Image

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ജലന്ധര്‍ അരമനയ്ക്കുള്ളില്‍ വൈദികന്റെ പ്രതിഷേധം; ഒടുവില്‍ ഊണുമുറിയില്‍ നിന്ന് ഫ്രാങ്കോയുടെ ചിത്രം എടുത്തുമാറ്റി

Published on 10 April, 2019
ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ജലന്ധര്‍ അരമനയ്ക്കുള്ളില്‍ വൈദികന്റെ പ്രതിഷേധം; ഒടുവില്‍ ഊണുമുറിയില്‍ നിന്ന് ഫ്രാങ്കോയുടെ ചിത്രം എടുത്തുമാറ്റി


കോട്ടയം: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ജലന്ധര്‍ അരമനയില്‍ പ്രതിഷേധം. ചൊവ്വാഴ്ച പ്രഭാത ഭക്ഷണത്തിനിടെയാണ് പ്രതിഷേധം. വൈദികര്‍ക്ക് ചായനല്‍കിയ കപ്പില്‍ ഫ്രാങ്കോയുടെ ചിത്രം ആലേഖനം ചെയ്തിരുന്നതാണ് പ്രകോപനത്തിന്റെ തുടക്കം.

ഭക്ഷണത്തിനിടെ ഫ്രാങ്കോയുടെ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം വൈദികര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടെ ചായ നല്‍കിയ കപ്പിന്റെ ഇരുവശങ്ങളിലും ഫ്രാങ്കോയുടെ ചിത്രങ്ങള്‍ പതിച്ചിരുന്നു. ഒരു മുതിര്‍ന്ന വൈദികന്‍ ഇത് ശ്രദ്ധിക്കാതെ ചായ കുടിക്കുമ്പോള്‍ മറ്റൊരു വൈദികന്‍ പറഞ്ഞു. 'അച്ചന് ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിച്ചല്ലോ' കാരണം തിരക്കിയ വൈദികനോട് 'ഇന്ന് ഫ്രാങ്കോയെ ആദരിക്കുന്ന ദിനമല്ലേ... ഈ കപ്പില്‍ ചായ കുടിച്ചാല്‍ പൂര്‍ണ്ണ പാപമോചനം ഉറപ്പല്ലേ' എന്നായിരുന്നു മറുപടി. 

അപ്പോഴാണ് കപ്പില്‍ ഫ്രാങ്കോയുടെ ചിത്രമുള്ള കാര്യം വൈദികന്‍ ശ്രദ്ധിക്കുന്നത്. ആ കപ്പ് തറയിലേക്ക് എറിഞ്ഞുടച്ചാണ് അദ്ദേഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഈ വിവരം സ്ഥലത്തുണ്ടായിരുന്ന വികാരി ജനറാള്‍ ഫാ.മാത്യു കൊക്കണ്ടം അപ്പോള്‍തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ആഗ്‌നെലോ ഗ്രേഷ്യസിന്റെ ചെവിയിലെത്തിച്ചു

പൊട്ടിച്ചിതറിയ ചായക്കപ്പും ചായയും തുടച്ചുനീക്കാന്‍ ജോലിക്കാരന്‍ എത്തിയപ്പോള്‍ സെക്രട്ടറി ഫാ.തോമസ് പൂച്ചാലില്‍ അത് തടഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ വന്ന് കണ്ടിട്ട് വൃത്തിയാക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഇതോടെ ചിതറിയ ചില്ലുകളും ചായയും ഊണുമുറിയില്‍ കിടന്നു. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥലം സന്ദര്‍ശിച്ചത്. പിന്നീട് നാലു മണിയോടെയാണ് ജീവനക്കാരന്‍ ഊണുമുറി വൃത്തിയാക്കാന്‍ എത്തിയത്.

അതിനിടെ, പ്രതിഷേധിച്ച വൈദികനെ വിളിച്ചുവരുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ വഴക്കിട്ടു. മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് തള്ളിക്കളഞ്ഞു. തങ്ങളില്‍ ആര്‍ക്കും ഫ്രാങ്കോയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ ശേഷം  അദ്ദേഹം ഇറങ്ങിപ്പോയി. 

ഫ്രാങ്കോ സ്ഥാനചിഹ്നങ്ങളെല്ലാം ധരിച്ചുള്ള ചിത്രവും ഇരിക്കുന്ന മറ്റൊരു ചിത്രവുമാണ് ചായക്കപ്പില്‍ ആലേഖനം ചെയ്തിരുന്നത്. ഇതിനിടെ ഊണുമുറിയില്‍ വച്ചിരുന്ന ഫ്രാങ്കോയുടെ ചിത്രം ആരോ എടുത്തുനീക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഫ്രാങ്കോയുടെ വിശ്വസ്തന്‍ ചമഞ്ഞുനടക്കുന്ന ഒരു വൈദികന്‍ തന്നെയാണ് സ്ഥലത്തില്ലായിരുന്ന മറ്റു വൈദികരെയും വിളിച്ചറിയിച്ചത്.

അതേസമയം, ഇപ്പോഴും ബിഷപ് ഹൗസില്‍ താമസിക്കുന്ന ഫ്രാങ്കോ മറ്റു വൈദികരുടെ കൂടെ ഭക്ഷണത്തിനൊന്നും എത്തില്ല. എല്ലാവരും കഴിച്ചിട്ടു പോയശേഷ ഒറ്റയ്ക്കു വന്നാണ് ഭക്ഷണം. ബിഷപ് ഹൗസിലെ ചെറിയ ചാപ്പലില്‍ പ്രാര്‍ത്ഥനയിലാണ് താനെന്നാണ് അദ്ദേഹം മറ്റുള്ളവരോട് പറയുന്നത്. എന്നാല്‍ അത് അഡ്മിനിസ്‌ട്രേറ്ററെ കാണിക്കാനുള്ള നാടകമാണെന്നാണ് ഒരു വിഭാഗം വൈദികര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക