Image

യുക്മ ദേശീയ കായിക മേള ജൂണ്‍ 15 ന് ബര്‍മിംഗ്ഹാമില്‍; മത്സരത്തിനുള്ള ലോഗോ ഡിസൈനുകള്‍ സമര്‍പ്പിക്കാവുന്ന അവസാന ദിവസം മേയ് നാല്

Published on 16 April, 2019
യുക്മ ദേശീയ കായിക മേള ജൂണ്‍ 15 ന് ബര്‍മിംഗ്ഹാമില്‍; മത്സരത്തിനുള്ള ലോഗോ ഡിസൈനുകള്‍ സമര്‍പ്പിക്കാവുന്ന അവസാന ദിവസം മേയ് നാല്

 
ലണ്ടന്‍: മെയ്ക്കരുത്തിന്റേയും തീവ്ര പരിശീലനത്തിന്റേയും കായികോത്സവത്തിന് ബര്‍മിംഗ്ഹാം വീണ്ടും വേദിയൊരുക്കുന്നു. യുക്മ ദേശീയ കായികമേള ജൂണ്‍ 15 ന് (ശനി) യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടന്‍ കോള്‍ഡ്ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ അരങ്ങേറും. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. 

റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം. പ്രധാനപ്പെട്ട റീജിയണുകള്‍ എല്ലാം തന്നെ റീജണല്‍ കായികമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

നോര്‍ത്ത് വെസ്റ്റ്, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ എന്നീ റീജിയണുകളില്‍ പുത്തന്‍ നേതൃത്വം കായികമേളയോടുകൂടി പ്രവര്‍ത്തനവര്‍ഷം സജീവമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വെയില്‍സ് റീജിയണും പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണും ദേശീയ കമ്മിറ്റിയുടെ സഹകരണത്തോടെ തങ്ങളുടെ റീജണല്‍ കായിക മേളകള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. 

യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് ആണ് ദേശീയ കായിക മേളയുടെ ജനറല്‍ കണ്‍വീനര്‍. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനായുള്ള സമിതി റീജിയണല്‍  ദേശീയതല കായിക മേളകളുടെ തയാറെടുപ്പുകള്‍ വിലയിരുത്തി വരുന്നു. 

യുക്മ ദേശീയ കായികമേളയുടെ നിയമാവലി ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ചു. യു കെ യിലെ കായിക പ്രേമികളുടെയും യുക്മ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് '2019 കായികമേള മാനുവല്‍' കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തുവാനും കൂടുതല്‍ ജനകീയമാക്കുവാനുമാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. ഇതിലേക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ലെരൃലമേൃ്യ.ൗസാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഏപ്രില്‍ 25 ന് (വ്യാഴം) വൈകുന്നേരം 5 വരെ അയയ്ക്കാവുന്നതാണ്. നിലവിലുള്ള കായികമേള മാനുവല്‍ ലിങ്ക് ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്നു. 

യുക്മ ദേശീയ കായികമേള സന്ദേശം കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്മിറ്റി ഈ വര്‍ഷം ഒരു ലോഗോ മത്സരം സംഘടിപ്പിക്കുകയാണ്. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ തയാര്‍ ചെയ്യുന്ന ലോഗോ ഡിസൈനുകളാണ് ക്ഷണിക്കുന്നത്. ലോഗോകള്‍ പൂര്‍ണമായും സ്വതന്ത്രവും അനുകരണങ്ങള്‍ക്ക് അതീതവും ആയിരിക്കണം. മത്സരത്തിനുള്ള ലോഗോകള്‍ മേയ് 4 ന് (ശനി) മുന്‍പായി ഇമെയില്‍ വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ഒരാള്‍ക്ക് രണ്ട് ലോഗോകള്‍ വരെ അയയ്ക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പ്പന ചെയ്യുന്ന വ്യക്തിയെ യുക്മ ദേശീയ വേദിയില്‍ ആദരിക്കും.

യു കെ മലയാളികളുടെ കായിക ഭൂപടത്തില്‍ യുക്മയുടെയും വിന്‍ഡ്‌ലി ലെഷര്‍ സെന്ററിന്റേയും പേരുകള്‍ അനിഷേധ്യമാംവിധം ചേര്‍ത്ത് എഴുതപ്പെട്ടിരിക്കുന്ന യുക്മ ദേശീയ കായികമേള വന്‍വിജയമാക്കുവാന്‍ എല്ലാ യുക്മ പ്രവര്‍ത്തകരും യു കെ മലയാളി കായിക പ്രേമികളും സഹകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്:സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക