Image

ആഗോളതലത്തില്‍ മലയാളികള്‍ക്ക്‌ അഭിമാനമായ ജൂണിയര്‍

സില്‍ജി ജെ ടോം Published on 17 April, 2019
ആഗോളതലത്തില്‍ മലയാളികള്‍ക്ക്‌ അഭിമാനമായ ജൂണിയര്‍
എണ്‍പതുകളുടെ ആദ്യപാദങ്ങളില്‍, മുംബൈ തെരുവിലെ അനാഥകുഞ്ഞുങ്ങളുടെ നിനവുകളെയും നൊമ്പരങ്ങളെയും ചിന്തകളോടു ചേര്‍ത്തുവച്ച്‌ യുണിസെഫിനൊപ്പംനടന്ന ഒരു മലയാളി ചെറുപ്പക്കാരനുണ്ടായിരുന്നു, ജോസഫ്‌ സ്‌കറിയ ജൂണിയര്‍.

രണ്ട്‌ പതിറ്റാണ്ടുകളോളമായി ഹാബിറ്റാറ്റ്‌ ഫോര്‍ ഹ്യൂമാനിറ്റിക്കൊപ്പം ഹൗസിംഗ്‌ റിലേറ്റഡ്‌ പ്രോജക്‌ടുകള്‍ക്കുവേണ്ടി ഗ്ലോബല്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ്‌ ഫിലിപ്പീന്‍സില്‍ താമസമാക്കിയ ഇദ്ദേഹം.

ഇവന്റ്‌മാനേജ്‌മെന്റ്‌ പ്രോഗ്രാമുകളെയും ഫണ്ട്‌ റെയ്‌സിംഗിനെയും ആവേശത്തോടെ നെഞ്ചേറ്റുന്ന, അവയിലൂടെ ആയിരങ്ങള്‍ക്ക്‌ നന്‍മചെയ്യാന്‍ താല്‍പര്യപ്പെടുന്ന, ഈ മാനേജ്‌മെന്റ്‌ പ്രതിഭ ജൂണിയര്‍ എന്ന പേരിലാണ്‌ അറിയപ്പെടുക.

വിവിധകാലങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനിടവന്നതിലൂടെ നോബല്‍ ജേതാവ്‌ കൈലാഷ്‌ സത്യാര്‍ഥിയുടെയും മാഗ്‌സസെ വിന്നര്‍ ജോകിന്‍ അര്‍പുതമിന്റെയും സ്വാധീനം തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുന്നു.

നന്മയിലൂടെ സമൂഹത്തെ സ്വാധീനിക്കുക, പ്രചോദിപ്പിക്കുക ഇവയില്‍ നിന്നൊക്കെ ലഭിക്കുന്ന ഊര്‍ജവും സന്തോഷവും വളരെ വലുതാണെന്ന്‌ വിശ്വസിക്കുന്നു പ്രശസ്‌തിയുടെ വഴികളില്‍ നിന്ന്‌ മാറി നടക്കാന്‍ താല്‍പര്യപ്പെടുന്ന ജോസഫ്‌ ജൂണിയര്‍. ഇതിനകം 67 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു ആഗോളതലത്തില്‍ യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന ഇദ്ദേഹം.

ഇതെഴുതുന്നതിനുള്ള വിവരങ്ങള്‍ക്കായി ഞാന്‍ പലവട്ടം കോണ്‍ടാക്‌ട്‌ ചെയ്യുമ്പോഴും അദ്ദേഹം പല രാജ്യങ്ങളിലൂടെ യാത്രയിലായിരുന്നു. UNiCEF, ILO-IPEC, ISPCAN, COMMACT, സേവ്‌ ദി ചില്‍ഡ്രന്‍ ഇന്ത്യ തുടങ്ങിയ അന്തര്‍ദേശീയ പ്രസ്ഥാനങ്ങളിലൂടെ തിളങ്ങുന്ന ഈ പ്രതിഭയെ, നമ്മള്‍ മലയാളികളില്‍ എത്ര പേര്‍ക്ക്‌ പരിചയമുണ്ടെന്നറിയില്ല.

പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ മുന്‍ യു.എസ്‌ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടര്‍, നോബല്‍ ജേതാവ്‌ ഡെസ്‌മണ്ട്‌ ടുട്ടു, മുന്‍ ഫിലിപ്പീന്‍സ്‌ പ്രസിഡന്റ്‌ അക്വിനോ തുടങ്ങിയരാഷ്‌ട്രീയനേതാക്കളുമായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മിസസ്‌ ബിര്‍ലയുമായുമുള്ള സൗഹൃദങ്ങളെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ച അംഗീകാരമായി അദ്ദേഹം വിലമതിക്കുന്നു.

ഹാബിറ്റാറ്റ്‌ ഫോര്‍ ഹ്യൂമാനിറ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസഫിക്‌ ഓപ്പറേഷന്‍സിന്റെ ഡവലപ്‌മെന്റ്‌ ഡയറക്‌ടറായ ഇദ്ദേഹം ലോകത്തെങ്ങുമായി പതിനാല്‌ മില്യനിലേറെ വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഗ്ലോബല്‍ മാനേജ്‌മെന്റ്‌ ടീമിലംഗമാണ്‌.

കുട്ടികളുടെയും സ്‌ത്രീകളുടെയും ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍, റൂറല്‍ ഹെല്‍ത്‌ കെയര്‍, ഹൗസിംഗ്‌ & മൈക്രോബിസിനസുകള്‍ തുടങ്ങിയവയിലും മുന്നിട്ട്‌ പ്രവര്‍ത്തിക്കുന്നു.

കൊല്‍ക്കത്തയില്‍ വച്ച്‌ അമ്മയുടെ മരണത്തെതുടര്‍ന്ന്‌ കുഞ്ഞുനാളില്‍ പിതാവിനും കുടുംബത്തിനുമൊപ്പം നാട്ടിലെത്തിയ ജോസഫ്‌ ജൂണിയറുടെ സ്‌കൂള്‍ പഠനം ചങ്ങനാശേരിയിലായിരുന്നു. തിരുവനന്തപുരം സെന്റ്‌ സേവ്യേഴ്‌സിലും ചങ്ങനാശേരി എസ്‌.ബി കോളജിലുമായി തുടര്‍പഠനം.

ഇക്കാലത്ത്‌ രാഷ്‌ട്രീയപ്രവര്‍ത്തനവുമുണ്ടായിരുന്നു. ഇലക്‌ട്രോണിക്‌സില്‍ ബിരുദമെടുത്ത്‌ എണ്‍പതുകളുടെ ആദ്യം നാടുവിട്ട്‌ വീണ്ടും കൊല്‍ക്കത്തയിലെത്തി. അവിടെ ബിര്‍ലയിലും പിന്നീട്‌ ഫ്രഞ്ച്‌കമ്പനിയിലും ജോലി ചെയ്‌തു. അധികം വൈകിയില്ല, ജോലി മടുത്ത്‌ എം.ബി.എ പഠനത്തിന്‌ ചേര്‍ന്നു. മുംബൈയിലായിരുന്നു അക്കാലം.

പിന്നീട്‌ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ മനിലയില്‍ നിന്നും ഗ്രാജുവേറ്റ്‌ ചെയ്‌തിട്ടുണ്ട്‌. പഠനശേഷം യൂണിസെഫുമായി ചേര്‍ന്ന്‌ ഏഴെട്ടു വര്‍ഷക്കാലം തെരുവുകുട്ടികളുടെ ഉന്നമനവും പുനരധിവാസവും ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിച്ചു.

തെരുവിന്റെ മക്കളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുദ്ദേശിച്ച്‌ നടത്തിയ ക്യാമ്പയിന്‌ നേതൃത്വം നല്‍കി. 1993-94ല്‍ തെരുവുകുട്ടികളെ സവിശേഷപരിഗണന ആവശ്യമുള്ള കാറ്റഗറിയായി ഗവണ്‍മെന്റ്‌ അംഗീകരിച്ചു.

ഇതിനിടെ യൂണിസെഫില്‍ നിന്ന്‌ വിട്ട്‌ ഡി.എം. ആര്‍ ജി എന്ന പേരില്‍ എന്‍ജി.ഒകള്‍ക്ക്‌ ഫണ്ട്‌ റെയ്‌സിംഗും സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റും നടത്തിക്കൊടുക്കുന്ന കമ്പനി നടത്തി.

ഇതിനിടയിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ലീഡര്‍ഷിപ്പ്‌ പ്രോഗ്രാമുകളില്‍ സംബന്ധിച്ചു. 1992 - 93ലെ മുംബൈ കലാപകാലത്ത്‌ നാനിപാല്‍ക്കിവാലയും മറ്റും ചേര്‍ന്ന്‌ മതസൗഹാര്‍ദ്ദത്തിനായി രൂപീകരിച്ച സി സി ബി റ്റി എന്ന പ്രസ്ഥാനത്തിന്റെ ഉപദേശകനും കോ -ഓര്‍ഡിനേറ്ററുമായി.

ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ `I Love Bombay'യുടെ ബെസ്റ്റ്‌ സോഷ്യല്‍ ഡവലപ്‌മെന്റ്‌ പേഴ്‌സണല്‍ ബഹുമതി ഗവര്‍ണര്‍ പി.സി അലക്‌സാണ്ടറില്‍ നിന്ന്‌ ഏറ്റുവാങ്ങി.

ഹിന്ദു മുസ്ലിം കലാപകാലത്ത്‌ അനാഥരായ കുഞ്ഞുങ്ങളെയും വിധവകളെയും ഉള്‍പ്പെടുത്തി ആരംഭിച്ച സുരുചി ഫുഡ്‌സ്‌ എന്ന ബിസിനസ്‌ സംരംഭം നരിമാന്‍ പോയിന്റ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വര്‍ഷം നാലരകോടിയുടെ ബിസിനസ്‌ സ്വന്തമാക്കിയത്‌ സന്തോഷത്തോടെ അദ്ദേഹം അനുസ്‌മരിക്കുന്നു.

മീരാ നായരുടെ `സലാം ബോംബെ'യുടെ കഥയ്‌ക്കുള്ള ആശയ രൂപീകരണത്തിലും ഇക്കാലത്ത്‌ പങ്കാളിയായി. സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ആദരവ്‌ ലഭിച്ചു ഇക്കാലത്ത്‌.

ജെറ്റ്‌ എയര്‍വേയ്‌സ്‌ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന ഫണ്ട്‌ റെയ്‌സിംഗ്‌ പ്രോഗ്രാം `മാജിക്‌ ബോക്‌സ്‌' മാസത്തില്‍ 25 ലക്ഷം രൂപയോളം സ്വന്തമാക്കുമ്പോള്‍ ആ പ്രോജക്‌ടിന്‌ ആശയം പകര്‍ന്ന വ്യക്തിയെന്ന നിലയില്‍ മനസില്‍ ആനന്ദം നിറയാറുണ്ടെന്ന്‌ അദ്ദേഹം പറയുന്നു.

19 വര്‍ഷത്തിലേറെയായി ഹാബിറ്റാറ്റിനു വേണ്ടി ഗവണ്‍മെന്റുകളുമായും കോര്‍പറേഷനുകളുമായും സഹകരിച്ച്‌ ഫണ്ട്‌ റെയ്‌സിംഗ്‌ ഇവന്റുകള്‍ സംഘടിപ്പിക്കുക, ലോക വ്യാപകമായി പല രീതിയില്‍ പണം ഇന്‍വെസ്റ്റ്‌ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്നു.

ഹാബിറ്റാറ്റിന്റെ തന്നെ 800 മില്യനോളം ബിസിനസുള്ള റീസ്റ്റോര്‍ കമ്പനി, മൈക്രോബില്‍ഡ്‌ ഇന്റര്‍നാഷണല്‍, തുടങ്ങിയവയുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 80ലേറെ രാജ്യങ്ങളില്‍ നേതൃത്വം നല്‍കുന്നു.

മിഡില്‍ ഈസ്റ്റ്‌, യൂറോപ്പ്‌, അമേരിക്ക, ലാറ്റിനമേരിക്ക, ഹോങ്കോംഗ്‌, ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ തുടങ്ങി എല്ലാ കോണ്‍ടിനെന്റുകളിലും ഇവന്റുകള്‍ നടത്തി.. 2011ല്‍ ഇന്ത്യ ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പ്‌ നേടിയതിനോടനുബന്ധിച്ച്‌ മഹേന്ദ്രസിംഗ്‌ ധോണിയുമായി ചേര്‍ന്ന്‌ നടത്തിയ ഫണ്ട്‌ റെയ്‌സിംഗ്‌ ഇവന്റ്‌ വന്‍ വിജയമായി, 2 മില്യന്‍ പൗണ്ട്‌ സമാഹരിച്ചു.

ദുബൈയില്‍ ജോണ്‍ ഏബ്രഹാം പങ്കെടുത്ത പ്രോഗ്രാമില്‍ 1മില്യണ്‍ യു.എസ്‌ ഡോളര്‍ സമാഹരിച്ചു. നാട്ടിലെ സെലിബ്രിറ്റി മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട്‌ ജാക്വിലിന്‍, ആര്‍ മാധവന്‍, ജോണ്‍ ഏബ്രഹാം ഇവരുമായൊക്കെ സൗഹൃദമുണ്ട്‌. 2015ല്‍ ഗര്‍ഷോം പ്രവാസി ഭാരത രത്‌ന അവാര്‍ഡിനര്‍ഹനായി.

ജസിയാണ്‌ ഭാര്യ. മകള്‍ അശ്വതി വിവാഹിതയാണ്‌, മകന്‍ അദൈ്വത്‌ മിഷിഗനില്‍ വിദ്യാര്‍ഥി. നാടിന്റെ മാധുര്യത്തെ മറക്കാത്ത ഈ പ്രതിഭ ഇനിയും ഉയരങ്ങളിലേറട്ടെയെന്ന്‌ ആശംസിക്കുന്നു
ആഗോളതലത്തില്‍ മലയാളികള്‍ക്ക്‌ അഭിമാനമായ ജൂണിയര്‍ആഗോളതലത്തില്‍ മലയാളികള്‍ക്ക്‌ അഭിമാനമായ ജൂണിയര്‍ആഗോളതലത്തില്‍ മലയാളികള്‍ക്ക്‌ അഭിമാനമായ ജൂണിയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക