Image

ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് ജില്ലാ കളക്ടര്‍

Published on 15 April, 2019
ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം:  രോഗികളുടെ അന്നം മുട്ടിക്കാനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമം പാളി. ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് തെരഞ്ഞെടുപ്പ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലത്തെ ആശുപത്രികളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം തടയണമെന്നാവശ്യപ്പെട്ട് കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നല്‍കിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ തീരുമാനം.

ഭക്ഷണപ്പൊതിയില്‍ പാര്‍ട്ടി ചിഹ്നമോ, സ്ഥാനാര്‍ത്ഥിയുടെ പേരോ ചിത്രമോ ഉള്‍പ്പെടുത്താതെ ഭക്ഷണപ്പൊതി വിതരണം തുടരുന്നതില്‍ തടസ്സമില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

പൊതിച്ചോര്‍ വിതരണത്തെ കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് യുഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ സംഘാടകരോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം.

'ഹൃദയ സ്പര്‍ശം' എന്ന പേരില്‍ ആശുപത്രികളില്‍ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആരംഭിച്ചത്. കഴിഞ്ഞ 700 ദിവസങ്ങളായി കൊല്ലത്തെ ആശുപത്രികളില്‍ മുടക്കമില്ലാതെ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ആശ്വാസമാണ് ഈ പൊതിച്ചോര്‍. നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തുവന്നതോടെ ഈ പൊതിച്ചോറിനെ ആശ്രയിക്കുന്ന നിരവധി രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക