Image

ചിരിപ്പിക്കാനുള്ള കഷ്ടതകള്‍ (മീട്ടു റഹ്മത്ത് കലാം)

Published on 09 April, 2019
ചിരിപ്പിക്കാനുള്ള കഷ്ടതകള്‍ (മീട്ടു റഹ്മത്ത് കലാം)
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളികള്‍ ആവര്‍ത്തിച്ചുകണ്ട് ചിരിച്ച് ആഘോഷമാക്കിയ ചിത്രങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ച സഹോദരങ്ങളാണ് ഷാഫിയും റാഫിയും. 55
കോടിയെന്ന കളക്ഷന്‍ റെക്കോര്‍ഡോടെ 2015
ലെ ഏറ്റവും വലിയ വിജയം കൊയ്ത ടു കണ്‍ട്രീസിനു ശേഷം റാഫിയുടെ തിരക്കഥയില്‍ അനിയന്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് .പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ...

മധ്യവേനല്‍ അവധിക്ക് റിലീസ് ആകുന്ന ചിത്രത്തിന്  കുട്ടികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണോ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്നത്?

കഥാപാത്രങ്ങള്‍ക്കായാലും സിനിമയ്ക്കായാലും പേരിടുന്നതിനു മുന്‍പ് കുറേ ചിന്തിക്കാറുണ്ട്. കല്യാണരാമനിലെ പോഞ്ഞിക്കര, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ക്യാരക്‌റ്റേഴ്‌സ് മനസ്സില്‍ തങ്ങി നില്‍ക്കാന്‍ പേരിലെ വ്യത്യസ്തതയും ഒരു ഘടകമാണ്. എന്റെ സിനിമകള്‍ കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മായാവി, ചോക്ലേറ്റ്, ലോലി പോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ടൈറ്റിലുകള്‍ , കുട്ടികള്‍ ഒന്നുകേട്ടാല്‍ പിടിച്ചെടുക്കുന്നവ എന്ന വിശ്വാസത്തിലാണിട്ടത്. സിനിമയുമായും ചേര്‍ന്നു പോകും.  ചില്‍ഡ്രന്‍സ് പാര്‍ക്കും  ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഉറപ്പിച്ച പേരാണ്്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ബംഗ്‌ളാവാണ്  കഥാപശ്ചാത്തലം. 'ഡേ കെയര്‍' പോലെ പ്രവര്‍ത്തിച്ചിരുന്ന അതിന്റെ പേര് 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്നായിരുന്നു, വെള്ളപ്പൊക്കത്തിനുശേഷം ആ  ഡേ കെയര്‍ അനാഥാലയമായി രൂപാന്തരപ്പെടുകയാണ്. ഉടമസ്ഥത പലരിലേക്ക്  കൈമാറുമ്പോഴും ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നുള്ള പേരിന് മാറ്റം വരുന്നില്ല. ചര്‍ച്ചകളുടെ  ആദ്യാവസാനം മനസ്സില്‍ വേറൊരു ടൈറ്റില്‍ വന്നില്ല എന്നതാണ് സത്യം.


എഴുപത്തിയഞ്ചോളം ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ വച്ചുള്ള ചിത്രീകരണം ഒരു വെല്ലുവിളി ആയിരുന്നില്ലേ?

കുഞ്ഞുങ്ങള്‍ വരുന്ന ഒരുസീന്‍ രണ്ടുസീനൊക്കെ മുന്‍പും എടുത്തിട്ടുണ്ട്. ഇതങ്ങനെയല്ല, ഏകദേശം എല്ലാ ഫ്രെയിമിലും കുട്ടികളുണ്ട്.  ഓഡിഷനിലൂടെയാണ്  അഭിനയിക്കാന്‍  കഴിവുള്ളവരെ കണ്ടെത്തിയത്. എന്നാലും, അവരുടെ മൂഡ് എപ്പോള്‍ എങ്ങനെ ആയിരിക്കും എന്നതിന് ഗ്യാരണ്ടി ഇല്ലല്ലോ? അതിന്റേതായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഞാനത് ആസ്വദിച്ചു. കുട്ടികളോടൊപ്പം സമയം ചെലവിടുന്നത് മനസിന്  സന്തോഷം നല്‍കുന്ന കാര്യമാണ്. രണ്ടരമാസവും ഒന്നരവയസും ഒക്കെയുള്ള കുട്ടികളുടെ ചിരിയും കരച്ചിലുമായി ഷൂട്ടിങ് സെറ്റ് എപ്പോഴും ലൈവ് ആയിരുന്നു. ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ക്കും മനസിലൊരു പോസിറ്റിവിറ്റി ലഭിക്കും.

'സ്‌റ്റോറി ഓഫ് ത്രീ ഇഡിയറ്റ്‌സ്' എന്ന ടാഗ് ലൈന്‍?

മൂന്ന് ചെറുപ്പക്കാരുടെ കഥയാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ധ്രുവന്റെയും കഥാപാത്രങ്ങള്‍ സുഹൃത്തുക്കളാണ്. ഒരു പ്രായത്തില്‍ ആണ്‍ക്കളുടെ മനസ് ഏറ്റവും മുറിപ്പെടുന്നത് കുടുംബത്തിന് കൊള്ളാത്തവന്‍ എന്നരീതിയില്‍ അച്ഛന്മാര്‍ ശകാരിക്കുമ്പോഴാണ്. അങ്ങനെ മനം മടുത്ത് മൂന്നാര്‍ എത്തുന്ന ഇവര്‍ ഷറഫുദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുന്നു. തുടര്‍ന്നുള്ള  രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍ , സൗമ്യ മേനോന്‍ എന്നിവരാണ് നായികമാര്‍. റാഫിക്കയുടെ തിരക്കഥയില്‍ ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്.

എന്തുകൊണ്ടാണ് ലൊക്കേഷനായി മൂന്നാര്‍ തിരഞ്ഞെടുത്തത്?

സിനിമയുടെ  അറുപതുശതമാനവും അനാഥാലയം കേന്ദ്രീകരിച്ചാണ് പോകുന്നത്. മൊണോടണി ഫീല്‍ ചെയ്യാതിരിക്കാന്‍ വേണ്ടി സുന്ദരമായ ലാന്‍ഡ്‌സ്‌കേപ്പ് ആവശ്യമായിരുന്നു. ആ അന്വേഷണമാണ് മൂന്നാറില്‍ എത്തിച്ചത്. ആദ്യമായാണ് മൂന്നാര്‍ ലൊക്കേഷനാക്കി എന്റെ ഒരു ചിത്രം ഒരുങ്ങുന്നത്. ഓര്‍ഡിനറിയില്‍ ഗവിയുടെ സൗന്ദര്യം പകര്‍ത്തിയ ഫൈസല്‍ അലിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഛായാഗ്രാഹകന്‍. ദക്ഷിണേന്ത്യയുടെ കാശ്മീര്‍ എന്നുപറയുമ്പോഴും മൂന്നാറിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് കരുതിയിരുന്നില്ല.

സഹോദരന്‍ അഭിനയത്തിലും ചുവടുറപ്പിച്ചു. ഷാഫി എന്ന സംവിധായകനും അഭിനയമോഹമുണ്ടോ?


സിനിമയില്‍ എത്തുന്നതിനും വളരെ മുന്‍പ് നടനാകാന്‍ ആഗ്രഹിച്ചിരുന്നു.  ആരോടെങ്കിലും അത് തുറന്നുപറയാനുള്ള ധൈര്യം കണ്ണാടിയില്‍ നോക്കുമ്പോള്‍ തന്നെ പോകും. ഇടയ്ക്ക് ഓഫറുകള്‍ വന്നതുമാണ്. റിങ് മാസ്റ്ററിലാണ് റാഫിക്ക ആദ്യമായി അഭിനയിക്കുന്നത്. മറ്റൊരു നടന്റെ ഡേറ്റ് ശരിയാകാതെ വന്നപ്പോള്‍ പെട്ടെന്നങ്ങ് കയറി ചെയ്തതാണ്. ആ രംഗങ്ങള്‍ ഞാനാണ് ഡയറക്ട് ചെയ്തത്. ഇപ്പോള്‍ പത്തോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചുകഴിഞ്ഞു. ചില്‍ഡ്രന്‍സ് പാര്‍ക്കിലും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ചിലപ്പോള്‍ ഞാനും അഭിനയത്തില്‍ ഒരുകൈ നോക്കും.

ചട്ടമ്പിനാട്ടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച 'ദശമൂലം ദാമു' അദ്ദേഹത്തിന്റെ കരിയറിന് ഒരു ബ്രേക്ക് ആയിരുന്നു. ട്രോളര്‍മാര്‍ ഇപ്പോഴും തകര്‍ത്താഘോഷിക്കുന്ന ആ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു സിനിമ ഉണ്ടാകുമെന്ന വാര്‍ത്തയെക്കുറിച്ച്?

ബെന്നി.പി. നായരമ്പലവുമായി അങ്ങനൊരു പ്ര?ജക്റ്റ് സംസാരിച്ചുവച്ചിട്ടുണ്ട്. വേറെ രണ്ടുകഥകളും മനസിലുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്കിനു ശേഷം ആദ്യം ഏതു ചിത്രമായിരിക്കും ചെയ്യുന്നതെന്ന്  തീരുമാനമായിട്ടില്ല. സമയമെടുത്താണ് ഓരോ സിനിമയും ഒരുക്കുന്നത്. ടെന്‍ഷനടിച്ചിരുന്നപ്പോള്‍ നിങ്ങളുടെ സിനിമകണ്ട് കുറെ ചിരിച്ചു, മനസ് സ്വസ്ഥമായി എന്നൊക്കെ ആളുകള്‍ വന്ന് പറയാറുണ്ട്. അതുകേള്‍ക്കുമ്പോള്‍,  അവരെ ചിരിപ്പിക്കാന്‍ നമ്മള്‍ അനുഭവിച്ച കഷ്ടതയ്ക്ക് ഒരര്‍ത്ഥം തോന്നും. ഒരാളുടെ മനസമാധാനം കളയാന്‍ എളുപ്പമാണ്, റിലാക്‌സ്ഡ് ആക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്.  നമ്മള്‍ കാരണം ഒരാള്‍ വിഷമം മറന്ന് ചിരിക്കുന്നെങ്കില്‍ , അതിനെ പുണ്യം എന്നുതന്നെ പറയാം. പുതിയ സിനിമ ചെയ്യുമ്പോള്‍ മുന്നില്‍ അങ്ങനൊരു ഉത്തരവാദിത്വത്തിന്റെ ഭാരമുണ്ട്. അത് ഞാന്‍ ആസ്വദിക്കുന്നു. 


ചിരിപ്പിക്കാനുള്ള കഷ്ടതകള്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക