Image

8 പേരെ വിട്ടയച്ചാല്‍ കളക്‌ടറെ മോചിപ്പിക്കാമെന്ന്‌ മാവോയിസ്റ്റുകള്‍

Published on 22 April, 2012
8 പേരെ വിട്ടയച്ചാല്‍ കളക്‌ടറെ മോചിപ്പിക്കാമെന്ന്‌ മാവോയിസ്റ്റുകള്‍
റായ്‌പൂര്‍: എട്ട്‌ മാവോയിസ്റ്റുകളെ വിട്ടയച്ചാല്‍ തട്ടിക്കൊണ്ടുപോയ കളക്‌ടറെ മോചിപ്പിക്കാമെന്ന്‌ മാവോയിസ്റ്റുകള്‍ അറിയിച്ചു. `ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്‌' (മാവോയിസ്‌റ്റുകള്‍ക്കെതിരെയുള്ള സൈനികനീക്കം) ഉടന്‍ നിര്‍ത്തുക, ബസ്‌തര്‍ മേഖലയിലെ സൈനികരെ ഉടന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ബുധനാഴ്‌ചയ്‌ക്കുള്ളില്‍ ആവശ്യങ്ങള്‍ക്ക്‌ മറുപടി നല്‌കണമെന്നും മാധ്യമങ്ങള്‍ക്കു കൈമാറിയ സന്ദേശത്തില്‍ പറഞ്ഞു.

സുഖ്‌മ ജില്ലയിലെ മജിപര ഗ്രാമത്തില്‍, സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയായ ഗ്രാം സുരാജ്‌ അഭിയാനില്‍ പങ്കെടുക്കുന്നതിനിടെ ശനിയാഴ്‌ച വൈകിട്ടാണ്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ അന്‍പതോളംപേരടങ്ങുന്ന മാവോയിസ്‌റ്റുകള്‍ ഇരച്ചുകയറി വെടിയുതിര്‍ത്തു കലക്‌ടറെ തട്ടിക്കൊണ്ടുപോയത്‌.

ഇതിനിടെ കലക്‌ടറെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു പൊലീസുകാരുടെ മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

അലക്‌സ്‌ പോള്‍ എന്നും ജനങ്ങള്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹത്തെ വിട്ടയയ്‌ക്കണമെന്നും ഭാര്യ ആശ മാവോയിസ്‌റ്റുകളോടു വീണ്ടും അഭ്യര്‍ഥിച്ചു. ആസ്‌മരോഗിയായ അലക്‌സിന്റെ കൈവശം രണ്ടുനേരത്തെ മരുന്നേ ഉള്ളൂ; അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാനാവില്ല. വിവാഹിതരായിട്ട്‌ ഏതാനും മാസമേ ആയുള്ളൂ എന്നും മാവോയിസ്‌റ്റുകള്‍ക്കുള്ള വികാരനിര്‍ഭരമായ സന്ദേശത്തില്‍ ആശ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക