Image

ഇസ്രായേലില്‍ നിന്ന് സ്‌പെെക് മിസെെലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ,​ പ്രതിരോധ മന്ത്രാലയത്തിന് അതൃപ്‌തി

Published on 13 April, 2019
ഇസ്രായേലില്‍ നിന്ന് സ്‌പെെക് മിസെെലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ,​ പ്രതിരോധ മന്ത്രാലയത്തിന് അതൃപ്‌തി

ന്യൂഡല്‍ഹി: ഇസ്രായേലുമായി ധാരണയിലെത്തിയിരുന്ന സ്‌പൈ‌ക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്ബനിയായ റാഫേലില്‍ നിന്ന് 240 സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും (എ.ടി.ജി.എം) 12 ലോഞ്ചേഴ്സുമാണു സേന വാങ്ങുന്നതെന്നു 'ദ് വീക്ക്' റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടതാണ് സ്പൈക് മിസൈലുകള്‍. ഇതേ മിസൈല്‍ സേന വാങ്ങാന്‍ താല്‍പര്യപ്പെടുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍‌ അതൃപ്തി പ്രകടിപ്പിച്ചു.

എണ്ണായിരത്തിലേറെ സ്പൈ‌‌ക് മിസൈലുകള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍,​ ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മിസൈലിനു സാധിക്കാത്തതിനാല്‍ എണ്ണം കുറയ്ക്കുകയായിരുന്നു.രണ്ടു വര്‍ഷത്തെ നിരന്തര ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം, കഴിഞ്ഞ ജനുവരിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ഇന്ത്യയില്‍ എത്തുന്നതിനു ഒരാഴ്ച മുമ്ബ് പ്രതിരോധ മന്ത്രാലയം ഇടപാട് റദ്ദാക്കി. കൈവശമുള്ള ആയുധങ്ങളില്‍ 60 ശതമാനം കുറവുണ്ടെന്നതു പരിഹരിക്കാനായി നാലാം തലമുറ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ ഉള്‍പ്പെടെ വാങ്ങാന്‍ 2006ല്‍ ആണ് സേന ആലോചന തുടങ്ങിയത്.

പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ച കരാറിനെ മറികടന്ന് 'അടിയന്തര കരസ്ഥമാക്കല്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സേന ഇപ്പോള്‍ സ്പൈക് മിസൈല്‍ വാങ്ങാനൊരുങ്ങുന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ മൂന്ന് സൈനിക ഉപമേധാവികള്‍ക്ക് 500 കോടി രൂപ വരെ ഉപയോഗിക്കാനുള്ള സാമ്ബത്തിക അധികാരം 2018 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇടപാടുകള്‍ക്കു അനുമതി നല്‍കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത സമിതിയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുവാദം ഇത്തരം വാങ്ങലുകള്‍ക്ക് ആവശ്യമില്ല. സേനാ ഇടപാടിനെക്കുറിച്ചു പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു.

സൈനികര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന 'ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്' ഇനത്തില്‍പ്പെട്ട മിസൈലാണ് സ്പൈക്ക്. ടാങ്ക് ഉള്‍പ്പെടെ ചലിക്കുന്ന വസ്തുക്കളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയും. ഇന്ത്യയിലെ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസുമായി സഹകരിച്ച്‌ റാഫേല്‍ ഹൈദരാബാദില്‍ സ്പൈക്ക് മിസൈല്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറിയും മറ്റും സജ്ജീകരിച്ചിരുന്നു. റാഫേല്‍ കൈമാറുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മിസൈല്‍ ഇവിടെ നിര്‍മ്മിക്കാനായിരുന്നു ധാരണ. അമേരിക്കയുടെ ജാവലിന്‍ മിസൈലുകളെ മറികടന്നാണ് 2014ല്‍ ഇന്ത്യ സ്പൈക്ക് മിസൈലുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നിലവില്‍ 26 രാജ്യങ്ങളാണ് സ്പൈക്ക് മിസൈലുകള്‍ ഉപയോഗിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക