Image

പൊന്നാനിയില്‍ ഇ.ടി തുടര്‍വിജയത്തിന്, പി.വി. അന്‍വര്‍ എംഎല്‍എ അട്ടിമറിക്കാനും (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 15 April, 2019
പൊന്നാനിയില്‍ ഇ.ടി തുടര്‍വിജയത്തിന്, പി.വി. അന്‍വര്‍ എംഎല്‍എ അട്ടിമറിക്കാനും (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-13
(തെരഞ്ഞെടുപ്പ് അവലോകനം-പൊന്നാനി)

മുസ്ലീം ലീഗിന്റെ മണ്ഡലമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന പൊന്നാനിയില്‍ ഇടതുപക്ഷത്തിന് 1971-നു ശേഷം വിജയിക്കാനേ കഴിഞ്ഞിട്ടില്ല. ജി.എം. ബനാത്ത് വാല തുടര്‍ച്ചയായ രണ്ടു തവണ ഹാട്രിക്ക് അടിച്ച മണ്ഡലം. ഇപ്പോള്‍ സിറ്റിങ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ ഹാട്രിക്കിനായി രംഗത്ത് സജീവം. ഇടതുപക്ഷ സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വറാണ് എതിരാളി. വി.ടി. രമ ബിജെപിക്കു വേണ്ടിയും എസ്ഡിപിഐ-യ്ക്കു വേണ്ടി അഡ്വ.കെ.സി. നസീറും മണ്ഡലത്തില്‍ സജീവം.


തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന പൊന്നാനി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മുസ്ലീം ലീഗ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണെങ്കിലും കാര്യങ്ങള്‍ അത്ര സേഫ് അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പൊന്നാനിയും തവനൂരും താനൂരും എല്‍ഡിഎഫിന് പ്രകടമായ സാന്നിധ്യമുള്ള മണ്ഡലങ്ങളാണ്. എന്നാല്‍ ഇതു മാത്രം പോരാ ജയിക്കാനെന്നു ഇടതുപക്ഷത്തിന് നന്നായറിയാം. കഴിഞ്ഞ തവണ ഇ.ടി മുഹമ്മദ് ബഷീര്‍ 25410 വോട്ടുകള്‍ക്ക് ജയിച്ചിടത്ത് മറ്റെന്തെങ്കിലും തന്ത്രം പയറ്റേണ്ടി വരുമെന്നും അവര്‍ക്കറിയാം. അതു കൊണ്ടു തന്നെ പൊന്നാനി അടക്കമുള്ള തീരദേശ പ്രദേശത്താണ് ഇടതുപക്ഷത്തിന്റെ കണ്ണ്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കമ്യൂണിസം വേരോടി കഴിഞ്ഞു. പ്രത്യേകിച്ച് പ്രളയദുരിതങ്ങള്‍ക്കു ശേഷം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ സി നസീറിനും ബിജെപിയുടെ വി.ടി. രമയ്ക്കും മണ്ഡലത്തില്‍ കാര്യമായി സ്വാധീനമില്ലെങ്കിലും ഇരുവര്‍ക്കും കൂടി നിലവിലെ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിനടുത്ത് വോട്ടുണ്ട്. അതവര്‍ കൃത്യമായി വര്‍ദ്ധിപ്പിക്കുകയും എല്‍ഡിഎഫ് തങ്ങളുടെ വോട്ട് നിലനിര്‍ത്തുകയും ചെയ്താല്‍ അനവര്‍ ജയിക്കുമെന്ന സിദ്ധാന്തത്തിനാണ് ബലം.

ലീഗിന്റെ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലുള്ള സ്വാധീനം ക്ഷയിച്ചു എന്നതിനേക്കാളുപരി കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തിന്റെ എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിനോട് ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞുവെന്നും രാഷ്ട്രീയ നിരീക്ഷകരും കണക്കുകൂട്ടുന്നു. അതിനാല്‍ എല്‍ഡിഎഫിനെ തുണക്കാമെന്നു കരുതുന്നവരുമുണ്ട്. പക്ഷേ, അവിടെയുമുണ്ട് പ്രശ്‌നം. അഴിമതിയും ഭൂമികയ്യേറ്റ ആരോപണവും നേരിടുന്ന പഴയ കോണ്‍ഗ്രസുകാരന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് വിജയിക്കാന്‍ ഇങ്ങനെ ചില പ്രശ്‌നങ്ങളുമുണ്ട്. ഭൂമി കയ്യേറി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ പാര്‍ക്ക് പണിതതും പേമെന്റ് സീറ്റാണെന്ന ആരോപണവും അന്‍വറിന് തിരിച്ചടിയാണെന്നത് സത്യമാണ്. പക്ഷേ, പണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കാലത്താണ് അന്‍വര്‍ പാര്‍ക്ക് നിര്‍മാണം തുടങ്ങിയതെന്ന പ്രതിരോധം സിപിഎമ്മും ഉയര്‍ത്തുന്നുണ്ട്. സിപിഎമ്മില്‍ തന്നെ അന്‍വറിനോട് എതിര്‍പ്പുള്ളവര്‍ ഉണ്ട്. എന്നാല്‍ അതിലേറെ എതിര്‍പ്പ് ഇ.ടിക്ക് പൊന്നാനിയില്‍ നേരിടേണ്ടി വരുന്നുണ്ട്.

മലപ്പുറത്ത് മുസ്ലിംലീഗ് നേതൃത്വം എസിഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മുതല്‍ ഇ.ടി. പ്രതിരോധത്തില്‍ പെട്ടിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ.ടിയും എസ്ഡിപിഐ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയ ഭീതി മൂലമാണെന്നാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, മുഹമ്മദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. എസ്ഡിപിഐ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴും നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങിയപ്പോഴുമുള്ള വോട്ട് വിഹിതം കണക്കിലെടുക്കുമ്പോള്‍ ഒന്നു പറയേണ്ടി വരും, ലീഗിന്റെ പൊന്നാനി കോട്ടയില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരിക്കുന്നു.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക