Image

ഡോ. ബാബു പോള്‍ ഓര്‍മ്മകളില്‍: പത്രപ്രവര്‍ത്തനം, ചിരി, വിവേകം

Published on 12 April, 2019
ഡോ. ബാബു പോള്‍ ഓര്‍മ്മകളില്‍: പത്രപ്രവര്‍ത്തനം, ചിരി, വിവേകം
2012

പഴയ തനിനിറത്തിന്റെ ശൈലിയിലുള്ള ഭാഷയും, വാര്‍ത്തകളില്‍ കലര്‍ത്തുന്ന നിറങ്ങളും ചേര്‍ന്നപ്പോള്‍ മലയാള പത്രപ്രവര്‍ത്തന രംഗം മലിനമായ നിലയിലാണെന്ന് ഡോ. ബാബു പോള്‍.

പണ്ടൊക്കെ വീടുകളില്‍ പറഞ്ഞാല്‍ തല്ല് കിട്ടുന്ന പ്രയോഗങ്ങളാണ് ഇന്ന് പത്രഭാഷ. ആഖ്യാനം, ആഖ്യാനമായി നില്‍ക്കാതെ അതില്‍ വ്യാഖ്യാനം കൂടി കടന്നുകയറിയപ്പോള്‍ വാര്‍ത്തയേത്, സത്യമേത് എന്ന ചിന്താക്കുഴപ്പത്തില്‍ വായനക്കാരെത്തുന്നു.

ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം കേരളാ സെന്ററില്‍ നിര്‍വഹിച്ചശേഷം നടത്തിയ ചിന്തോദ്ദീപകമായ പ്രസംഗത്തില്‍ മാധ്യമ രംഗത്തെ അപചയത്തിന്റെ ആഴങ്ങള്‍ അദ്ദേഹം തുറന്നുകാട്ടി.

ചെറുപ്പത്തില്‍ അല്‍പസ്വല്‍പം പത്രപ്രവര്‍ത്തനം നടത്തിയശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ താന്‍ കഴിഞ്ഞ പത്തുവര്‍ഷമായി `മധ്യരേഖ' എന്നൊരു കോളം എഴുതുന്നു. അതിനാല്‍ എന്നെയും പത്രക്കാരനെന്ന് വിളിക്കുന്നതില്‍ തെറ്റില്ല.

പത്രക്കാര്‍ വിചാരിച്ചാല്‍ എന്തും നടക്കുമെന്നതിനു തെളിവാണ് അച്യുതാനന്ദന്‍- പിണറായി വിവാദം. അച്യുതാനന്ദന്‍ എന്ന വ്യക്തിയിലെ ഗുണങ്ങള്‍ ശതഗുണീഭവിച്ചും, ദോഷങ്ങള്‍ യവനികയ്ക്കുള്ളില്‍ മൂടിവെച്ചും പത്രങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നു. അച്യുതാനന്ദന് ഇന്നത്തെ പരിവേഷം നല്‍കിയത് മനോരമയും മാതൃഭൂമിയും ചേര്‍ന്നാണ്. അങ്ങനെ വി.എസ് ഏറ്റവും വിശിഷ്ടനായ വ്യക്തി എന്ന ധാരണ പരത്തി.

അതിനു ബദലായി തിന്മയുടെ എല്ലാ മൂര്‍ത്തിമദ്ഭാവവുമായി പിണറായിയെ അവതരിപ്പിച്ചു. അവിടെയാണ് തനിക്കെതിര്‍പ്പ്. പിണറായി നല്ല മന്ത്രിയായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ നന്നേ ചെറുപ്പക്കാരനായ ജൂണിയര്‍ മന്ത്രിയായിരുന്നു അദ്ദേഹം. ഒരു ജൂണിയര്‍ മന്ത്രി കയ്യോടെ കാനഡയില്‍ പോയി ലാവ്ലിന്‍ കരാര്‍ ഒപ്പിടുമോ എന്നു പോലും ഒരു മാധ്യമവും അന്വേഷിച്ചില്ല.
--------
ഓരോരുത്തരും പത്രം വായിക്കുന്നത് ഓരോ ഉദ്ദേശത്തോടെയാണ്. 40 വര്‍ഷമായി മനോരമ വാങ്ങുന്ന നമ്പൂതിരിയെപ്പറ്റി അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. നമ്പൂതിരി ചരമ കോളം മാത്രമേ വായിക്കൂ. കാരണം ചോദിച്ചപ്പോള്‍ എത്ര ക്രിസ്ത്യാനി ചത്തൊടുങ്ങി എന്നറിയാനാണെന്നായിരുന്നു വിശദീകരണം.

താനും ചരമ വാര്‍ത്തകള്‍ വായിക്കുന്നയാളാണെന്ന് ഡോ. ബാബു പോള്‍ പറഞ്ഞു. അതിന് ഒരുദ്ദേശമുണ്ട്. 11 വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത തന്റെ പ്രായത്തില്‍ കൂടുതലുള്ള എത്രപേര്‍ മരിച്ചു, പ്രായത്തില്‍ കുറവുള്ള എത്ര പേര്‍ മരിച്ചു എന്നറിയാനാണ്. തനിക്കെത്രകാലംകൂടിയുണ്ടെന്ന് ഏകദേശം കണക്കുകൂട്ടാനാണത്.

---------------

അയല്‍ക്കാരന്റെ ഭാര്യയെ സ്നേഹിക്കാനാണ് ചിലര്‍ക്ക് താത്പര്യം. താന്‍ പുതിയൊരു സ്ഥലത്ത് സ്ഥലംമാറിച്ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു: അടുത്ത വീട്ടിലെ കമലയ്ക്ക് ഭര്‍ത്താവ് ജോലിക്കു പോകുംമുമ്പ് ഉമ്മ കൊടുക്കും. നിങ്ങളെക്കൊണ്ട് എന്തിനു കൊള്ളും.' ഞാന്‍ പറഞ്ഞു: `അവരെ എനിക്ക് അങ്ങനെ ഒരു പരിചവുമില്ലല്ലോ' എന്ന്. 
------------------
അസ്ഥാനത്തുപയോഗിക്കുന്ന ഉപമയെപ്പറ്റി ഡോ. ബാബു പോള്‍ പറഞ്ഞു: കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: `താന്‍ ഏറ്റവും സന്തോഷം അനുഭവിച്ചത് മറ്റൊരാളുടെ ഭാര്യയുടെ കരവലയത്തിലാണെന്ന്.' അതായത് സ്വന്തം അമ്മയുടെ കരവലയത്തില്‍. പക്ഷ, കേരളത്തിലെ ബിഷപ്പ് അവസാനഭാഗം പറയാന്‍ മറന്നു.

ഇടുക്കി കളക്ടറായിരിക്കെ ഒരു കന്യാസ്ത്രീമഠത്തിന് മൂത്രപ്പുരയുണ്ടാക്കാന്‍ ഫണ്ട് അനുവദിച്ചു. ഒത്തിരിക്കാലം കഴിഞ്ഞ് അവിടെത്തെ കന്യാസ്ത്രീയെ കണ്ടപ്പോള്‍ ഓര്‍മ്മയുണ്ടോ എന്നു താന്‍ ചോദിച്ചു. `പിന്നെ എപ്പോള്‍ മൂത്രമൊഴിക്കാന്‍ പോയാലും സാറിന്റെ കാര്യമോര്‍ക്കും' എന്നായിരുന്നു മറുപടി. 
-----
തനിക്ക് 'തണ്ടാണ്' എന്ന് പൊതുവെ ഒരു സംസാരമുണ്ടെന്നും, ഒരു പരിധി വരെ ആ മുഖംമൂടി ഒരു കവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറെക്കൂടി ഗൗരവം തോന്നാനായിട്ടാണ് വീരപ്പന്റേതുപോലെയുള്ള കട്ടിമീശ വച്ചത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തപ്പോള്‍ സദസ്സില്‍ ചിരികളുണര്‍ന്നു.

തുടര്‍ന്ന് ഏണിപ്പടികള്‍, ചുവപ്പുനാട, യന്ത്രം എന്നീ കൃതികളുടെ ഒരു അവലോകനം അദ്ദേഹം നടത്തി. താന്‍ എഴുതിയ ഗിരിപര്‍വ്വം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി എന്ന് ഡോ. ബാബു പോള്‍ പറഞ്ഞു. ഡി.സി ബുക്ക്്സ് പ്രസിദ്ധീകരിച്ച 'കഥ ഇതുവരെ' എന്ന പുസ്തകവും ഒരു സര്‍വീസ് സ്റ്റോറിയാണ്. ഒരു ദീര്‍ഘകാലയളവിലെ ഗവണ്മെന്റ് സര്‍വീസ് ജീവിതത്തിന്റെ വിവിധഅനുഭവങ്ങള്‍ സുതാര്യമായി വിവരിക്കുന്ന ഈ കൃതി നാലാം പതിപ്പിലെത്തി എന്നത്, ഈ വിഷയത്തില്‍ വായനക്കാര്‍ക്കുള്ള താല്‍പര്യമാണ് തെളിയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏണിപ്പടികളിലെ കേശവപിള്ളയില്‍നിന്നും, യന്ത്രത്തിലെ ബാലചന്ദ്രനിലെത്തിയപ്പോള്‍ നിരവധി മാറ്റങ്ങള്‍ ഗവണ്മെന്റിലുണ്ടായിട്ടുണ്ട്. അതിനുശേഷം ഈ വിഷയം പ്രതിപാദിക്കുന്ന ഒരു നോവല്‍ മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല എന്നത് ഒരു ന്യൂനതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡോ. ബാബു പോള്‍ ഓര്‍മ്മകളില്‍: പത്രപ്രവര്‍ത്തനം, ചിരി, വിവേകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക