Image

കുട്ടിക്കാലത്തെവിഷുക്കൈനീട്ടം ഒരിക്കലും മായാത്ത ഓര്‍മ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 13 April, 2019
കുട്ടിക്കാലത്തെവിഷുക്കൈനീട്ടം ഒരിക്കലും മായാത്ത ഓര്‍മ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക്മറക്കാനാവാത്ത ഒന്നാണ്. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഇരട്ടക്കര മുണ്ട്,വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിളഞ്ഞ ഫലവര്‍ഗങ്ങള്‍, കൃഷ്ണ വിഗ്രഹംഎന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് കണികാണാന്‍ വരിക. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ വിഷുക്കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം.വരുന്ന വര്‍ഷത്തിന്റെ ഐശ്വര്യമായാണ് ഇതിനെ കാണുന്നത്.

വിഷു കുട്ടികളുടെ ആഘോഷമാണെന്ന് കൂടിപറയാം. അവര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നത് വിഷുക്കൈനീട്ടത്തിന് വേണ്ടിയാണ്. അപ്പൂപ്പന്‍ അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗം കൈനീട്ടം നല്‍കുന്നു. കുട്ടികള്‍ക്കും തന്നേക്കാള്‍ പ്രായം കുറഞ്ഞ എല്ലാവര്‍ക്കും കൈനീട്ടം ലഭിക്കും. കൈനീട്ടത്തില്‍ നാണയം, കൊന്നപ്പൂവ്, അരി, ഉരുളിയില്‍ വെച്ചിരിക്കുന്ന സ്വര്‍ണ്ണം എന്നിവയുണ്ടാവും. ഇതില്‍ സ്വര്‍ണ്ണവും അരിയും ഉരുളിയിലേക്കു തന്നെ തിരിച്ചിടുന്നു. പൂക്കള്‍ രണ്ടു കണ്ണിനോടും ഭക്ത്യാ ചേര്‍ത്തമര്‍ത്തി നാണയം സൂക്ഷിച്ചു വെയ്കുന്നു. ഇത് കണി കണ്ടവര്‍കെല്ലാം അവകാശപ്പെട്ടതാണ്. കാരണവര്‍ക്കു ശേഷം മറ്റ് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കാറുണ്ട്.

ഒരു വിധത്തില്‍ പറഞ്ഞാല്‍ വിഷു ആഘോഷത്തോടൊപ്പം അല്പം ധന സമ്പാദന മാര്‍ഗം കൂടിയാണ്. കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധുജനങ്ങളുടെ വീട്ടിലേക്കാണ് ട്രഷര്‍ ഹണ്ട്. അവിടെ അവരുടെ വരുമാനമനുസരിച്ച് കൈനീട്ടം കിട്ടിയിരുന്നു. വിഷു വരുന്ന ആഴ്ചയിലെ വിരുന്നുകാരില്‍ നിന്നും ചിലപ്പോള്‍ കൈനീട്ടം പ്രതീക്ഷിക്കാം. കുട്ടികാലത്തു വര്‍ഷത്തില്‍ ഒരിക്കല്‍സമ്പന്നനാവുന്ന ഒരു ദിവസം കൂടിയാണ് വിഷു.

വിഷു ഞങ്ങള്‍ക്ക് ഓണം പോലെ തന്നെ ആയിരുന്നു. ഒരുപക്ഷേ ഓണത്തേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് വിഷുതന്നെ, കാരണം കൈനിറയെ പണം കിട്ടുന്ന ഒരു ദിവസം. ഞങ്ങള്‍ കുട്ടികള്‍ക്ക് അന്ന് മുതിര്‍ന്നവര്‍ എല്ലാം ക്കൈനീട്ടം തരുന്നത് ഒരു പതിവായിരുന്നു. വിഷുവിന് നല്ലക്കൈനീട്ടം ലഭിച്ചാല്‍ ആ വര്‍ഷം നല്ലതായിത്തീരുംഎന്നായിരുന്നു വിശാസം . ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായിഞങ്ങള്‍കണ്ടിരുന്നു.

കാര്‍ഷിക പ്രധാനമാണ് വിഷു. കൃഷിയും ധനവും കൈനീട്ടമേകാന്‍ ഒരു വര്‍ഷത്തെ ഫലം ഇക്കാലം കര്‍ഷകര്‍ സ്വപ്നം കാണുന്നു. ഞാന്‍ ജനിച്ചു വളര്‍ന്നത്ഒരു കാര്‍ഷിക കുടുംബത്തില്‍ ആണ്. അതുകൊണ്ടുതന്നെ വീട്ടിലെ വേലക്കാര്‍ക്കും വയല്‍പ്പണിക്കാര്‍ക്കും കുടിയാന്മാര്‍ക്കും വിഷുക്കൈനീട്ടംനല്‍കുമായിരുന്നു. ജന്മി - കുടിയാന്‍ സമ്പ്രദായം നില നിന്നിരുന്നപ്പോള്‍ പൊന്‍ നാണയം തന്നെയായിരുന്നു കൈനീട്ടം. പിന്നെ കൂലി അല്ലാതെ കിട്ടുന്ന പണം അവരെ സംബന്ധിച്ചു വലിയ സന്തോഷം ആയിരുന്നു.ഇവിടെ പ്രതീകാത്മകമായി ഐശ്വര്യവും സമ്പല്‍സമൃദ്ധിയും സന്തോഷവും എല്ലാവരുമായി പങ്കുവെയ്കുകയാണ്.

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതേ ദിനം പുതുവര്‍ഷമായി കൊണ്ടാടുന്നു. പഞ്ചാബുകാര്‍ക്ക് ബൈശാഖോത്സവമായും ആസ്സാംകാര്‍ക്ക് ഗോരുബിഹുവായും കര്‍ണാടകയിലെ തുളുനാട്ടുകാര്‍ക്കും തമിഴ് നാട്ടുകാര്‍ക്കും പൊങ്കല്‍ആയുംഈ ദിനം അറിയപ്പെടുന്നു. പേരിനെല്ലാം വിഷുവിനോട് വളരെ സാദൃശമുണ്ട്. ആചാരങ്ങളും അനുഷ്ഠാനരീതികളും ചെറുതായി വ്യത്യസ്ഥമാണു താനും .ഈ ആഘോഷങ്ങള്‍ എല്ലാം സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും കഥകളാണ് പറയുന്നത്.

വിഷുക്കാലമായപ്പോഴേക്കും പൂക്കാതിരിക്കാനാവില്ലഎന്ന എന്നമട്ടില്‍കൊന്നകളൊക്കെ ഇതാ സ്വര്‍ണത്തോരണങ്ങള്‍ പോലെതൂക്കിക്കഴിഞ്ഞിരിക്കുന്നു. വിഷുക്കണി കാണാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ സംസ്ഥാന പുഷ്പം കൂടിയാണ് കണിക്കൊന്ന. വിഷുവിന് കണി വയ്ക്കാനുപയോഗിക്കുന്നതു കൊണ്ടാണ് ഇതിന് കണിക്കൊന്ന എന്ന പേരുവന്നത്. കൊന്നപ്പൂവ് വിഷുവിന്റെ അഴകും കാഴ്ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന, അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.

നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ സന്ദേശം.ജ്യോതിശാസ്ത്ര പ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ഥം. മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്ന വേളയാണിത്. വിഷുവിനാണ് സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്. തുല്യാവസ്ഥയോടു കൂടിയത് എന്നാണ് വിഷു എന്ന വാക്കിന്റെ അര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിനം. വിഷുവിനാണത്രേ സൂര്യന്‍ നേരേ കിഴുക്കുദിക്കുന്നത്. മേടം പത്തിന് സൂര്യന്‍ രാവണനെ ഭയപ്പെടാതെ അന്തരീക്ഷത്തില്‍ ഉച്ചസ്ഥായിയില്‍ ഉദിച്ചതിനാല്‍ പത്താമുദയം എന്ന സങ്കല്‍പ്പം പ്രചാരത്തില്‍ വന്നു എന്നാണ് മറ്റൊരു ഐതിഹ്യം.

മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ് ഇത്. മേടം ഒന്നു മുതല്‍ പത്താമുദയം വരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്. കൊല്ലവര്‍ഷം വരുന്നതിനുമുമ്പ് വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്. വസന്തത്തിന്റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്റെ തുടക്കമായി കണക്കാക്കി പോന്നത്.

വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല.മഴക്കാലം തുടങ്ങി എന്നാണ് ചൊല്ല്.മേടം പത്തിനു മുമ്പ് കൃഷിയിടം എല്ലാം ഉഴുതു പത്താമുദയത്തിന്കൃഷിയിറക്കുന്നത് ഭാഗ്യമായി അന്നത്തെ കൃഷിക്കാര്‍കണ്ടിരുന്നു. പത്താമുദയത്തിന് കൃഷിയിറക്കിയാല്‍ പൊന്നും വിള കിട്ടുംഎന്നായിരുന്നു ഞങ്ങളുടെ വിശ്വാസം.പഴയ കാര്‍ഷിക കുടുംബങ്ങളില്‍ഒന്നും ഇന്ന് കൃഷി ചെയുന്നില്ലങ്കിലുംകൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതു പോലെ നമുക്ക് വിഷു ആഘോഷിക്കാതിരിക്കാനുമാകില്ലല്ലൊ.

ഹൃദയത്തിന്റെ ഭാഷയില്‍എല്ലാവര്‍ക്കുംഐശ്വര്യവും സമാധാനവും സമൃദ്ധിയുംഉണ്ടാകാന്‍വിഷു ആശംസകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക