Image

മുത്തലാഖ് നിയമത്തെ എതിര്‍ത്ത സിപിഎമ്മിന് ചില വിഷയങ്ങളില്‍ ഇരട്ടത്താപ്പാണെന്ന് നിര്‍മലാ സീതാരാമന്‍

Published on 16 April, 2019
മുത്തലാഖ് നിയമത്തെ എതിര്‍ത്ത സിപിഎമ്മിന് ചില വിഷയങ്ങളില്‍ ഇരട്ടത്താപ്പാണെന്ന് നിര്‍മലാ സീതാരാമന്‍

കണ്ണൂര്‍: രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ ഭരിച്ച എല്ലായിടത്തും നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ . ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.കണ്ണൂരില്‍ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം തന്നെ അപഹാസ്യമാണ്. ഇപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഎം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ഇത് തന്നെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണ്.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന് ആകെ ചൂണ്ടിക്കാണിക്കാന്‍ ഒരു വൃന്ദാകാരാട്ട് മാത്രമേയുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയ ബിജെപിക്ക് ഇന്ന് രണ്ട് ശക്തരായ വനിതാ കേന്ദ്രമന്ത്രിമാരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് എവിടെയൊക്കെ കമ്യൂണിസ്റ്റുകള്‍ ഭരണം നടത്തിയിട്ടുണ്ടോ അവിടെയൊക്കെ വലിയ കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. ക്യൂബയിലും വെനസ്വേലയിലും പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഇപ്പോള്‍ ഈ അവസ്ഥ കാണുന്നതാണ്. എന്നാല്‍ ബുദ്ധിമാന്മാരായ കേരളത്തിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് ഇപ്പോഴും കമ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക