Image

മെല്‍ബണില്‍ കെ.എം. മാണി അനുസ്മരണം സംഘടിപ്പിച്ചു

Published on 16 April, 2019
മെല്‍ബണില്‍ കെ.എം. മാണി അനുസ്മരണം സംഘടിപ്പിച്ചു

മെല്‍ബണ്‍ : അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവും പാലായുടെ മാണിക്യവുമായിരുന്ന കെ.എം. മാണിയുടെ ദേഹവിയോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ മേഖലകളിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ അനുശോചനം രേഖപെടുത്തി. 

കഴിഞ്ഞ 53 വര്‍ഷമായി പാലായുടെ പ്രതിനിധിയായി കേരളത്തെനയിച്ച മാണിസാര്‍ ഒരു നയതന്ത്രജ്ഞനും സാന്പത്തികകാര്യ വിദഗ്ധനുമായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ ജേക്കബ് അഭിപ്രായപ്പെട്ടു. മാണി സാര്‍ നാടിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചു സ്വാഗത പ്രസംഗത്തില്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് ജനറല്‍ സെക്രടറി അനുസ്മരിച്ചു. ഏതൊരു ആവിശ്യത്തിനും അദേഹത്തിനെ സമീപിച്ചാല്‍ യാതൊരു മടിയും കാണിക്കാത്ത സഹായിക്കുന്ന വ്യക്തിയായിരുന്നു മാണി സാറെന്ന് തോമസ് വാതപ്പള്ളി പറഞ്ഞു. 

കേരളത്തിലെ ബജറ്റുകള്‍ക്ക് ഒരു നൂതന പരിവേഷം നല്‍കിയെന്നും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നിലകൊണ്ട നേതാവാണ് കെ.എം. മാണിയെന്ന് ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ്.എം. ജോര്‍ജ് അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. കെ.എം മാണിയില്‍ നിന്നും ഉണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് എന്റെ ഗ്രാമം ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍ അനുസ്മരിച്ചു. ചെറുപ്പകാലങ്ങളില്‍ കേരളാ കോണ്‍ഗ്രസിലും കെ.എം മാണിയുടെ പ്രസംഗങ്ങളിലും ആകര്‍ഷ്ടനായി പാര്‍ട്ടിയില്‍ മുദ്രാവാക്യം എഴുതി പ്രവര്‍ത്തനം തുടങ്ങിയ ക്‌നാനായ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മദനന്‍ ചെല്ലപ്പന്‍ (എംഎവി ജനറല്‍ സെക്രടറി) , ജോജോ (സെക്രട്ടറി മൈത്രി), റോയി തോമസ് (പ്രസിഡന്റ് കേസി മലയാളി ), അജീഷ് (ഗ്രാന്‍മാ), ബിജു പണിക്കര്‍ (ഫ്രാക്സ്റ്റണ്‍ മലയാളി), ചാക്കോ അരീക്കല്‍ (ജീവധാര ), അജേഷ് പോള്‍ (പ്രവാസി കേരളാ കോണ്‍ഗ്രസ്), ഡോമിനിക് കൂര്യന്‍, സാബു പഴയാറ്റില്‍ എന്നിവര്‍ കെ.എം മാണിയെ അനുസ്മരിച്ചു സംസാരിച്ചു. മാണിസാറിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് ഡേവീസ് ജോസ് നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക