Image

വിഷുക്കൈനീട്ടം (ചെറുകഥ: വി. കെ റീന)

Published on 13 April, 2019
വിഷുക്കൈനീട്ടം (ചെറുകഥ:  വി. കെ റീന)
മേടത്തില്‍ പൂക്കേണ്ട കണിക്കൊന്ന മീനത്തിന്റെ തുടക്കത്തിലേ സ്വര്‍ണ്ണപ്പൂക്കള്‍ ചൂടുകയും  മുറ്റത്തു മഞ്ഞ പരവതാനി വിരിക്കുകയും ചെയ്തിരിക്കുന്നു. അത് കണ്ടപ്പോള്‍ അവള്‍ക്ക് തോന്നി കാലം തെറ്റി പൂക്കുന്ന മരങ്ങള്‍ പോലെയാണ് ചിലപ്പോള്‍ തന്റെ  മനസ്സെന്നു. അസ്ഥാനത്ത് ഓരോ സ്വപ്നങ്ങള്‍ വിരിയുന്നു..

സ്വപ്നങ്ങള്‍ ഒരാളുടെ മനസ്സ് ഊര്‍ജ്ജസ്വലമാക്കും  എന്നവള്‍ക്ക് തോന്നി. നൊമ്പരങ്ങളും മോഹഭംഗങ്ങളും കഴുകിയെടുത്തു, അവിടെ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പാകാന്‍ അവ സഹായിക്കുന്നു.

ഹോസിയറി സ്ഥാപനത്തില്‍  തിരക്കിട്ട് പാക്കിങ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അടുത്തുള്ള ലത അത് കണ്ടുപിടിച്ചു. " ദയയുടെ മുഖത്ത് നല്ല പ്രസാദം ! ഇങ്ങനെയായിരുന്നില്ലല്ലോ എന്താ പുതിയ വിശേഷം? "
"ഏയ്  ഒന്നുമില്ല വിഷുവിനു അഡ്വാന്‍സ് കിട്ടുവല്ലോ. മക്കള്‍ക്ക് കുപ്പായം മേടിച്ചു കൊടുക്കണം " അവള്‍ ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞു. എന്നാല്‍ ലതഅത് വിശ്വസിച്ചില്ലെന്ന് കള്ളച്ചിരി ചിരിച്ചു.
 
മൂന്നാലു വര്‍ഷമായി ദയയെ കാണുന്നു. വിഷുവും ഓണവും ക്രിസ്മസ്സും പെരുന്നാളും ഒക്കെ മാറിമാറി വരുന്നു. പല തവണ തുച്ഛമായ ബോണസും അഡ്വാന്‍സും അവര്‍ കൈപറ്റിയിരിക്കുന്നു. അപ്പോഴൊക്കെ ആവലാതികള്‍ നിരത്തലായിരുന്നു.

വേണ്ടപ്പെട്ട ബന്ധുക്കള്‍ ഇല്ലാത്ത സ്ത്രീ, അച്ഛനില്ലാത്ത കുട്ടികളെ പോറ്റി വളര്‍ത്തേണ്ടുന്ന പ്രാരബ്ദം.. വാടകക്കാരന്റെ പണത്തിനോടുള്ള ആര്‍ത്തി.

ഇന്നിപ്പോള്‍ അതൊന്നും അവളെ ബാധിക്കുന്നില്ലെന്ന് തോന്നുന്നു.  വെളുത്തു നേര്‍ത്ത കൈകള്‍കൊണ്ട്, ചുരുണ്ടിടതൂര്‍ന്ന മുടി അലക്ഷ്യമായി മാടിയൊതുക്കി അവള്‍ കമ്പനിയുടെ പടികള്‍ ഇറങ്ങുന്നു. കണ്ണില്‍ പൂത്തിരി കത്തുന്നു.

ദയ ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും ലത അത് കണ്ടുപിടിച്ചു.  പ്രണയത്തിനു വല്ലാത്ത ഒരു ഗന്ധമാണ് അത് പെട്ടെന്ന് പരിസരങ്ങളില്‍ വ്യാപിക്കും. നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ ഉള്ളു തുറന്നു. "ആരാണ് എന്നൊന്നും അറിയില്ല. കമ്പനി വിട്ടു പോകുമ്പോള്‍ എന്നും കാണും. ചിരിക്കും അത്രന്നെ.
അത് മാത്രമല്ല അവര്‍ സംസാരിക്കുകയും ഒരുമിച്ചു കോഫി കുടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ലത മനസ്സിലാക്കിയെടുത്തു. ചെറുപ്പമാണ്.ചീറിയലക്കുന്ന കൊടുംകാറ്റില്‍ അല്പം സാന്ത്വനം സ്‌നേഹം, കരുതല്‍ ഒക്കെ അവളും ആഗ്രഹിക്കുന്നുണ്ടാവാം. അതൊരു തെറ്റായി ലതക്കും തോന്നിയില്ല. നീര്‍കുമിളകള്‍ പോലുള്ള മനുഷ്യജീവിതം. എപ്പോള്‍ പൊട്ടിപോകുമെന്ന് പറയാനാവില്ല. അവളും ജീവിക്കട്ടെ എന്ന തോന്നലിനിടയിലും അടുത്ത  സുഹൃത്ത് കൂടിയായ
 ദീപനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല  മരിക്കുന്നതിന്റെ തലേന്ന് വരെ ദയയെയും മക്കളെയും കൂട്ടി ഔട്ടിങ്ങിന് പോയിരുന്നു. തിരകളും ചുഴികളുമില്ലാതെ ഒഴുകികൊണ്ടിരുന്ന ശാന്തമായ ഒരു പുഴപോലെയായിരുന്നു അവരുടെ ദാമ്പത്യം...
ആറുവയസുകാരി മകളേയും  മൂന്നര വയസുകാരന്‍ മകനെയും വിദ്യാഭ്യാസമോ ജോലിയോ കാര്യപ്പെട്ട കുടുംബമോ ഇല്ലാത്ത അവളെ ഏല്‍പ്പിച്ചു ഒരു ബൈക്ക് യാത്രയില്‍ അവന്‍ ചുവന്നു മാഞ്ഞുപോയി... മാസങ്ങള്‍ വേണ്ടി വന്നിരുന്നു ദയക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍.
കുടുംബനാഥന്‍ മരിച്ചാല്‍ അന്നും കുറച്ചു ദിവസങ്ങളും സഹതാപവും സഹായഹസ്തങ്ങളുമായി ബന്ധുക്കളും
സുഹൃത്തുക്കളും കൂടെ കാണും..
. പിന്നെ വല്ലപ്പോഴും സഹതാപം പ്രകടിപ്പിക്കുകയല്ലാതെ ഒരു കുടുംബം ഇങ്ങിനെ കഴിയുന്നു എന്നറിയാനുള്ള ബാധ്യത ഒന്നും ആര്‍ക്കുമില്ല.
അനേകദിവസത്തെ പട്ടിണിക്കും കുട്ടികളുടെ കൂട്ട നിലവിളിക്കും ശേഷമാണു ചെറിയ വരുമാനത്തിലൊരു ജോലി തരപ്പെടുത്താന്‍ അവള്‍ക്ക് കഴിഞ്ഞത്..
ജീവിതത്തില്‍ അശനിപാതങ്ങള്‍ പോലെ അപകടങ്ങള്‍ വന്നു പതിക്കുന്നത് എത്ര പെട്ടെന്നാണ്.
 നാല്  വര്ഷങ്ങള്ക്കപ്പുറമുള്ള ഒരു വിഷുവായിരുന്നു ദയ അതി മനോഹരമായി ആഘോഷിച്ചത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്,, പൊന്നും കണ്ണാടിയും നവധാന്യങ്ങളും, നെയ്യപ്പവും കണ്ണിമാങ്ങയും കണിവെള്ളരിയും കണിക്കൊന്നയും മറ്റും വെച്ച്, ശ്രീകൃഷ്ണ വിഗ്രഹത്തിനരികില്‍ കിഴക്കോട്ടു തിരിയിട്ട നിലവിളക്ക് കത്തിച്ചു അവള്‍ ദീപനെയും മക്കളെയും ഒന്നിച്ചു വിഷുക്കണി അവസാനമായി കാണിച്ചത് അന്നായിരുന്നു.
പിന്നെയുണ്ടായ  വിഷുക്കണിയും വിഷുസദ്യയും അവള്‍ക്ക് സമ്മാനിച്ചത് നിസ്സംഗത മാത്രമായിരുന്നു.
 
ഇത്തവണ ദൂരെയെങ്ങോ ഒരു വിഷുപ്പക്ഷി രാഗാര്‍ദ്രമായി ചിലക്കുന്നുണ്ട് എന്നവള്‍ക്ക് തോന്നിയിരിക്കുന്നു.നിറഞ്ഞു കത്തുന്ന വിളക്ക് പോലെ പ്രകാശമാനമാകുന്ന മനസ്സ്..
വൈകുന്നേരം തിരക്കിട്ട് കമ്പനിയില്‍ നിന്നിറങ്ങി അവള്‍ ചുറ്റും കണ്ണോടിച്ചു. സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഒരു വിധവ ആഗ്രഹിച്ചുകൂടാത്തതാണ്. പ്രണയം എല്ലാവരോടും തോന്നുന്ന വികാരമല്ല കഴിഞ്ഞ മൂന്നാല് വര്ഷങ്ങളായി നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രലോഭനങ്ങളില്‍ നിന്നെല്ലാം അതി സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു.. ഇതിപ്പോ അലസഭാവവും തീക്ഷ്ണമായ കണ്ണുകളും ഒരു അര നിമിഷം മാറ്റി നിര്‍ത്താനാവാതെ പിന്തുടരുകയാണ് തന്റെ മനസ്സ്...
 
നിറയെ പൂത്തു നില്‍ക്കുന്ന വഴിയരികിലെ കര്‍ണ്ണികാരചോട്ടില്‍ വെച്ചു അയാള്‍ ചോദിച്ചു. "എനിക്ക് നിന്റെ മക്കളെ ഒന്ന് കാണണം ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് "വേണ്ടെന്ന് പറഞ്ഞില്ല. ഏതോ ഒരു ശക്തി തന്നെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്നവള്‍ക്കു തോന്നി. അയാള്‍ക്ക് ഇഷ്ടപ്പെട്ട എന്തു ഭക്ഷണം കൊടുക്കണമെന്ന ചിന്തയായിരുന്നു വീട്ടിലെത്തുവോളം.
മുറ്റത്തു കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നു.. പത്തുവയസ്സുകാരി ആര്യനന്ദ പെട്ടെന്ന് അകത്തേക്ക് കയറി. ഏഴു വയസ്സുകാരന്‍ അധിരഥ് ചിരപരിചിതനെ കണ്ടപോലെ അയാളുടെ മടിയില്‍ കയറി. അവളുടെ ഹൃദയം അതിശക്തമായി തുടിക്കാന്‍ തുടങ്ങി...
അയല്പക്കത്തെ കണ്ണുകള്‍ നീണ്ടു വരുന്നുണ്ടോ എന്നവളുടെ പങ്കിലമായ മനസ്സ് വേവലാതിപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴും പുതിയൊരു വസന്തം എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന് അവള്‍ ആശ്വസിച്ചു.. 

"ആര്യമോള് എന്തെടുക്കയാ? മാമ്മന്റെ അടുത്ത് വരൂ "അയാള്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ദയ അകത്തേക്ക് നോക്കി. തെക്കിനിയിലിരുന്നു ദീപന്റെ പഴയ ഫോട്ടോകള്‍ മറിച്ചു നോക്കുന്ന മകളെ കണ്ടു ഒരു നിമിഷം അവള്‍ നടുങ്ങി. പിന്നെ മുഖത്ത് പുഞ്ചിരി വരുത്തി പതുക്കെ പറഞ്ഞു. "മോളെ അങ്കിള്‍ വിളിക്കുന്നു. ചെല്ല്. "
അവള്‍ അനുസരണയോടെ പുറത്തേക്ക് നടന്നു. ചായ ഉണ്ടാക്കാന്‍ അവള്‍ അടുക്കളയിലേക്കും.

ചായയുമായി പുറത്തേക്ക് വന്നപ്പോള്‍ കണ്ടത് മോളെ അയാള്‍ കൈകളിലും നെഞ്ചിലും ആര്‍ദ്രമായി തലോടിക്കൊണ്ടിരുന്നതാണ്. അയാളുടെ മടിയില്‍ നിന്ന് കുതറി ഓടുന്ന മകളെ കണ്ടപ്പോള്‍ അവള്‍ തരിച്ചു നിന്നു.
ശ്രീകൃഷ്ണന്‍ നിഗ്രഹിച്ച നരകാസുരനെ എന്തുകൊണ്ടോ അവള്‍ക്കന്നേരം ഓര്‍മ്മ വന്നു. ഒരു വസന്തകാലത്തിന്റെ ആരംഭത്തിലുള്ള വിഷു ദിനത്തില്‍ പടക്കളത്തില്‍ എരിഞ്ഞുതീര്‍ന്ന ഒരു അസുരനെ.
അവള്‍ മുഖത്ത് ഭാവഭേദം വരുത്തിയില്ല. അവളുടെ മനസ്സിലെ യുദ്ധം വളരെ പെട്ടെന്ന് അസ്തമിച്ചിരുന്നു.
"പരിചയപെട്ടതിലും വന്നതിലും സന്തോഷം. നേരം വൈകുന്നു. ഇനി സാര്‍ പൊയ്‌ക്കൊള്ളു "അവള്‍ ഉറച്ച ശബ്ദത്തില്‍ തന്റേടത്തോടെ പറഞ്ഞു. അപ്പോള്‍ അവളുടെ മുഖത്ത് ലജ്ജയോ വിവശതയൊ ഉണ്ടായിരുന്നില്ല. പ്രജകളോട് കല്പനകള്‍ പുറപ്പെടുവിക്കുന്ന ഒരു രാജ്ഞിയുടെ ഭാവമായിരുന്നു.
അയാള്‍ കാര്യമറിയാതെ പരുങ്ങി. പിന്നെ പതര്‍ച്ചയോടെ പടിയിറങ്ങിയപ്പോള്‍ അവള്‍ മക്കളെ ചേര്‍ത്തുപിടിച്ചു. ഒരു അപരാധിയെപ്പോലെ എന്തെല്ലാമോ പിറുപിറുത്തു.

രാത്രി ചേര്‍ന്ന് കിടക്കുമ്പോള്‍ കുട്ടികള്‍ ഓര്‍മ്മിപ്പിച്ചു  "നാളെ വിഷുക്കൈനീട്ടം തരാന്‍ മറക്കരുത്. "
എനിക്ക് നിങ്ങള്‍ക്ക് വേണ്ടി തരാന്‍ കഴിയുന്ന ഏറ്റവും വലിയ ഒരു വിഷുക്കൈനീട്ടം തന്നു കഴിഞ്ഞല്ലോ എന്നവള്‍ പറഞ്ഞില്ല. പിന്നെ യാമങ്ങള്‍ അതിവേഗം നിരങ്ങി നീങ്ങി... സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് കടക്കാന്‍ തയ്യാറായപ്പോഴേക്കും അവളുടെ മനസ്സും തികച്ചും ശാന്തമായിരുന്നു...




വിഷുക്കൈനീട്ടം (ചെറുകഥ:  വി. കെ റീന)
Join WhatsApp News
Megha 2019-04-13 23:32:43
Good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക