Image

വിചാരിച്ചത് പോലെയല്ല സുരേഷ് ഗോപി; തിരഞ്ഞെടുപ്പില്‍ സൂപ്പര്‍താര പരിവേഷം വീണ്ടെടുത്ത് സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ്

കലാകൃഷ്ണന്‍ Published on 13 April, 2019
വിചാരിച്ചത് പോലെയല്ല സുരേഷ് ഗോപി; തിരഞ്ഞെടുപ്പില്‍ സൂപ്പര്‍താര പരിവേഷം വീണ്ടെടുത്ത് സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ്

ഞാന്‍ നല്ലവനുക്ക് നല്ലവന്‍, കെട്ടവനുക്ക് റൊമ്പ കെട്ടവന്‍.... തൃശ്ശൂരില്‍ ഇലക്ഷന്‍ പ്രചരണ പ്രസംഗത്തില്‍ സുരേഷ് ഗോപി അടിച്ച പഞ്ച് ഡയലോഗാണിത്. കേള്‍വിക്കാര്‍ ആവേശത്തോടെ കൈയ്യടിക്കുന്നു. കൈയ്യടി ശബ്ദം ഇരമ്പുമ്പോള്‍ സുരേഷ്ഗോപി ഇരട്ടി ആവേശത്തിലാകുന്നു....


സുരേഷ്ഗോപി തൃശ്ശൂര്‍ ലോക്സഭയിലേക്ക് മത്സരിക്കാനെത്തുമ്പോള്‍ തോല്‍ക്കാനായി സുരേഷ് ഗോപിയെ നേര്‍ച്ചക്കോഴിയെപ്പോലെ എത്തിച്ചു എന്നതായിരുന്നു വ്യക്തമായ ചിത്രം. സുരേഷ്ഗോപി ബിജെപിക്ക് വേണ്ടപ്പെട്ടവനായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ഏറ്റവും വിജയസാധ്യതയുള്ള തിരുവനന്തപുരത്ത് മത്സരിപ്പിക്കുമായിരുന്നു ബിജെപി. എന്നാല്‍ സുരേഷ് ഗോപിക്ക് പഴയ സൂപ്പര്‍താര പരിവേഷവുമില്ല ബിജെപിക്ക് അദ്ദേഹത്തെ പണ്ടേപ്പോലെ പഥ്യവുമില്ല എന്നതായിരുന്നു ഏവരുടെയും നീരിക്ഷണം. അതുകൊണ്ട് സ്ഥാനാര്‍ഥി പ്രഖ്യാപന ചിത്രത്തിലൊന്നും സുരേഷ് ഗോപി ആദ്യം കടന്നു വന്നില്ല. തന്നെ പതിയെ ഒഴിവാക്കിയതാണെന്ന് സുരേഷ് ഗോപിക്കും മനസിലായി എന്നാണ് കരുതേണ്ടത്. അദ്ദേഹം പതിയെ സിനിമയില്‍ കിട്ടിയ വേഷങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്തു. 
അപ്രതീക്ഷിതമായിട്ടാണ് തൃശ്ശൂരിലേക്ക് തുഷാര്‍ വയനാട്ടിലേക്ക് പോയ ഒഴിവില്‍ സുരേഷ്ഗോപി എത്തുന്നത്. ബിജെപിക്ക് വലിയ സാധ്യതയൊന്നുമില്ലാത്ത മണ്ഡലം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ഈ മൂന്ന് മണ്ഡലങ്ങള്‍ മാത്രമേ ബിജെപി തൃകോണ മത്സരത്തിന് സാധ്യത പോലും കാണുന്നുള്ളു. പിന്നെ എന്തിന് പാവം സുരേഷ് ഗോപിയെ തൃശൂരില്‍ ഇറക്കി തോല്‍പ്പിക്കണം. ഇതായിരുന്നു പൊതുവെയുള്ള ചിത്രം. 
ഇലക്ഷന്‍ പ്രചരണത്തിന് എത്തി ആദ്യ ദിവസങ്ങളില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും സുരേഷ് ഗോപിയെ കണ്ട് യാതൊരു കുലുക്കവുമില്ല. തോല്‍ക്കാനായി അടിമ ഗോപി എത്തി എന്ന മട്ട്. 
എന്നാല്‍ ആഴ്ചയൊന്ന് കഴിയുമ്പോള്‍ സുരേഷ്ഗോപി കളം മാറ്റിയെടുത്തിരിക്കുകയാണ്. കമ്മീഷണറില്‍ ഭരത്ചന്ദ്രനായും, ലേലത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായും പത്രത്തില്‍ നന്ദഗോപനായുമൊക്കെ തീയറ്ററുകളില്‍ ആവേശം വിതറിയ ആതേ സുരേഷ് ഗോപി ഇതാ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇടക്കാലത്ത് പറഞ്ഞ മണ്ടത്തരങ്ങളുടെയും സിനിമയില്ലാതിരുന്ന കാലത്തെ നാണക്കേടുകളെയും എല്ലാം അതീവ ജാഗ്രതയോടെ മറികടന്ന് തികഞ്ഞ ചെറുപ്പക്കാരനായി സുരേഷ് ഗോപി കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാക്കി തൃശ്ശൂരിനെ മാറ്റുന്നു. 
ശരിക്കും സ്റ്റാര്‍ പവര്‍ എന്നൊന്നുണ്ട് എന്ന് കേരളത്തിലെ രാഷ്ട്രീയം തിരിച്ചറിയുകയാണ് സുരേഷ് ഗോപിയിലൂടെ.
വന്‍ ജനാവലിയാണ് സുരേഷ് ഗോപിയുടെ ഓരോ പ്രചരണ വേദിയിലേക്കും ഒഴുകിയെത്തുന്നത്. കോണ്‍ഗ്രസിന്‍റെ ടി.എന്‍ പ്രതാപനെയും സിപിഐയുടെ രാജാജി മാത്യു തോമസിനെയും ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കുന്ന പ്രചരണ മികവ്. അതാണിപ്പോള്‍ സുരേഷ് ഗോപി വീണ്ടും താരമാക്കി മാറ്റിയിരിക്കുന്നത്. 
രണ്ട് മെറിറ്റുകളാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് പുതിയൊരു മുഖം നല്‍കുന്നത്. തൃശൂരിലെ ഗ്രാമങ്ങളിലേക്ക് സുരേഷ് ഗോപി ഇറങ്ങുമ്പോള്‍ ചലച്ചിത്ര താരം സുരേഷ് ഗോപിയേക്കാള്‍ ഉപരിയായി വര്‍ക്ക് ആവുന്നത് കോടീശ്വരന്‍ പരിപാടിയിലെ സുരേഷ് ഗോപിയാണ്. പാവങ്ങളുടെ കണ്ണീര് കണ്ട് സ്വയം കരയുന്ന അവര്‍ക്കൊപ്പം ചിരിക്കുന്ന കൈയ്യിലുള്ളതെന്തും പാവങ്ങള്‍ക്ക് നല്‍കുന്ന കോടീശ്വരന്‍ പരിപാടിയിലെ അവതാരകന്‍റെ കസേരയില്‍ ഇരിക്കുന്ന സുരേഷ് ഗോപി. ആ സുരേഷ്ഗോപി കോടീശ്വരനിലൂടെ കയറിക്കൂടിയത് കേരളത്തിലെ വീട്ടമ്മമാരുടെ മനസിലേക്കായിരുന്നു. ആ എലമെന്‍റ് ശരിക്കും തൃശ്ശൂരില്‍ വര്‍ക്ക് ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. 
രണ്ടാമത്തേ മെറിറ്റ് എന്നത് സുരേഷ് ഗോപിക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും ബിജെപി തന്നെയും കണക്കിലെടുക്കാതെ പോയ എലമെന്‍റാണത്. മൂന്ന് പതിറ്റാണ്ട് സിനിമയില്‍ നിന്ന കാലത്ത് സുരേഷ് ഗോപിക്ക് വ്യക്തിപരമായ അടുപ്പമുള്ള നിരവധി മാധ്യമ സുഹൃത്തുക്കളുണ്ട്. അത് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ തുടങ്ങി ഇപ്പോഴത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരെയുണ്ട്. അവരെല്ലാം സുരേഷ്ഗോപിക്ക് ദിനം പ്രതി കവറേജ് നല്‍കുന്നു. മുഖ്യധാര മാധ്യമങ്ങളുടെ കളര്‍വാര്‍ത്തയായി സുരേഷ് ഗോപി നിറഞ്ഞ് നില്‍ക്കുമ്പോള്‍ പ്രതാപനും രാജാജിയും മൂലയില്‍ ഒതുങ്ങുന്നു. അതാണ് ട്രെന്‍ഡ്. 
ട്രെന്‍ഡിന്‍റെ മറ്റൊരു ഘടകം സുരേഷ് ഗോപി തനി രാഷ്ട്രീയക്കാരനല്ല എന്നതാണ്. കോടീശ്വരനിലെ നന്മയുടെ പ്രകടനം കുറയൊക്കെയെങ്കിലും സത്യസന്ധമായി അയാളിലുണ്ട്. അതുകൊണ്ടു തന്നെ ചുറുചുറുക്കുള്ള ഏട്ടനായി അയാള്‍ ചെറുപ്പാക്കാരോടൊപ്പം ഇറങ്ങി നടക്കുകയാണ്. ബിജെപിയുടെ കേഡര്‍മാരുടെ ബൈക്കില്‍ കയറിയും ഒപ്പം നടന്നുമൊക്കെ സുരേഷ് ഗോപി ഒരു ഓളം സൃഷ്ടിക്കുകയാണ്. സിനിമാ താരം ഒപ്പം കൂടുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് സ്വഭാവികമായും ഉണ്ടാകുന്ന ആവേശമുണ്ടല്ലോ അത് നന്നായി തൃശ്ശൂരില്‍ പ്രകടമാണ്. കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രവര്‍ത്തകരുടെ മൂന്നിരട്ടിയാണ് ബിജെപിക്കാരായി സുരേഷ്ഗോപിയുടെ ചുറ്റും കൂടുന്ന ചെറുപ്പക്കാരുടെ കൂട്ടം. 
വീടമ്മമാരിലേക്ക് നേരിട്ട് കടന്നു ചെല്ലാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമില്ല. ഉച്ചക്ക് ഊണ് കഴിക്കാന്‍ മുന്നില്‍ കാണുന്ന വീട്ടില്‍ കയറി സുരേഷ് ഗോപി കടന്നു ചെല്ലുമ്പോള്‍ ഒരു തനി രാഷ്ട്രീയക്കാരന്‍റെ മട്ടില്ല. കാരണം അയാള്‍ എപ്പോഴും എല്ലാ മലയാളികളും സ്വീകരണ മുറിയില്‍ വന്ന് പൊയ്ക്കൊണ്ടിരുന്ന ആളാണ്. അപരിചിതത്വമില്ല അയാളോട് ആര്‍ക്കും. 
ഇപ്പോള്‍ ഒരു പക്ഷെ ബിജെപി നേതൃത്വം ചിന്തിക്കുന്നുണ്ടാകും. സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ നിര്‍ത്തിയിരുന്നെങ്കില്‍ ഒരു വിജയം ഉറപ്പിക്കാമായിരുന്നുവെന്ന്. 
സിനിമാ ശൈലയിലാണ് സുരേഷ് ഗോപിയുടെ പ്രചരണ പരിപാടിയും. പ്രസംഗിക്കുമ്പോള്‍ വിഷയങ്ങള്‍ക്ക് അനുസരിച്ച് ഇമോഷനുകള്‍ക്ക് അനുസരിച്ച് സുരേഷ് ഗോപിയിലെ അഭിനേതാവും പ്രവര്‍ത്തിക്കുന്നുണ്ട്. വെല്ലുവിളിക്കുമ്പോള്‍ അയാളില്‍ പഴയ ഭരത്ചന്ദ്രന്‍ ഇരച്ചെത്തും. കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും പ്രതിരോധിക്കുമ്പോള്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെ തീവ്രത പ്രകടനമാകും. അതോടെ ജനക്കൂട്ടം ആവേശത്തിലാകും. 
ഈ ഓടിക്കുടുന്ന ജനം വോട്ട് ചെയ്താല്‍ സുരേഷ് ഗോപി പുഷ്പം പോലെ പാര്‍ലമെന്‍റില്‍ എത്തും. എന്നാല്‍ ആള്‍ക്കൂട്ടം വോട്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം. മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധത ഇക്കുറി തൃശ്ശൂരില്‍ മാറ്റുരച്ച് തന്നെ പരിശോധിക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക