Image

അഞ്ചുവര്‍ഷം വെന്റിലേറ്ററിലായിരുന്ന ഏഴുവയസുകാരന്‍ മരണത്തിന്‌ കീഴടങ്ങി

Published on 10 April, 2019
അഞ്ചുവര്‍ഷം വെന്റിലേറ്ററിലായിരുന്ന ഏഴുവയസുകാരന്‍ മരണത്തിന്‌ കീഴടങ്ങി


തൃശ്ശൂര്‍: മസ്‌തിഷ്‌കജ്വരത്തിന്‌ സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖംമൂലം അഞ്ചരവര്‍ഷം വെന്റിലേറ്ററിലായിരുന്ന അദ്രിദാസ്‌ മരണത്തിന്‌ കീഴടങ്ങി. വടക്കാഞ്ചേരി, മുള്ളൂര്‍ക്കര മന്ദലാംകുന്ന്‌ കൊല്ലമാക്കല്‍ ശിവദാസിന്റെയും സവിതയുടെയും ഏഴുവയസ്‌സുള്ള മകനായ അദ്രിദാസ്‌ ചൊവ്വാഴ്‌ച രാവിലെ പത്തിനാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ഹൃദയാഘാതമായിരുന്നു മരണകാരണം.

2013 ഡിസംബറിലായിരുന്നു സച്ചുമോനെന്ന അദ്രിദാസിന്റെ ശരീരം മുഴുവന്‍ നീലനിറമായി മാറി തണുത്തുവിളറി വെളുത്തത്‌.

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന്‌ വിദഗ്‌ധപരിശോധനയ്‌ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക്‌ മാറ്റിയപ്പോഴാണ്‌ തലച്ചോറിലെ നീര്‍ക്കെട്ടാണ്‌ രോഗകാരണമെന്ന്‌ തിരിച്ചറിയുന്നത്‌. പിന്നെ ആദ്രിദാസ്‌ വെന്റിലേറ്ററിലായി.

പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍തന്നെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ ഒരു സംഘമായിരുന്നു അദ്രിദാസിനെ ചികിത്സിച്ചിരുന്നത്‌.

ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. ഒരു പ്രതീക്ഷയുമില്ലാത്ത കുഞ്ഞിനായി ഇത്‌ ചെയ്‌തതിന്‌ അവര്‍ ഒരുപാട്‌ പഴികേട്ടു.

പക്ഷേ, അവനെ പരിചരിച്ചിരുന്നവരെല്ലാം ഒരു അദ്‌ഭുതം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.
അമ്മ സവിത എന്നും വെന്റിലേറ്ററില്‍ അവന്റെ ചാരേയിരുന്നു. അച്ഛന്‍ ശിവദാസന്‍ ഐ.സി.യു.വിന്‌ പുറത്തും.

'എന്നും ചന്ദനക്കുറിയും തൊട്ട്‌ തുടുത്തമുഖവുമായി കിടക്കുന്ന അവന്റെ ഉടുപ്പുകള്‍ ഒരിക്കല്‍പോലും മുഷിഞ്ഞുകണ്ടിട്ടില്ല' -അദ്രിദാസിനെ ചികിത്സിച്ചിരുന്ന ഡോ. അജയ്‌ വര്‍ക്കി പറയുന്നു.

  അമ്മ ആശുപത്രിയില്‍ കഴിയുമ്‌ബോള്‍ അദ്രിദാസിന്റെ ചേട്ടന്‍ അശ്വിന്‍ദാസ്‌നെ നോക്കിയിരുന്നത്‌ അച്ഛനായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ആ മിടിപ്പ്‌ നിലച്ചപ്പോള്‍ ഒരുനിമിഷത്തേക്കെങ്കിലും എല്ലാവരുടെ താളവും മരവിച്ചുപോയി. ഡോക്ടര്‍മാരടക്കം കണ്ണീരോടെയാണ്‌ അദ്രിദാസിന്റെ മൃതദേഹം വിട്ടുനല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക