Image

ഞാന്‍ ഒരു ഹിന്ദു-ഫോമായുടെ കപ്പല്‍ കണ്‍വന്‍ഷനില്‍ ഡോ ബാബു പോള്‍ പറഞ്ഞത്

Published on 12 April, 2019
ഞാന്‍ ഒരു ഹിന്ദു-ഫോമായുടെ കപ്പല്‍ കണ്‍വന്‍ഷനില്‍ ഡോ ബാബു പോള്‍  പറഞ്ഞത്
2012

കാര്‍ണിവല്‍ ഗ്ലോറി: താനൊരു ഹിന്ദുവാണ്. ഭാരതത്തില്‍ ജനിച്ച ഏതൊരാളും ഹിന്ദുവാണ്- ഫോമയുടെ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ശ്രദ്ധേയമായ അപഗ്രഥനം നടത്തിയ ഡോ. ബാബു പോള്‍ പറഞ്ഞു. ഹിന്ദുമതം സാധാരണ രീതിയിലുള്ള ഒരു മതമല്ല. ഒട്ടേറെ ആശയങ്ങളുടെ സമാഹാരമാണത്- അദ്ദേഹം പറഞ്ഞു.


ആദിമ മനുഷ്യന്‍ ജീവിതമാകുന്ന പ്രഹേളികയ്ക്ക് അര്‍ത്ഥം തേടി. ഇടിയേയും മിന്നലിനേയും പ്രകൃതിയേയുമൊക്കെ അവര്‍ ആരാധിച്ചു. കുറെ കഴിഞ്ഞ് മൃഗങ്ങളുടെ രൂപത്തില്‍ മനുഷ്യനോട് സംവദിക്കുന്ന ദൈവത്തെ അവര്‍ സങ്കല്‍പ്പിച്ചു. എല്ലാ കുരങ്ങും ഹനുമാനല്ല. ദൈവാന്വേഷണത്തിലെ ചില കാലഘട്ടത്തിലെ സങ്കല്‍പ്പങ്ങളാണവ.

ഗണപതിയുടെ ഗുണഗണങ്ങള്‍ നോക്കുക. യഥാര്‍ത്ഥ കാട്ടുരാജാവ് ആന തന്നെയാണ്. ആന തുമ്പിക്കൈ ആട്ടി നോക്കിയാണ് തന്റെ ശരീരം ഏതെങ്കിലും സ്ഥലത്തുകൂടി കടന്നുപോകുമോ എന്ന് അറിയുന്നത്. പ്രതിബന്ധങ്ങളെ തട്ടിമാറ്റി പോകുന്ന ജീവിയാണ് ആന. കുതിര പിന്‍കാലുകൊണ്ട് തൊഴിക്കും. പക്ഷെ പുറകെ വരുന്നയാളെ ആന ഒരിക്കലും തൊഴിക്കില്ല.

ചുരുക്കത്തില്‍ പുറകെ വരുന്നയാള്‍ക്കുവേണ്ടി വഴികള്‍ സുഗമമാക്കുന്ന ജീവിയാണ് ആന. പ്രതിബന്ധങ്ങളെ തട്ടിമാറ്റും. ചുരുക്കത്തില്‍ ആശ്രയിക്കാന്‍ കൊള്ളാവുന്ന ദൈവത്തിന്റെ പ്രതിരൂപമാണ് ഗണപതി.

അരൂപിയും അമൂര്‍ത്തവുമായ ദൈവത്തെ മനസിലാക്കാന്‍ നമുക്കാവില്ല. അതിനാല്‍ നമ്മുടെ മനസിലുള്ള ഒരമാനുഷനെയാണ് നാം ദൈവമായി സങ്കല്‍പിക്കുന്നത്. മനുഷ്യന്റെ രൂപത്തില്‍ തന്നെ ദൈവത്തെ കാണുന്ന ചിന്താഗതിയാണ് ആന്ത്രപ്പോ മോര്‍ഫിസം.

ബൈബിളിലെ ആദ്യ ആധ്യായത്തില്‍ തന്നെ ചില പ്രശ്നങ്ങളുണ്ട്. മനുഷ്യന്‍ സ്വന്തം ഛായയില്‍ തന്നെ ദൈവത്തെ കണ്ടു എന്നതിനു പകരം ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നെഴുതി.

ഗ്രീക്ക് പുരാണത്തില്‍ ഹിന്ദുമതത്തിലെ എല്ലാ ദൈവങ്ങളും ഉണ്ട്. പേരുമാറിയാണെന്നു മാത്രം.

ഒരു അവതാര പുരുഷനും മതം സ്ഥാപിച്ചിട്ടില്ല. അനുയായികളാണ് മതം സ്ഥാപിച്ചത്. ബുദ്ധന്‍ ദൈവം ഇല്ല എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. പക്ഷെ ജപ്പാനില്‍ ചെന്നപ്പോള്‍ 18 തരം ബുദ്ധവിശ്വാസികളെയാണ് കണ്ടത്.

യേശുക്രിസ്തു യഹൂദനായി ജീവിച്ച് മരിച്ചയാളാണ്. യേശുവിന്റെ അനുയായികളെ മറ്റുള്ളവര്‍ പരിഹസിച്ചുവിളിച്ച പേരാണ് ക്രിസ്ത്യാനി. പിന്നീട് ചക്രവര്‍ത്തി ക്രിസ്ത്യാനിയായപ്പോള്‍ അത് അംഗീകാരം നേടി.

നമ്മുടെ ജീവിതാനുഭവങ്ങള്‍ വ്യാഖ്യാനിക്കാനുള്ള ഉപാധിയാണ് മതം. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്നതാണ് സത്യം. അത് ദുരുപയോഗം ചെയ്തപ്പോഴാണ് സ്പര്‍ദ്ധയും പ്രശ്നങ്ങളുമുണ്ടായത്. പണ്ട് വൈഷ്ണവരും ശൈവരും തമ്മില്‍ വഴക്കായിരുന്നു. ഹിന്ദുമതം ഒരൊറ്റ മതമല്ല. ആദി ശങ്കരാചാര്യരാണ് ഹിന്ദുമതത്തിന് രൂപഭാവം നല്‍കിയത്. ശങ്കരാചാര്യര്‍ അദ്വൈതം പഠിപ്പിച്ചപ്പോള്‍ മധ്യാചാര്യര്‍ ദ്വൈതം പഠിപ്പിച്ചു. പിന്നെ വിശിഷ്ടാദ്വൈതം വന്നു.

പ്രത്യേക ഘടനയും ഹയരാര്‍ക്കിയും ഇല്ലാത്തതുകൊണ്ട് ഹിന്ദുമതം ആശയങ്ങളുടെ ഒരു സമുച്ചയമായി.

ഭരണാധികാരികള്‍ മതത്തെ ഉപയോഗിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് ചരിത്രം പഠിപ്പിക്കുന്നു. കുരിശുയുദ്ധത്തിന് ക്രിസ്തുവുമായി ബന്ധമൊന്നുമില്ല. അന്ന് മാര്‍പാപ്പ രാജാവിയിരുന്നു. കുരിശു യുദ്ധവുമായി വന്നവര്‍ ഓര്‍ത്തഡോക്സ്‌കാരനായ തന്നെപ്പോലെയുള്ള ഗ്രിക്ക് ഓര്‍ത്തഡോക്സുകാരെ കൂട്ടക്കൊല ചെയ്തു.

ദൈവത്തേയും അയല്‍ക്കാരേയും സ്നേഹിക്കണമെന്നാണ് ക്രിസ്തു പഠിപ്പിച്ചതിന്റെ സാരാംശം. അയല്‍ക്കാരന്റെ ഭാര്യയെ സ്നേഹിക്കാനാണ് ചിലര്‍ക്ക് താത്പര്യം. താന്‍ പുതിയൊരു സ്ഥലത്ത് സ്ഥലംമാറിച്ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു: അടുത്ത വീട്ടിലെ കമലയ്ക്ക് ഭര്‍ത്താവ് ജോലിക്കു പോകുംമുമ്പ് ഉമ്മ കൊടുക്കും. നിങ്ങളെക്കൊണ്ട് എന്തിനു കൊള്ളും.' ഞാന്‍ പറഞ്ഞു: `അവരെ എനിക്ക് അങ്ങനെ ഒരു പരിചവുമില്ലല്ലോ' എന്ന്.

യഹൂദര്‍ അഞ്ചയല്‍പക്കത്ത് പോലും അടുപ്പിക്കാത്ത ശമരിയാക്കാരനെ നല്ല അയല്‍ക്കാരനായി ബൈബിളില്‍ ചിത്രീകരിക്കപ്പെട്ടത്. സര്‍വ ലോകത്തിനും സന്തോഷം എന്നാണ് മാലാഖമാര്‍ യേശുവിന്റെ ജനനം അറിയിച്ചു പറയുന്നത്. വിശ്വാസിക്കു മാത്രം സന്തോഷം എന്നു പറഞ്ഞില്ല. ആ സാര്‍വത്രികതയാണ് ക്രിസ്തുമതം.

ഇന്ന് ക്രിസ്തുമതത്തില്‍ മൂന്നു ചിന്താധാരകളുണ്ട്. മാമ്മോദീസ മുങ്ങിയാലേ സ്വര്‍ഗത്തില്‍ പോകൂ എന്നു വിശ്വസിക്കുന്ന എക്സ്‌ക്ലൂസീവിസ്റ്റുകള്‍. അതില്‍ തന്നെ ചിലര്‍ രണ്ടു തവണ മാമ്മോദീസ മുങ്ങണമെന്നു പറയുന്നു. ഒരിക്കല്‍ ഒരുപദേശി മാമ്മോദീസ മുക്കുമ്പോള്‍ അതുവഴി വന്ന ഒരാളേയും പിടിച്ചുമുക്കി. എന്നിട്ട് ചോദിച്ചു: `കര്‍ത്താവായ യേശുവിനെ കണ്ടോ' എന്ന്. രണ്ടു തവണ മുക്കിയിട്ടും അയാള്‍ മറുപടി പറഞ്ഞില്ല. മൂന്നാമത് കുറച്ചുനേരം മുക്കിപ്പിടിച്ചശേഷം ശ്വാസം കിട്ടാതെ വലഞ്ഞ അയാളോട് വീണ്ടും അതേ ചോദ്യം ചോദിച്ചു. `നിങ്ങള്‍ പറയുന്ന ആള്‍ ഇവിടെ തന്നെയാണോ മുങ്ങിമരിച്ചത്?' എന്നയാള്‍ തിരിച്ചു ചോദിച്ചു.

തന്റെ വൈദീകനായ പിതാവ് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസിലൊക്കെ പോയി പഠിച്ചതാണ്. ഓരോ സഭയില്‍പ്പെട്ടവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകൂ എന്നു വന്നാല്‍ സ്വര്‍ഗത്തില്‍ ധാരാളം മിച്ചഭൂമി കാണുമല്ലോ എന്നദ്ദേഹം പറയുമായിരുന്നു. ദുഖത്തില്‍ മുഴുകിയിരുക്കുന്നയാള്‍ `എന്റെ ഗിരുവായൂരപ്പാ..' എന്നു വിളിക്കുമ്പോള്‍ എന്നെ ക്രിസ്തുവെന്നോ അല്ലാഹുവെന്നോ വിളിക്കണമെന്നു പറയുന്ന ദൈവം ദൈവമാണോ എന്നദ്ദേഹം ചോദിക്കുമായിരുന്നു.

ക്രൈസ്തവരിലെ രണ്ടാമത്തെ ചിന്താധാര എല്ലാവരും വിശ്വസിക്കുന്നത് ഒരേ ദൈവത്തിലാണെന്നതാണ്- ഇന്‍ക്ലൂവിസം. മൂന്നാമത്തെ വിഭാഗക്കാരാണ് പ്ലുറലിസ്റ്റ്സ്. എം.എം. തോമസും മറ്റുമാണ് അതിന്റെ വക്താക്കള്‍. താനും ആ വിഭാഗത്തില്‍പ്പെടും. ദൈവത്തെ പല രീതിയില്‍ കാണുന്നു എന്ന ചിന്താഗതി. മനസിലായിട്ടും മറുതലിച്ച് നില്‍ക്കുന്നവര്‍ക്കു മാത്രമേ കുഴപ്പമുള്ളൂ.

ഇസ്ലാമില്‍ സഹിഷ്ണുത ഇല്ലെന്നു പറയുന്നത് ശരിയല്ല. ഖുര്‍ ആനിലൊ ഹദീസിലൊ ഒരു വാക്യമുണ്ട്. ലോകത്തില്‍ ഒരു മതം മതിയെങ്കില്‍ ബാക്കിയുള്ളതിനെ നശിപ്പിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്നാണത്. പ്രവാചക നിന്ദ എന്നു പറഞ്ഞ് ചിലര്‍ ബഹളം കൂട്ടാറുണ്ട്. പ്രവാചകനെ രക്ഷിക്കാന്‍ അവരുടെ സഹായം വേണോ? ഇതൊക്കെ പറഞ്ഞ പാളയത്തെ ഇമാമിനെ മാറ്റിയതും തനിക്കറിയാം. മറ്റു മതങ്ങളെ വെറുക്കാന്‍ ഒരു മതവും പറയുന്നില്ല.

വല്ലാര്‍പാടത്തെ പള്ളിയില്‍ മീനാക്ഷിയമ്മയുടേയും കുഞ്ഞിന്റേയും ചിത്രം കാണാം. അവിടുത്തെ കാന്റീനിന്റെ പേരും മീനാക്ഷി എന്നാണ്. നായര്‍ തറവാട്ടിലെ കാരണവര്‍ സ്ഥാനമേറ്റാല്‍ ആദ്യ പെരുന്നാള്‍ നടത്തുന്നത് അദ്ദേഹമാണ്.

നാം സഞ്ചരിക്കുന്ന കപ്പലിനു പുറത്ത് സമുദ്രത്തിലെ വെള്ളം പല നദികളില്‍ നിന്നു വന്നുചേര്‍ന്നതാണ്. അതിലെ ജലകണങ്ങള്‍ പറയാറില്ല ഞാന്‍ മറ്റുള്ളതിനേക്കാള്‍ മെച്ചമാണെന്ന്. മതം എന്നു പറയുമ്പോള്‍ അഭിപ്രായം എന്നാണര്‍ത്ഥം. എനിക്ക് എന്റെ അഭിപ്രായം, നിങ്ങള്‍ക്ക് നിങ്ങളുടേതും. ഒരുകാലത്ത് ഒരേ കുടുംബത്തില്‍ തന്നെ ക്രിസ്ത്യാനിയും ഹിന്ദുവും ഉണ്ടായിരുന്നു. പാലൊളി മുഹമ്മദ് കുട്ടിയുടെ പൂര്‍വ്വ കുടുംബം പൊന്നാനിയിലെ നായര്‍ തറവാടാണ്- അദ്ദേഹം പറഞ്ഞു.

Join WhatsApp News
Ponmelil Abraham 2019-04-13 07:44:48
A very intellectual and interesting message.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക