Image

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍: പുലിവാല് പിടിച്ച്‌ സ്കൂള്‍!

Published on 14 April, 2019
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍: പുലിവാല് പിടിച്ച്‌ സ്കൂള്‍!

ദിസ്പൂര്‍: രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിലായിരിക്കെ വിവാദത്തില്‍പ്പെട്ട് അസമിലെ സ്കൂള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതാണ് ബരാക്ക് വാലിയിലെ സ്കൂളിനെ വിവാദത്തിലേക്ക് നയിച്ചത്. സ്കൂള്‍ പ്രവ‍ൃത്തി സമയത്ത് കുട്ടികളെ റാലിക്കെത്തിച്ചെന്നാണ് പരാതി. ഏപ്രില്‍ 9നാണ് സംഭവം. ഇതോടെ സ്കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ ഹെയില്‍ഖണ്ടി ജില്ലാ ഭരണകൂടത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്നം അസമിലെ സെക്കണ്ടറി എഡുക്കേഷന്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.


സ്കൂള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ രാഷ്ട്രീയ പരിപാടിക്ക് അയച്ചെന്ന് കാണിച്ചാണ് സെക്കണ്ടറി എഡുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചിട്ടുള്ളത്. നിരവധി കുട്ടികളെ പ്രവൃത്തി സമയത്ത് സ്കൂള്‍ യൂണിഫോമില്‍ പരിപാടിക്ക് എത്തിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ട ലംഘനമാണെന്നും 1951ലെ ജനപ്രാതിനിധ്യ ചട്ടത്തിന് എതിരാണെന്നും ചൂണ്ടിക്കാണിക്കുന്നു.

നന്നായി മഴ പെയ്തിരുന്ന ദിവസമായിരുന്നു റാലി നടന്നത്. ഈ സാഹചര്യത്തില്‍ തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുട്ടികള്‍ക്കൊപ്പം അധ്യാപകരും റാലിക്ക് എത്തിയിരുന്നുവെന്ന് റാലിയുടെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സ്കൂളിന്റെ അശ്രദ്ധയെക്കുറിച്ച്‌ രക്ഷിതാക്കള്‍ക്കും അറിവുണ്ടായിരുന്നില്ല. പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് ആക്‌ട് പ്രകാരം സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പോലീസ് സൂപ്രണ്ട് മൊഹ്നേഷ് മിശ്രയും ഇന്‍സ്പെക്ടര്‍ ഓഫ് സ്കൂള്‍ രാജീവ് കുമാര്‍ ജായും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക