Image

പാലായുടെ സ്വന്തം `മാണി സാര്‍'

Published on 09 April, 2019
പാലായുടെ സ്വന്തം `മാണി സാര്‍'
ആറ്‌പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്‌. പാലായുടെ രാഷ്ട്രീയ ഭൂപടത്തില്‍ എഴുതപ്പെട്ട വ്യക്തിത്വം.

അര നൂറ്റാണ്ടിലേറേയായി മാണി എന്ന പേരും , വെള്ള ജുബ്ബയുംമുഖം നിറയുന്ന ചിരിയും മലയാളിയുടെ ഹൃദയത്തില്‍ഇടം നേടിയിട്ട്‌.

ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച ധനകാര്യ മന്ത്രി,കൂടുതല്‍ കാലം മന്ത്രിയായിരുന്നയാള്‍, ഒരേ മണ്ഡലത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനപിന്തുണയുള്ള കര്‍ഷകനേതാവ്‌...അങ്ങിനെ വിശേഷണങ്ങളുടെ റെക്കോര്‍ഡ്‌ സ്വന്തമായിരുന്നു പാലായുടെ സ്വന്തം മാണി സാറിന്‌ .

കരുണാകരന്റെ നാല്‌ മന്ത്രിസഭയിലും എകെ ആന്റണിയുടെ മൂന്ന്‌ മന്ത്രിസഭകളിലും പികെവി, നായനാര്‍  മന്ത്രിസഭകളിലും അടക്കം പത്ത്‌ മന്ത്രി സഭകളില്‍ അംഗമായിരുന്നുട്ടുണ്ട്‌ മാണി.

 മലയോര മേഖലയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനമാണ്‌ മുന്നണികള്‍ക്കു അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്‌.

 അഭിഭാഷകനായി പ്രാക്ടീസ്‌ ചെയ്യുന്ന സമയത്താണ്‌കെ എം മാണി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്‌.

1965ലാണ്‌ അദ്ദേഹം കോട്ടയത്തെ പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ മത്സരിക്കുന്നത്‌. 12 തവണ പാലാ മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചെന്ന റെക്കോര്‍ഡ്‌ മാണിക്ക്‌ അവകാശപ്പെട്ടതാണ്‌. 1975ലാണ്‌ മന്ത്രിസഭയില്‍ അംഗമായത്‌.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30നാണ്‌ കരിങ്ങോഴക്കല്‍ മാണി എന്ന കെ.എം.മാണിയുടെ ജനനം.

തൃശ്ശിനാപ്പള്ളി സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, മദ്രാസ്‌ ലോ കോളജില്‍നിന്ന്‌ നിയമ ബിരുദം നേടി. 1955 ല്‍ കോഴിക്കോട്‌ അഭിഭാഷകനായി ചേര്‍ന്നു. പിന്നീട്‌ രാഷ്ട്രീയത്തില്‍ സജീവമായി. 1959 ല്‍ കെ.പി.സി.സി അംഗം.

1964ല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കേരളാ കോണ്‍ഗ്രസ്‌ രൂപികരിക്കപ്പെട്ടു.1964 മുതല്‍ കേരള കോണ്‍ഗ്രസ്സിലെത്തി. 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി.

 പത്ത്‌ മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും.

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം ഏറ്റവുമധികം തവണ ബജറ്റ്‌ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 13 തവണയാണ്‌    ബജറ്റ്‌ അവതരിപ്പിച്ചത്‌.

തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹത്തിന്‌ 4,5,6,7,9,11,13 എന്നീ ഏഴ്‌ നിയമസഭകളില്‍ മന്തിയാകാന്‍ അവസരം ലഭിച്ചു.

 1977-78 ല്‍ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക്‌ ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച്‌ വന്നതിനാലാണ്‌ ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്‌.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ.എം മാണിയുടെ പേരിലാണ്‌. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന്‌ തവണ  ജയിച്ച മാണി  തിരഞ്ഞെടുപ്പ്‌ പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം) ഏറ്റവും കൂടുതല്‍ തവണയും നിയമസഭാംഗം എന്നീ ബഹുമതികളും അദ്ദേഹം സ്വന്തമാക്കി.

2015 നവംബര്‍ 10 ന്‌ ബാര്‍ കോഴ അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ രാജിവെക്കേണ്ടി വന്നതാണ്‌  ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക