Image

മോക്ഷത്തിലേക്ക് നേരിട്ട് നടന്നു കയറാന്‍ പ്രിയപ്പെട്ടവയെ ഉപേക്ഷിക്കുക (ഗംഗയെ അറിയാന്‍ (8: മിനി വിശ്വനാഥന്‍)

Published on 16 April, 2019
മോക്ഷത്തിലേക്ക് നേരിട്ട്  നടന്നു കയറാന്‍  പ്രിയപ്പെട്ടവയെ ഉപേക്ഷിക്കുക (ഗംഗയെ അറിയാന്‍ (8: മിനി വിശ്വനാഥന്‍)
കാശിയിലെത്തി, ഗംഗാ സ്‌നാനം കഴിഞ്ഞാല്‍ വളരെയധികം പ്രിയമുള്ള ഒന്ന് ഉപേക്ഷിക്കണമെന്നാണത്രെ!
ഏറ്റവും പ്രിയം സ്വജീവനാണ്. പണ്ട് കര്‍മ്മങ്ങളെല്ലാം തീര്‍ത്ത് അത്രയും പ്രിയപ്പെട്ട ജീവനുപേക്ഷിക്കാനാണ് കാശിയെ ജനങ്ങള്‍ തേടിയെത്തിരുന്നത്. സംഹാരമൂര്‍ത്തിയായ ശിവന് ജീവന്‍ അടിയറ വെച്ച് മോക്ഷത്തിലേക്ക് നേരിട്ട് നടന്നു കയറുക എന്ന എളുപ്പവഴിയാണ് പ്രിയപ്പെട്ടവയെ ഉപേക്ഷിക്കുക എന്ന ഐതിഹ്യമായത്. പിന്നെ കൂടെക്കൊണ്ട് നടക്കുന്ന ദു:ശ്ശീലങ്ങളാണത്രെ നാമറിയാതെ നമുക്ക് പ്രിയപ്പെട്ടതാവുന്നത്. കാശിയില്‍ മുങ്ങുന്നതോടെ അവയെ ഉപേക്ഷിച്ച് പാപവിമുക്തമാവണമെന്നാണ്.
ഗംഗ കൊതിപ്പിക്കുന്നുണ്ട്, മാടി വിളിക്കുന്നുണ്ട്. ഞാനും എന്റെ ഇത്തിരി പാപങ്ങളും ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്.
പ്രിയപ്പെട്ടവയെ പൂര്‍ണ്ണമായും പരിത്യജിക്കാനുള്ള പക്വത പ്രായം തന്നിട്ടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് കുംഭ സ്‌നാനത്തിനായി യാത്ര തുടങ്ങിയത്. ശിവരാത്രിയിലെ കുംഭമേളയുടെ അവസാന ദിവസത്തെ ഷാഹി സ്‌നാനമാണ് ഞങ്ങളെ കാത്തിരിക്കുന്നത്. ഗംഗാ സ്‌നാനവും അന്നു തന്നെ നടത്തണം. കാലം ഓടുകയാണ്, നാളെയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാതെ.

കൃത്യമായ പ്ലാനിങ്ങ് ആണ് ഓരോ യാത്രയുടെയും വിജയത്തിന് പിന്നില്‍. അജിത്തിന്റെ ദീര്‍ഘദര്‍ശിത്വവും പ്ലാനിങ്ങും വിജയിപ്പിച്ച ഒരു യാത്ര കൂടിയായിരുന്നു ഇത്. വികൃതിക്കുട്ടികളെ പോലെ രണ്ടു ദിവസം അലഞ്ഞ് നടന്ന ഞങ്ങള്‍ അജിത്തും ഉഷയും എത്തിയതോടെ അച്ചടക്കമുള്ള സഹയാത്രികരായി.
രാവിലെ മൂന്ന് മണിക്ക് പ്രയാഗിലേക്ക് പോവാനായി വണ്ടി ഏര്‍പ്പാടാക്കിയിരുന്നു സൗരഭ്. പക്ഷേ ശിവരാത്രിയുടെ വാഹന നിയന്ത്രണം കാരണം മൂന്ന് കിലോമീറ്റര്‍ ദൂരെയെ കാറിന് എത്താന്‍ പറ്റുകയുള്ളു എന്നു പറഞ്ഞു െ്രെഡവര്‍..അതിരാവിലെ രണ്ടര മണിക്ക് പുറത്തിറങ്ങിയപ്പോള്‍ വിശ്വനാഥ ദര്‍ശനത്തിനുള്ള ക്യു റോഡില്‍ ,നിരന്നു കഴിഞ്ഞിരുന്നു.

റോഡ് നിറഞ്ഞ് കവിയുന്ന ജനപ്രവാഹത്തിനിടയിലും ഒരു ഓട്ടോക്കാരന്‍ കാറ് നില്‍ക്കുന്നിടത്തേക്ക് ഞങ്ങളെ എത്തിക്കാന്‍ തയ്യാറായി.. പക്ഷേ പറഞ്ഞേല്‍പ്പിച്ച കാറ് ട്രാഫിക്കില്‍ പെട്ട് പോയെന്നും യാത്രക്ക് മറ്റു വഴികള്‍ അന്വേഷിക്കണമെന്നും െ്രെഡവര്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിരാശരായെങ്കിലും വഴികള്‍ തെളിയുമെന്ന ആത്മവിശ്വാസത്തോടെ അജിത്ത് ഓട്ടോക്കാരനോട് ബസ് സ്റ്റാന്‍ഡിലേക്ക് വിടാന്‍ പറഞ്ഞു.
എല്ലാ വണ്ടികളും ശിവരാത്രിയുടെ ഓട്ടത്തിലാണ്. ഞങ്ങളെപകുതി വഴിക്കുപേക്ഷിക്കാതെ ആത്മാര്‍ത്ഥതയോടെ ആ ഓട്ടോക്കാരന്‍ പുറത്തിറങ്ങി അന്വേഷണം തുടങ്ങി. ഒടുവില്‍ യാത്രക്ക് റെഡിയായി നില്‍ക്കുന്ന ഒരു ടാക്‌സി കണ്ടു പിടിച്ചു അവന്‍. വായില്‍ നിറയെ പാന്‍ നിറച്ച് ഒരു ടിപ്പിക്കല്‍ നോര്‍ത്തിന്ത്യന്‍ ടാക്‌സി െ്രെഡവര്‍. വിലപേശലുകള്‍ക്ക് പ്രസക്തിയില്ലെങ്കിലും പതിവിന് മാറ്റം വരുത്തിയില്ല. വണ്‍വെ ട്രിപ്പിന് കണക്ക് പറഞ്ഞുറപ്പിച്ച് അല്പം സംശയത്തോടെ തന്നെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. മൂന്ന് മണിക്കൂറോളം യാത്രയുണ്ട് പ്രയാഗിലേക്ക്. കാറ് നീങ്ങിത്തുടങ്ങിയപ്പോള്‍ ആളൊരു മിടുക്കന്‍ െ്രെഡവറാണെന്നും, അതിലേറെ ഒരു കടുംപിടുത്തക്കാരനാണെന്നും പക്ഷേ മനസ്സിലൊരു കരിമ്പിന്‍ തുണ്ടുണ്ടെന്നും തിരിച്ചറിഞ്ഞ സമാധാനത്തില്‍ ഞങ്ങള്‍ കണ്ണടച്ചു. കഴിഞ്ഞ ദിവസത്തെ യാത്രാക്ഷീണം വകവെക്കാതെ അജിത് ഉണര്‍ന്നിരുന്നു െ്രെഡവറെ നിരീക്ഷിച്ചു.

പ്രയാഗിലേക്കാണ് യാത്ര. ത്രിവേണി സംഗമമാണ് ലക്ഷ്യം. കുംഭമേളയിലെ അവസാന ദിവസമായ മഹാശിവരാത്രി ദിവസത്തെ ഷാഹി ( പുണ്യ )സ്‌നാനമാണ് മനസ്സ് നിറയെ. മകരസംക്രാന്തി, പൗഷ്പൂര്‍ണ്ണിമ, മൗനി അമാവാസി, ബസന്ത് പഞ്ചമി, മാഘി പൂര്‍ണ്ണിമ ,മഹാശിവരാത്രി എന്നീ ദിവസങ്ങളാണ് ഈ തവണത്തെ പുണ്യസ്‌നാന ദിവസങ്ങള്‍. അതില്‍ ശിവരാത്രിയിലെ സ്‌നാനത്തിനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്.

കുംഭമേളയുടെ ആരംഭ ദിവസമായ മകരസംക്രാന്തി ദിവസത്തെ പുണ്യസ്‌നാനത്തിനായി അഘോര സന്യാസികളും, നാഗസന്യാസിമാരും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരും. സൂര്യന്‍ മകരരാശിയിലെത്തുന്ന മുഹൂര്‍ത്തത്തില്‍ തന്നെ അഘോരി സന്യാസി സമൂഹമാണ് സ്‌നാനം ആരംഭിക്കുക. അവര്‍ക്കാണ് മുന്‍ഗണനയും. പല്ലക്കിലാനയിച്ച് കൊണ്ടുവരുന്ന അവരുടെ പൂജാബിംബങ്ങളെയും ഗംഗയില്‍ മുക്കി അനുഷ്ടാനങ്ങള്‍ നടത്തും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുംഭമേളയിലാണ് അവര്‍ പുറം ലോകവുമായി കൂടിച്ചേരുന്നത്. സംഗമ തീരത്ത് നിന്ന് ഗംഗാ തീരത്തേക്കും ഈ കാലത്ത് അവര്‍ സഞ്ചരിക്കും.സര്‍ക്കാര്‍ കെട്ടിക്കൊടുക്കുന്ന ടെന്‍റുകളിലാണ് അവരുടെ താത്കാലിക വാസം. കുംഭമേളയ്ക് ശേഷം അവര്‍ തിരിച്ച് അവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ കുംഭമേള യുനെസ്‌കോയുടെ സാംസ്കാരിക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍
ആണ് പൂര്‍ണ്ണകുംഭമേള നടക്കുന്നത്. പന്ത്രണ്ട്, പന്ത്രണ്ട് വര്‍ഷങ്ങള്‍ (144 വര്‍ഷങ്ങള്‍) കഴിഞ്ഞാല്‍ മഹാകുംഭമേള, ആറ് വര്‍ഷത്തിന്റെ ഇടവേളയില്‍ അര്‍ദ്ധ കുംഭമേള എന്നിങ്ങനെയാണ് കണക്ക്. 2013 ല്‍ നടന്നത് മഹാകുംഭമേളയായിരുന്നു. 2019 ജനുവരി പതിനഞ്ചിന് തുടങ്ങി മാര്‍ച്ച് നാലിന് പടിയിറങ്ങിയത് അര്‍ദ്ധകുംഭമേളയും.
ചരിത്രാതീതകാലം മുതലെ കുംഭമേളകള്‍ നടന്നിരുന്നെങ്കിലും ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ്ങിന്റെ കുറിപ്പുകളാണ് ഇതിനെക്കുറിച്ചുള്ള രേഖപ്പെടുത്തിയ ചരിത്രം.
അമൃതമഥനത്തിനിടെയുണ്ടായ ദേവാസുര യുദ്ധത്തില്‍ ഗരുഡനില്‍ നിന്ന് അമൃതകുംഭം തുളുമ്പി ഹരിദ്വാറിലെ ഗംഗാനദിയിലും പ്രയാഗിലെ തൃവേണീസംഗമത്തിലും നാസിക്കിലെ ഗോദാവരിയിലും ഉജ്ജയിനിയിലെ ക്ഷിപ്ര നദിയിലും പതിച്ചു എന്നും അതുകൊണ്ട് തന്നെ ഈ പുണ്യനദികളിലുള്ള സ്‌നാനം സര്‍വ്വ പാപങ്ങളെയും ഒഴുക്കിക്കളയുമെന്നുമാണ് വിശ്വാസം.. പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴുള്ള ഓരോ കുംഭമേളയും ജ്യോതിശാസ്ത്ര കണക്കുകള്‍ക്കനുസരിച്ച് ഈ നദീതീരങ്ങളിലൊന്നിലാണ് നടക്കാറുള്ളത്.
ഇത്തവണ കുംഭമേള അലഹബാദിലെ പ്രയാഗ് രാജിലെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ തൃവേണിയിലാണ് നടന്നത്. (സരസ്വതി അദൃശ്യയായി ഒഴുകുന്നു എന്നാണ് വിശ്വാസം).

ഞങ്ങള്‍ ഏകദേശം ഏഴു മണിയോടെ കുംഭ നഗരിയിലെത്തി. ഗോതമ്പു കതിരുകള്‍ക്കിടയില്‍ കടുക് പൂത്തു നില്ക്കുന്ന പാടശേഖരങ്ങില്‍ നിന്ന് വീശിയടിച്ച തണുത്ത കാറ്റിന്റെ അകമ്പടിയോടെ ഞങ്ങള്‍ കുംഭ് നഗരിയിലെത്തി.

ശിവരാത്രി സ്‌നാനത്തിന്റെ തിരക്ക് മുന്നില്‍ക്കണ്ടു കൊണ്ട് വാഹനനിയന്ത്രണം ഉണ്ടായിരുന്നു. സംഗമത്തിന് ഏകദേശം മൂന്ന് നാല് കിലോമീറ്റര്‍ മുന്നേ തന്നെ ചെറു ഗ്രൂപ്പുകളായി ജനങ്ങള്‍ നടന്നുവന്നു കൊണ്ടിരുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക് മനസ്സുറപ്പിച്ച് നടക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെ സന്ദര്‍ശിച്ച് പോയിരിക്കുന്നു. അവസാന ദിവസമായ ശിവരാത്രി ദിവസം നദീതീരം മനുഷ്യസാഗരമായിരുന്നു.
കുളിക്കാനും വേഷം മാറ്റാനുമുള്ള ടെന്‍റുകളും സൗകര്യങ്ങളും ഉണ്ടാവുമെന്ന് കേട്ടറിഞ്ഞിട്ടും വായിച്ചറിഞ്ഞിട്ടുമുണ്ടെകിലും മനസ്സിലൊരു അവിശ്വാസി ഉണ്ടായിരുന്നത് മെല്ലെ പുറത്തിങ്ങി. നിരനിരയായി കിടക്കുന്ന ടെന്‍റുകള്‍ എന്നെ ഒട്ടും സമാധാനിപ്പിച്ചില്ല. നീന്തല്‍ അറിയില്ലെന്നതിനേക്കാളുപരി ചെറിയ കുഞ്ഞാവുമ്പോഴുണ്ടായ ഒരപകടം സമ്മാനിച്ച ഫോബിയയോടടുക്കുന്ന പേടിയുമായിരുന്നു വെള്ളക്കെട്ടുകളെ.

ഇളം വെയിലിനൊപ്പമുള്ള തണുത്ത കാറ്റും ആത്മവിശ്വാസത്തോടെ, സന്തോഷത്തോടെ കുളി കഴിഞ്ഞ് ഒരുങ്ങി വരുന്ന സ്ത്രീകളുടെ കാഴ്ചയും ഞങ്ങള്‍ കൂടെയുണ്ടെന്ന അജിത്തിന്റെയും ഉഷയുടെയും ധൈര്യവും എന്നെ സമാധാനിപ്പിച്ചു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് മുങ്ങേണ്ടത് എന്ന് കേട്ടതും ഞാന്‍ ആശങ്കകളെ തീര്‍ത്തും ഉപേക്ഷിച്ചു.

കൈ പിടിക്കാന്‍ വിശ്വനാഥന്‍ ഉള്ളപ്പോള്‍ ഞാനാരെ ഭയപ്പെടാന്‍ ?! .. ഹര ഹര മഹാദേവ് .
ഹര്‍ ഹര്‍ ഗംഗേ, ഹര്‍ ഹര്‍ മഹാദേവ് എന്നീ മന്ത്രോച്ചാരണങ്ങളോടെ സ്‌നാനത്തിനൊരുങ്ങിയിരിക്കുന്ന ജനലക്ഷങ്ങള്‍ക്കിടയില്‍ ഞങ്ങളും ലയിച്ചു ചേര്‍ന്നു.... ഹര്‍ ഹര്‍ ഗംഗേ എന്ന വിളിയോടെ കണ്ണുകളടച്ച് കൈകള്‍ കൂപ്പിക്കൊണ്ട് ...
പാപവി മോചിനിയിലേക്ക് ഇറങ്ങുകയായി ഞാനും.....

മോക്ഷത്തിലേക്ക് നേരിട്ട്  നടന്നു കയറാന്‍  പ്രിയപ്പെട്ടവയെ ഉപേക്ഷിക്കുക (ഗംഗയെ അറിയാന്‍ (8: മിനി വിശ്വനാഥന്‍)
Join WhatsApp News
വേതാളം വാസു 2019-04-16 22:55:11
ഗംഗാ സ്നാനം കഴിഞ്ഞയുടനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജീവൻ നഷ്ടപ്പെട്ടു . അത്രക്ക് മലിനമാണ് ആ ജലം . ഇപ്പോൾ ഞാൻ ശരീരത്തിൽ നിന്ന് മോക്ഷം പ്രാപിച്ച്  ഗതികിട്ടാ പ്രേതമായി അലയുകയാണ് . എന്റെ മൃതശരീരം ഗംഗയിൽ ഒഴുകി നടക്കുന്നത് ഞാൻ കാണുന്നു . ചില തുണി പറിച്ചു കളഞ്ഞിട്ട് കുളിക്കുന്ന സന്യാസിമാർ എന്റെ ശവശരീരത്തെ നോക്കി കയ്യ് കൂപ്പി നിൽക്കുന്നു .  ഞാൻ ജീവിച്ചിരുന്നപ്പോൾ ഇവന്മാർ എന്നെ ആട്ടി ഓടിച്ചിട്ടുണ്ട്. ഇപ്പോൾ ഇവന്മാർ കയ്യ് കൂപ്പി നിൽക്കുന്നു .എല്ലാത്തിനും ഞാൻ വച്ചിട്ടുണ്ട് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക