Image

മാണി സാര്‍ ഇനി ഓര്‍മ്മകളിലേക്ക്; ദീപം പോലെ ജ്വലിച്ചു നിന്ന് അവസാന യാത്രയും

കല Published on 11 April, 2019
മാണി സാര്‍ ഇനി ഓര്‍മ്മകളിലേക്ക്;  ദീപം പോലെ ജ്വലിച്ചു നിന്ന് അവസാന യാത്രയും

കേരള രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാന ഏടായ മാണിസാര്‍ എന്ന രാഷ്ട്രീയ അസ്തിത്വം ഇനി ഓര്‍മ്മകളിലേക്ക്. അവസാന യാത്രയും ദീപം പോലെ ജ്വലിച്ചു നിന്നായിരുന്നു മാണിസാറിന്‍റേത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് മാണി സാറിന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷ്പ്പ സൂസെപാക്യം എന്നിവരും പങ്കെടുത്തു. കേരള രാഷ്ട്രീയത്തിലെ സകല പ്രമുഖ നേതാക്കളും ആയിര കണക്കിന് അണികളും ദേശവാസികളും മാണിസാറിനെ അവസാനയാത്രയാക്കാന്‍ എത്തി. പാര്‍ട്ടി ഭേദമന്യേ മധ്യതിരുവതാംകൂറിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാലയിലേക്ക് ഒഴുകിയെത്തി. 
രാഷ്ട്രീയത്തില്‍ അതിശക്തനായി എക്കാലത്തും നിലകൊണ്ട കെ.എം മാണി മടങ്ങുമ്പോഴും അതിശക്തനായി തന്നെയെന്നത് ഏറെ ശ്രദ്ധേയമാണ്. അവസാന ദിവസം വരെ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ പകരക്കാരനല്ലിത്ത നേതാവും ചെയര്‍മാനുമായി മാണി സാര്‍ നിറഞ്ഞു നിന്നു. അരനുറ്റാണ്ടിന് മേല്‍ ഒരു പാര്‍ട്ടിയെ സര്‍വസ്വവുമായി നിലനിര്‍ത്താന്‍ എങ്ങനെയാണ് മാണിസാറിന് കഴിഞ്ഞത് എന്ന ചോദ്യം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഇനിയൊരു പഠനം തന്നെയാണ്. 
അഴിമതി ആരോപണങ്ങള്‍ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് എക്കാലത്തും കെ.എം മാണി എന്ന രാഷ്ട്രീയ നേതാവിന്. എന്നാല്‍ ഒരിക്കല്‍ പോലും മാധ്യമങ്ങളോടും എതിരാളികളോടും ക്ഷുഭിതനാവാതെ മാണി സാര്‍ അതിനെയെല്ലാം നേരിട്ടു. ഏറ്റവും അവസാനം വന്ന ബാര്‍കോഴ വിവാദത്തില്‍ പോലും മാണിസാര്‍ കുലുങ്ങിയില്ല. പകരം മുന്നണി വിട്ട് സ്വന്തം നിലയ്ക്ക് നിലയുറപ്പിച്ചു. അവസാനം മുന്നണിയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു രാജ്യസഭാ സീറ്റ് അധികം നേടിക്കൊണ്ടായിരുന്നുവെന്നത് കെ.എം മാണിയുടെ രാഷ്ട്രീയ കൗശലതയുടെ നേര്‍സാക്ഷ്യം. ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം ലോക്സഭാ മണ്ഡലം നേടിയെടുക്കാന്‍ ശ്രമിച്ച പി.ജെ ജോസഫിനെ യാതൊരു പ്രതിസന്ധിയുമില്ലാതെ വെട്ടിനിരത്തിയതും മാണിസാര്‍ ശൈലിയുടെ ഉദാഹരണമാണ്. 
തികഞ്ഞ ഗ്രഹസ്ഥന്‍, ഭാര്യയെ ജീവനോളം സ്നേഹിക്കുന്നവന്‍ എന്നിങ്ങനെ മധ്യതിരുവതാംകൂര്‍ ജനതയുടെ മാതൃക പുരുഷ സങ്കല്പത്തെ വേണ്ടുവോളം എടുത്തു പ്രയോഗിക്കാനും മാണിസാര്‍ മടിച്ചിട്ടില്ല. അതൊരു തന്ത്രമൊന്നുമല്ലായിരുന്നു മാണിസാറിന്. മാണിസാര്‍ തികഞ്ഞ കുടുംബസ്ഥന്‍ തന്നെയായിരുന്നു. ആ ഇമേജിനെ ജനങ്ങളിലേക്ക് ആഴത്തില്‍ പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് പ്രധാനം. കുടുംബത്തെ ചേര്‍ത്ത് പിടിച്ച് തന്‍റെ പാലയെ ആത്മാവിനെപ്പോലെ സ്നേഹിച്ച് ഏത് പ്രതിസന്ധിയിലും തനിക്ക് താങ്ങും തണലുമായി നിര്‍ത്തിയിരുന്നു കെ.എം മാണി. അതുകൊണ്ടു തന്നെയാണ് ഇക്കാലമത്രയും കേരളാ കോണ്‍ഗ്രസ് എന്ന വലതുപക്ഷ പാര്‍ട്ടിയെ ഒരു പ്രസരിപ്പോടെ നിര്‍ത്താന്‍ മാണിസാറിന് കഴിഞ്ഞത്. 
മാണിസാറിന്‍റെ ആ കഴിവ് മറ്റൊരു കേരളാ കോണ്‍ഗ്രസ് നേതാവിനും ഉണ്ടെന്ന് പറയുക വയ്യ. വിഘടിച്ചു പോയ മറ്റു ഗ്രൂപ്പുകള്‍ നിന്ന് കിതച്ചപ്പോഴും കേരളാ കോണ്‍ഗ്രസ് എം എവിടെയും കിതച്ചു നിന്നില്ല. അതിന് കാരണം ആശയ അടിത്തറയില്‍ തന്നെ പാര്‍ട്ടിയെ പണിതെടുക്കാന്‍ മാണിസാറിന് കഴിഞ്ഞു എന്നുള്ളതാണ്. ആ ആശയ അടിത്തറയാണ് അധ്വാനവര്‍ഗസിദ്ധാന്തമായി പ്രചരിക്കപ്പെട്ടത്. കര്‍ഷകരുടെ ഉള്ളറിയുന്ന നേതാവായി മാണിസാറിനെ മാറ്റിയെടുത്തത്. 
മാണിസാറില്ലാത്ത കേരളാ കോണ്‍ഗ്രസ് ഇനിയെങ്ങോട്ട് എന്നത് വലിയ ചോദ്യചിഹ്നമാണ്. മാണിസാറിനോളം ബുദ്ധികൂര്‍മ്മത, ജനകീയത, രാഷ്ട്രീയ പ്രബുദ്ധത, സെക്യുലര്‍ ഇമേജ്, ആശയസമ്പന്നത ഇതൊക്കെ ഇനിയൊരു നേതാവില്‍ കേരളാ കോണ്‍ഗ്രസില്‍ ശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് മറുപടി. മാണിസാറിന് ശേഷമുള്ള കേരളാ കോണ്‍ഗ്രസ് കാലം കൊണ്ട് തെളിയിക്കപ്പെടേണ്ടതാണ്. എന്നാല്‍ മാണിസാറിന്‍റെ ഓര്‍മ്മകള്‍ മലയാളിയുടെ കാലത്തിന് ഒപ്പം സഞ്ചരിക്കും എന്ന് തീര്‍ച്ച. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക