Image

കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഇനി രണ്ട് എംഎല്‍എമാര്‍! പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്!

Published on 10 April, 2019
കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഇനി രണ്ട് എംഎല്‍എമാര്‍! പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്!

തിരുവനന്തപുരം: നാളുകള്‍ നീണ്ട രാഷ്ട്രീയ ഒറ്റപ്പെടലിന് ഒടുവില്‍ ഒരു കരയ്ക്കടുത്ത് പിസി ജോര്‍ജും ജനപക്ഷവും. ഔദ്യോഗികമായിത്തന്നെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തുക എന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് വ്യക്തമാക്കി.

ഇടത്- വലത് മുന്നണികള്‍ ജനപക്ഷത്തിന് പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് എന്‍ഡിഎയിലേക്ക് പോകാനുളള പിസി ജോര്‍ജിന്റെ നിര്‍ണായക തീരുമാനം. ഇതോടെ കേരളത്തില്‍ എന്‍ഡിഎയ്ക്ക് രണ്ട് എംഎല്‍എമാരാകും.


യുഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും കെഎം മാണിയോട് ഉടക്കിയാണ് പിസി ജോര്‍ജ് പുറത്തേക്ക് എത്തുന്നത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടേയും പിന്തുണയില്ലാതെ തന്നെ പിസി ജോര്‍ജ് സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച്‌ ജയി്ച്ചു.ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാവുന്നത് ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വെച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിക്കും. പിസി ജോര്‍ജും ബിജെപി നേതാക്കളും പങ്കെടുക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനമുണ്ടാവുക. എന്‍ഡിഎയുടെ ഭാഗമാവുന്നതിന് പ്രത്യേക ഉപാധികളൊന്നും ഇല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.എന്‍ഡിഎ ഘടകക്ഷിയായി തങ്ങളെ മാന്യമായി അംഗീകരിക്കുക എന്നത് മാത്രമാണ് ഉപാധിയെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ടാണ് എന്‍ഡിഎയുടെ ഘടക കക്ഷിയാകാനുളള തീരുമാനമെടുത്തത് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ജനപക്ഷം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യോജിച്ച്‌ നിന്ന് കേരളത്തിന്റെ ഭരണം പിടിക്കാനുളള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പിസി ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമായി വരുന്നത് പല തരത്തിലും ബിജെപിക്ക് നേട്ടമാണ്.


പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് എത്തുന്നതോടെ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് അംഗബലം വര്‍ധിക്കും. നിലവില്‍ നേമത്ത് നിന്നുളള എംഎല്‍എയായ ഒ രാജഗോപാല്‍ മാത്രമാണ് നിയമസഭയില്‍ എന്‍ഡിഎയ്ക്കുളള അംഗം. ജനപക്ഷം മുന്നണിയില്‍ എത്തുന്നതോടെ നിയമസഭയിലെ അംഗബലം രണ്ടായി ഉയരും എന്നത് ബിജെപിക്ക് വലിയ നേട്ടമാണ്.ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുന്ന കെ സുരേന്ദ്രനും പിസി ജോര്‍ജിന്റെ സ്വാധീനം ഗുണകരമാവും. കെ സുരേന്ദ്രന് നേരത്തെ തന്നെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിട്ടുളളതാണ്. മണ്ഡലത്തില്‍ കെ സുരേന്ദ്രന് വേണ്ടി പിസി ജോര്‍ജ് പ്രചാരണം നടത്തുന്നുണ്ട്. സുരേന്ദ്രന്‍ നേരിട്ട് പിസിയുടെ വീട്ടിലെത്തി പിന്തുണ തേടിയിരുന്നു.കെ സുരേന്ദ്രനെ പിന്തുണയ്ക്കാനുളള പിസി ജോര്‍ജിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 60 പേര്‍ ജനപക്ഷം വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. എന്‍ഡിഎയില്‍ ജനപക്ഷം ചേരുന്നതോടെ ഇനിയും പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്കുണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്. ബിജെപിയ്ക്ക് കൈ കൊടുക്കതിനോട് പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല പ്രക്ഷോഭത്തോടെയാണ് പിസി ജോര്‍ജ് ബിജെപിയോട് അടുത്ത് തുടങ്ങിയത്. വിശ്വാസ സംരക്ഷത്തിനെന്ന പേരില്‍ ബിജെപിയുടെ സമരവേദികളില്‍ പിസി ജോര്‍ജ് സാന്നിധ്യമായിരുന്നു. നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം പിസി ജോര്‍ജ് കറുപ്പുടുത്ത് എത്തിയിരുന്നു. നിയമസഭയില്‍ ഒരു ബ്ലോക്കായി ഇരിക്കുമെന്നും പിസി പ്രഖ്യാപിച്ചു.അതിനിടെ യുഡിഎഫിലേക്ക് മടങ്ങിപ്പോകാനും പിസി ജോര്‍ജ് ശ്രമം നടത്തി. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കത്ത് വരെ നല്‍കി. എന്നാല്‍ പിസി ജോര്‍ജിന്റെ വരവിനെ കേരള കോണ്‍ഗ്രസ് എം ശക്തമായി എതിര്‍ത്തു. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്കും പിസി ജോര്‍ജിനോട് താല്‍പര്യം ഇല്ലായിരുന്നു. എല്‍ഡിഎഫ് നേരത്തെ തന്നെ പിസിക്ക് മുന്നില്‍ വാതിലടച്ചിരുന്നു. ഒരിടത്തും ഇടമില്ലാതായതോടെയാണ് എന്‍ഡിഎയെ പിസി ജോര്‍ജ് തിരഞ്ഞെടുത്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക