Image

എന്റെ ജോലി അമ്മപ്പണിയാണ് (മിനി വിശ്വനാഥന്‍)

Published on 09 April, 2019
എന്റെ ജോലി അമ്മപ്പണിയാണ് (മിനി വിശ്വനാഥന്‍)

ആരാണ് നീ എന്ന ചോദ്യത്തിനുള്ള ഉത്തരമായി അഭിമാനത്തോടെ ഞാന്‍ പറയും.
അമ്മയാണ് ഞാന്‍ ...
എന്റെ ജോലി അമ്മപ്പണിയാണ് ..

കേള്‍ക്കുന്നവര്‍ പുച്ഛത്തോടെ ചിരിച്ചിച്ചേക്കാം. അങ്ങിനെയുമൊരു പണിയോ എന്നോര്‍ത്ത്.... എന്നാല്‍ അങ്ങിനെയും ഒരു പണിയുണ്ട്.
എം എ യും, ബി.എഡും കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തിയില്ല. എം ഫില്ലിനു അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഡാഡി തടസ്സം പറഞ്ഞില്ല.
പഠിച്ചിറങ്ങിയപ്പോള്‍ ലേലം വിളിച്ച് ജോലിക്ക് കയറില്ലെന്നത് നിര്‍ബദ്ധങ്ങളിലൊന്നായിരുന്നു. മലയാളത്തിന് പി എസ് സി ലിസ്റ്റ് ഉള്ളത് കൊണ്ട് അതും പ്രതീക്ഷയില്ല. തൊണ്ണൂറുകളിലെ എം.എ ക്കാരുടെ സ്ഥിരം ആദ്യകാല തട്ടകങ്ങളിലൊന്നായ പാരലല്‍ കോളേജില്‍ അഭ്യാസം തുടങ്ങി. എം എ ക്ലാസുകളിലെ കുട്ടികള്‍ക്ക് രാമചരിതം മുതലിങ്ങോട്ട് എല്ലാം എടുത്തു. ഒരു ഹീറോ പരിവേഷത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണവും, ദുബായ് യാത്രയും. ദുബായിലും മലയാളം ടീച്ചറാവാന്‍ സാദ്ധ്യതയുണ്ടെന്ന വാക്കിന്റെ സമാധാനത്തില്‍ ഞാന്‍ വിമാനം കയറി.

ജീവിതം എപ്പോഴും പ്രതീക്ഷകള്‍ക്കപ്പുറമായിരിക്കുമല്ലോ..

രണ്ടാമത്തെ മോള്‍ക്ക് ഒരു വയസായപ്പോഴാണ് ദുബായില്‍ മലയാളം ടീച്ചറായി ജോലി കിട്ടുന്നത്. വാശിക്കുടുക്കയായ കുഞ്ഞിനെ വിസിറ്റിനു വന്നിരുന്ന മമ്മിയെ ഏല്പിച്ച് ആദ്യ ദിവസം പോയി വന്നപ്പോഴേക്കും അമ്മപ്പാല് കുടിക്കുന്ന കുഞ്ഞുമോളെ വിട്ട് ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി.
ഞങ്ങളിങ്ങനെ അമ്മയും മക്കളും കളിച്ചും കഥ പറഞ്ഞും സുഖമായി സമയം കളഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ഒരു കുഞ്ഞുണ്ണിക്കുട്ടന്‍ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. അവള്‍ക്ക് ജോലിയുണ്ട്. കൂടെയുണ്ടായിരുന്ന അച്ഛനും അമ്മയും ജോലിമതിയാക്കി നാട്ടില്‍ പോവുകയാണ്. ഒരു മെയിഡിനെ കിട്ടുന്നത് വരെ കുഞ്ഞിനെ നോക്കണം. പൂജയുടെ അതേ പ്രായമുള്ള ഒരു കുട്ടിക്കുറുമ്പന്‍ ജോയല്‍. കൈയില്‍ തിള തിളാ തിളങ്ങുന്ന ഒരു സ്വര്‍ണ്ണ ബ്രെയ്‌സ്ലെറ്റും മാലയുമണിഞ്ഞ് പൊന്നപ്പനായി വന്ന അവന്‍ പൂജയുടെയും പൂര്‍ണ്ണയുടെയും ഓണ്‍ ബ്രദര്‍ സ്ഥാനം അധികാരത്തോടെ ഏറ്റെടുത്തു. അന്നും ഇന്നും അങ്ങിനെ തന്നെ.

മിനിയമ്മ എന്ന വിളിപ്പേര്‍ എനിക്ക് തന്നത് അവനാണ് .... (ഇന്നിപ്പോള്‍ ഒന്നാം വര്‍ഷ വെറ്റിനറി സ്റ്റുഡന്റ്) അവന് ശേഷം ജോനാപ്പി മുതല്‍ അവരുടെ ഇളയ അനിയന്റെ മകളായ കേസ്യ വരെ ..... മിനിയമ്മ ഉള്ള വീട് ആണ് നല്ല വീട് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ് എന്നെ കരയിപ്പിച്ച കേസ്യ വരാനിരിക്കുന്ന കുഞ്ഞിനെ മിനിയമ്മയെ ഏല്പിക്കാന്‍ കാത്തിരിക്കുകയാണ്.

ജോയല്‍ വന്നതിനു ശേഷം പതിനാറ് വര്‍ഷമായി എത്രയോ മക്കള്‍ എന്റെ ജീവിതം തൊട്ട് കടന്നു പോയി.. ആറ് മാസമുള്ള അബ്രുവിനെ എന്റെ നെഞ്ചത്തിട്ടു തന്ന് ഷാറോണ്‍ പറഞ്ഞത്, മിനിച്ചേച്ചിയെ വിശ്വസിച്ച് മാത്രമാണ് ആമിക്കുട്ടിയുടെ അനിയനായി ഇവന്‍ ഭൂമിയില്‍ വന്നതെന്നായിരുന്നു.
അവരുടെ കളിയിലും ചിരിയിലും സന്തോഷത്തിലും സങ്കടത്തിലും ഞാന്‍ കൂടെ നിന്നു. അബ്രു ആദ്യമായി സ്കൂളില്‍ പോയപ്പോള്‍ എന്റെ വലത് ഭാഗം ശൂന്യമായത് പോലെ തോന്നി....
മിനിയമ്മ വിളികള്‍ കൊണ്ട് എന്റെ പതിനാറ് കൊല്ലം നിറഞ്ഞു. ആദ്യത്തെ പാല്‍ പല്ല് പൊഴിയുമ്പോഴുള്ള അവരുടെ കുഞ്ഞിക്കണ്ണുകളിലെ വേവലാതിയും എന്റെ സ്വന്തമായി.. മിനിയമ്മക്ക് വേദനിപ്പിക്കാതെ പല്ല് എടുക്കാനറിയാമത്രെ...
ടൂത്ത് ഫെയറിയും മിനിയമ്മയുടെ വീട് നോക്കിയാണ് വരാറ്. മിനിയമ്മയുടെ വീട്ടിലെ ബെഡ്ഡിനടിയിലാണ് അത് ഗിഫ്റ്റുകള്‍ കൊണ്ടു വെക്കാറ്.

മക്കള്‍ കാണാന്‍ വരും.. എന്റെ മുന്നില്‍ മുട്ടിലിഴഞ്ഞവര്‍, പിടിച്ച് നിന്നവര്‍, ഞാന്‍എടുത്ത് നടന്ന് കിങ്കും പാലും ഊട്ടിയവര്‍. പൊടിമീശക്കാരായ ടീനേജുകാരായി ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കുമ്പോള്‍ അവര്‍ പഴയ കുട്ടികളാവും. ഞാന്‍ അലിഞ്ഞ് ഇല്ലാതായ അമ്മപ്പെണ്ണും.
പനിയില്‍ താരാട്ട് പാടിയുറക്കിയ മിനിമ്മയെ മറക്കാത്ത എന്റെ മക്കള്‍.

ആര്യന്‍ അവന്റെ അമ്മ വയസാവുമ്പോള്‍ മിനി യമ്മയെ ഏല്ലിക്കുമെന്ന് പറയുമ്പോള്‍ എം.ബി എ കഴിഞ്ഞ ആശ കാത്തിരിക്കുന്നത് അവളുടെ ബേബിയെ മിനിയമ്മയുടെ കൂടെ വിടാനാണ്.

"അമ്മാ നാളെ സാമ്പാര്‍ വേണം" അബ്രുവിനും ആര്യനും എന്നും വേണം സാമ്പാര്‍ ...കടലക്കറി വേണം ആമിക്ക് .. ഓറഞ്ച് നിറമുള്ള ഫിഷ് കറി കാത്തുവിന് ... എല്ലാവരുടെ രുചി ഭേദങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്തു എന്റെ അടുക്കളയും.

അതുകൊണ്ട് തന്നെ അടുക്കള എന്റെ പ്രിയപ്പെട്ട ഇടവുമായി. ഒന്നര വയസുകാരന്റെ കുറുക്ക് രുചി മുതല്‍ ബിരിയാണി രുചി വരെ അവര്‍ക്കായി എന്റെ അടുക്കള പകര്‍ന്നു കൊടുത്തു.

പരീക്ഷാക്കാലത്ത് കുഞ്ഞ് മുഖങ്ങളുടെ ടെന്‍ഷന്‍ തീര്‍ക്കണം. വെക്കേഷന് അവര്‍ക്കൊപ്പമിരുന്ന് ക്രാഫ്റ്റ് വര്‍ക്ക് ചെയ്യണം. അവരുടെ താളത്തിന് ആടണം, ചാടണം. കുറുമ്പ് കാണിക്കുമ്പോള്‍ അമ്മവടി പൊക്കിപ്പിടിക്കണം. നെഞ്ചത്ത് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിക്കണം. ഉമ്മ കൊടുക്കണം. ഞാനുണ്ട് നിനക്ക് എത് പ്രശ്‌നത്തിലുമെന്ന് അവരെ വിശ്വസിപ്പിക്കണം. സഹായിക്കണം. അവര്‍ക്ക് വേണ്ടി ചിരിക്കണം.കരയണം ... ഇതാണ് അമ്മപ്പണി. ഇത്രയേ ഉള്ളൂ അമ്മപ്പണി ...

ഇന്നുമൊരു ഒന്നര വയസുകാരന്റെ അമ്മയായി ഞാന്‍ കാലത്തിനോട് ശണ്ഠ കൂടുന്നു... ഗര്‍ഭപാത്രത്തെ കോക്രി കാണിക്കുന്നു.കൈരന് വിശ്വേട്ടന്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ അധികാരത്തോടെ ഡാഡി എന്ന് വിളിച്ച് കെട്ടിപ്പിടിക്കണം. അവന്‍ മിസ്സ് ചെയ്യുന്നത് അച്ഛന്‍ ചൂടാണ്.അച്ഛനമ്മമാരാവന്‍ ജന്മം കൊടുക്കേണ്ട ഒരാവശ്യവുമില്ല എന്ന് മമ്മിയും ഡാഡിയും എന്നെ ജീവിതം കൊണ്ട് പഠിപ്പിച്ചു തന്നതാണ്. ഞാനും അത് തെളിയിച്ചു പ്രവൃത്തി കൊണ്ട്.

ഞാന്‍ ധൈര്യമായി എവിടെയും ഉറക്കെ പറയും. ഞാന്‍ അമ്മയാണ്. അമ്മ മാത്രമാണ്. ഈ കുഞ്ഞുങ്ങളുടെ മനസ് കലങ്ങിയാല്‍ എന്റെ നെഞ്ച് തകരും. ലോകത്തെവിടെയും ഒരു കുഞ്ഞ് കരഞ്ഞാല്‍ ഞാന്‍ വേദനിക്കും.
കരയാനും, പറയാനും എനിക്ക് അധികാരമുണ്ടെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ പറയുന്നു.ചെറിയ മക്കളെ സന്തോഷത്തോടെ ജീവിക്കാന്‍ സമ്മതിക്കാത്തവര്‍ ആരായാലും അവര്‍ക്ക് മാപ്പില്ല......

ഇഹത്തിലും പരത്തിലും.

എന്റെ ജോലി അമ്മപ്പണിയാണ് (മിനി വിശ്വനാഥന്‍)
Join WhatsApp News
വിദ്യാധരൻ 2019-04-10 11:27:20
ഇന്ന് ഞാൻ എന്തായിരുന്നാലും 
മണ്ണിനെ വെട്ടി പിടിച്ചാലും 
പിന്നിലുണ്ട് അതിന്റയൊക്ക 
കണ്ണിയായി അമ്മയാ പണിക്കാരി.
കുനിക്കുന്നു ഞാനെൻ മസ്തകം 'അ-
മ്മപ്പണിക്ക് ' മുന്നിൽ ദർപ്പമില്ലാതെ 
josecheripuram 2019-04-11 19:29:58
The noblest profession in the world is mother hood as the author narrated,you need not to be only the mother of your own children,  can be the mother of other children too.
Anthony 2019-04-13 07:51:45
 Dear Miniyamma : Bless your loving heart and neverending generosity to the babies and to their families.

God Bless..!! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക