image

താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്; വി.എസ് അച്യുതാനന്ദന്‍

Published on 09 April, 2019
താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്; വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നേതൃത്വത്തിന് മറുപടിയുമായി മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് വി.എസ് അച്യുതാനന്ദന്‍ കൃത്യമായ മറുപടി നല്‍കിയിരിക്കുന്നത്. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ടെന്ന് പോസ്റ്റില്‍ വി.എസ് പറയുന്നു. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം സി.പി.എം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയില്‍ വി.എസ് അച്യുതാനന്ദന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന് മറുപടിയായാണ് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'ഇത്തവണ ഞാന്‍ താര പ്രചാരകനല്ല എന്നൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്.

ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്ബുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച്‌ സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്.

ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്ബോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്ബോള്‍ പ്രത്യേകിച്ചും.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക