Image

ചക്കയുടെ ഔഷധീയ ഗുണങ്ങള്‍ (ജി. പുത്തന്‍കുരിശ്)

Published on 15 April, 2019
 ചക്കയുടെ ഔഷധീയ ഗുണങ്ങള്‍ (ജി. പുത്തന്‍കുരിശ്)
അവഗണിക്കപ്പെട്ടു കിടന്ന ചക്കക്ക് ശാപമോക്ഷം ലഭിച്ചിരിക്കുന്നു എന്ന് തോന്നുന്നു ഇന്ന് അതിന് തീന്‍ മേശയിലും ഭിഷഗ്വരന്മാരുടെ ഔഷധക്കുറിപ്പിലും ലഭിച്ചിരിക്കുന്ന സ്ഥാനക്കയറ്റം കാണുമ്പോള്‍. കേരളത്തില്‍ ഒരു കാലത്ത് ആഹാരം കഴിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന കാലങ്ങളില്‍, ചക്ക വിശപ്പടക്കാനും ശരീരത്തിനാവശ്യമുള്ള ഊര്‍ജ്ജത്തിനായുമുള്ള ദരിദ്രനാരായണന്മാരുടെ സ്രോതസ്സായിരുന്നു. അതികഠിനമായ താപത്തെ അതിജീവിക്കാന്‍ കഴിവുള്ള പ്ലാവില്‍ ഉണ്ടാകുന്ന ഭീമാകാരനായ അതിന്റെ ഫലത്തിന് ഇന്ന് മനുഷ്യന്റെ ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്ന് അന്ന് ആരും കരുതിയിരുന്നില്ല. ചക്ക അല്ലെങ്കില്‍ ജാക്ക് ഫ്രൂട്ടിനെ ആരെയും മതിപ്പിക്കാന്‍ പോരുന്ന ഒരു പോഷക രൂപരേഖയുണ്ട്. 

നൂറ്റി അറുപത്തിയഞ്ചു ഗ്രാം ചക്കച്ചൊളയെടുത്താല്‍ അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജമാത്ര (കാലറി) എന്നു പറയുന്നത് നൂറ്റാ അന്‍പത്തിയഞ്ചാണ്. അതില്‍ തൊണ്ണൂറ്റി രണ്ടു ശതമാനം, ഊര്‍ജ്ജദായകമായ ജൈവസംയുക്തത്തില്‍ നിന്നും (കാര്‍ബ്) ബാക്കി പ്രോട്ടീനില്‍ നിന്നും കൊഴുപ്പില്‍ നിന്നുമാണ്. അതിലുപരിയായി ഒരു മനുഷ്യന് ആവശ്യമുള്ള സര്‍വ്വ വൈറ്റമിനും ധാതുപദാര്‍ത്ഥങ്ങളും (മിനറല്‍) സാമാന്യം നല്ല നാരിഴയും (ഫൈബര്‍) ചക്കയില്‍ നിന്ന് ലഭിക്കും. ഒരു കപ്പ് ചക്കച്ചൊള മുറിച്ചതില്‍ അടങ്ങിയിരിക്കുന്ന കാലറി 155, കാര്‍ബ് 40 ഗ്രാം, ഫൈബര്‍ 3 ഗ്രാം, പ്രോട്ടീന്‍ 3 ഗ്രാം, കൂടാതെ ഒരു വ്യക്തി പഥ്യഹാരപരമായി കഴിച്ചിരിക്കേണ്ട (റെക്കമെന്റഡ് ഡയറ്ററി ഇന്‍ടെയ്ക്ക്) വൈറ്റമിന്‍ എ യുടെ 10%, വൈറ്റമിന്‍ സി യുടെ 18%, വൈറ്റമിന്‍ ബി2 ന്റെ 11%, മഗ്‌നീഷ്യയത്തിന്റെ 15%, പൊട്ടാസിയത്തിന്റെ 14%, കോപ്പറിന്റെ 15%, മാന്‍ഗനീസ് 15% എന്നിവയാണ്. ചക്കയെ ആപ്പിളില്‍ നിന്നും മാങ്ങയില്‍ നിന്നും അതുല്യമാക്കി നിറുത്തുന്നത്, അവയില്‍ നിന്ന് ലഭിക്കുന്ന 01 ഗ്രാം പ്രോട്ടീനിനെ അപേക്ഷിച്ചു ചക്കയ്ക്ക് ഒരു കപ്പില്‍ നിന്ന് 3 ഗ്രാം വരെ പ്രോട്ടീന്‍ നല്‍കാന്‍ കഴയുമെന്നുള്ളതാണ്. ഇതിലും ഉപരിയായി നമ്മളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പല രാസസംയുക്തങ്ങളെയും ചെറുക്കാന്‍ കഴിവുള്ള പലതരത്തിലുള്ളതും സമര്‍ദ്ധവുമായ ആന്റിഓക്‌സിഡന്റസ് ഈ ചക്കയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

രക്തത്തിലുള്ള പഞ്ചസാരയുടെ അളവു കുറച്ച് അതിനെ നിയന്ത്രിക്കാന്‍ കഴിവുള്ള അനേക ഗുണങ്ങളാണ് ചക്കയ്ക്കുള്ളത്. ആഹാരം കഴിച്ചു കഴിഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് എടുക്കാന്‍ ഉപയോഗിക്കുന്ന സൂചന പട്ടികയില്‍ (ഗ്ലൈസമിക്ക് ഇന്‍ഡെക്‌സ്) ഇതിന്റെ സ്ഥാനം ഏറ്റവും പിന്നിലാണ്. ഇതിന് കാരണം ഇതിലെ നാരിഴകള്‍ (ഫൈബര്‍) ദഹനത്തിന്റെ വേഗത കുറയ്ക്കുകയും പഞ്ചസാരയുടെ രക്തത്തിലെ അളവിനെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിക്കാതെ തടയുകയും ചെയ്യുന്നു. അത്‌പോലെ ചക്കയിലെ പ്രോട്ടീന്‍, ആഹാരം കഴിച്ചാലുടന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാതെയും സൂക്ഷിക്കുന്നു. യുവതി യുവാക്കളില്‍ ചക്കയുടെ സത്ത് ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിര്‍ണ്ണായകമായി കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടു. അതുപോലെ പ്ലാവിന്റെ ഇലയില്‍ നിന്നെടുത്ത സത്ത് ഉപയോഗിച്ച് പ്രമേഹമുള്ള ചുണ്ടെലികളില്‍ ആഹാരം കഴിയ്ക്കുന്നതിന്മുന്‍പ് നടത്തിയ രക്ത പരിശോധനയില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും അതിനെ നീണ്ടകാലത്തേക്ക് നിയന്ത്രിച്ചു നിറുത്താന്‍ കഴിവുള്ളതായും മനസ്സിലാക്കന്‍ കഴിഞ്ഞു. ചക്കയിലെ അതിന്റെ സ്വാദ് നല്‍കുന്ന ഫ്‌ളേവനോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനുള്ള കഴിവാണ് ഇതിന്റെ പ്രധാന കാരണം.

ചക്കയിലെ സമര്‍ദ്ധമായ ആന്റിഓക്‌സിഡന്റിന് മനുഷ്യനിലെ പലരോഗത്തിന്റേയും അപകടകരമായ അവസ്ഥയെ ചെറുക്കാന്‍ കഴിയുമെന്ന് പല പഠനങ്ങളും പറയുന്നു. ഫ്രീ റാഡിക്കല്‍സ് എന്ന ചെറു കണിക മൂലം കോശങ്ങള്‍ക്ക് നാശമുണ്ടാക്കി അതില്‍ നിന്നുണ്ടാകുന്ന രാസസംയുക്ത പ്രക്രിയബുദ്ധിമുട്ടുകളേയും വീക്കങ്ങളേയും തടയാന്‍ ചക്കയിലെ സമര്‍ദ്ധമായ ആന്റിഓക്‌സിഡന്റ് സഹായിക്കുന്നു. ചക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരവീക്കങ്ങളേ ചെറുത്ത് അതുവഴി ഉണ്ടാകാവുന്ന ഹൃദ്‌രോഗത്തേയും ക്യാന്‍സറിനേയും തടയാന്‍ സഹായിക്കുന്നു. ചക്കയിലുള്ള കാര്‍ട്ടിനോയിഡ് അല്ലെങ്കില്‍ വര്‍ണ്ണം പകരാന്‍ സഹായിക്കുന്ന പിഗ്‌മെന്റ്് വീക്കത്തെ കുറയ്ക്കുകയും ഡയബീറ്റിസ് 2 ഹൃദ്‌രോഗം തുടങ്ങിയ വിട്ടുമാറത്ത രോഗങ്ങളുടെ അപകട സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചക്കയ്ക്ക് അതിന്റെ സ്വാദ് നല്‍കുന്ന ഫ്‌ളേവനോസ് എന്ന ഘടകത്തിന് ശരീരത്തിലെ വീക്കത്തേയും, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്റ്ററോള്‍ ഇവയെ കുറയ്ക്കാനുമുള്ള കഴിവുണ്ട്.

ചക്കയില്‍ അടങ്ങിയിരിക്കുന്ന ലിഗ്‌നാന്‍, സാപ്പനിന്‍, ഐസോഫ്ളേേവോണ്‍ തുടങ്ങിയ പോഷക വസ്തുക്കളില്‍ (ഫൈറ്റോ ന്യൂട്രിയന്‍സ)് അര്‍ബുദം, രക്തസമ്മര്‍ദ്ദം, കുടലില്‍ ഉണ്ടാകുന്ന വൃണങ്ങള്‍, എന്നിവയെ ചെറുക്കാനുള്ള കഴിവുള്ളതോടൊപ്പം നമ്മളുടെ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളിലുടെ ഉണ്ടാകുന്ന പലരോഗങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുന്ന ഒരു ആന്റിഓക്‌സിഡന്റുമാണ്. അതിലും ഉപരി അനാരോഗ്യപരമായ ജീവിത ശൈലിയിലൂടെ വാര്‍ദ്ധക്യത്തിലേക്കുള്ള ശരീരത്തിന്റെ വേഗതയെ കുറയ്ക്കുന്നതിനുള്ള ഘടകങ്ങളും ചക്കയിലുണ്ടന്നതുള്ളതും ഇവിടെ എടുത്തു പറയേണ്ടതാണ്. ലിഗ്‌നാന്‍ എന്നു പറയുന്നത് കോശ സംയുക്തങ്ങളെ തിരഞ്ഞെടുക്കാന്‍ കഴിവുള്ള ന്ന ഫൈറ്റോഎസ്റ്ററജന്‍സാണ്. ഇതിന്റെ ആന്റിഎസ്റ്ററജനിക്ക് ഗുണംകൊണ്ട് സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, അണ്ഡാശയ അര്‍ബുദം പ്രോസ്‌റ്റേറ്റിനെ ബാധിക്കുന്ന അര്‍ബുദം തുടങ്ങിയവയെ തടഞ്ഞു നിറുത്താന്‍ കഴിയുന്നു. അതുപോലെ ചക്കയില്‍ കണ്ടു വരുന്ന ഐസോഫ്‌ളേവോണ്‍ എന്ന ഫൈറ്റോഎസ്റ്ററജന്‍സിന് സ്തനാര്‍ബുദം, എന്‍ഡോമെറ്ററിയല്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അര്‍ബുദത്തെ നിയന്തിച്ച് ജീവിതത്തെ ആരോഗ്യ സംവര്‍ദ്ധകമാക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് സാധിക്കുമെന്ന് ദൃഡമായി വിശ്വസിക്കുന്ന, കേരളത്തിലെ, റിനെയി മെഡ്‌സിറ്റി ഹോസ്പിറ്റലിലെ പ്രശസ്തനായ സര്‍ജിക്കല്‍ ഓണ്‍ക്കോളജിസ്റ്റും റീകന്‍സ്റ്ററക്റ്റീവ് സര്‍ജനുംമാണ് ഡോക്ടര്‍ തോമസ്സ് വറുഗീസ്. ഇദ്ദേഹം കേരളത്തിലുടനീളവും ലോകത്തിന്റെ നാനഭാഗങ്ങളിലും യാത്ര ചെയ്യുത്, ക്യാന്‍സര്‍ പ്രതിരോധത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നു. അടുത്തയിടയ്ക്ക് കേരളത്തില്‍ വച്ചു നടന്ന ഒരു കൂടികാഴ്ചയില്‍, ഒരു കാലത്ത് കേരളക്കാര്‍ അവഗണിച്ചിട്ടിരുന്ന ചക്കക്ക് ക്യാന്‍സര്‍ ചികത്സയിലും അതുപോലെ അതിനെ പ്രതിരോധിക്കുന്നതിലും പങ്കിനെ കുറിച്ച് കാര്യ കാരണ സഹിതം സംസാരിക്കുകയുണ്ടായി. ക്യാന്‍സറിന്റെ തുടക്കം അടുക്കളയില്‍ നിന്നോ? (https://youtu.be/yZISDDLOLkY) എന്ന അദ്ദേഹത്തിന്റെ ചോദ്യം, അടുക്കളയില്‍ നിന്ന് ഒരു കാലത്ത് തള്ളി കളഞ്ഞ ചക്ക ഒരു മൂല ഭക്ഷണമാകുന്ന ഈ നൂറ്റാണ്ടില്‍ വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.

“ജീവിതം എന്ന് പറയുന്നത് പത്തു ശതമാനം നമ്മുക്ക് എന്തു സംഭവിക്കുന്നതിനേയും തൊണ്ണൂറു ശതമാനം നാം എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നതിനേയും ആശ്രയിച്ചിരിക്കും” (ലുക്കീമിയ ക്യാന്‍സര്‍ സര്‍വൈവര്‍)

ജി. പുത്തന്‍കുരിശ്‌ 
Join WhatsApp News
Ponmelil Abraham 2019-04-15 11:36:15
Useful information about jack fruit and health benefits.
John 2019-04-15 12:23:43
Thanks for the article. Very good information 
Dr. Thomas Varghese, 2020-02-05 14:45:22
Excellent article It reduces chemo-toxicity Director Cancer Division, Senior Consultant and Head of Department of Surgical Oncology and Reconstructive Surgery at Renai Medicity Hospital, Palarivattom, Cochin
Mathew perumpoyka 2020-04-23 02:08:24
Chaka oru albhutha falam aanennu kaalam theliyichu.Plavila Coti spoon nu Pakarm pandu kanji kudichirunnu.Plavilakum Chila owshada gunagal undayirikam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക