Image

പാലക്കാടന്‍ കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ യുഡിഎഫ്, ഹാട്രിക്കിലേക്ക് എം.ബി. രാജേഷ് (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 14 April, 2019
പാലക്കാടന്‍ കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ യുഡിഎഫ്, ഹാട്രിക്കിലേക്ക് എം.ബി. രാജേഷ് (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-12
(തെരഞ്ഞെടുപ്പ് അവലോകനം-പാലക്കാട്)

പാലക്കാട് ഇത്തവണ ചൂടു കൂടുതലാണ്, തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച്. ഇത്തവണ ഏതു വിധേനയും സീറ്റ് തിരിച്ചു പിടിക്കണമെന്ന ഉദ്ദേശത്തില്‍ തന്നെ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. അതേസമയം സിറ്റിങ് എംപി എം.ബി. രാജേഷ് ശുഭാപ്തി വിശ്വാസത്തിലാണ്. ഹാട്രിക്ക് ലക്ഷ്യത്തിലേക്കാണ് രാജേഷിന്റെ നോട്ടം. ത്രികോണ മത്സരത്തിന് ബിജെപിയും കോപ്പ് കൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ രണ്ടു മണ്ഡലങ്ങളില്‍ രണ്ടാമതു വന്നതാണ് അവര്‍ക്ക് പുതിയ ഊര്‍ജം നല്‍കുന്നത്.

കഴിഞ്ഞ തവണ രാജേഷ് ജയിച്ചത് 105,300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എല്‍ഡിഎഫിലായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ മുന്നണി മാറി മത്സരിച്ചതോടെ യുഡിഎഫ് വലിയ ക്ഷീണത്തിലായി. ഇവിടെ ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ പിടിച്ചെടുത്തത് 136,541 വോട്ടുകളാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 2016 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നില്‍ പോയി എന്നതു മാത്രമാണ് ഇടതു മുന്നണിയുടെ ദുഃഖം. പാലക്കാട് ഷാഫി പറമ്പില്‍ 57559 വോട്ട് നേടിയപ്പോള്‍ ശോഭ സുരേന്ദ്രന്‍ ബിജെപിക്ക് വേണ്ടി വാരിക്കൂട്ടിയത് 40076 വോട്ടുകള്‍. അതേ പോലെ, മലമ്പുഴയില്‍ യുഡിഎഫും മൂന്നാം സ്ഥാനത്തായി. അവിടെ വിഎസ് 73299 വോട്ട് നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ നേടിയത് 46157 വോട്ടുകളാണ്. ഈ കൃഷ്ണകുമാറാണ് ഇത്തവണ ബിജെപിക്കു വേണ്ടി രംഗത്തുള്ളത്. കഴിഞ്ഞ തവണ നേടിയ 15 ശതമാനം വോട്ടു വിഹിതം ഏതു വിധേനയും വര്‍ദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. പാലക്കാട് നഗരസഭ ഭരിക്കുന്നതും ബിജെപിയാണ്. 

ത്രികോണ മത്സരത്തിന്റെ സാധ്യതയുണ്ടെങ്കിലും മുഖ്യ എതിരാളിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് എല്‍ഡിഎഫ്. ഏഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നതും അതിന് ആക്കം കൂട്ടുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാലക്കാട് ലോക്‌സഭാമണ്ഡലം. ഇതില്‍ പാലക്കാടും മണ്ണാര്‍ക്കാടും മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കിയവ.

ചെറുപ്പള്ളശ്ശേരി സി.പി.എം ഏരിയ കമ്മറ്റി ഓഫീസില്‍വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയമായിട്ടുണ്ട്. എന്നാല്‍, അതൊന്നും വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പ്രശ്‌നമാകില്ലെന്നു തന്നെയാണ് എല്‍ഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്. ഇ.കെ. നായനാരും, ഏ. കെ. ജിയും ജയിച്ചു കയറിയ മണ്ഡലത്തില്‍ 1991-നു ശേഷം യുഡിഎഫിന് ആശ്വസിക്കാനുള്ള വകയുണ്ടായിട്ടില്ല. 1996 മുതല്‍ 2004 വരെ തുടര്‍ച്ചയായി നാലു തവണയാണ് എന്‍.എന്‍. കൃഷ്ണദാസ് ജയിച്ചു കയറിയത്. വി.എസ്. വിജയരാഘവനാണ് 1991-ല്‍ കോണ്‍ഗ്രസിനു വേണ്ടി അവസാനം ഇവിടെ നിന്നും ലോക്‌സഭയിലെത്തിയത്. ആ ക്ഷീണം മാറ്റാന്‍ കഴിഞ്ഞ തവണ എം.പി. വീരേന്ദ്രകുമാറിനെ വരെ രംഗത്തിറക്കി നോക്കി. വീരന്‍ ഇപ്പോള്‍ ലോക് താന്ത്രിക് ജനതാദളുമായി എല്‍ഡിഎഫ് പാളയത്തിലാണ്. 

2009-ല്‍ എംബി രാജേഷ് കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയോടു ജയിച്ചുകയറിയത് വെറും 1820 വോട്ടുകള്‍ക്കു മാത്രമാണെന്നും നന്നായി അധ്വാനിച്ചാല്‍ ഇത്തവണ പരാജയമെന്ന ലക്ഷ്മണരേഖ മറികടക്കാമെന്നുമാണ് യുഡിഎഫ് വിശ്വാസം. എന്നാല്‍ അന്ന് അപരന്മാരായി നിന്ന ഇ.വി സതീശന്‍ പിടിച്ച 5478 വോട്ടുകളും എന്‍.വി. രാജേഷ് നേടിയ 3124 വോട്ടുകളെക്കുറിച്ചും യുഡിഎഫ് മൗനം പാലിക്കുന്നു. 2009-ല്‍ 8.79 ശതമാനം വോട്ടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ 2014-ല്‍ അത്രയും തന്നെ വീണ്ടും നഷ്ടപ്പെട്ടു. അതു കൊണ്ട് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക