Image

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‌ ജ്യോതിയുടെ അത്യുഗ്രന്‍ പരിഭാഷ; കയ്യടി നേടി പരിഭാഷക

Published on 16 April, 2019
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‌ ജ്യോതിയുടെ അത്യുഗ്രന്‍ പരിഭാഷ; കയ്യടി നേടി പരിഭാഷക
കൊല്ലം: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പോലെ തന്നെ കയ്യടി നേടി തര്‍ജ്ജമയും. മാധ്യമപ്രവര്‍ത്തകയും അഭിഭാഷകയും സിവില്‍ സര്‍വ്വീസ്‌ അക്കാദമിയിലെ ഫാക്വല്‍ട്ടിയുമായ ജ്യോതി വിജയകുമാറാണ്‌ രാഹുലിന്റെ പത്തനാപുരം പ്രസംഗം പരിഭാഷ ചെയ്‌തത്‌.

രാഹുലിന്റെ പ്രസംഗത്തിന്റെ ഫീല്‍ അതേരീതിയില്‍ പ്രതിഫലിക്കുന്നതായിരുന്നു ജ്യോതിയുടെ പരിഭാഷ. വാക്കുകളുടെ ആശയം ഒട്ടും ചോരാതെ മലയാളികള്‍ക്ക്‌ എളുപ്പം മനസിലാക്കാന്‍ സഹായകരമാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയായിരുന്നു ജ്യോതി സംസാരിച്ചത്‌. രാഹുല്‍ സംസാരിക്കുന്ന അതേ വേഗത്തില്‍ തന്നെയായിരുന്നു ജ്യോതിയുടെ പരിഭാഷയും.

ഇതാദ്യമായല്ല ജ്യോതി രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്നത്‌. 2011ല്‍ ജന്മനാടായ ചെങ്ങന്നൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്‌തുകൊണ്ടാണ്‌ ജ്യോതി പരിഭാഷകയെന്ന നിലയില്‍ തുടക്കമിട്ടത്‌. പിന്നീട്‌ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലും ജ്യോതി രാഹുലിന്റെ വാക്കുകള്‍ തര്‍ജ്ജമ ചെയ്‌തു. അന്ന്‌ പ്രസംഗം കഴിഞ്ഞ്‌ രാഹുല്‍ ജ്യോതിയെ അഭിനന്ദിച്ചിരുന്നു.

2017ല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി കേരളത്തില്‍ വന്നവേളയിലും സോണിയയുടെ പ്രസംഗം പരിഭാഷ ചെയ്‌തചും ജ്യോതിയായിരുന്നു. ആ പരിഭാഷയും വലിയ കയ്യടി നേടിയിരുന്നു. സോണിയ ഗാന്ധിയടക്കമുള്ളവര്‍ ജ്യോതിയെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.

ഇന്ദിരാഗാന്ധിയുടെ വലിയ ആരാധികയായ ജ്യോതി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള എ.ഐ.സി.സിയുടെ 'ഇന്ദിരാഗാന്ധി, ലൈഫ്‌ ഓഫ്‌ സ്‌ട്രഗിള്‍' എന്ന കയ്യെഴുത്ത്‌ പ്രതികള്‍ പരിഭാഷപ്പെടുത്തിയിരുന്നു. അന്ന്‌ മുതലാണ്‌ കെ.പി.സി.സി ജ്യോതിയെന്ന പരിഭാഷകയെ, പ്രാസംഗികയെ കോണ്‍ഗ്രസ്‌ വേദികളില്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്‌.

ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജ്യോതി 1999ല്‍ തിരുവനന്തപുരത്തെ മാര്‍ ഇവാനിയസ്‌ കോളജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ ചെയ്‌ത ജ്യോതി നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്‌. നേരത്തെ ദൂരദര്‍ശനില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

2018ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയായ ഡി. വിജയകുമാറിന്റെ മകളാണ്‌ ജ്യോതി. ഐ.ടി പ്രഫഷണലായ ആര്‍ പാരിയാണ്‌ ജ്യോതിയുടെ ഭര്‍ത്താവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക