Image

ഭൂട്ടാന്‍: ഹിമാലയത്തില്‍ ആനന്ദത്തിന്റെ സാഗരം (മീട്ടു റഹ്മത്ത് കലാം)

Published on 15 April, 2019
ഭൂട്ടാന്‍: ഹിമാലയത്തില്‍ ആനന്ദത്തിന്റെ സാഗരം (മീട്ടു റഹ്മത്ത് കലാം)
ആനന്ദത്തിന്റെ നഗരം എന്ന ഖ്യാതി സ്വന്തമാക്കിയ ഭൂട്ടാന്‍ , ഹിമാലയന്‍ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്.  പരിമിത രാജ്യാന്തര ബന്ധങ്ങള്‍ മാത്രമുള്ള ഈ ബുദ്ധമതാധിഷ്ഠിത രാഷ്ട്രം , ഊഷ്മളമായ സ്‌നേഹത്തോടെയാണ് ഇന്ത്യയെയും ഇന്ത്യക്കാരെയും പരിഗണിക്കുന്നത്.

ഒരു കവാടം കടക്കുന്നതോടെ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നു എന്നതാണ് ഈ യാത്രയിലെ സവിശേഷത. ബംഗാളിലെ ജയ്ഗാവില്‍ രാത്രി ചിലവിടുമ്പോള്‍ ഇന്റര്‍നെറ്റിലൂടെ മാത്രം അറിഞ്ഞ ഭൂട്ടാനെക്കുറിച്ച് സമീപവാസികളോട് കൂടുതല്‍ ചോദിച്ച് മനസ്സിലാക്കിയിരുന്നു. എങ്കിലും ഒന്ന് കാലെടുത്തുവെച്ചമാത്രയില്‍ വര്‍ണനകളേക്കാള്‍ അത്ഭുതാവഹമായ ലോകത്തേക്കാണ് സഞ്ചാരമെന്ന് ബോധ്യപ്പെട്ടു. ഇന്ത്യയെയും ഭൂട്ടാനെയും വേര്‍തിരിക്കുന്ന ഗെയ്റ്റിനരികില്‍ നിന്ന് ഇരുവശത്തേക്കും കണ്ണോടിച്ചു.  ജയ്ഗാവ് എന്ന പ്രദേശം തെരുവുകച്ചവടക്കാരുടെ ബഹളങ്ങളും വാഹനങ്ങളില്‍ നിന്നുവരുന്ന പുകയുംകൊണ്ട് മടുപ്പിക്കുന്ന തരത്തിലാണ്.  അസഹനീയമായ ചൂടും. അല്പം കുശുമ്പോടെ ഫുണ്ട്‌ഷോളിങ് എന്ന ഭൂട്ടാന്‍ നഗരത്തിലേക്ക് പാളിനോക്കി. സ്വച്ഛസുന്ദരമായ ഭൂമിക, മുടിയിഴകളെ തഴുകി സ്വാഗതം പറയുന്ന നനുത്ത കാറ്റും. ഉള്ളിലേക്ക് ശുദ്ധവായു കടന്നപ്പോള്‍ തന്നെ ഈ യാത്ര സന്തോഷകരമായ കുറേ ഓര്‍മകള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയായി.

ഇന്ത്യയുമായി ഭൂട്ടാനുള്ളത് അന്‍പതുവര്‍ഷങ്ങള്‍ നീണ്ട സൗഹൃദം

  വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പാര്‍പ്പിടനിര്‍മ്മാണത്തിലുമെല്ലാം സ്വന്തമായ കയ്യൊപ്പ്  നിലനിര്‍ത്തുന്നവരാണ് ഭൂട്ടാനികള്‍. 1960 വരെ ഇതര രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടന്ന ഒരു തുരുത്തായിരുന്നു ഈ നാട്. ഇന്ത്യയും ടിബറ്റും കൈയടക്കിയപ്പോഴും, ബ്രിട്ടീഷുകാര്‍ക്ക്  ഭൂട്ടാനിലേക്ക് എത്തപ്പെടാനായില്ല. ദുര്‍ഘടമായ പര്‍വ്വതമേഖല എന്നതായിരുന്നു അവര്‍ നേരിട്ട വെല്ലുവിളി. ഫുണ്ട്‌ഷോലിങ്ങില്‍  നിന്നാരംഭിക്കുന്ന ഭൂട്ടാന്റെ ഏക ദേശീയപാത 1963 ലാണ് നിലവില്‍ വന്നത്. വാഹനങ്ങള്‍ക്കു പകരം കുതിരയും യാക്കും കഴുതയുമായിരുന്നു അതുവരെ യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ആശ്രയം. പര്‍വ്വതമേഖലയില്‍ മാത്രം കാണപ്പെടുന്ന മൃഗമാണ് യാക്ക്. മലങ്കാളയെന്ന് മലയാളത്തില്‍ പറയും.
 വിദേശികള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഈ രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുദ്ധസംസ്കാരത്തിന്റെ ഈറ്റില്ലമായ ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നതിന് അപേക്ഷനല്‍കി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്ത്യാക്കാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇന്നുമുള്ളത്. 1974ല്‍ മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്. വഴി സൗകര്യം തീരെയില്ലാതിരുന്ന കാലത്ത് യാക്കിന്റെ പുറത്തേറി ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇവിടം സന്ദര്‍ശിച്ചിരുന്നു. ഭൂട്ടാന്റെ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കുന്നത് അന്നുമുതലാണ്. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക്, രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചക്, രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചക് എന്നിവര്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി 2018 ഇന്ത്യഭൂട്ടാന്‍ സുവര്‍ണജൂബിലി വര്‍ഷമായി ആഘോഷിക്കാന്‍ നരേന്ദ്രമോദിയും ജിഗ്മേ ഖേസറും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ധാരണയായത്.
ഇന്ത്യക്കാര്‍ക്കും നേപ്പാളികള്‍ക്കും ഭൂട്ടാനില്‍ പ്രവേശിക്കാന്‍  പാസ്‌പോര്‍ട്ടിന്റെയോ വിസയുടെയോ ആവശ്യമില്ല. ഫുണ്ട്്‌ഷോലിങ്ങിലുള്ള ഇമിഗ്രേഷന്‍ ഓഫിസില്‍ നിന്ന് പെര്‍മിറ്റ് വാങ്ങണമെന്നു മാത്രം. ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും താമസം ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിന്റെ വിവരങ്ങളും നല്‍കിയാല്‍ മതി. ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കണം. യാത്രയുടെ ഉദ്ദേശവും മറ്റുവിവരങ്ങളും ഉദ്യോഗസ്ഥര്‍ വിശദമായി ചോദിച്ചറിയും. ഭൂട്ടാന്‍ ജനതയെ സംബന്ധിച്ച് പൈതൃകം ഇന്നലെകളുടെ ശേഷിപ്പല്ല , നാളെയ്ക്കായുള്ള കരുതലാണ്. തൊഴിലിന്റെ സ്ഥാനത്ത് പത്രപ്രവര്‍ത്തക എന്നുകണ്ടപ്പോള്‍ ഒരു ഉപദേശം തന്നു.  സ്ഥലം കാണുക, സന്തോഷിക്കുക. ഇവിടുത്തെ രീതികള്‍ പുറംലോകത്തെ അറിയിക്കുന്ന തരത്തില്‍  ഒന്നും എഴുതാന്‍ പാടില്ല. ഒരുതരം  കലര്‍പ്പുമില്ലാതെ അവര്‍ സംരക്ഷിച്ചുപോകുന്ന പൈതൃകത്തില്‍ മറ്റുരാജ്യക്കാരുടെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ഭയമാകാം അങ്ങനെ സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കണ്ടാസ്വദിക്കാന്‍ മാത്രമുള്ള യാത്രയാണിതെന്നും ഒന്നും എഴുതിത്തയാറാക്കാന്‍ പേനയോ പേപ്പറോ കരുതിയിട്ടില്ലെന്നും പറഞ്ഞ് തടിതപ്പി.

ചില ഔപചാരികതകള്‍

പെര്‍മിറ്റിന്റെ കോപ്പി യാത്രയിലുടനീളം കയ്യില്‍ കരുതണം. ടാക്‌സിബസ് യാത്രകളിലും താമസത്തിനും സിം കാര്‍ഡ് എടുക്കുന്നതിനുമെല്ലാം പെര്‍മിറ്റ് കാണിക്കേണ്ടായി വരും. ഭൂട്ടാനിലെവിടെയും ഇന്ത്യന്‍ കറന്‍സി സ്വീകരിക്കുമെന്നത് വലിയ ആശ്വാസമാണ്. പക്ഷേ, നമ്മുടെ ക്രെഡിറ്റ് കാര്‍ഡും എ.ടി.എം കാര്‍ഡും സ്വീകാര്യമല്ല. മിക്കവാറും ആളുകള്‍ പരമ്പരാഗത വേഷമാണ് ധരിക്കുക. ഓഫീസുകളില്‍ അത് നിര്‍ബന്ധമാണ്. കാഴ്ചയില്‍ ജപ്പാനിലെ കിമോണോയോട് സാദൃശ്യമുണ്ട്. ആണുങ്ങളുടേതിന് 'ഖോ' എന്നും പെണ്ണുങ്ങളുടേതിന് 'കിറാ'  എന്നുമാണ് പേര്.  പഴ്‌സും മൊബൈല്‍ ഫോണും സൂക്ഷിക്കുന്നതിന് സഞ്ചിപോലൊരു ഭാഗമുണ്ട് അവരുടെ വേഷത്തില്‍. രാജാവിന്റെ ഫോട്ടോയുള്ള ബാഡ്ജും ചിലര്‍ ധരിച്ചിട്ടുണ്ട്. രാജാവും രാജ്ഞിയുമെല്ലാം പരമ്പരാഗത വേഷം തന്നെയാണ് ധരിക്കുന്നത്. ജനങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയിട്ടും രാജാവിനോട് കടുത്ത ആദരവും സ്‌നേഹവും അവിടത്തുകാര്‍ക്കുണ്ടെന്ന് പ്രകടമാണ്. നമ്മുടെ നാട്ടില്‍ ദൈവങ്ങളുടെ ഫോട്ടോ വയ്ക്കുന്നതുപോലെ വലുതും ചെറുതുമായ സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം രാജകുടുംബത്തിന്റെ ചിത്രങ്ങള്‍ കാണാം.  അതൊരിക്കലും ആജ്ഞാപിച്ച് നേടിയെടുത്തതല്ല. സ്വന്തം ജനങ്ങളുടെ സന്തോഷമാണ് സമ്പത്തിനേക്കാള്‍ രാഷ്ട്രപുരോഗതിയുടെ മാനദണ്ഡം എന്നുവിശ്വസിക്കുന്ന രാജാവിനെ ആരാണ് സ്‌നേഹിക്കാതിരിക്കുക?

സ്വച്ഛസുന്ദര ഭൂപ്രകൃതി

മൂടിപ്പുതച്ചുറങ്ങാന്‍ പറ്റിയ കാലാവസ്ഥ. വെള്ളാരം കല്ലുള്ള പുഴ, കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പ് ഇതൊന്നും കവികളുടെ ഭാവനയില്‍ വിരിയുന്ന ഒന്നല്ല, യഥാര്‍ത്ഥത്തിലും അങ്ങനൊക്കെ സ്ഥലങ്ങളുണ്ടെന്ന് ഭൂട്ടാന്‍ കാണിച്ചുതന്നു. കൈക്കുമ്പിളില്‍  വെള്ളമെടുക്കുമ്പോള്‍ തന്നെ ആ സ്വച്ഛത വെളിപ്പെടും. വീതി കുറഞ്ഞതും മനോഹരവുമായ പാതകള്‍. എങ്ങും പൂക്കള്‍ വിടര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍. പരസ്യങ്ങള്‍ മലിനമാക്കാത്ത കമ്പോളങ്ങള്‍. കടകള്‍ക്കു മുന്നില്‍പ്പോലും ചെറിയ ബോര്‍ഡുകള്‍ മാത്രം. എല്ലാം ഒരേ നിറത്തില്‍, ഒരേ വലിപ്പമുള്ള അക്ഷരങ്ങളില്‍. വ്യാപാരസ്ഥാപനങ്ങളുടെ പേരെഴുതി വയ്ക്കുന്ന ബോര്‍ഡുകളുടെ വലിപ്പം പോലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന രീതിക്കാണ്. ഭൂട്ടാനീസ് ആര്‍ക്കിടെക്ചറില്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടങ്ങള്‍ക്കല്ലാതെ ഇവിടെ നിര്‍മ്മാണ അനുമതി ലഭിക്കില്ല. പ്രത്യേക തരം ചെരിവുള്ള  മേല്‍ക്കൂരയാണ് കെട്ടിടങ്ങളുടെ മുഖ്യ ആകര്‍ഷണം. പിന്തുടര്‍ച്ചാവകാശം സ്ത്രീകള്‍ക്കായതുകൊണ്ട് സ്ഥലങ്ങളും കെട്ടിടങ്ങളും സ്ത്രീകളുടെ പേരില്‍ ആണെന്ന അറിവും നാടിനോടുള്ള ബഹുമാനം കൂട്ടി. ജനിച്ചുവളര്‍ന്ന നാട്ടിലേക്കാള്‍ സുരക്ഷിതത്വബോധം എന്തുകൊണ്ടോ ഭൂട്ടാനും അവിടുത്തെ നാട്ടുകാരും തന്നു. തുറിച്ചുനോട്ടങ്ങളില്ല, ചിരിയില്‍ പോലും തികഞ്ഞ മാന്യത.
   വെള്ള, വയലറ്റ്, ചുവപ്പ് നിറങ്ങളിലുള്ള ഊദുമരങ്ങളിലെ പൂക്കള്‍കണ്ട് ഏഷ്യ വിട്ട് യൂറോപ്പിലെത്തിയതുപോലെ തോന്നി. രാജ്യത്തിന്റെ 60 ശതമാനവും വനമായിരിക്കണമെന്നു ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും  72 ശതമാനവും വനമായി നിലനില്‍ക്കുകയും ചെയ്യുന്ന ഭൂട്ടാന്‍, ലോകത്തെ ഒരേയൊരു കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാണ്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വനത്തില്‍ നിന്ന് മരംമുറിച്ച് തടിയെടുക്കാം. ഒരുമരം മുറിക്കുമ്പോള്‍ പകരം നാലെണ്ണം നടണമെന്ന് മാത്രം. നിയമങ്ങളെല്ലാം തങ്ങളുടെ നന്മയ്ക്കുള്ളതാണെന്ന് മനസ്സിലാക്കി, പാലിക്കുന്നതാണ് ഭൂട്ടാനികളുടെ സവിശേഷത. ഇതൊക്കെ ആരറിയാന്‍ എന്ന ചിന്തയില്‍ ഉഴപ്പ് കാണിക്കില്ല. വിദേശികളായ സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കൂടുകളും കണ്ണില്‍പ്പെട്ടാല്‍, അവ വേസ്റ്റ്ബിന്നില്‍ നിക്ഷേപിക്കേണ്ടത് സ്വന്തം കടമയായിക്കണ്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ വരുംകാലങ്ങളിലും  ഈ നാടിങ്ങനെ സുന്ദരമായി നിലനില്‍ക്കുമെന്ന ഉറപ്പാണ് നല്‍കുന്നത്.

എന്തെന്നറിയാതെ വളര്‍ന്ന കഞ്ചാവുകാടുകള്‍

മറ്റുനാടുമായി സമ്പര്‍ക്കമില്ലാതെ ജീവിച്ചതുകൊണ്ടാകാം കഞ്ചാവ് ലഹരിവസ്തു ആണെന്ന് ഭൂട്ടാന്‍ ജനത അറിഞ്ഞിരുന്നില്ല. കഞ്ചാവ് ചെടിവളര്‍ന്ന് കാടായപ്പോഴും കളപോലെ പറിക്കുകയും പന്നികള്‍ക്ക് തീറ്റയായി നല്‍കുകയുമാണ് അവര്‍ ചെയ്തത്. ഇതിന്റെ ഇലകഴിച്ച് പന്നി കൊഴുക്കുന്നതായാണ് ഇവിടത്തുകാര്‍ പറയുന്നത്.1999 ലാണ് കഞ്ചാവിന്റെ ദൂഷ്യം അറിഞ്ഞ് ഭൂട്ടാന്‍ ഗവണ്‍മെന്റ് അതിന് വിലക്കേര്‍പ്പെടുത്തിയത്. ആരും നട്ടുപിടിപ്പിക്കാത്തതും തനിയെ വളര്‍ന്നുവരുന്നതും ആയതുകൊണ്ട് ലഹരിയായി ഉപയോഗിക്കുന്നതിനാണ് വിലക്ക്. 2002 ല്‍ ഈ കാടിന് തീയിട്ടെങ്കിലും, പുല്ലുപോലെ വീണ്ടും മുളച്ചുവന്നത്രെ. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ തുണിത്തരങ്ങള്‍ക്ക് നിറംനല്‍കാന്‍ കഞ്ചാവിന്റെ ഇലയില്‍നിന്നുള്ള ചായം ഭൂട്ടാനികള്‍ ഉപയോഗിക്കാറുണ്ട്.

വിഹാരങ്ങളും പ്രാര്‍ത്ഥനാചക്രവും  സമഭാവനയും

ഏഴുലക്ഷത്തോളം ബുദ്ധമതവിശ്വാസികള്‍ പാര്‍ക്കുന്നതുകൊണ്ടുതന്നെ ഭൂട്ടാനില്‍ എങ്ങോട്ടുതിരിഞ്ഞാലും ബുദ്ധവിഹാരങ്ങളും സന്യാസിമഠങ്ങളും കാണാം. ഭക്തി അവര്‍ക്കൊരു ലഹരിയാണ്. ഭൂട്ടാനിലെ ഓരോ ക്ഷേത്രത്തിലും പ്രാര്‍ത്ഥനകള്‍ ആലേഖനം ചെയ്ത ചക്രങ്ങളുണ്ട്. ഈ ചക്രം 108 തവണ കറക്കിയാല്‍  അതില്‍ ആലേഖനം ചെയ്ത മന്ത്രങ്ങള്‍ ഉരുവിടുന്നതിന് സമാനമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.  വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ വകവയ്ക്കാതെ ശീലങ്ങളുടെ ഭാഗമായി മലമുകളിലുള്ള വിഹാരങ്ങളില്‍ എത്തുന്നവരെയും സന്യാസത്തിലേക്ക് ചെറുപ്പത്തിലേ ആകൃഷ്ടരായ കുട്ടികളെയും ഇവിടെ കാണാം. ലഖാംഗിലെ പ്രതിഷ്ഠകളിലൊന്നായ താംദ്രില്‍  കുട്ടികളുടെ  കാവല്‍ ദേവതയായി കണക്കാക്കപ്പെടുന്നതുകൊണ്ട് കുഞ്ഞുകുട്ടികളുമായാണ് ഇവിടെ ആളുകള്‍  എത്തുന്നത്. ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീന ഗ്രന്ഥത്തില്‍ നോക്കി ഒരു കുട്ടിക്ക് പേരിടുന്ന ചടങ്ങ് കണ്ടു.  കാവല്‍ ദേവതയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് പ്രതിദിനം മലമുകളിലെ ക്ഷേത്രത്തില്‍ എത്തുന്നത്.
40 വയസാകുമ്പോഴേ ജീവിതത്തിലെ വെട്ടിപ്പിടുത്തങ്ങള്‍ അവസാനിപ്പിച്ച് അടുത്ത ജന്മത്തിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ ഭൂട്ടാനിലെ രാജാവുമുതല്‍ നാടിനുമാതൃകയാകുന്നു. മരിക്കുംവരെ അധികാരം കയ്യടക്കി വയ്ക്കാതെ യുവരാജാവ്  ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചകിനെ രാജ്യം ഏല്‍പ്പിച്ച് വിശ്രമജീവിതം നയിക്കുകയാണ് ജിഗ്മെ വാങ്ചുക്.
ബുദ്ധവിഹാരങ്ങള്‍ക്കുള്ളിലെ പ്രാര്‍ത്ഥനാചക്രവുമായി സമാനത ഉള്ളതാണ് വഴിയില്‍ കെട്ടിത്തൂക്കിയ  രീതിയില്‍ കാണപ്പെടുന്ന പ്രാര്‍ത്ഥനാ പതാകകള്‍. ഇവയില്‍ സൂക്തങ്ങളും മന്ത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഇളംകാറ്റില്‍ പതാക മെല്ലെ ആടുമ്പോള്‍, അത് കെട്ടിയ ആള്‍ക്കും ആ കാറ്റേല്‍ക്കുന്ന പുല്‍ക്കൊടിക്കുപോലും സന്തോഷം ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ചവര്‍ക്കായുള്ള അര്‍പ്പണമായും ഇത് കണക്കാക്കപ്പെടുന്നു. പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന  അഞ്ച് നിറങ്ങളിലുള്ള പതാക, കൃഷിയുടെ സമൃദ്ധിക്കും ഉപകരിക്കും. ഓരോ നിറങ്ങള്‍ക്കും സവിശേഷതയുണ്ട്. 'മഞ്ഞ' ഭൂമിയേയും 'പച്ച' ജലത്തേയും 'ചുവപ്പ്' അഗ്‌നിയേയും 'വെള്ള' വായുവിനേയും 'നീല' ആകാശത്തെയും പ്രതിനിധാനം ചെയ്യുന്നു.  ദീര്‍ഘായുസ്സ്, അനുഗ്രഹം, ഭാഗ്യം, ബുദ്ധി, സംതൃപ്തി, ആരോഗ്യം, ആപത്തില്‍ നിന്നുള്ള രക്ഷ, സാഹോദര്യം, സന്തോഷം എല്ലാം നല്‍കാന്‍ കഴിവുള്ള ഒന്നായാണ് പ്രാര്‍ത്ഥനാ പതാകകളെ ഭൂട്ടാനികള്‍ കാണുന്നത്. സമത്വമാണ് രാജ്യത്തിന്റെ ആപ്തവാക്യം. വിമാനത്തിലായാലും രാജകുടുംബങ്ങള്‍ക്ക് വി.ഐ.പി. പരിഗണന ഇല്ല. അവിടത്തെ കുട്ടികളും സാധാരണക്കാരോടൊപ്പമാണ് പഠിക്കുന്നത്. ഭൂട്ടാന്റെ ദേശീയ വിനോദമായ അമ്പെയ്ത്തില്‍ ഏര്‍പ്പെടുന്ന സംഘം പ്രഭാതങ്ങളിലെ പതിവുകാഴ്ചയാണ്. മികച്ച ബാസ്കറ്റ് ബോള്‍ താരമായ രാജ്ഞി കെസാങ് ചോദന്‍ വാങ്ചുക് മറ്റുള്ളവര്‍ക്കൊപ്പം അവരിലൊരാളായി കോര്‍ട്ടിലിറങ്ങി കളിക്കുന്ന കാഴ്ചയും ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഏറ്റവും പ്രായം കുറഞ്ഞ രാജ്ഞി എന്ന പദവിയും ഇവര്‍ക്കാണ്.

ഷെയര്‍ ടാക്‌സിയും ബസും

ഭൂട്ടാനിലെ യാത്രാസംവിധാനങ്ങള്‍ മലയാളികളില്‍ അത്ഭുതമുളവാക്കും. ഹെയര്‍പിന്‍ റോഡുകളിലൂടെ െ്രെഡവര്‍മാര്‍ ടാക്‌സിയില്‍ വളരെ സാവധാനമാണ് യാത്രികരെ കൊണ്ടുപോവുക. ഒരു കിലോമീറ്ററില്‍ ശരാശരി 17 ഹെയര്‍പിന്‍ വളവുകള്‍ പിന്നിടണം. ആര്‍ക്കും തിരക്കില്ലെന്നതാണ് ശ്രദ്ധേയം. അമിതവേഗതയില്‍ പായുന്ന വാഹനങ്ങള്‍ എങ്ങുമില്ല. ഹോണ്‍ മുഴക്കുന്നതിനുപോലും നിയന്ത്രണമുണ്ട്. കാല്‍നടയാത്രക്കാരെ സഹായിക്കാന്‍ സന്നദ്ധതയോടെ നില്‍ക്കുന്ന പൊലീസുകാരെ ഓരോ സ്‌റ്റോപ്പിലും കാണാം.  റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ സീബ്ര ക്രോസിങ്ങിലൂടെ മാത്രമേ ക്രോസ് ചെയ്യാവൂ എന്ന ഉപദേശം ട്രാഫിക് പോലീസില്‍ നിന്ന് കേട്ടപ്പോള്‍, അതെങ്ങനെ ശരിയാകുമെന്ന് സംശയിച്ചു. നമ്മുടെ നാട്ടിലെ കാര്യമാണ് മനസ്സില്‍ വന്നത്. പക്ഷെ, ഭൂട്ടാനില്‍ സീബ്രാലൈനില്‍ ഒരാള്‍ നില്‍ക്കുന്നതുകണ്ടാല്‍ എതിരെ വരുന്ന വാഹനം ബ്രേക്കിട്ടിരിക്കും എന്ന് അനുഭവത്തിലൂടെ കണ്ട് ആ സിസ്റ്റത്തോട് ബഹുമാനം തോന്നി.
 കൂടുതലായും ഷെയര്‍ ടാക്‌സികളെ ആശ്രയിച്ചാണ് ഭൂട്ടാനിലെ യാത്ര. ടാക്‌സി സ്റ്റാന്‍ഡില്‍ പരമ്പരാഗത വേഷം ധരിച്ച െ്രെഡവര്‍മാരുടെ വിലപേശല്‍ കേള്‍ക്കാന്‍ രസമാണ്. കൂടെയുള്ളവര്‍ക്കും ഓട്ടം ശരിയാക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍, മത്സരബുദ്ധി ഇല്ലെന്ന് മനസിലായി. പുകവലി നിരോധിച്ച രാജ്യമാണെങ്കിലും ചെക്കിങ് ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ വണ്ടിനിര്‍ത്തി െ്രെഡവറും സഹയാത്രികരായ പെണ്‍കുട്ടികളും രണ്ട് പഫ് എടുത്തു. തണുപ്പിനെ അതിജീവിക്കാന്‍ വേണ്ടിയാണത്രെ! സംസാരം തീരെ ശബ്ദംകുറച്ചാണെങ്കിലും അല്പം ഉറക്കെ പാട്ട് വച്ച് ആസ്വദിക്കുന്നവരാണ് ഭൂട്ടാനികള്‍. യാത്രയില്‍ കൂടെപ്പാടുകയും  ചെയ്യും. അറിയാവുന്ന പാട്ടാണെങ്കില്‍ നമുക്കും മൂളാമായിരുന്നു എന്ന് വിചാരിച്ചപ്പോള്‍ തന്നെ, ബോളിവുഡ് ഗാനങ്ങളും പ്ലേ ചെയ്തു. നമ്മുടെ ഹിന്ദിപ്പാട്ടുകളും, അവര്‍ കൂടെപ്പാടി ആസ്വദിക്കും. കാലാവസ്ഥയിലെ മാറ്റംകൊണ്ട് ചെറുതായി ജലദോഷം തുടങ്ങിയപ്പോള്‍, ഹോംഗ് തായ് എന്നൊരു ബാം തന്നു. അമൃതാഞ്ജന്‍ പോലെ ഇരിക്കും. തായ്‌ലന്‍ഡില്‍ നിന്നിറക്കുമതി ചെയ്യുന്നതാണ്. അതുമണത്തതും അസുഖം പമ്പകടന്നു.
വഴിമദ്ധ്യേ കയറിയ ഹോട്ടലിലെ ടിവിയില്‍ 'ഡാന്‍സ് ഇന്ത്യ ഡാന്‍സ്' എന്ന പരിപാടി കണ്ട് ഇന്ത്യക്കാര്‍ നന്നായി ഡാന്‍സ് കളിക്കും അല്ലേ എന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു. എല്ലാവരും കലാകാരന്മാരാണെന്ന് ആ കുട്ടി തെറ്റിദ്ധരിച്ചിരിക്കാം. മറുപടിയായി ഒന്ന് ചിരിച്ചു. 1999 വരെ ടിവി പോലും ഇല്ലാതിരുന്ന രാജ്യമാണ് ഭൂട്ടാന്‍.  വന്‍സാമ്പത്തിക ശക്തികളുടെ പ്രലോഭനങ്ങള്‍ ഭൂപ്രകൃതിക്ക് ദോഷം വരുത്തുമെന്ന ബോധ്യംകൊണ്ട് ചെവികൊടുക്കാതെ വിടുമ്പോഴും സാങ്കേതിക വിദ്യയില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഭൂട്ടാന്‍, ഇന്ന് ജലവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് മുന്‍പന്തിയിലാണ്. നിസാന്റെ ബാറ്ററി കാര്‍ ആദ്യം ഇറങ്ങിയതും ഇവിടെയാണ്.
ഇന്ത്യക്കാരായ കണക്ക് അധ്യാപകര്‍ ഭൂട്ടാനിലൊരുപാടുണ്ടെന്നും നമ്മുടെ നാട് കാണാന്‍ ആഗ്രഹം ഉണ്ടെന്നുമൊക്കെ പരിചയപ്പെട്ടവരില്‍ പലരും പറഞ്ഞു. ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളവരെയും പരിചയപ്പെട്ടു. പെട്രോള്‍ കുറവാണെന്നുകണ്ട് െ്രെഡവര്‍ അടുത്ത പമ്പില്‍ വണ്ടി നിര്‍ത്തി. ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങുന്ന രാജ്യമാണ് ഭൂട്ടാന്‍. എന്നിട്ടും അവിടുത്തെ പമ്പില്‍ നാട്ടിലെ വിലയേക്കാള്‍ ഇരുപതുരൂപ കുറവായത് എങ്ങനെ ആയിരിക്കുമെന്നാണ് ചിന്തിച്ചത്.
വിരലിലെണ്ണാവുന്നത്ര ബസ്സുകളേ ഭൂട്ടാനില്‍ കണ്ടുള്ളു. മിനി ബസിന്റെ വലിപ്പമേ ഉള്ളു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, പകല്‍ സമയം മാത്രമാണ് സര്‍വീസ് നടത്തുന്നത്. വിദേശികള്‍ക്ക് ബസ്സില്‍ യാത്രചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി വേണം. തലേ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. എത്ര സീറ്റുണ്ടോ, അത്രയും പേര്‍ക്കുമാത്രമേ ബസില്‍ കയറാന്‍ അനുമതി ലഭിക്കൂ. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

തലസ്ഥാനനഗരിയിലെ ബുദ്ധ പ്രതിമ

ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പുവിന്റെ പ്രധാന ആകര്‍ഷണം കുന്നിന്‍ മുകളിലെ ബുദ്ധന്റെ വെങ്കല പ്രതിമയാണ്. ബുദ്ധാ പോയിന്റ് എന്നാണിവിടം അറിയപ്പെടുന്നത്.  169 അടി വലിപ്പമുള്ള പ്രതിമയില്‍, ബുദ്ധന്റെ തന്നെ ഒന്നേകാല്‍ ലക്ഷം ചെറുരൂപങ്ങളും കൊത്തിയിട്ടുണ്ട്.  വലിയ പ്രതിമയുടെ നെഞ്ചിലാണ് 8 ഇഞ്ചുള്ള കുഞ്ഞുരൂപങ്ങള്‍. 100 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കോടെ 2015ല്‍ നാലാമത്തെ രാജാവ് ജിഗ്മെയുടെ പിറന്നാളിനാണ് ഈ പ്രതിമ പണികഴിപ്പിച്ചത്. പ്രതിമയെ വലംവയ്ക്കുന്നത് പുണ്യമായാണ് ഭൂട്ടാനികള്‍ കാണുന്നത്.
സിദ്ധാര്‍ത്ഥന്‍ എന്ന പേരില്‍ രാജാവായിരിക്കെയാണ് ബോധോദയം ലഭിക്കുന്നതും ലൗകിക സുഖങ്ങള്‍ ത്യജിച്ച് അദ്ദേഹം ബുദ്ധനായി മാറുന്നതും. സിദ്ധാര്‍ത്ഥന്‍ എന്ന രാജാവിന്റെ രൂപത്തില്‍ സര്‍വാംഗ വിഭൂഷിതനായ ബുദ്ധ പ്രതിമ, ലോകത്താകെ ഭൂട്ടാനില്‍ മാത്രമാണുള്ളത്. ആരും അതുപോലൊന്ന് നിര്‍മിച്ചുകൂടാ എന്നതുകൊണ്ടാകാം, ആ പ്രതിമയുടെ ഫോട്ടോപകര്‍ത്താന്‍പോലും സമ്മതിക്കില്ല. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞുബുദ്ധ വിഗ്രഹവും ഇവിടുണ്ട്.

മോമോസും നൂഡില്‍സും മറ്റു ഭൂട്ടാനി രുചികളും
 
ഭൂട്ടാനി ഭക്ഷണം രുചിച്ചറിയുന്നതില്‍ നിന്ന് പുറകോട്ടു വലിക്കുന്ന ഘടകം എരിവിന്റെ ലെവല്‍ ആണ്. മുളക് മേമ്പൊടിക്ക് ചേര്‍ക്കുന്ന സാധനമല്ല അവര്‍ക്ക്, പച്ചക്കറിപോലെയാണ്. 'എമാ ദാത്ഷി' ആണ് ഭൂട്ടാന്റെ തനതുവിഭവം. യാക്കിന്റെ കൊഴുപ്പും എമാ എന്നുവിളിക്കുന്ന എരിവുകൂടിയ മുളകുമിട്ട് വേവിച്ച ചോറാണ് ഐറ്റം. ചുവന്ന അരിയാണ് ഉപയോഗിക്കുന്നത്.
ഞായറാഴ്ചകളില്‍ സജീവമാകുന്ന ഭൂട്ടാനിലെ മാര്‍ക്കറ്റില്‍, ഈച്ച ഇല്ലെന്നതാണ് ഞാന്‍ കണ്ട അത്ഭുതങ്ങളിലൊന്ന്. കൃഷിയിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ തന്നെ കൊണ്ടുവന്ന് കച്ചവടം നടത്തുകയാണ്. ഇടനിലക്കാരില്ല. ഉള്ളി മുതല്‍ ഒന്നും തന്നെ വാരിവലിച്ച് ഇട്ടിട്ടില്ല. എല്ലാം അളന്ന് തൂക്കി, കവറിലാക്കിയാണ് കച്ചവടം. ഉണങ്ങിയ മീനും പഴവര്‍ഗങ്ങളും എല്ലാമുണ്ട്. െ്രെഡ ഫ്രൂട്‌സ് പലതും കഴിച്ചിട്ടുണ്ടെങ്കിലും ആപ്പിള്‍ ഉണങ്ങിയതിന്റെ രുചി, ഭൂട്ടാന്റെ മാര്‍ക്കറ്റില്‍ വച്ചാണ് അറിഞ്ഞത്. ബുദ്ധമതത്തിന്റെ അഹിംസാ തത്വം സ്വീകരിച്ചിരിക്കുന്നതിനാല്‍ മൃഗങ്ങളെ ഭൂട്ടാനില്‍ കശാപ്പുചെയ്യാറില്ല. പക്ഷേ ഭക്ഷണത്തില്‍ ഇറച്ചിയാണ് പ്രധാനം. സന്യാസിമാരിലും  ഇറച്ചി തീറ്റക്കാര്‍ ഉണ്ടെന്ന് താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഫ്രീസ് ചെയ്ത ഇറച്ചി ഇന്ത്യയില്‍ നിന്നും ലോഡുകണക്കിനാണ് ദിവസവും  ഇവിടേക്ക് എത്തിക്കുന്നത്.  തടാകങ്ങളില്‍ നിന്നു മീന്‍ പിടിച്ചാല്‍ ജയില്‍വാസവും പിഴയുമാണ് ശിക്ഷ.
വെണ്ണ തുണിയില്‍ കെട്ടിവച്ച്, പുഴു രൂപപ്പെട്ടു കഴിഞ്ഞാല്‍ ഉണക്കിയെടുത്ത് ഉണ്ടാക്കുന്ന യമതാച്ചിയാണ് ഭൂട്ടാന്‍ വിഭവങ്ങളിലെ പ്രധാന ചേരുവ. യമതാച്ചി എങ്ങനാണുണ്ടാക്കുന്നതെന്ന് അറിയുന്നതിന് മുന്‍പായതുകൊണ്ട്, അതുചേര്‍ത്ത നൂഡില്‍സ് ആസ്വദിച്ചാണ് കഴിച്ചത്. മോമോസിന്റെ തനതുരുചിയും ഭൂട്ടാനില്‍  നിന്നറിയാം. ഇന്ത്യന്‍ തീന്മേശയില്‍ മോമോസ് ലഭ്യമാണെങ്കിലും അവയുടെ ജന്മനാടായ ടിബറ്റിനോട് ഏറ്റവും നീതിപുലര്‍ത്തുന്ന റെസിപ്പീ ഭൂട്ടാനിലേതാണ്. ആവിയില്‍ വേവിച്ച ഈ പലഹാരം എല്ലാനേരവും റെസ്‌റ്റോറന്റുകളില്‍ ഡിമാന്‍ഡ് ഉള്ള ഒന്നാണ്.  യാക്കിന്റെ ചീസ് ചേര്‍ത്ത് പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ട ചായയാണ് ഭൂട്ടാനികള്‍ പതിവായി കുടിക്കുന്നത്. സുദ്ചാ എന്നാണ് ഇതിന്റെ പേര്.
ഭക്ഷണത്തോടൊപ്പമുള്ള മദ്യത്തിന്റെ സാന്നിധ്യമാണ് ഭൂട്ടാനി ജീവിതത്തിന്റെ മറ്റൊരു സവിശേഷത. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും മദ്യം കഴിക്കുന്നു ഇവിടെ. എല്ലാ ഹോട്ടലുകളും ബാര്‍ അറ്റാച്ച്ഡ് ആണ്, വൈഫൈ സൗകര്യവും ഉണ്ട്. സ്ത്രീകളാണ് സെര്‍വ് ചെയ്യുന്നത്. ഒരു ബോട്ടില്‍ ഓര്‍ഡര്‍ ചെയ്താലും ആവശ്യത്തിന് മാത്രം കുടിച്ച് ബാക്കിവച്ച് മാന്യമായി ഇറങ്ങിപ്പോകുന്നതാണ് രീതി. അമിതമായ അളവില്‍ മദ്യപിക്കുന്നതും മദ്യം വിളമ്പുന്നതും ശിക്ഷാര്‍ഹമാണ്. ചൊവ്വാഴ്ച്ച മദ്യപാനം നിയമംമൂലം നിര്‍ത്തലാക്കിയിട്ടുണ്ട്.

ഭൂട്ടാനിലെ കടലാസും അച്ചടിയും

എട്ടാം നൂറ്റാണ്ടുമുതല്‍ തന്നെ ഇവിടെ കടലാസുനിര്‍മ്മാണം പ്രചാരത്തിലുണ്ട്. കുടില്‍വ്യവസായമായി വാണിജ്യാടിസ്ഥാനത്തില്‍ ഹാന്‍ഡ്‌മെയ്ഡ് പേപ്പര്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇന്ത്യ, നേപ്പാള്‍, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന മുന്തിയ ഇനം കടലാസുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്.
മൊണാസ്ട്രിയിലെ പുരാതനഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതും കട്ടിയുള്ള ഇത്തരം കടലാസിലാണ്. പല നിറങ്ങളിലുള്ള ഇലച്ചായം കൊണ്ടെഴുതിയ സൂക്തങ്ങളും ചിത്രങ്ങളും നൂറ്റാണ്ടുകള്‍ക്കിപ്പുറവും മങ്ങാതെ നിലനില്‍ക്കുന്നു. മൂവായിരം അടിയില്‍ക്കൂടുതല്‍ ഉയരത്തില്‍ വളരുന്ന ഡാഫ്‌നെ വൃക്ഷത്തിന്റെ തൊലിയാണ് ഭൂട്ടാന്‍ കടലാസിന്റെ അസംസ്കൃത വസ്തു. വെള്ളപ്പൂക്കള്‍ ചൂടിയ ഡാഫ്‌നെ മരക്കാടുകള്‍ എത്ര കണ്ടാലും മതിവരില്ല. പൂക്കള്‍ക്ക് മനംമയക്കുന്ന സുഗന്ധമാണ്.
വിരലിലെണ്ണാവുന്ന പത്രങ്ങളേ ഭൂട്ടാനിലില്‍ ഉള്ളു. രൂപത്തിലും ഉള്ളടക്കത്തിലും ടാബ്ലോയിഡുകളോട് സാദൃശ്യമുള്ളവയാണ് അധികവും. പത്രവായന അവരുടെ ശീലങ്ങളുടെ ഭാഗമായിട്ടില്ല ഇനിയും. ഇന്ത്യന്‍ പത്രങ്ങള്‍ ഒരു ദിവസം വൈകി ബംഗാളില്‍ നിന്ന് തലസ്ഥാനനഗരമായ തിമ്പുവില്‍ എത്തും.

മനസ്സലിവുള്ള കച്ചവടക്കാര്‍

ഷോപ്പിംഗിനു പറ്റിയ സ്ഥലമാണ് ഭൂട്ടാന്‍. ബുദ്ധമതാധിഷ്ഠിതമായ കരകൗശല സാധനങ്ങളാണ് ഏറെയും. ഇന്ത്യന്‍ റുപ്പിയുമായി വിനിമയത്തില്‍ വ്യത്യാസമില്ലാത്തതുകൊണ്ട്, നഷ്ടം വരില്ല. കച്ചവടക്കാര്‍ കടുംപിടുത്തക്കാരല്ല. അത്രയ്ക്ക് കണ്ടിഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടാല്‍, സങ്കടപ്പെടുത്തേണ്ട എന്നുകരുതി  വിലകുറച്ച് തരും. അവരുടെ ഓതെന്റിക് സാധനങ്ങളിലേ അത് നടക്കൂ. തായ്‌ലന്‍ഡില്‍ നിന്നിറക്കുമതി ചെയ്തവയ്ക്ക് വിട്ടുവീഴ്ച ഉണ്ടാവില്ല. ഭൂട്ടാന്‍ തീരെ ചെറിയ രാജ്യമായതുകൊണ്ടാവണം, ഒരുകടയില്‍ വച്ച് കണ്ടുമുട്ടിയ ആളെ എവിടെങ്കിലുമൊക്കെ വച്ച് വീണ്ടും കാണും. വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍, കേരളത്തേക്കാള്‍ ചെറുതായ ഭൂട്ടാനില്‍ എട്ടുലക്ഷത്തിനടുത്ത് മാത്രമേ ജനസംഖ്യ ഉള്ളു.  അതുകൊണ്ട് വലിയ ആള്‍ക്കൂട്ടമില്ല. റോഡില്‍ ഇറങ്ങി നടന്നാല്‍ തിരിച്ചറിയാം.
കടകളില്‍ ആയാലും പ്രാര്‍ത്ഥനാലയങ്ങളിലായാലും തെരുവുനായ്ക്കള്‍ വിഹരിക്കുന്നതായി കാണാം. ആരും തന്നെ ഇവയെ കല്ലെടുത്തെറിയില്ല. കുട്ടികള്‍പോലും നായ്ക്കളെ തലോടിയേ കടന്നുപോകൂ.

നാലുനാള്‍ നീളുന്ന ഉത്സവലഹരി

ഒരുകടയില്‍വച്ച്, ഭൂട്ടാന്റെ തനതുകലാരൂപങ്ങളെ കുറിച്ചുള്ള പുസ്തകം  മറിച്ചുനോക്കുന്നതിനിടയിലാണ്, മുഖംമൂടി ധരിച്ച സംഘനൃത്തത്തിന്റെ ചിത്രങ്ങള്‍ കാണുന്നത്. 'ഛം' എന്നാണ് ആ കലാരൂപത്തിന്റെ പേര്. ശരത്കാലത്തിലെ 'ത്സെച്ചു' എന്ന ഉത്സവത്തിനാണത്രെ ആ നൃത്തം അരങ്ങേറുന്നത്. രണ്ടുനാള്‍ കൂടി തങ്ങിയാല്‍ ഉത്സവം നേരില്‍കണ്ട് ആസ്വദിക്കാം എന്ന് കേട്ടപ്പോള്‍, രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. വിവാഹംകഴിഞ്ഞ് പല ദിക്കില്‍ കഴിയുന്നവരും ഉത്സവത്തോടനുബന്ധിച്ച് നാട്ടില്‍ പറന്നെത്തുമെന്ന് ഹോംസ്‌റ്റേ നടത്തുന്ന വീട്ടുകാര്‍ പറഞ്ഞു. പരമ്പരാഗത വേഷം ധരിച്ചാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. കുഞ്ഞുങ്ങളെ തോളില്‍ തുണികൊണ്ട് സഞ്ചിപോലെ ഉണ്ടാക്കി അതില്‍ ഇരുത്തും. അന്നേ ദിവസം വീടുകളില്‍ ആരും തന്നെ ഉണ്ടാകില്ല.
കേരളത്തിലെ സാധാരണക്കാരോട് അരങ്ങിലെ കഥകളിയുടെ സന്ദര്‍ഭം വിവരിക്കാന്‍ പറഞ്ഞാല്‍ ഉണ്ടാകുന്ന സന്ദേഹമോ ആശങ്കയോ അവിടെ ആരിലും കണ്ടില്ല. എല്ലാ തലമുറയില്‍പ്പെട്ടവരും വാതോരാതെ കാര്യങ്ങള്‍ വിവരിച്ചുതന്നു. ബുദ്ധമതാധിഷ്ഠിതമായ നൃത്തം അവതരിപ്പിക്കുന്നതും സന്യാസിമാരാണ്. താന്ത്രിക് മുദ്രകളാണ് നര്‍ത്തകര്‍ അവതരിപ്പിക്കുന്നത്. മറ്റുനൃത്തങ്ങളിലേതുപോലെ ഓരോ സ്‌റ്റെപ് പഠിച്ചെടുക്കുന്ന  രീതിയല്ല, ധ്യാനത്തിലൂടെ കൈ എങ്ങനെ ചലിപ്പിക്കണമെന്ന സിദ്ധി ദൈവീകമായി ആര്‍ജിച്ചെടുക്കുകയാണ്. മുഖംമൂടികളില്‍ ചരിത്രപുരുഷന്മാരുടെ പ്രതീകങ്ങളും വേട്ടക്കാരനും നായയും മാനും ഒക്കെയുണ്ട്. 'ഛം'  അവതരിപ്പിക്കുന്നതോടെ അതുവരെ ചെയ്തപാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. അതുകണ്ടിരിക്കുന്നതുപോലും പുണ്യമാണ്.  ഈ നൃത്തം സ്ത്രീകള്‍ അവതരിപ്പിക്കില്ല. 'അത്സര' എന്നുപേരുള്ള ഗുരുവാണ് നൃത്തത്തിലെ പ്രധാനി. ഡാന്‍സിനിടയില്‍ അയാള്‍ കാണികള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന് കെട്ടിപ്പിടിക്കുന്നതൊക്കെ അനുഗ്രഹമായാണ് ഇവിടത്തുകാര്‍ കാണുന്നത്. ഓട്ടന്‍തുള്ളല്‍കലാകാരനെ പോലെ തമാശകള്‍ പറഞ്ഞ് രസിപ്പിക്കുന്ന റോളാണ് അത്സരയ്ക്ക്. അത്സര എന്ന വാക്ക് സംസ്കൃതത്തിലെ ആചാര്യയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇലത്താളം, കൈമണി, ശംഖ് എന്നിവയ്‌ക്കൊപ്പം പ്രത്യേകതരം ചെണ്ടയുടെയും കൊമ്പുപോലുള്ള വാദ്യോപകരണത്തിന്റെയും ശബ്ദം പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേള്‍ക്കാം. പാട്ടുണ്ടാവില്ല. മരണാനന്തര ജീവിതമാണ് നൃത്തത്തിലൂടെ ആവിഷ്കരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് നര്‍ത്തകര്‍ ധരിക്കുന്നത്. ആഭരണങ്ങള്‍ മൃഗങ്ങളുടെ എല്ലുകൊണ്ട് ഉണ്ടാക്കുന്നതാണ്. ഗുരു റിമ്പോച്ചെയ്ക്കുള്ള അര്‍പ്പണമാണ് ഈ കലാരൂപം.

ടൈഗേഴ്‌സ് നെസ്റ്റ് : ഭൂട്ടാന്‍ യാത്രയുടെ ഹൃദയം 

ഭൂട്ടാനില്‍ ബുദ്ധിസം കൊണ്ടുവന്ന ഗുരു പദ്മസംഭവ ( റിമ്പോച്ചെ) പാറോ എന്ന മലഞ്ചെരുവില്‍ എത്തിയത് കടുവയുടെ പുറത്താണെന്നാണ് വിശ്വാസം. സമുദ്രനിരപ്പിനും പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൈഗേഴ്‌സ് നെസ്റ്റില്‍ എത്തിച്ചേരാന്‍ കുറഞ്ഞത് രണ്ടുമണിക്കൂര്‍ ഹൈക്കിങ് വേണ്ടിവരും. കുതിരപ്പുറത്തും വടികുത്തിയുമൊക്കെ ആളുകള്‍ മുകളിലെത്താന്‍ ശ്രമിക്കുന്ന കാഴ്ച കാണേണ്ടതാണ്. മിക്കവാറും തന്നെ പാതിവഴിയില്‍ ഉദ്യമം അവസാനിപ്പിക്കും. കാരണം, കുതിരസവാരി പകുതി ദൂരം വരെയേ അനുവദിക്കൂ. ഭൂട്ടാന്റെ ഹൃദയത്തുടിപ്പായി കരുതുന്ന ടൈഗേഴ്‌സ് നെസ്റ്റ് (പാറോ താക്‌സാങ്) കണ്ടില്ലെങ്കില്‍ യാത്ര അപൂര്‍ണമാകും എന്ന ബോധ്യമാണ് തളര്‍ച്ച വകവയ്ക്കാതെ ആ കുന്നിന്റെ നെറുകയില്‍ എത്തിച്ചത്. ശീലമായതുകൊണ്ടാകാം, ഭൂട്ടാനിലെ പ്രായമായവര്‍ പോലും അനായാസമാണ് മലകയറുന്നത്. ഭക്തിയുടെ തീവ്രതകൊണ്ടുമാകാം. പൈന്മരക്കാടുകളിലൂടെയാണ് യാത്ര. കല്ലുചെത്തി ഒരുക്കിയ പാതയാണ്. റോഡൊന്നുമില്ല. പല റൂട്ടിലൂടെ സഞ്ചാരികള്‍ നടന്നാലും ഒരേ ദിശയില്‍ എത്തിച്ചേരും. വഴിനീളെ പ്രാര്‍ത്ഥനാപതാകകളും ചക്രങ്ങളും ധ്യാനിക്കാന്‍ ഇരിപ്പിടങ്ങളുമുണ്ട്. ഇടയ്ക്ക് വിശ്രമിച്ച ശേഷമേ മുന്നോട്ട് നടക്കാന്‍ കഴിയൂ. ടൈഗേഴ്‌സ് നെസ്റ്റില്‍ എത്തപ്പെടുമ്പോള്‍ ആകാശം കൈയെത്തി പിടിക്കാമെന്നുതോന്നും. മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വതനിര തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കാണാം. വില്യം രാജകുമാരനും പത്‌നി കെയ്റ്റ് മിഡില്‍ട്ടണും 2015 ല്‍ നടത്തിയ സന്ദര്‍ശനത്തോടെയാണ് ഇവിടം ലോകശ്രദ്ധ പിടിച്ചുപറ്റിയത്.എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ബുദ്ധവിഹാരം, ഭൂട്ടാന്‍ രാജകുടുംബം സംരക്ഷിച്ചു പോന്നെങ്കിലും 1998ല്‍ തീപിടിത്തമുണ്ടായി കേടുപാടുകള്‍ വന്നു. രണ്ടുകോടി ഡോളര്‍ മുതല്‍മുടക്കിയാണ് ഇന്നുകാണുന്ന രീതിയില്‍ നെസ്റ്റ് പുതുക്കിപ്പണിതത്.
യാത്ര ചെയ്യാന്‍ ആഗ്രഹമില്ലാത്തവരിലും ലോകം കാണാനുള്ള പ്രേരണ ജനിപ്പിക്കുന്നതില്‍ ഭൂട്ടാനു വലിയ പങ്കുണ്ട്.  ഓരോ സംസ്കാരങ്ങള്‍ അടുത്തറിയുമ്പോള്‍, അത് ആത്മനവീകരണത്തിനുള്ള അവസരമാണ്. സാമ്പത്തിക ഉന്നമനത്തിന് പകരം സന്തോഷത്തിന് ഊന്നല്‍ നല്‍കുന്ന രാജ്യം പലതും പഠിപ്പിക്കുന്നു. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കുടുംബങ്ങളിലും പകര്‍ത്താവുന്ന വലിയ ആശയമാണത്. ജീവിച്ചിരിക്കുമ്പോള്‍ സന്തോഷമായിരിക്കുന്നതിനപ്പുറം മനുഷ്യന് എന്താണ് നേടാനുള്ളത്? കടപ്പാട്: മംഗളം

ഭൂട്ടാന്‍: ഹിമാലയത്തില്‍ ആനന്ദത്തിന്റെ സാഗരം (മീട്ടു റഹ്മത്ത് കലാം)ഭൂട്ടാന്‍: ഹിമാലയത്തില്‍ ആനന്ദത്തിന്റെ സാഗരം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക