Image

ഭയപ്പെടുത്തുന്ന അതിരന്‍

Published on 12 April, 2019
ഭയപ്പെടുത്തുന്ന അതിരന്‍
അടിമുടി ദുരൂഹതയും ഭീതിയും ഉദ്വേഗവും. ആദ്യ സീന്‍ മുതല്‍ അവസാന രംഗം വരെ പ്രേക്ഷകനെ ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത വിധം പിരിമുറുക്കം. ക്‌ളൈമാക്‌സ് സീനില്‍ മാത്രം തെളിയിക്കപ്പെടുന്ന ഉത്തരം. സമീപ കാലത്തൊന്നും ഇത്രമാത്രം ത്രില്ലടിപ്പിച്ച ഒരു ഹൊറര്‍ ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടില്ല.

നവാഗതനായ വിവേക കഥയെഴുതി സംവിധാനം ചെയ്ത അതിരന്‍ ഒന്നാന്തരമൊരു ദ്യശ്യാനുഭവമാണ്. 1970 കളാണ് കഥയുടെ പശ്ചാത്തലമായി പറയുന്നത്. കാടിനു നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒര പഴയ ബംഗ്‌ളാവ്. അത് ബ്രിട്ടീഷുകാരുടെ കാലത് പണി കഴിപ്പിച്ചതാണ്. അവിടെ ഓരോ ഇഞ്ചു സ്ഥലത്തും നിറഞ്ഞു നില്‍ക്കുന്നത് നിഗൂഢതയാണ്. അവിടെയുള്ളത് മനസിന്റെ താളം തെറ്റിയ കുറേ മനുഷ്യരാണ്. അവര്‍ക്കെല്ലാം പറയാന്‍ ഒരു കഥയുണ്ട്. കാടിനു നടുക്കുള്ള ഈ മാനസിക രോഗാശുപത്രിയിലേക്ക് ഒരു നാള്‍ ഒരു ഡോക്ടര്‍ വരുന്നു. ആരാണ് അയാള്‍ എന്ന് കഥയിലെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകനും ചോദിക്കും..പക്ഷേ ഒരിടത്തും മറുപടി കിട്ടില്ല.

ഈ മാനസിക രോഗ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായ ഒരു പെണ്‍കുട്ടിയുണ്ട്. ഓട്ടിസം രോഗബാധിതയായ യുവതി. അവളുടെ ജീവിതത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള കഴിഞ്ഞ കാല കഥകളും കണ്ടെത്താന്‍ അയാള്‍ ഇറങ്ങിത്തിരിക്കുന്നു. എന്നാല്‍ അതിനിടയില്‍ അയാള്‍ക്ക് പല പ്രതിബന്ധങ്ങളെയും നേരിടേണ്ടി വരുന്നു. ഇങ്ങനെ പെണ്‍കുട്ടിയുടെ ജീവിതത്തിലെ നിഗൂഢതകളുടെ യഥാര്‍ത്ഥ സത്യം തേടി ഡോക്ടര്‍ നടത്തുന്ന യാത്രയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഓരോ രംഗത്തിലും പുലര്‍ത്തുന്ന മികച്ച കൈയ്യടക്കം പ്രേക്ഷകന്റെ ഫുള്‍ മാര്‍ക്ക് നേടാന്‍ പോന്നതാണ്. രോഗികളുടെ മനോസഞ്ചാരത്തിലൂടെയാണ് ആദ്യ പകുതി വികസിക്കുന്നത്. ഇടവേളയ്ക്ക് ശേഷവും കഥ ഉദ്വേഗജനകമായി തന്നെ മുന്നോട്ടു പോകുന്നു. നിഗൂഡതകള്‍ മാത്രമല്ല, ചിത്രത്തില്‍. കുടുംബവും പ്രണയവുമെല്ലാം ആവശ്യത്തിന് പ്രമേയവുമായി ചേര്‍ത്തിട്ടുണ്ട്. അതു കൊണ്ടു തന്നെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഈ ചിത്രം കാണാന്‍ കഴിയും. ഫഹദ് ഫാസില്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മികവു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ച, ദുരൂഹതയും പ്രണയവും ഒരു പോലെ മിന്നിത്തെളിയുന്ന കണ്ണുകളും സൂക്ഷ്മാഭിനയവും കൊണ്ട് ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തഭിനയിച്ചു. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഡോക്ടറായ ഫഹദിനെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും പ്രേക്ഷകര്‍ക്കു കഴിയാത്തവിധം അത്രമേല്‍ ഉജ്ജ്വലമാക്കിയിട്ടുണ്ട് ആ കഥാപാത്രത്തെ.

നായികയായി എത്തിയ സായി പല്ലവിയും അഭിനയത്തിന്റെ കാര്യത്തില്‍ മികച്ചു നിന്നു. ഓട്ടിസം ബാധിച്ച യുവതിയുടെ ശരീരഭാഷ പോലും വളരെ അനായാസമായി അവതരിപ്പിക്കാന്‍ സായി പല്ലവിക്കു കഴിഞ്ഞു. നൃത്തത്തിലുള്ള വൈഭവത്തിനു പുറമേ ഈ ചിത്രത്തില്‍ കളരി അഭ്യാസവും മികച്ച മെയ് വഴക്കത്തോടെ അവതരിപ്പിക്കാന്‍ സായി പല്ലവിക്കു കഴിഞ്ഞു. അതുല്‍ കുല്‍ക്കര്‍ണ്ണിയുടെ വില്ലന്‍ കഥാപാത്രവും രണ്‍ജി പണിക്കരുടെ കഥാപാത്രവും ഒന്നിനൊന്നിന് മികച്ചു നില്‍ക്കുന്നു.

ദുരൂഹതയും ഹൊററും ട്വിസ്‌ര്‌റും എല്ലാം ചേര്‍ന്ന ചിത്രത്തിന് ആവശ്യമായ സാങ്കേതികത്തികവ് അതിരനും അവകാശപ്പെടാം. ദൃശ്യങ്ങള്‍, പശ്ചാത്തല സംഗീതം, എന്നിവയെല്ലാം കഥയുടെ മൂഡിനനുസരിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. പി.ജയചന്ദ്രന്‍, ഹരിശങ്കരന്‍, അമൃത, ഫെജോ എന്നിവര്‍ പാടിയ മൂന്നു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. പ്രണയരംഗങ്ങളും വളരെ മികവോടെ തന്നെ പകര്‍ത്തിയിട്ടുണ്ട്. ഒരു മികച്ച സംവിധായകന്‍ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചുവെന്ന് കരുതുന്നതില്‍ തെറ്റില്ല. അതിരന് ധൈര്യമായി ടിക്കറ്റെടുക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക