Image

അന്തിമോപചാരം അര്‍പ്പിക്കാന്‍ വഴിയോരത്ത്‌ പതിനായിരങ്ങള്‍; കെ.എം.മാണിയുടെ വിലാപയാത്ര വൈകുന്നു

Published on 10 April, 2019
അന്തിമോപചാരം അര്‍പ്പിക്കാന്‍ വഴിയോരത്ത്‌ പതിനായിരങ്ങള്‍; കെ.എം.മാണിയുടെ വിലാപയാത്ര വൈകുന്നു

കോട്ടയം: കെ.എം.മാണിയെ അവസാനമായി ഒരുനോക്ക്‌ കാണാന്‍ പതിനായിരങ്ങള്‍ വഴിയോരത്ത്‌ തടിച്ചുകൂടിയതോടെ വിലാപയാത്ര വൈകുന്നു

രാവിലെ ലേക്‌ ഷോര്‍ ആശുപത്രിയില്‍ നിന്നും 45 മിനിറ്റ്‌ വൈകി തുടങ്ങിയ വിലാപയാത്ര വൈകുന്നേരം നാലായിട്ടും കോട്ടയത്ത്‌ എത്തിയില്ല. വിലാപയാത്ര വരുന്ന വഴിയിലെല്ലാം മാണിസാറിനെ ഒരുനോക്ക്‌ കാണാന്‍ നിരവധി ആളുകളാണ്‌ തടിച്ചുകൂടിയിരിക്കുന്നത്‌. ഇതോടെ വിലാപയാത്രയുടെ സമയക്രമമെല്ലാം തെറ്റുകയായിരുന്നു.

രാവിലെ 9.30-നാണ്‌ ലേക്‌ ഷോറില്‍ നിന്നും വിലാപയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ജനത്തിരക്ക്‌ മൂലം 10.15-നാണ്‌ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന്‌ നീങ്ങാന്‍ സാധിച്ചത്‌. പിന്നീട്‌ വാഹനം വരുന്ന വഴിയോരത്തെല്ലാം പതിനായിരക്കണക്കിന്‌ പേര്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക്‌ കാണാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ കോട്ടയത്തെ കേരള കോണ്‍ഗ്രസ്‌-എം ആസ്ഥാനത്ത്‌ മൃതദേഹം എത്തിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്‌. പിന്നീട്‌ 12.30ന്‌ തിരുനക്കര മൈതാനത്ത്‌ പൊതുദര്‍ശനം തുടങ്ങി വൈകിട്ട്‌ നാലോടെ മൃതദേഹം പാലായിലേക്ക്‌ കൊണ്ടുപോകാനായിരുന്നു പദ്ധതി.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അര്‍ധരാത്രിയോടെ മാത്രമേ മൃതദേഹം പാലായില്‍ എത്തിക്കാന്‍ കഴിയൂ. കോട്ടയത്ത്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ കാത്തുനില്‍ക്കുന്നതില്‍ ഇവിടെ മണിക്കൂറുകള്‍ വേണ്ടിവന്നേക്കുമെന്നാണ്‌ കരുതുന്നത്‌.
തൃപ്പൂണിത്തുറ, വൈക്കം, ചെന്‌പ്‌, തലയോലപ്പറന്‌പ്‌, കടുത്തുരുത്തി എന്നിവടങ്ങളിലെല്ലാം വലിയ ജനക്കൂട്ടം മാണിസാറിനെ അവസാനമായി കാണാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ വൈകിട്ട്‌ ഏഴോടെ മാത്രമേ മൃതദേഹം കോട്ടയത്ത്‌ എത്തൂ എന്നാണ്‌ കരുതപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക