Image

സത്യസന്ധമായ തെരഞ്ഞെടുപ്പ്‌ നടന്നാല്‍ ബി.ജെ.പി 40 സീറ്റുകളിലധികം നേടില്ല; നരേന്ദ്ര മോദിയോട്‌ ബി.ജെ.പി നേതാവ്‌

Published on 15 April, 2019
സത്യസന്ധമായ തെരഞ്ഞെടുപ്പ്‌ നടന്നാല്‍ ബി.ജെ.പി 40 സീറ്റുകളിലധികം നേടില്ല; നരേന്ദ്ര മോദിയോട്‌ ബി.ജെ.പി നേതാവ്‌


ന്യൂദല്‍ഹി: രാജ്യത്ത്‌ സത്യസന്ധമായ തെരഞ്ഞെടുപ്പ്‌ നടന്നാല്‍ ബി.ജെ.പി നാല്‍പതിലധികം സീറ്റുകള്‍ നേടില്ലെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അജയ്‌ അഗര്‍വാള്‍. മോദിയെ വിമര്‍ശിച്ചു കൊണ്ട്‌ മോദിക്കയച്ച കത്തിലാണ്‌ 2014ല്‍ റായ്‌ബറേലിയില്‍ നിന്ന്‌ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച അജയ്‌ ഇക്കാര്യം പറയുന്നത്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്‌ബറേലിയില്‍ നിന്നും മത്സരിച്ച്‌ അജയ്‌ ആണ്‌ ബി.ജെ.പിക്ക്‌ ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ നേടിക്കൊടുത്തത്‌. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തെ റായ്‌ബറേലിയില്‍ നിന്നും മത്സരിപ്പിക്കേണ്ടതില്ലെന്ന്‌ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കാന്‍ കാരണം തന്റെ സമയോചിതമായ ഇടപെടലാണെന്നും, എന്നാല്‍ മോദി തന്നോട്‌ നന്ദി കാട്ടിയില്ലെന്നും അജയ്‌ പറഞ്ഞു.

`ഗുജറാത്ത്‌ തെരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യറുടെ വീട്ടില്‍ വെച്ച്‌ ഹമീദ്‌ അന്‍സാരിയും, മന്‍മോഹന്‍ സിങും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം ഞാനാണ്‌ പുറത്തു വിട്ടത്‌. ഞാനങ്ങനെ ചെയ്‌തില്ലായിരുന്നെങ്കില്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നു'- അജയ്‌ പറയുന്നു.

പ്രസ്‌തുത കൂടിക്കാഴ്‌ച രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന്‌ മോദി തെരഞ്ഞെടുപ്പ്‌ റാലികളില്‍ നിരന്തരം പറയുമായിരുന്നെന്നും, അത്‌ ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചതായി അജയ്‌ കൂട്ടിച്ചേര്‍ത്തു.

`മോദിയെ എനിക്ക്‌ 28 വര്‍ഷത്തെ പരിചയമുണ്ട്‌. ഞങ്ങള്‍ നിരവധി തവണ ഒരുമിച്ച്‌ ഭക്ഷണം കഴിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എന്നോടുള്ള മനോഭവത്തില്‍ ഇരട്ടത്താപ്പ്‌ വെച്ചു പുലര്‍ത്തുന്നതായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌'- അജയ്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക