Image

കെ.എം മാണി വിടപറഞ്ഞു; തെന്നിന്ത്യന്‍ പ്രാദേശിക രാഷ്ട്രീയത്തിലെ ഒരു യുഗം അരങ്ങൊഴിഞ്ഞു (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 09 April, 2019
കെ.എം മാണി വിടപറഞ്ഞു; തെന്നിന്ത്യന്‍ പ്രാദേശിക രാഷ്ട്രീയത്തിലെ ഒരു യുഗം അരങ്ങൊഴിഞ്ഞു (കലാകൃഷ്ണന്‍)

ഇന്ത്യയിലെമ്പാടും പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ശക്തമായി വളര്‍ന്ന് പന്തലിച്ചപ്പോള്‍ കേരളത്തില്‍ അത് കേരളാ കോണ്‍ഗ്രസായിരുന്നു. തമിഴ്നാട്, ആന്ധ്രാ, യു.പി, ബീഹാര്‍, ഒഡിഷ തുടങ്ങി സംസ്ഥാനങ്ങളിലൊക്കെ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ സ്വയം ഭരണത്തിലേറാനും സംസ്ഥാനത്തെ അടക്കി ഭരിക്കാനും പ്രാപ്തരായിരുന്നുവെങ്കില്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസിന് ആ നിലയിലേക്ക് വളരാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. എപ്പോഴും മുന്നണി സംവിധാനത്തിലെ വിലപേശലുകാരായി നില്‍ക്കാനാണ് കേരളത്തിലെ പ്രാദേശിക പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞത്. 
എന്നാല്‍ എല്ലാത്തിനും മുകളില്‍ കേരളാ കോണ്‍ഗ്രസിന്‍റെ തലയെടുപ്പ് എന്നാല്‍ കെ.എം മാണിയും മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തവുമാണ് എന്നതൊരു തകര്‍ക്കമില്ലാത്ത യഥാര്‍ഥ്യമായിരുന്നു.  
വളരും തോറും പിളരുമെന്നും പിളരും തോറും വളരുമെന്നും പ്രഖ്യാപിച്ച് കോണ്‍ഗ്രസിനും സിപിഎമ്മിനും മുസ്ലിം ലീഗിനും ഒപ്പത്തിനൊപ്പം കേരളാ കോണ്‍ഗ്രസിനും കെ.എം മാണി സ്വന്തമായി ഇരുപ്പിടം ഉറപ്പിച്ചിരുന്നു. വിശാലമായ മധ്യതിരുവതാംകൂറായിരുന്നു അതിന്‍റെ വളക്കുറുള്ള മണ്ണ്. ആ മണ്ണിലെ കിരീടം വെക്കാത്ത രാജാവായിരുന്നു കെ.എം മാണി. പാലായുടെ ഒരേയൊരു എം.എല്‍.എ. കോട്ടയത്തിന്‍റെ സ്വന്തം മാണി സാര്‍. 
കെ.എം മാണി അരങ്ങൊഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ട്രെയിന്‍ഡായ പൊളിറ്റീഷ്യനാണ് വിടപറയുന്നത്. മുന്നണി രാഷ്ട്രീയക്കളരിയില്‍ എന്നും വലതുപക്ഷത്തെ, യുഡിഎഫിനെ ശക്തമാക്കി നിര്‍ത്തിയ രാഷ്ട്രീയ തന്ത്രജ്ഞന്‍. അതേ സമയം മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും കടുംപിടുത്തക്കാരനായ വിലപേശലുകാരന്‍. 
കേരള നിയമസഭയില്‍ ഏറ്റവും കുടുതല്‍ കാലം എം.എല്‍.എയായതിന്‍റെ റെക്കോര്‍ഡ് മാണിക്കാണ്. അതേ പോലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതും ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായതും മാണി തന്നെ. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും കെ.എം മാണി തന്നെ. അങ്ങനെ എടുത്തു പറയാവുന്ന നേട്ടങ്ങള്‍ ഏറെയുണ്ട് കെ.എം മാണിയുടെ പേരില്‍. 
കേരളാ കോണ്‍ഗ്രസ് മാണി, കേരളാ കോണ്‍ഗ്രസ് ജോസഫ്, കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള, കേരളാ കോണ്‍ഗ്രസ് പി.ജി ജോര്‍ജ്ജ് എന്നിങ്ങനെ നിരവധി പാര്‍ട്ടികളായി വഴിപിരിഞ്ഞും വഴിചേര്‍ന്നും പോകുമ്പോഴും കേരളാ കോണ്‍ഗ്രസിലെ ഏറ്റവും വിപുലമായ പാര്‍ട്ടി സംവിധാനത്തെ നിലനിര്‍ത്തുന്നതില്‍ എപ്പോഴും കെ.എം മാണി മുന്‍പിലായിരുന്നു. ഒരു സമുദായ പാര്‍ട്ടിയെന്ന് പലരും പുശ്ചിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍  ഒരിക്കലും സമുദായ പാര്‍ട്ടിയെന്ന പേര് വീഴാന്‍ കെ.എം മാണി പാര്‍ട്ടിയെ അനുവദിച്ചിരുന്നില്ല എന്നതാണ് മുസ്ലിം ലീഗില്‍ നിന്നും പാര്‍ട്ടിയെ വ്യത്യസ്തമാക്കിയത്. അക്കാര്യത്തില്‍ ഏറ്റവും സെക്യുലറായിരുന്നു കെ.എം മാണി എന്ന രാഷ്ട്രീയക്കാരന്‍. ആ സെക്യുലറിസം തന്നെയാണ് ഏല്ലാ രാഷ്ട്രീയകളികള്‍ക്കും അപ്പുറം കെ.എം മാണിയെ കേരളീയ രാഷ്ട്രീയത്തിന്‍റെ മുഖമാക്കി മാറ്റുന്നത്. അങ്ങനെയാണ് കെ.എം മാണി കാര്‍ഷിക കേരളത്തിന്‍റെ മാണി സാറാകുന്നത്. 
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്‍റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നടപ്പാക്കുന്നതില്‍ ഗിലറ്റിന്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ കെ.എം മാണിയെന്ന രാഷ്ട്രീയക്കാരന്‍ എന്നും മുമ്പിലായിരുന്നു. രാഷ്ട്രീയ എതിരാളികളെ വെട്ടിനിരത്താന്‍ ഏതറ്റം വരെയും പോകുന്ന ധൈര്യശാലി. എതിരാളികള്‍ പലപ്പോഴും സ്വന്തം പാര്‍ട്ടിയിലാകുമെന്നതായിരുന്നു കേരളാ കോണ്‍ഗ്രസിന്‍റെ ദുര്‍വിധി. പരസ്പരം പോരടിക്കുന്ന പാര്‍ട്ടിയായി എന്നും കേരളാ കോണ്‍ഗ്രസ് നിലനിന്നതിന് പിന്നില്‍ കെ.എം മാണിയുടെ നിലപാടുകള്‍ക്കും ഒരു വലിയ പങ്കുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ലോക്സഭാ സീറ്റ് ചോദിച്ച പി.ജെ ജോസഫിന് നേരെയും ആ ഗിലറ്റിന്‍ തന്ത്രം നീണ്ടു. കെ.എം മാണിക്ക് മുമ്പില്‍ പി.ജെ ജോസഫും ഗ്രൂപ്പും ഒരിക്കല്‍ കൂടി മുട്ടുമടക്കി. 
ഇപ്പോഴിതാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ വെച്ച് കേരള രാഷ്ട്രീയത്തിലെ മാണി സാര്‍ വിടവാങ്ങിയിരിക്കുന്നു. ഈ വിടവാങ്ങല്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുമെന്ന് തീര്‍ച്ചയാണ്. ഒപ്പം കേരളാ കോണ്‍ഗ്രസിന്‍റെയും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക