Image

ഹാട്രിക്ക് നേടാന്‍ പി.കെ.ബിജു, പാട്ടു പാടി ജയിക്കാന്‍ രമ്യയും, ആലത്തൂര്‍ ശ്രദ്ധിക്കപ്പെടുന്നു (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 14 April, 2019
ഹാട്രിക്ക് നേടാന്‍ പി.കെ.ബിജു, പാട്ടു പാടി ജയിക്കാന്‍ രമ്യയും, ആലത്തൂര്‍ ശ്രദ്ധിക്കപ്പെടുന്നു (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-11
(തെരഞ്ഞെടുപ്പ് അവലോകനം-ആലത്തൂര്‍)

പാട്ടും പാടി വോട്ട് തേടുന്ന സ്ഥാനാര്‍ത്ഥി എന്ന പരിവേഷത്തോടെ കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് ജനവിധി തേടുന്ന മണ്ഡലമെന്ന നിലയിലാണ് ആദ്യം ആലത്തൂര്‍ ജനശ്രദ്ധ നേടിയത്. പിന്നീട്, തുടര്‍ച്ചയായ അധിക്ഷേപങ്ങളും വിവാദങ്ങളുമൊക്കെയായി ആലത്തൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. കേരളത്തിലെ ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ മണ്ഡലങ്ങളിലൊന്നായ ആലത്തൂരില്‍ ഹാട്രിക്ക് ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ പി.കെ. ബിജു മത്സരരംഗത്തുള്ളത്. സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ ഇവിടെ എന്തു വില കൊടുത്തും മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് കച്ചക്കെട്ടിയിറങ്ങിയതോടെ മത്സരം കടുത്തിരിക്കുന്നു.


പാലക്കാട് ജില്ലയില്‍പ്പെട്ട ചിറ്റൂര്‍, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ആലത്തൂര്‍ ലോകസഭാ നിയോജകമണ്ഡലം. ഇതില്‍ വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫിന് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. പഴയ ഒറ്റപ്പാലം മണ്ഡലമായ ആലത്തൂര്‍ ഇന്ന് പട്ടികജാതി സംവരണ മണ്ഡലമാണ്. പി.കെ. ബിജുവിനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനും പുറമേ ബിഡിജെഎസിന്റെ ടി.വി. ബാബു, ബിഎസ്പിയുടെ ജയന്‍ സി. കുത്തന്നൂര്‍ എന്നിവരും രണ്ടു സ്വതന്ത്രരും ഇവിടെ ജനവിധി തേടുന്നു. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായ ടി.വി. ബാബു പഴയ സിപിഐക്കാരനാണ്. ഇടതുപക്ഷം ഭരണം കയ്യാളുന്ന ചാഴൂര്‍ പഞ്ചായത്തിന്റെയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു അദ്ദേഹം. അത് ഇടതുപക്ഷത്തെ ചെറുതായി നോവിക്കുന്നുണ്ട്. മണ്ഡലത്തില്‍ കാര്യമായി റോളില്ലാത്ത ബി.ജെ.പിക്ക് കഴിഞ്ഞ 2014 തെരഞ്ഞെടുപ്പില്‍ 9.45 ശതമാനം വോട്ടാണ് ലഭിച്ചത്. അതായത്, ഷാജുമോന്‍ വട്ടേക്കാടിന് 87,803 വോട്ടുകള്‍ കിട്ടി.

സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആറു വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ പൊതുജീവിതത്തില്‍ വഴിത്തിരിവായത്. നാലു ദിവസം ഡല്‍ഹിയില്‍ നടന്ന പരിപാടിയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പെണ്‍കുട്ടി പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായി. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ പ്രവര്‍ത്തകയായി ആദിവാസി ദളിത് മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളായി. നന്നായി നാടന്‍പാട്ടുകള്‍ പാടുന്ന രമ്യക്കെതിരേ പാട്ടു പാടി വോട്ട് തേടുന്ന സ്ഥാനാര്‍ത്ഥി എന്ന ആരോപണവുമായി സിപിഎം രംഗത്തു വന്നത് ഏറെ ചര്‍ച്ചയായിരുന്നു. രമ്യയെ ആക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും അതിനിടെ രംഗത്തെത്തി. ഇത് വന്‍ വിവാദമായിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കുടുങ്ങി എല്‍എഡിഎഫ് അല്‍പ്പം ക്ഷീണിച്ചതോടെ, പതിന്മടങ്ങ് ഊര്‍ജ്ജവുമായാണ് രമ്യ മുന്നേറ്റം തുടരുന്നത്.

പഴയ ഒറ്റപ്പാലം മണ്ഡലത്തിന്റെ വിജയ ചരിത്രം പരിശോധിച്ചാല്‍ 1977 ന് ശേഷം നടന്ന ഒമ്പത് ലോക്‌സഭാതെരഞ്ഞെടുപ്പുകളില്‍ നാല് തവണ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ അഞ്ച് തവണ സി.പി.എമ്മും വിജയിച്ചു. 77ല്‍ കോണ്‍ഗ്രസിന്റെ കെ. കുഞ്ഞമ്പു ജയിച്ചപ്പോള്‍ പിന്നീട് തുടര്‍ച്ചയായി മൂന്നു തവണയും മുന്‍ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ വിജയിപ്പിച്ച പാരമ്പര്യവും മണ്ഡലത്തിനുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ പി.കെ ബിജു 4,11,808 വോട്ടുകള്‍ വാങ്ങിയപ്പോള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എ ഷീബ 3,74,496 വോട്ടുകള്‍ നേടിയിരുന്നു. മണ്ഡലത്തില്‍ ആകെ 12,34,294 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,03,854 പുരുഷന്മാരും 6,30,438 വനിതകളുമുണ്ട്.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
Pisharody Rema 2019-04-14 04:01:27
Raandu Candidatesinodum Ishtam.. Randu perum randu mandalathil ninnirunnuvenkil randu mandalangalil purogathiyundayene..


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക