Image

ബാലറ്റ് പേപ്പര്‍ മതി; വോട്ടിങ് മെഷീന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷം, വിമര്‍ശനവുമായി നേതാക്കള്‍

Published on 14 April, 2019
ബാലറ്റ് പേപ്പര്‍ മതി; വോട്ടിങ് മെഷീന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷം, വിമര്‍ശനവുമായി നേതാക്കള്‍

ദില്ലി: വോട്ടിങ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച്‌ വീണ്ടും പ്രതിപക്ഷം. ബാലറ്റ് പേപ്പറാണ് ഏറ്റവും നല്ലതെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്ബോഴാണ് നേതാക്കള്‍ വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചത്.

സാങ്കേതിക വിദ്യ ആവശ്യമാണ്. എന്നാല്‍ വോട്ടിങ് മെഷീന്‍ വേണ്ടെന്നു ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. വോട്ടിങ് മെഷീന്‍ വളരെ കുറച്ച്‌ രാജ്യങ്ങള്‍ മാത്രമേ ആശ്രയിക്കുന്നുള്ളൂ. ജര്‍മനി, നെതര്‍ലാന്റ്‌സ് തുടങ്ങി വികസിത രാജ്യങ്ങള്‍ പോലും ബാലറ്റ് പേപ്പറിനെയാണ് ആശ്രയിക്കുന്നതെന്നും നായിഡു ചൂണ്ടിക്കാട്ടി.

ഇവിഎമ്മല്‍ വോട്ടര്‍ക്ക് വിശ്വാസ്യതയില്ല. വോട്ടര്‍ക്ക് വിശ്വാസ്യതയുണ്ടാകണമെങ്കില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണമെന്നും നായിഡു അഭിപ്രായപ്പെട്ടു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, അഭിഷേക് സിങ്വി തുടങ്ങിയവരും ദില്ലിയില്‍ പ്രതിപക്ഷ യോഗത്തിന് ഒരുമിച്ചെത്തിയത് ശ്രദ്ധേയമായി.

ഫിസിക്കല്‍ വെരിഫിക്കേഷനില്ലാതെ ലക്ഷക്കണക്കിന് വോട്ടര്‍മാരെയാണ് ഓണ്‍ലൈന്‍ വഴി വെട്ടിക്കളഞ്ഞതെന്ന് അഭിഷേക് സിങ്വി ആരോപിച്ചു. ബാലറ്റ് പേപ്പര്‍ മതിയെന്ന് കാണിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ കത്ത് നല്‍കി. അത് അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ 50 ശതമാനം വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലും ആവശ്യമുന്നയിച്ചുവെന്നും സിങ്വി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക