Image

എടത്വ പള്ളി തിരുനാള്‍ 27ന് കൊടിയേറും

Published on 22 April, 2012
എടത്വ പള്ളി തിരുനാള്‍ 27ന് കൊടിയേറും
ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പുരാതന തീര്‍ഥാടനകേന്ദ്രമായ എടത്വ ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാളിന് 27-നു കൊടിയേറും. പുലര്‍ച്ചെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളെത്തുടര്‍ന്ന് 7.15-ന് വികാരി ഫാ. കുര്യന്‍ പുത്തന്‍പുര കൊടിയേറ്റും. പള്ളിയുടെ പ്രധാന അള്‍ത്താരയുടെ വലതുഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന തിരുസ്വരൂപം വിശ്വാസികളുടെ തിരക്കു വര്‍ധിക്കുന്നതോടെ മേയ് മൂന്നിന് ദേവാലയകവാടത്തിലെ താത്കാലിക പീഠത്തില്‍ പ്രതിഷ്ഠിക്കും. 

അഞ്ച്, ആറ് തീയതികളില്‍ കരിമരുന്നു പ്രയോഗം നടക്കും. ആറിന് വൈകുന്നേരം 5.30-നാണ് വിശുദ്ധന്റെ ചെറിയ രൂപം വഹിച്ചുള്ള പ്രദക്ഷിണം. പ്രധാന തിരുനാള്‍ദിനമായ മേയ് ഏഴിന് തമിഴ്‌നാട്ടില്‍നിന്നുള്ള വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ തിരുസ്വരൂപവും ചെറിയ രൂപങ്ങളും കുരിശും വഹിക്കുന്നത്. 

നാട്ടുകാരുടെ പെരുനാള്‍ എന്നറിയപ്പെടുന്ന എട്ടാമിടം മേയ് 14-നാണ്. ചെറിയ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം പള്ളിപ്പാലവും കടന്നു കുരിശടി വരെ നീളും. പ്രദക്ഷിണം പള്ളിയിലെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒമ്പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും. 

തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ ്ഈ വര്‍ഷം ഒരുക്കിയിട്ടുള്ളത്. സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍, എല്‍പി സ്‌കൂള്‍, സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്, എല്‍പി ഗേള്‍സ് സ്‌കൂള്‍, ജോര്‍ജിയന്‍ ജൂണിയര്‍ കോളജ് എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കായി താമസസൗകര്യമൊരുക്കിയിട്ടുണ്ട്. എടത്വ സെന്റ് അലോഷ്യസ് കോളജ് ഗ്രൗണ്ട് കേന്ദ്രമാക്കി കെഎസ്ആര്‍ടിസിയുടെ സ്‌പെഷല്‍ സര്‍വീസുകള്‍ മേയ് മൂന്നു മുതല്‍ ആരംഭിക്കും.

ജലഗതാഗതവകുപ്പ് എടത്വ - ചമ്പക്കുളം റൂട്ടില്‍ തിരുനാള്‍ പ്രമാണിച്ച് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തും. തീര്‍ഥാടകരുടെയും കച്ചവടക്കാരുടെയും സൗകര്യാര്‍ഥം പള്ളിമൈതാനിയില്‍ 40000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍ ഇത്തവണ സജ്ജമാക്കുന്നുണ്ട്. ശുദ്ധജലവിതരണത്തിനായി റോട്ടറി കമ്മ്യൂണിറ്റിയുടെ സഹായത്തോടെ റിവേഴ്‌സ് ഓസ്‌മോസിസ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിനായി 250 സിവില്‍ പോലീസ് ഓഫീസര്‍മാരും കമ്യൂ ണിറ്റി പോലീസുമുണ്ടാകും. വൈദ്യസഹായത്തിനുള്ള സംവിധാനങ്ങളും തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണെ്ടന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഫാ. കുര്യന്‍ പുത്തന്‍പുര, ജനറല്‍ കണ്‍വീനര്‍ ജെ.ടി. റാംസെ, കൈക്കാരന്‍ സാജു കൊച്ചുപുരയ്ക്കല്‍, പിആര്‍ഒ ജോസുകുട്ടി സെബാസ്റ്റ്യന്‍, പ്രഫ. ജോര്‍ജ് സി. കാട്ടാമ്പള്ളി, ബിനോയ് ഉലക്കപ്പാടില്‍, സന്തോഷ് കളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക