Image

പ്രവാസി വ്യവസായിക്ക് മാണിസാര്‍ വച്ചു നീട്ടിയ രാജ്യ സഭാ സീറ്റ്

Published on 09 April, 2019
പ്രവാസി വ്യവസായിക്ക് മാണിസാര്‍ വച്ചു നീട്ടിയ രാജ്യ സഭാ സീറ്റ്
ന്യു യോര്‍ക്ക്: ന്യു യോര്‍ക്കില്‍ പ്രമുഖ വ്യവസായിയും ബാങ്കറും മാധ്യമ പ്രവര്‍ത്തകനുമായ വര്‍ക്കി ഏബ്രഹാം സമ്മതിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യ സഭയില്‍ അംഗമായിരുന്നേനെ. മാണി സാര്‍ അദ്ധേഹത്തിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയാണു രാജ്യസഭാ സീറ്റ് നല്കാന്‍ തല്പര്യം അറിയിച്ചത്.

'മൂന്ന് പേരെയാണു ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഒരാള്‍ ഞാന്‍. ഞാന്‍ ഒന്നു സമ്മതംമൂളിയിരുന്നെങ്കില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമായിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നു മാറി നില്‍ക്കുന്നത് ബിസിനസിനെ ബാധിക്കുമെന്നു കണ്ടതിനാല്‍ വേണ്ടെന്നു വച്ചു. അതില്‍ ഖേദമൊന്നുമില്ല. അന്ന് ഗ്രീന്‍ കാര്‍ഡ് മാത്രമെ ഉണ്ടായിരുന്നുള്ളു,' വര്‍ക്കി ഏബ്രഹാം പറഞ്ഞു.

രണ്ടു ദശാബദത്തിലേറെ ആയി മാണി സാറും പിന്നീട് കുടുംബവുമായുള്ള ബന്ധം തുടങ്ങിയിട്ട്. അതിത്ര ആത്മബന്ധമാകുമെന്നു കരുതിയതല്ല. ഇരു കുടുംബങ്ങളും തമ്മില്‍ സൗഹ്രുദത്തിനപ്പുറമുള്ള ബന്ധം.

മാണി സാറിന്റെ മകളുടെ ഭര്‍ത്താവ് ഡോ. സുനില്‍ ജോസുമായി നേരത്തെ പരിചയമുണ്ടായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ആണു അദ്ധേഹം ജോലി ചെയ്യുന്നത്. അവിടെ വച്ച് മാണി സാറിനെ പരിചയപ്പെട്ടു. അത് ക്രമേണ ഇഴയടുപ്പമുള്ള ആത്മ ബന്ധമായി-വര്‍ക്കി ഏബ്രഹാം പറയുന്നു.

ധനം-ഭവന നിര്‍മ്മാണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അദ്ധേഹം ഐക്യരാഷ്ട്ര സഭയില്‍ കുറഞ്ഞ ചെലവില്‍ വീടു നിര്‍മ്മിക്കുന്നതിനെപറ്റി സിമ്പോസിയത്തില്‍ പ്രസംഗിക്കാനെത്തി. അന്നു വര്‍ക്കി ഏബ്രഹാമിന്റെ വീട്ടിലായിരുന്നു താമസം.

പിന്നീട് എം.എല്‍.എ മാത്രമായിരിക്കുമ്പോള്‍ വന്നഅദ്ധേഹം അസുഖ ബാധിതനായി. ചെറുകുടലില്‍ മുറിവ്. ഗുരുതരാവസ്ഥയില്‍ മിനിയോള ഹോസ്പിറ്റലില്‍ ഒരാഴ്ച ഐ.സി.യു.വില്‍ കിടന്നു. ശസ്ത്രക്രിയ വേണ്ടി വന്നു.അന്നെല്ലാം ശുശ്രുഷിച്ചത്വര്‍ക്കി ഏബ്രഹാമും കുടുംബവുമാണു. മാണി സാറിന്റെ ഭാര്യയും പുത്രന്‍ ജോസ്. കെ. മാണിയുമൊക്കെ എത്തിയത് ദിവസങ്ങള്‍ കഴിഞ്ഞാണ്.അഞ്ച് ആഴ്ച വീട്ടില്‍ താമസിച്ചു.

കഴിഞ്ഞയാഴ്ചയാണു അവസാനമായി കണ്ടത്. 'ബാബു' എന്നു പേരു വിളിച്ചു കട്ടിലില്‍പിടിച്ചിരുത്തി. സംസാരിക്കാന്‍ അല്പം വിഷമം ഉണ്ടായിരുന്നതൊഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമൊന്നും തോന്നിയില്ല. ഓര്‍മ്മക്കുറവും തോന്നിയില്ല. അതിനാല്‍ഇത്ര പെട്ടെന്നു അന്ത്യ യാത്ര പറയുമെന്നും കരുതിയില്ല.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് (ചൊവ്വ) നാട്ടിലേക്കു പോകുന്നുണ്ട്.

മാണി സാര്‍ വര്‍ക്കി ഏബ്രഹാമിന്റെ ബിസിനസ് പങ്കാളി ആണെന്നും അദ്ധേഹം ഡയറക്ടറാായഹാനോവര്‍ ബാങ്കില്‍ മാണി സാറിനും പുത്രനും പങ്കുണ്ടെന്നുമൊക്കെ ഇടക്കിടെ ആരോപണം ഉയരാറൂണ്ട്.ഈയിടെ പി.സി. ജോര്‍ജ് എം.എല്‍.എയും ആ ആരോപണം ഉന്നയിച്ചു.

അതിലൊന്നും ഒരു വാസ്തവവുമില്ല-വര്‍ക്കി ഏബ്രഹാം പറഞ്ഞു. അങ്ങനെ ഒരു പങ്കാളിത്തമോ ബിസിനസോ ഒന്നുമില്ല. രാഷ്ടീയമാണു അത്തരം ആരോപണങ്ങള്‍ക്കുപിന്നില്‍. അതിനെതിരെയൊക്കെ നടപടിക്കു പോയാല്‍ അതിനെ സമയം കാണു. അതിനാല്‍ ആരോപണങ്ങള്‍ അവഗണിക്കും-അദ്ധേഹം പറഞ്ഞു.

മാണി സാര്‍ പോയാലും കുടുംബ ബന്ധത്തില്‍ കുറവ് വരുമെന്നു കരുതുന്നില്ല.

മാണി സാറിന്റെ അസാന്നിധ്യത്തിലും കേരള കോണ്‍ഗ്രസ് സുശക്തമായി മുനോട്ടു പോകുമെന്നു കരുതുതുന്നു. മികച്ച അടിത്തറയാണു മാണി സാര്‍ പാകിയത്. 
പ്രവാസി വ്യവസായിക്ക് മാണിസാര്‍ വച്ചു നീട്ടിയ രാജ്യ സഭാ സീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക