Image

പാവം യൂദാസ് (ജോസ് ചെരിപുറം)

Published on 16 April, 2019
പാവം യൂദാസ് (ജോസ് ചെരിപുറം)
ഗലീലിയാ കടല്‍ തിരകളെ തഴുകിയെത്തിയ കുളിര്‍ക്കാറ്റ് ഒളിവു മരച്ചില്ലകളെ ചുംബിച്ചു കടന്നുപോയി ഏതോ അവാച്യമായ സംഗീതധ്വനികള്‍ ആ മര്‍മ്മര ശബ്ദത്തിലുണ്ടായിരുന്നു.

ക്രിസ്തുദേവന്‍ തന്റെ ചുറ്റും കണ്ണോടിച്ചു. പ്രകൃതി അണിഞ്ഞൊരുങ്ങുന്നതിന്റെ പ്രാരംഭ ദൃശ്യങ്ങള്‍ അദ്ദേഹം കണ്ടു. എങ്കിലും മനസ്സിന്റെ പിരിമുറുക്കം അദ്ദേഹത്തിന്റെ മുഖത്ത് ഗൗരവം നിഴലിച്ചു. ശാന്തമായ കണ്ണുകളില്‍ വിഷാദം തളംകെട്ടിനിന്നു. ക്ലേശവും വിശ്രമരഹിതവുമായ ദിവസങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തെ വല്ലാതെ ഉലച്ചിരുന്നു.

വൃക്ഷത്തണലില്‍ എല്ലാം മറന്നുറങ്ങുന്ന രണ്ടു ശിഷ്യന്മാരെ അദ്ദേഹം വീക്ഷിച്ചു. ശാന്ത്രായി അവര്‍ ഉറങ്ങുന്നു. ഉറങ്ങട്ടെ. തന്നോടൊപ്പം കഷ്ടപ്പെടാനാണ് അവരുടെ നിയോഗം. അല്ലെങ്കില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു താന്‍ വിളിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ചു അവരെന്തിനു തന്നെ അനുഗമിച്ചു. പലരും പല പ്ലാനോടുകൂടി വന്നവരായിരിക്കാം. സ്വന്തം കാര്യലാഭങ്ങളുടെ അരുമ പ്രതീക്ഷകളുമായി എത്തിയവരും. സംഘനയില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ മോഹിച്ചവരും ശിഷ്യഗണത്തില്‍ കണ്ടേക്കും. അതുമല്ലെങ്കില്‍ പിരിവുകള്‍ നടത്തി വല്ലതും കീശയില്‍ലാക്കാമെന്ന ഉള്‍പ്രേരണയില്‍ എത്തിയവരും കാണും. അതൊന്നും സാധിക്കാതെ വന്നപ്പോള്‍ ഇഛാഭംഗം തോന്നിയിരിക്കാം. പഴയ ആ ഉന്മേഷമോ പ്രസരിപ്പോ ഇന്നവര്‍ക്കില്ല.

ഉയര്‍ന്ന ഒലിവുമരത്തിന്റെ ഒരു വേരില്‍ ക്രിസ്തുദേവന്‍ ഇരുന്നു. അങ്ങകലെ ജെറുശലേം പട്ടണവും സോളമന്‍ പണികഴിപ്പിച്ച ദേവാലയ ഗോപുരവും വ്യക്തമായിക്കാണാം. ഉച്ചനീചത്വങ്ങള്‍ ദൈവമുമ്പിലും നടക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ്. കഴിഞ്ഞ ദിവസം അവിടെ ആരാധനയ്‌ക്കെത്തിയ താന്‍ കണ്ടത്. സഹിച്ചില്ല. ദേഷ്യം പതഞ്ഞു പൊങ്ങി. ശക്തി മുഴുവനും സമാഹരിച്ച് ദൈവദ്രോഹികളെ അടിച്ചു വെളിയില്‍ ചാടിച്ചു. എന്തായാലും അതിന്റെ പ്രത്യാഘാതം ഉടന്‍തന്നെ ഉണ്ടാകും.
അതിനിടെ ക്രിസ്തുദേവന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും മുന്നിലായി ഒരു രാഷ്ട്രീയക്കാരന്‍ ഇരിപ്പുണ്ടായിരുന്നു. പ്രസംഗത്തിനിടയില്‍ യേശു വെളിപ്പെടുത്തി. യഹൂദന്മാര്‍ക്ക് റോമന്‍ ചക്രവര്‍ത്തിയില്‍ നിന്നും വിടുതല്‍ താന്‍ നേടുമെന്നും, ഒരു സ്വന്തമായ സാമ്രാജ്യം സ്ഥാപിക്കുമെന്നും. പ്രസംഗം തീര്‍ന്നു/ കഴിഞ്ഞപ്പോള്‍ മൂന്നു നാലു നേതാക്കന്മാര്‍ ക്രിസ്തുവിനെ സമീപിച്ച് ക്രിസ്തുവിന്റെ കൂടെ കൂടണമെന്ന് ആ്ഗ്രഹം പ്രകടിപ്പിച്ചു. എന്തിനാണ് നിങ്ങള്‍ എന്റെ കൂടെ കൂടുന്നതിന് ഇത്രയും ഉത്സാഹം കാണിക്കുന്നത്. ഇതിന് മുമ്പും തന്റെ പ്രസംഗം നിങ്ങള്‍ കേട്ടിരുന്നുവല്ലോ, അന്നു ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവല്ലോ, അന്നില്ലാത്ത താല്‍പര്യം ഇന്നെന്താണ് തോന്നുന്നത്. അവരില്‍ പ്രധാനിയായ ഒരുവന്‍ തലചൊറിഞ്ഞുകൊണ്് മടിച്ചു മടിച്ചു പറഞ്ഞു.

പ്രഭോ, ഇന്നാണ് ഞങ്ങള്‍ കേട്ടത് അങ്ങൊരു സാമ്രാജ്യം സ്ഥാപിക്കാന്‍ പോകുന്നു എന്ന്.
ചോദ്യരൂപേണ നെറ്റിചുളിച്ചുകൊണ്ട് ക്രിസ്തു അവരെ നോക്കി.
രണ്ടാമന്‍ ചോദിച്ചു. അങ്ങയുടെ സാമ്രാജ്യത്തിലേയ്ക്ക് മരണതന്ത്രജ്ഞന്മാരെ ആവശ്യമില്ലേ? എനിക്കാണെങ്കില്‍ ധനതത്വശാസ്ത്രത്തില്‍ ഡിഗ്രിയും, സി.പി.എ.യ്ക്ക് വായിക്കുന്നുമുണ്ട്.
ക്രിസ്തു വിദൂരതയിലേയ്ക്ക്ു നോക്കി വെറുതെ ഇരുന്നതെയുള്ളൂ. പലവക സമ്മിശ്ര വികാരങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് മാറി മാറി നിഴലിച്ചിരുന്നു.
മൂന്നാമന്‍ പറയുന്നു ഒരു സാമ്രാജ്യമാകുമ്പോള്‍ സൈനിക ശക്തി വേണം, ശത്രുക്കള്‍ നമ്മെ ഭയന്നു വിരണ്ടു നില്‍ക്കണം. അതിലേയ്ക്കായി കെട്ടുറപ്പുള്ള ഒരു ഡിഫന്‍സ് വേണം. ഞാനാണെങ്കില്‍ റിട്ടയേര്‍ഡ് ആര്‍മി കേണലാണ്.

പെ്‌ട്ടെന്ന് ഒരു വല്ലാത്ത നിശബ്ദത അവിടെ പരന്നു. ആരുമാരും ഒന്നും ഉരിയാടിയില്ല. ഒന്നുരണ്ടു നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഒരു പുഞ്ചിരിയോടെ ഏശു പറഞ്ഞു. ശരി ശരി സാമ്രാജ്യം ഉണ്ടാകട്ടെ അപ്പോള്‍ നിങ്ങളെ വിളിക്കാം. അവര്‍ മൂവരും സന്തോഷത്തോടെ തിരിച്ചുപോയി. ക്രിസ്തു ചിന്തിച്ചു തന്റെ കൂടെയുള്ള ഈ പന്ത്രണ്ടു പേരില്‍ എത്രപേര്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചു വന്നവരായിരിക്കാം. മൊത്തം 13 പേര്‍. ഈ പതിമൂന്നെന്ന സംഖ്യതന്നെ നന്നല്ല. അശുഭലക്ഷണമാണ്. പക്ഷേ വിധിയെ തടയാന്‍ പറ്റുമോ. സംഘം 12 ഉം തലവനും കൂടി 13 ആയി നില്‍ക്കുന്നു. ഒരാള്‍ ഇതില്‍ നിന്നും പോകണം. ആരായിരിക്കണം അത്.
ഉറങ്ങുന്ന, ശിഷ്യന്മാരെ അദ്ദേഹം സൂക്ഷിച്ചു വീക്ഷിച്ചു. എല്ലാ മുഖങ്ങളിലും ശാന്തിയും സംതൃപ്തിയുമുണ്ട്. പക്ഷേ ഹൃദയങ്ങളില്‍ എന്താണാവോ. മന്ത്രിയാകാനോ ഒക്കെ ആഗ്രഹം കാണാതിരിക്കില്ല മനുഷ്യരല്ലേ ആര്‍ക്കാണ് പദവിയും അംഗീകാരവും നിരസിക്കാന്‍ മനസ്സുവരിക.
പല ശി്ഷ്യന്മാരുടെയും മുഖത്ത് ഉടക്കിനിന്ന കണ്ണുകള്‍ അവസാനം യൂദാസില്‍ എത്തിനിന്നു. അദ്ദേഹം ഒരു നെടുവീര്‍പ്പു വിട്ടുകൊണ്ട് ആത്മഗതമായി മൊഴിഞ്ഞു. പാവം യൂദാസ്.

കൂട്ടുകാരില്‍ ചെറുപ്പവും നല്ല വിദ്യാഭ്യാസവുമുള്ളവനാണ് യൂദാസ്. ബഹു സമര്‍ത്ഥന്‍. ഹീബ്രു, ഗ്രീക്, ലാറ്റിന്‍ മുതലായ ഭാഷകളില്‍ പാണ്ഡ്യതമുള്ളവന്‍. പല കഴിവുകളുമുണ്ട് മറ്റു ശിഷ്യന്മാരേക്കാള്‍. തന്റെ ഏറ്റവും അടുത്ത ശിഷ്യന്‍ എന്നു വിശേഷിപ്പിക്കാം. പക്ഷേ ദരിദ്രമായ ഒരു സംഘടനയുടെ ഖജാന്‍ജിയാണ് അദ്ദേഹം. ധാരാളം ആള്‍ക്കാര്‍ പ്രസംഗം കേള്‍ക്കാന്‍ വരുന്നുണ്ടെങ്കിലും പിരിവു നടത്തുമ്പോള്‍ പത്തു ശതമാനം തരുന്നവര്‍ വളരെ ചുരുക്കം. ചിലപ്പോള്‍ വരുന്നവര്‍ക്ക് കൈയ്യില്‍ നിന്നും ഭക്ഷണമുണ്ടാക്കി കൊടുക്കേണ്ട സ്ഥിതിഗതിയിലേയ്ക്കു സംഗതികള്‍ നീങ്ങാറുണ്ട്.

കോ്ടുവാ ഇട്ട് എണീറ്റ് പത്രോസ് യൂദാസിനെ കുലുക്കി വിളിച്ചു. എടോ ഒന്നെഴുന്നേല്‍ക്ക്. അവന്റെ ഉറക്കം കണ്ടില്ലേ.
പതിയെ കണ്ണുതുറന്ന യൂദാസിന് പത്രോസിന്റെ പ്രവര്‍ത്തി ഇ്ഷ്ടപ്പെട്ടില്ല. ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ മാത്രം അത്ര അത്യാവശ്യകാര്യമൊന്നുമിപ്പോഴില്ല. മുഖത്ത് പടര്‍ന്നു കയറിയ ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ടു യൂദാസ് ആരാഞ്ഞു. എന്തായിത്, എന്തുണ്ടായി?
കാശുണ്ടെങ്കില്‍ ഒരു പത്തുരൂപാ താ, എല്ലാവര്‍ക്കും കട്ടനും എന്തെങ്കിലും തിന്നാനും വാങ്ങാം: പത്രോസു പറഞ്ഞു.

ശ്ശെടാ എന്റെ കൈയ്യില്‍ നിങ്ങള്‍ അതിനു വല്ലതും തന്നോ എപ്പോഴും കാശു ചോദിക്കാന്‍, ഇവിടെ നോട്ടടിയൊന്നുമില്ല.
താനല്ലേ ഇതിന്റെ ഖജാന്‍ജി അപ്പോള്‍ ഞാന്‍ പിന്നെ ആരോടാ ചോദിക്ക.
ആരോടും ചോദിച്ചാലും വേണ്ടില്ല എന്റെ കൈയ്യില്‍ നിന്നും നയാപൈസ കിട്ടുകില്ല.
അപ്പോഴേയ്ക്കും ക്രിസ്തു അവരുടെ അടുത്തെത്തി. എന്താ പ്രശ്‌നം രണ്ടുപേരും കൂടി അതുമിതുമൊക്കെ പറയുന്നത്.
പത്രോസു മൗനം ദീക്ഷിച്ചു. കാരണം അധികം മൂലധനമില്ലാത്ത ഈ സംഘടനയുടെ തുച്ഛമായ സമ്പാദ്യം സൂക്ഷിച്ചു ചെലവുചെയ്യണമെന്ന യൂദാസിന്റെ പ്രമേയത്തെ ക്രിസ്തു പലപ്പോഴും പിന്താങ്ങിയിട്ടുണ്ട്.
യൂദാസ് പറഞ്ഞു. ഗുരോ കാര്യമായ കളക്ഷനൊന്നും അതുവരെ ഉണ്ായിട്ടില്ലന്നറിയാമല്ലോ. ഇതൊക്കെ അറിയാവുന്ന പത്രോസ് എപ്പോഴും കാശു ചോദിക്കുന്നു.

യൂദാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിസ്തു ശകാരിച്ചെങ്കിലോ എന്നു ഭയന്നു പത്രോസ് ഒന്നുമറിയാത്തവനെപ്പോലെ നടന്നകന്നു.
യൂദാസ് തുടര്‍ന്നു. പണമില്ലാതെ ഒരു കാര്യവും നടക്കുകയില്ല. നമ്മുടെ സംഘടന പോളിയും, അധികം താമസിയാതെ.

എത്ര കാലമെന്നു കരുതിയാ ഇങ്ങനെ ദാരിദ്ര്യത്തില്‍ കഴിയുക.
യേശു അല്പനേരം മൗനമായി ചിന്തിച്ചതിനുശേഷം പറഞ്ഞു. വ്യാകുലപ്പെടേണ്ട വഴിയുണ്ടാകും.
'ഗുരുവിനങ്ങനെ പറഞ്ഞാല്‍ മതി കാശു ചോദിക്കുന്നതെന്നോടാ'
അനന്തരം അവര്‍ മലവിട്ടു താഴ് വാരത്തേയ്ക്കുപോയി. നല്ലൊരു പുരുഷാരവും അവരെ പിന്തുര്‍ന്നു. മൈതാനത്തിലെത്തിയപ്പോള്‍ ഒന്നുരണ്ു പണക്കാര്‍ അവരെ സമീപിച്ചു. യൂദാസ് ഈശോയുടെ ചെവിയില്‍ പറഞ്ഞു. ഗുരോ ഇതു തന്നെയാ പറ്റിയ അവസരം. അവന്മാരുടെ കൈയ്യില്‍ പൂത്തപണമുണ്ട്. നല്ലൊരു ഡൊനേഷന്‍ ചോദിക്കണം.
വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അവരുടെ അരക്കെട്ടില്‍ മടിശ്ശീലയുണ്ടായിരുന്നു. യൂദാസ് ആ മടിശ്ശീലയിലേയ്ക്കും ഗുരുവിന്റെ മുഖത്തേയ്ക്കും മാറി മാറിനോക്കി.
അവരിലൊരാള്‍ ചോദിച്ചു സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ എന്താണ് മാര്‍ഗ്ഗം.
'നിങ്ങള്‍ നിങ്ങളുടെ സ്വത്തുക്കള്‍ മുഴുവനും വിറ്റ് പാവങ്ങള്‍ക്കു ദാനം ചെയ്തിട്ട് എന്റെ പിന്നാലെ വരുക.'
അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി, എന്നിട്ട് അപരന്‍ ചോദിച്ചു. 'മുഴുവനും'.

അതേ മുഴുവന്‍ സ്വത്തുക്കളും യേശു ദൃഢസ്വരത്തില്‍ പറഞ്ഞു.
യൂദാസ് ഇടയ്ക്കു കയറിപ്പറഞ്ഞു കുറച്ചു സംഘടയിലേയ്ക്കു സംഭാവനയായും തരണം. ഇത് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനും കൂടിയാണ്. ടാക്‌സ് വെട്ടിപ്പും നടത്താം.

അവരിലൊരുവന്‍ പറഞ്ഞു. നിങ്ങള്‍ എന്താണീപ്പറയുന്നത്. ഞങ്ങളുടെ അപ്പനമ്മമാര്‍ അഹോരാത്രം കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതെ കൊടുക്കണമെന്നോ. കാശു വെറുതെ കിട്ടുന്ന തെണ്ടികള്‍ക്ക് അതിന്റെ വിലയറിയത്തില്ല. മുഴുവന്‍ ധൂര്‍ത്തടിച്ചു തീര്‍ക്കും. അപ്പോള്‍ ഞങ്ങള്‍ക്കുമില്ല അവര്‍ക്കുമില്ലെന്ന അവസ്ഥ. വരും. കാശുണ്ടാക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടപ്പോള്‍ അവന്മാര്‍ അലസന്മാരായി തിന്നും കുടിച്ചും ഉള്ളതു നശിപ്പിച്ചു. ഇപ്പോള്‍ ഞങ്ങളുടെ കായ്യിലെ പണം കണ്ടപ്പോള്‍ അസൂയയായി. ഈ ലോകത്തില്‍ അല്പം നന്നായി ജീവിക്കട്ടെ എന്നിട്ടാലോചിക്കാം സ്വര്‍ഗ്ഗത്തെപ്പറ്റി.
യൂദാസ് ചിന്തിച്ചു. കഴിഞ്ഞ ദിവസം സാമ്പത്തിക ബുദ്ധിമുട്ടിനൊരു പരിഹാരം ഉണ്ടായതാണ്. പക്ഷേ വേണ്ടെന്നുവച്ചു. എന്നാല്‍ ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ അതില്‍ ഒരു കുഴപ്പവും ഉണ്ടെന്നു തോന്നുന്നില്ല.
യഹൂദപ്രമാണിമാരിലൊരാള്‍ ദാസിനെ സമീപിച്ചു ചോദിച്ചു.
എന്തൊക്കെയുണ്ട് യൂദാസെ വിശേഷങ്ങള്‍. പുതിയ സംഘടനയൊക്കെ എങ്ങനെ പോകുന്നു.
കുഴപ്പമൊന്നുമില്ല, എല്ലാം ഭംഗിയായിതന്നെ ഗുരുവിന്റെ കൃപകൊണ്ടു നടന്നുപോകുന്നു.

ശബ്ദം താഴ്ത്തി ഈ ഗുരു എങ്ങിനെയാ, വല്ല കഴിവുള്ള ആണോ?
എന്താണിത്ര സംശയം, നിങ്ങള്‍ കേട്ടില്ലേ, കുരുടനു കാഴ്ചകൊടുത്തതും, കുഷ്ടരോഗികളെ സുഖപ്പെടുത്തിയതും, ലാസറെ ഉയര്‍പ്പിച്ചതുമൊക്കെ. വിശ്വാസം സ്ഫുരിപ്പിക്കുന്ന സ്വരത്തില്‍ യൂദാസ് പറഞ്ഞു.
ഇത്രയും കഴിവുള്ള ഒരു ഗുരുവിന്റെ ശിഷ്യനാകുക എന്നതു ഭാഗ്യം തന്നെ. ചുറ്റിലും നോക്കിയിട്ട് യൂദാസിന്റെ ചെവിയില്‍ താനിതൊക്കെ കണ്ടതാണോ, അതോ കേട്ടുകേള്‍വിയെ ഉള്ളോ?

യൂദാസിനു ദേഷ്യം വന്നു. കര്‍ക്കശസ്വരത്തില്‍ യൂദാസ് പറഞ്ഞു, കാര്യമൊക്കെ ശരിയാ നമ്മള്‍ പഴയ ലോഹ്യക്കാരാ, പക്ഷേ ഗുരുവിനെ സംശയിക്കുന്നതു എനിക്കിഷ്ടമില്ല.

ശരി ശരി നിന്റെ ഗുരു മനുഷ്യാതീതമായ കഴിവുള്ളയാളാണു. പക്ഷേ എന്താ സംഘടനയിലൊക്കെയൊരു മുറുമുറുപ്പ് അല്പം നിര്‍ത്തിയിട്ട്, കാശില്ലന്നോ, ഉണ്ടായിരുന്ന നക്കാപ്പിച്ച നീ കട്ടെന്നോ ഒക്കെ'

ആ പറഞ്ഞവന്റെ തന്തയാ കട്ടത്. അവനെ എനിക്കൊന്നു കാണിച്ചുതരാമോ, പിന്നെ അവനിതുപറയില്ല.

അതാരങ്കിലുമാകട്ടെ, ശരിയല്ലേ സാമ്പത്തിക പരാധീനതയില്ലേ?
ആ ചോദ്യത്തിനു മുമ്പില്‍ യൂദാസ് കുഴങ്ങി. മടിച്ചു മടിച്ചാണെങ്കിലും യൂദാസ് സമ്മതിച്ചു. 'ശരിയാണ്. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ ഞാനൊരു മാര്‍ഗ്ഗം പറഞ്ഞു തന്നാലോ'.
യഹൂദരില്‍ പലരും കുരുട്ടു ബുദ്ധിക്കാരാണ്. പ്രത്യേകിച്ചും ഈ പ്രമാണി. സംശയത്തോടെ ആണെങ്കിലും യൂദാസ് മൗനം അവലംബിച്ചതെയുള്ളൂ.
നിനക്ക് ഗുരുവില്‍ സംശയമൊന്നുമില്ലല്ലോ. അദ്ദേഹം മനുഷ്യനല്ല ദൈവമാണെന്ന് അതില്‍ ഒരു സംശയവുമില്ല. അദ്ദേഹം ദൈവ പുത്രനാണ്.
ഇവിടെയാണ് സംഗതിയുടെ കാമ്പ്. നീ ഞങ്ങള്‍ക്കു ഗുരുവിനെ കാട്ടിത്തന്നാല്‍ മുപ്പതു വെള്ളിക്കാശു നിനക്കു തരും.
യൂദാസ് ഞെട്ടിയി്ട് ആക്രോശിച്ചു. എന്തെടാ പറഞ്ഞത്? ഗുരുവിനെ ഒറ്റിക്കൊടുക്കാനോ. ഈ നിമിഷം എന്റെ മുമ്പില്‍ നിന്നും പൊയ്‌ക്കോ. അല്ലെങ്കില്‍ അടിച്ചുനിന്റെ പല്ലു താഴെയിടും.
യഹൂദ പ്രമാണി അല്പം ഭയത്തോടെയെങ്കിലും ആശകൈവിടാതെ, ഞാന്‍ പറയുന്നതു മുഴുവനും കേള്‍ക്കെടോ. താനല്ലേ ഇത്തിരി മുമ്പു പറഞ്ഞതു അദ്ദേഹം അമാനുഷിക കഴിവുള്ള ഒരാളാണെന്ന്.
'അതിന്'

'എടോ, മണ്ടച്ചാരെ. അത്രയും കഴിവുള്ള ഒരാളെ ഞങ്ങള്‍ക്കു തൊടാന്‍ സാധിക്കുമോ. താന്‍ കാണിച്ചു തരാമന്നേല്‍ക്കുന്നു. മുപ്പതു വെള്ളിക്കാശു വാങ്ങുന്നു. ഞങ്ങള്‍ ഗുരുവിനെ പിടിക്കാന്‍ വരുമ്പോള്‍ അങ്ങേരുടെ ദിവ്യശക്തികൊണ്ട് രക്ഷപ്പെടുന്നു. പണം തനിക്കു കിട്ടുന്നു.
യൂദാസ് സംശയഭാവത്തില്‍ ചിന്തിക്കുന്നു. മറുപടി പറയുന്നില്ല.
യഹൂദപ്രമാണി. എടോ താനൊന്നും ചിന്തിക്കേണ്ട. തന്റെ ഗുരുവിനു തന്റെ സാമര്‍ത്ഥ്യത്തില്‍ മതിപ്പുതോന്നും. തന്നെ ഇതിലും നല്ല പദവിയിലേയ്ക്കുയര്‍ത്തുകയും ചെയ്യും. യൂദാസിന്റെ സംശയം കണ്ട് പ്രമാണി വീണ്ടും പറഞ്ഞു, താന്‍ ആലോചിച്ചിട്ടു വിവരം പറഞ്ഞാല്‍ മതി. നാളെയോ, മറ്റന്നാളോ.

പണത്തിന്റെ കാര്യത്തില്‍ ഗുരുവിനു ഒരു താല്‍പര്യവുമില്ല. ഓരോ ദിവസവും എങ്ങിനെ നടന്നു പോകുന്നു എന്ന് ബാക്കിയുള്ളവനെ അറിയൂ. തന്റെ കണ്‍മുമ്പില്‍ വച്ചാണല്ലോ അദ്ദേഹം ഈ അത്ഭുതങ്ങളൊക്കെ ചെയ്തത്. അതുകൊണ്ു കാണിച്ചുകൊടുത്താലും യഹൂദന്മാര്‍ക്ക് അങ്ങേരെ ഒരു ചുക്കും ചെയ്യാനാവില്ല.

അവന്മാരെ പറ്റിച്ചു ഇത്രയും കാശുണ്ടാക്കി എന്നറിയുമ്പോള്‍ ഗുരുവിനും ബാക്കി ശിഷ്യന്മാര്‍ക്കും തന്നോടുള്ള ബഹുമാനം എന്തായിരിക്കും.
അതോര്‍ത്തപ്പോള്‍ യൂദാസിനു തനിയെ ചിരിവന്നു.
എന്തോന്നാടോ തനിയെ ഇരുന്നു ചിരിക്കുന്നത്. അപ്പോള്‍ യൂദാസിനടുത്തേയ്ക്കുവന്ന തോമാ ചോദിച്ചു. ഉത്തരമൊന്നും പറഞ്ഞില്ലെങ്കിലും യൂദാസിന്റെ മുഖഭാവത്തില്‍ നിന്നും 'കണ്ടോടാ തോമ്മാ' എന്നതു ശരിക്കും വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. കൂടുതലൊന്നും ചോദിക്കാനനുവദിക്കാതെ യൂദാസ് മടിശ്ശീലയഴിച്ച് കുറെ നാണ്യങ്ങള്‍ തോമ്മായെ ഏല്പിച്ചിട്ട് പറഞ്ഞു. വല്ലതും വാങ്ങി നമ്മുടെ കൂട്ടുകാര്‍ക്കു കൊട്. പാവങ്ങള്‍ വിശന്നു വലയുന്നുണ്ടാകും. തോമ്മായ്ക്ക് അത്ഭുതം അടക്കാനായില്ല. ചോദിച്ചാല്‍ പോലും പണം തരാത്ത യൂദാസ് ഇതാ ചോദിക്കാതെ തരുന്നു. എന്തോരു മറിമായം.

പിന്നെ അവനവിടെ നിന്നില്ല. നേരെ പോയത് യഹൂദപ്രമാണിമാരുടെ അടുത്തേയ്ക്കായിരുന്നു. പറഞ്ഞതില്‍ പ്രകാരം 30 വെള്ളിക്കാശുമായി വെളുപ്പിനെ മടങ്ങിയെത്തി. ഗുരുവിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ യൂദാസിന്റെ കണക്കു കൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് പ്രതീക്ഷക്കു വിപരീതമായി, യാതൊരെതിര്‍പ്പും കാണിക്കാതെ യേശു കീഴടങ്ങി. യൂദാസിനു തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദൈവീക ശക്തിയുള്ള തന്റെ ഗുരുവിനെ ഒരു ദുര്‍ബാലനെപ്പോലെ പിടിച്ചുകെട്ടികൊണ്ടുപോവുക. തന്റെ പദ്ധതികള്‍ക്കും, പ്രതീക്ഷകള്‍ക്കും ഏറ്റ കനത്ത ആഘാതം!. എന്താണിത് എന്തൊരു മറിമായം. തന്റെ കണ്‍മുമ്പില്‍ വെച്ച് എന്തെല്ലാം അത്ഭുതങ്ങള്‍ കാണിച്ചിരിക്കുന്നു. എന്നിട്ടിപ്പോള്‍ എന്തേ ഇങ്ങനെ സംഭവിക്കാന്‍! യൂദാസിനു കലശലായ ദുഃഖവും നിരാശാ ബോധവും തോന്നി. എല്ലാ മനുഷ്യരും ഒന്നുചേര്‍ന്നു തന്നെ വഞ്ചകന്‍ എന്നു വിളിച്ചാര്‍ത്തട്ടഹസിക്കുന്നതുപോലെ തോന്നി. ഗലീലിയ കടലിലെ തിരമാലകളും, മരച്ചില്ലകളില്‍ പാടുന്ന പക്ഷികളും, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും തന്നെ വീണ്ടും വീണ്ടും 'വഞ്ചകന്‍' എന്നു വിളിക്കുന്നില്ലേ? ഇവരുടെ ഇടയില്‍നിന്നെല്ലാം ഓടിയൊളിക്കണം. ഒരിക്കലും ഒരിക്കലും ഈ പ്രപഞ്ചത്തെ അഭിമുഖീകരിക്കാന്‍ തനിക്കാവില്ല. ഇല്ല ഒരിക്കലുമില്ല. ഈ ജീവിതം മുഴുവന്‍ ഈ പാപഭാരം പേറി മറ്റുള്ളവരുടെ നിന്ദയും ആക്ഷേപശരങ്ങളും കേട്ട് തകര്‍ന്ന മനസ്സും, കുറ്റബോധം കാര്‍ന്നു തിന്നുന്ന മനസ്സാക്ഷിയുമായി എത്രനാള്‍ ജീവിക്കും?

എന്തായാലും യഹൂദര്‍ തന്റെ ഗുരുവിനെ വധിക്കും ആ വാര്‍ത്ത അറിയാന്‍ താനുണ്ടാകരുത്. എന്തോ നിശ്ചയിച്ചുറച്ചതുപോലെ യൂദാസ് എങ്ങോട്ടോ ഓടി മറഞ്ഞു.

ചരിത്രത്തിന്റെ ഏടുകളില്‍ കറുത്തലിപികളില്‍ ആ നാമം എഴുതപ്പെട്ടു. ഗുരുവിനെ ഒറ്റിക്കൊടുത്തവന്‍ യൂദാസ് മനുഷ്യരാശി നിലനില്‍ക്കുന്നിടത്തോളം കാലം ആ നാമം വെറുപ്പും അവജ്ഞയുമുളവാക്കും. ഒരിക്കലും ആരും തന്റെ കുഞ്ഞുങ്ങള്‍ക്ക് ആ നാമം ഉപയോഗിക്കില്ല. ലോകാവസാനം വരെ സഹതാപത്തിന്റെ ഒരു കണികപോലും, ദൃഢവിശ്വാസത്തില്‍നിന്നുളവായ ഒരബദ്ധത്തിന്റെ ദുഃഖഭാരം പേറുന്ന യൂദാസിന് ലഭിക്കുകയില്ല. പാവം യൂദാസ്!

Join WhatsApp News
പാവം യൂദ പിന്നെ കുറെ പെണ്ണുങ്ങളും 2019-04-17 06:44:26

ഇസ്കരിയോത്തുകള്‍ എന്ന യുദ വിപ്ലവക്കാര്‍ റോമന്‍ പട്ടാളത്തിന് എന്നും തലവേദന ആയിരുന്നു. അതു പോലെ കുറെ യേശുവിന്‍റെ അനുയായികളും. അവരെ പീഡിപ്പിക്കാന്‍ റോമക്കാര്‍ തുടങ്ങി. പീഡനത്തില്‍ നിന്നും രക്ഷ പെടുവാന്‍, റോമാക്കാര്‍ വെറുക്കുന്ന യുദരെ ക്രിസ്ത്യാനികളും വെറുക്കുന്നു എന്ന് പ്രചരിപ്പിക്കാന്‍ ആണ് സുവിശേഷങ്ങള്‍ എഴുതിയത്. അങ്ങനെ പീഡനം മുഴുവന്‍ യുദരിലേക്ക് തിരിക്കുക എന്നത് ആയിരുന്നു ലക്ഷ്യം.  അത് കുറെ പേര്‍ ഏറ്റു പാടി യുദ വിരോദം പ്രചരിപ്പിക്കാന്‍. പു.നിയമത്തിലെ യുധ വിരോധം മാറ്റിയാല്‍ ഒന്നും തന്നെ മിച്ചം കാണില്ല. ഇന്നും ക്രിസ്ടന്‍ അരാദന യുധ വിരോദം ആവര്‍ത്തിക്കുന്നു. യുധ ഒരു വെക്തി അല്ല. അത് യുധ ജനത്തെ മുഴുവന്‍ ഉദേശിച്ചു എഴുതിയത് ആണ്. പണസഞ്ചി ഉള്ളവന്‍, യേശുവിനെ ഒറ്റി കൊടുത്തവന്‍ = മുഴുവന്‍ യുധര്‍, അവരുടെ അവസാനം മസാഥ കോട്ടയിലെ പോലെ അത്മഹത്യ. യുധ കെട്ടി ഞാന്നു ചത്തു എന്ന് ഒരു സുവിശേഷം അതല്ല തല കുത്തി വീണു വയര്‍ പിളര്‍ന്നു, കുടല്‍ പുറത്തു ചാടി എന്ന് മറ്റൊരു സുവിഷം.

അങ്ങകലെ ജെറുശലേം പട്ടണവും സോളമന്‍ പണികഴിപ്പിച്ച ദേവാലയ ഗോപുരവും വ്യക്തമായിക്കാണാം.’ -ചെരിപുറം മാഷേ ഇത് ഹേരോദ് പണിത ആലയം ആണ്. സോളമന്‍റെ ദേവാലയം ഇന്നും ഒരു കേട്ടുകേള്‍വി മാത്രം. അനേകം തവണ പല സ്ഥലത്തും കുഴിച്ചു. ഇന്നുവരെ ഒരു തെളിവും ഇല്ല. യെരുസലെമില്‍ ഉണ്ടായിരുന്ന ആദ്യ ആലയം സാദൂക്ക് പുരോഹിതരുടെ ആയിരുന്നു. അവരുടെ ദൈവം സാധോക്ക് ആയിരുന്നു. ഏതു ദൈവത്തിനും അവര്‍ ബലി അര്‍പ്പിച്ചു. ഇറച്ചിയും വീഞ്ഞും കിട്ടിയാല്‍. യഹോവയും അതില്‍ ഒരു ദൈവം ആയിരുന്നു. ഇവര്‍ ആണ് അഹരോന്യ പൌരോഹിത്യം എന്ന കെട്ടുകഥകള്‍ ഉണ്ടാക്കി യുദ പോരോഹിത്യം പിടിച്ചു അടക്കിയത്‌. ഇവരുടെ ദേവാലയം ബാബിലോണ്‍ പട്ടാളം BCE 586ല്‍ നശിപ്പിച്ചു. ദൈവങ്ങള്‍ ഒന്നും ഒരു ചുക്കും ചെയിതില്ല. ദേവാലയ വാസികളെ അടിമ പണിക്കു ബാബിലോനിലേക്ക് കൊണ്ട് പോകുകയും ചെയിതു. ഇവരുടെ സൃഷ്ടി ആണ് ഇന്നു കാണുന്ന പഴയ നിയമം. BCEയുടെ അവസാന കാലം ഹേരോദ് പുതിയ ദേവാലയം പണിതു. CE 70 ല്‍ റോമന്‍ പട്ടാളം അതും നശിപ്പിച്ചു. അവിടെ ആണ് പലരും പോയി ഇന്നും തല തല്ലുന്നത്.

 [highlights are from your article] സഹിച്ചില്ല. ദേഷ്യം പതഞ്ഞു പൊങ്ങി. ശക്തി മുഴുവനും സമാഹരിച്ച് ദൈവദ്രോഹികളെ അടിച്ചു വെളിയില്‍ ചാടിച്ചു. എന്തായാലും അതിന്റെ പ്രത്യാഘാതം ഉടന്‍തന്നെ ഉണ്ടാകും. യോഹന്നാന്‍റെ സുവിശേഷത്തില്‍ ദേവാലയത്തിലെ അടിപടി യേശുവിന്‍റെ പരസ്യ വേലയുടെ ഉല്‍ഘാടനം ആണ്. അതിനു ശേഷം മൂന്നു വര്ഷം MGR മട്ടില്‍ യേശു അവിടെ കറങ്ങി, ആരും ഒരു ചുക്കും ചെയിതില്ല. എന്നാല്‍ മത്തായി,മര്‍ക്കോ,ലുക്കോ പ്രകാരം ഞായര്‍ പള്ളിയില്‍ അടി, അ ആഴ്ച തന്നെ യേശുവിന്‍റെ കഥ അവസാനിക്കുന്നു. ഏതു വിശ്വസിക്കണം?

പാവം യൂദാസ്.- ക്രിസ്ത്യാനിയുടെ സത്യ വേദ പുസ്തകം ഒന്ന് കൂടി വായിച്ചേ! അത് മുഴുവന്‍ യുഥ വിരോദം.

പാവം പെണ്ണുങ്ങള്‍ അവര്‍ ആയിരുന്നു പണം, ഭഷണം, പാര്‍പ്പിടം ഒക്കെ കൊടുത്തവര്‍. മറിയ, മറ്റേ മറിയ, മഗ്ദലന, സൂസന .കൂടാതെ ഒത്തിരി മറിയകള്‍;..ഇവര്‍ എഴുപതില്‍ പരം ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. എന്നാല്‍ പുരുഷന്മാര്‍ എഴുതിയ സുവിശേഷത്തില്‍ ആരെ എങ്കിലും ശിഷ്യര്‍ ആക്കിയോ. ഇന്നും പുരുഷന്‍ അല്ലേ മത്തങ്ങ തൊപ്പിയും വിടിയും കുറെ തുണിയും വാരികെട്ടി എഴുന്നള്ളുന്നത്? കൈ മുത്താനും, മേശ ഒരുക്കാനും ഒന്നില്‍ കൂടുതല്‍ ജോലി ചെയിതു പണം കൊടുക്കാനും പെണ്ണുങ്ങള്‍. ഇന്നും ഒറ്റ എണ്ണത്തിനെ ചുവന്ന കുപ്പായത്തില്‍ കണ്ടിട്ടുണ്ടോ? കന്യാസ്ത്രികളുടെ കാര്യം പറയേണ്ടല്ലോ! സ്ത്രികള്‍ ഇതയും വിഡ്ഢികള്‍ ആയി മാറിയോ? എന്തിനു ആണ് ഇവര്‍ സഭയെയും പുരോഹിതരെയും തീറ്റി പോറ്റുന്നത്?

യാഥാസ്ഥിക മതവിശ്വാസം മനുഷ്യന്റ ബുദ്ധിയുടെ വളർച്ചയെ തടസപ്പെടുത്തുകയും നശിപ്പിക്കുകയും ചെയുന്നു . പുതിയ പഠനങ്ങൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നു- andrew

യൂദാസ് 2019-04-17 13:39:20
വ്യത്യസ്തനല്ലായിരുന്നു നിങ്ങളിൽ നിന്നു ഞാൻ 
ഉള്ളിലുണ്ടായിരുന്നു മോഹങ്ങൾ ഒട്ടേറെ.
മോഹവൃക്ഷത്തിൽ കായ്‌ക്കനി ഉണ്ടാവാൻ 
കാട്ടണം ഒട്ടേറെ തട്ടിപ്പ് വെട്ടിപ്പ് 
വേണ്ടി വന്നാൽ ഒറ്റികൊടുക്കണം.
കൂടെ നിൽക്കുന്നൊന്നിട്ട് പാര വയ്ക്കണം നാം 
നെഞ്ചത്ത് കൈവച്ചു നിങ്ങൾക്ക് ചൊല്ലാമോ 
വഞ്ചിട്ടില്ല ഞാനാരെയും ഇന്നേവരെയെന്ന് ?
സ്വന്തം പത്‌നി കൂടിയുള്ളപ്പോഴും 
കുറുക്കന്റെ കണ്ണ്  കോഴിക്കോട്ടിലെന്നപോൽ 
അന്യപ്പെണ്ണിന്റെ മൂടുംമുലയും നോക്കിനിൽക്കുന്നു നാം,
ഒത്തു വന്നാൽ കൊള്ളയടിക്കും ഖജനാവു നമ്മൾ
ഘോരഘോരം  പ്രസംഗിക്കും ആദർശമൊക്കെയും 
രാത്രിയായാൽ പിന്നെ മദ്യം മദിരാക്ഷി 
എങ്കിലും ഞാൻ മെച്ചമാ നിങ്ങളെ തട്ടിച്ചു നോക്കുമ്പോൾ 
തെറ്റാണ് ചെയ്‍തതെന്ന് ഗ്രഹിച്ചൊരു മാത്രയിൽ 
ദൂരെയെറിഞ്ഞു ഞാനാ വെള്ളിക്കാശു മുപ്പതും 
തൂങ്ങിമരിച്ചത് തെറ്റാണെറികിലും 
തൂങ്ങിമരിച്ചു ഞാനാ മരച്ചില്ലയിലന്നതിൻ
കാരണമുണ്ടെൻ ഗുരു കാരണമില്ലാതെ തൂങ്ങുവാൻ പോകുന്നു.
കാരണക്കാരനാം എൻ ഹൃത്തടം പൊട്ടിപ്പോയി 
അറിയാം ജൂതാസെന്ന പേരിനെ വെറുക്കുന്നു നിങ്ങളെന്ന് 
വേണ്ടയാപ്പേരു വിളിക്കേണ്ട നിങ്ങളാരേയും 
എങ്കിലും പശ്ചാത്താപബോധമുള്ളവരാകുക നിങ്ങൾ 
തൂങ്ങിമരിക്കാതെ ജീവിതം തുടരുക 

Sudhir Panikkaveetil 2019-04-16 10:48:10
"ദൃഢവിശ്വാസത്തില്‍നിന്നുളവായ ഒരബദ്ധത്തിന്റെ ദുഃഖഭാരം" താങ്കൾ എഴുതിയത് ശരിയാണ്. " ഇതാണ് ഇന്ന് മനുഷ്യരാശി അനുഭവിക്കുന്ന 
ദുഃഖം. പല ദൃഢവിശ്വാസങ്ങളും നിലം പതിക്കുന്നു.
ഏതു ശരിയായ വിശ്വാസം എന്ന് ആർക്കും 
മനസ്സിലായിട്ടില്ല.  ജൂദാസിനെ പാവം എന്ന് വിശേഷിപ്പിച്ച 
പ്രിയ എഴുത്തുകാരാ താങ്കളെ ക്രൂശിക്കാനും 
ജനം ആക്രോശിക്കും. അതാണ് വിശ്വാസമെന്ന 
അരൂപി ചെയ്യുന്ന ഉപദ്രവം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക