Image

വര്‍ഗീയ പരാമര്‍ശം:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ നടപടി വേണം, തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശ

Published on 17 April, 2019
 വര്‍ഗീയ പരാമര്‍ശം:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ നടപടി വേണം, തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശ

കൊച്ചി: വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ടിക്കറാം മീണ റിപ്പോര്‍ട്ട് നല്‍കി. ജനപ്രാതിനിധ്യ നിയത്തിന്റെ ലംഘനം ശ്രീധരന്‍ പിള്ള നടത്തിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വി.ശിവന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത വിദ്വേഷം പടര്‍ത്തിയ രീതിയില്‍ പ്രസംഗിച്ചുവെന്നാണ് ശിവന്‍കുട്ടി ഹര്‍ജിയില്‍ ആരോപിച്ചത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അതിനിടെ, ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രസംഗം തടയണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി എത്തി. 

നേരത്തെ പോലീസിനും ജില്ലാ വരണാധികാരിക്കും വി.ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു. പ്രസംഗത്തില്‍ ജാതി മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധമായ പ്രവര്‍ത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗമാണ് എന്നും ശിവന്‍കുട്ടി ആരോപിച്ചിരുന്നു. 'ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം ഡ്രസ് മാറ്റി നോക്കണ്ടേ' എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണെന്ന് ശിവന്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക