Image

കോഴയില്‍ കുടുങ്ങിയെങ്കിലും ആത്മവിശ്വാസത്തോടെ എം.കെ. രാഘവന്‍, മണ്ഡലം തിരിച്ചു പിടിക്കാന്‍ എ. പ്രദീപ്കുമാര്‍ (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 17 April, 2019
കോഴയില്‍ കുടുങ്ങിയെങ്കിലും ആത്മവിശ്വാസത്തോടെ എം.കെ. രാഘവന്‍, മണ്ഡലം തിരിച്ചു പിടിക്കാന്‍ എ. പ്രദീപ്കുമാര്‍ (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-15
(തെരഞ്ഞെടുപ്പ് അവലോകനം- കോഴിക്കോട്)

ഒളിക്യാമറ ഒപ്പിയെടുത്ത കോഴവിവാദത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ വരെ ശ്രദ്ധ നേടിയ മണ്ഡലമാണ് കോഴിക്കോട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഹാട്രിക്ക് ലക്ഷ്യമിട്ട് അരങ്ങത്തുള്ള എം.കെ. രാഘവനാണ് ചതിയില്‍പ്പെട്ടത്. ടിവി 9 ഭാരത് വര്‍ഷ് ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു അദ്ദേഹം കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ കൈമാറണമെന്ന ആവശ്യം പുറത്തായതോടെ പ്രതിരോധിക്കാനാവാതെ യുഡിഎഫ് മുട്ടുകുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലും എം.കെ. രാഘവന്‍ തന്നെ ചതിച്ചതാണെന്നു ദുര്‍ബലപ്രതിരോധത്തിലൂടെ കരഞ്ഞിരുന്നു. ഇങ്ങനെ വീണു കിട്ടിയ തുറുപ്പ്ചീട്ട് പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് മണ്ഡലം നിറഞ്ഞിരിക്കുന്നത്. കോഴിക്കോട് നോര്‍ത്ത് നിയമസഭ മണ്ഡലത്തെ മൂന്നാം തവണയും പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ. പ്രദീപ്കുമാറിനെ ഉപയോഗിച്ച് മണ്ഡലം തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമം. 


കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ദ്ധിച്ച എല്‍ഡിഎഫ് സ്വാധീനമാണ് ഇടതുപക്ഷത്തിന്റെ ചുരിക. മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയിച്ചിട്ടുള്ള എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് കാര്യമായ സ്വാധീനവുമുണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് പക്ഷത്ത് നിന്നു മത്സരിച്ചു തോറ്റ വീരന്‍ ഇത്തവണ ലോക് താന്ത്രിക് ജനത(എല്‍ജെഡി) ആയി വീണ്ടും എല്‍ഡിഎഫിലേക്ക് തന്നെ എത്തിയിട്ടുണ്ട്. ഇത് ഇടതു പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതനാണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണങ്ങളുടെ ഏകോപനത്തിലെ വീഴ്ചയും എല്‍ഡിഎഫിനു തുണയാകുമെന്നു കരുതുന്നു. 

ബാലുശ്ശേരി, കൊടുവള്ളി, എലത്തൂര്‍, കുന്ദമംഗംലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കോഴിക്കോട് ലോക്‌സഭമണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പോലും ഏറ്റവും കൂടുതല്‍ വോട്ടിങ് നടന്ന ജില്ലയാണ് കോഴിക്കോട്. അന്ന് 81.89 ശതമാനം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്ന് കോഴിക്കോട് സൗത്ത് മാത്രമാണ് യുഡിഎഫിന് കിട്ടിയത്. ഈ കണക്കുകള്‍ വച്ച് കൊണ്ടു മണ്ഡലം ഏതു വിധേനയും തിരിച്ചു പിടിക്കാന്‍ പ്രദീപ്കുമാര്‍ അരയും തലയും മുറുക്കിയാണ് രംഗത്തുള്ളത്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബു ഇവിടെ തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ കിടന്ന സ്ഥാനാര്‍ത്ഥി ഇത്തവണ സിപിഎമ്മിന്റെ വോട്ടുകളിലാണ് ലക്ഷ്യമിടുന്നത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രകാശ് വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ കോഴിക്കോട് രാഘവന് തുണയാകുമെന്നാണ് രാഷ്ട്രീയവിദഗ്ധരുടെ കണക്കുകൂട്ടല്‍.

2009-ല്‍ സിപിഎമ്മിലെ പി.എ. മുഹമ്മദ് റിയാസിനെ 838 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം.കെ. രാഘവന്‍ ആദ്യം കോഴിക്കോട് വിജയിക്കുന്നത്. 2014-ല്‍ ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനറായ എ. വിജയരാഘവനെ സിപിഎം രംഗത്ത് ഇറക്കിയെങ്കിലും കോണ്‍ഗ്രസ് ഭൂരിപക്ഷം 16,883 ആക്കി വര്‍ധിപ്പിച്ചു. മണ്ഡലത്തില്‍ നിന്നും ഇത്തവണ 16 പേര്‍ മത്സരരംഗത്തുണ്ട്. എന്നാല്‍ അഭിപ്രായ സര്‍വ്വേയില്‍ ഇപ്പോഴും എം.കെ. രാഘവന്‍ തന്നെയാണ് മുന്നില്‍. വികസനനായകന്‍, സര്‍വ്വസമ്മതന്‍ എന്നിങ്ങനെ രാഘവനെക്കുറിച്ച് വോട്ടര്‍മാര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ ഒളിക്യാമറ എന്ന ചതിക്കുഴി ഇല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം കൂടുതല്‍ വിയര്‍ത്തേനെ എന്നതാണ് യാഥാര്‍ത്ഥ്യം.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക