Image

മഴ(കഥ-ഭാഗം:1): ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 18 April, 2019
മഴ(കഥ-ഭാഗം:1): ജോണ്‍ വേറ്റം)
അനുഭവങ്ങളും, ആഗ്രഹങ്ങളും, ബന്ധങ്ങളും, സ്വപ്‌നങ്ങളും ഭാവിയെ മനോഹരമാക്കുമെന്ന് വിശ്വസിച്ചു. ഹൈസ്‌ക്കൂള്‍ പിന്നിട്ടപ്പോള്‍, അന്നോളം വന്ന വഴി മാറി. ഒരു പുതിയ ലക്ഷ്യം. സാമൂഹ്യസേവനത്തോടെ തീവ്രമായ താല്‍പര്യം. ഒരു സന്തുഷ്ടപുത്രന്‍ എന്ന നിലയിലായിരുന്നു കോളെജിലെ തുടക്കം.

വെസ്റ്റ് ബംഗാളില്‍, 'ജലപായ്ഗുരി'യില്‍ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു എന്റെ പിതാവ്. അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു മമ്മിയുടെ ജോലി. മറ്റ് ചില മലയാളികളെപ്പോലെ, അവരും ആ നാട്ടില്‍ സ്ഥിര താമസം ആരംഭിച്ചു. ഒരു വീടും കൃഷിഭൂമിയും ചെറിയ തേയിലത്തോട്ടവും വാങ്ങി. അവരുടെ പ്രത്യാശയില്‍ ദൈവവും സമ്പത്തും ഉണ്ടായിരുന്നു. അതുല്യവാത്സല്യം  എനിക്ക് ലഭിച്ചു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ലേശം അലച്ചിലും വേദനയും എനിക്ക് തന്നില്ല. ക്രമേണ, അറിവുകള്‍ എന്റെ ജീവിതരീതിയെ സ്വാധീനിച്ചു.

ജല്‍ല്പായ്ഗുരിയിലും സിലിഗുരിയിലും വന്നുചേരുന്ന വിനോദസഞ്ചാരികളെ ഡാര്‍ജിലിംഗില്‍ കൊണ്ുപോകുന്ന ഒരു വഴികാട്ടിയായിരുന്നു 'ലെപ്ച്ച' വര്‍ഗ്ഗീത്തില്‍പ്പെട്ട 'ലൂ ഹാന്‍ വോങ്ങ്' എന്ന ചൈനക്കാരന്‍. എന്റെ പപ്പായുടെ സുഹൃത്ത്. ഭൂട്ടിയസ്ത്രിയായിരുന്നു അയാളുടെ ഭാര്യ. ഒരു തുണിക്കടയിലെ തയ്യല്‍ക്കാരി. മൈനാഗുരിയിലായിരുന്നു അവരുടെ വാസം.

അത് മേയ്മാസമായിരുന്നു. വിനോദയാത്രാവേളയില്‍ വീട്ടില്‍വന്ന എന്റെ ചിറ്റപ്പനേയും ചിറ്റമ്മയേയും ഡാര്‍ജിലിംഗില്‍ കൊണ്ടുപോയത് വോങ്ങിന്റെ വാടകവണ്ടിയിലായിരുന്നു. അയാളുടെ മകളും ഞാനും അവരോടൊപ്പം ഉണ്ടായിരുന്നു. ജല്പായ്ഗുരിയുടെ അയലത്തുള്ള 'സിലിഗുരി'യില്‍ നിന്നും ഡാര്‍ജിലിംഗിലേക്കുള്ള ദൂരം എണ്‍പത്തിയഞ്ച് മൈല്‍. തീവണ്ടിയില്‍ ഏഴ് മണിക്കൂര്‍ നേരത്തെ യാത്ര. ടാക്‌സിയാത്രക്ക് മൂന്ന് മണിക്കൂര്‍ മതിയാകും. സിലിഗുരിക്കും ഡാര്‍ജിലിംഗിനും ഇടയില്‍, മദ്ധ്യഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന 'കര്‍സിയോങ്ങ്' മുകളില്‍, ഞങ്ങള്‍ ഉച്ചയ്ക്ക് മുമ്പ് എത്തി. രമണീയമായ താഴ് വരകളും പച്ചപുതച്ച നയനസുഭഗമായ സമതലങ്ങളും കൗതുകത്തോടെ കണ്ടു.

ഡാര്‍ജിലിംഗ് നഗരത്തില്‍ നിന്നും ആറ് മൈല്‍ അകലെയുള്ള 'ടൈഗര്‍ഹില്‍' എന്ന മലയുടെ മേലഗ്രത്തിലെത്തിയപ്പോള്‍, വെയിലിന്റെ ചൂടും പ്രകാശവും വര്‍ദ്ധിച്ചു. കിഴക്ക് ചക്രവാളത്തിനു വിലങ്ങനെ നില്‍ക്കുന്ന വലിയമലകള്‍. അവയുടെ നടുവിലുള്ള 'കഞ്ചന്‍ചുംങ്ഗ' എന്ന മലയ്ക്കും പടിഞ്ഞാറ്, 'സിംഗാലിലാ' വരമ്പിനുമേലേ, മൂന്ന് മഞ്ഞണിഞ്ഞ മലകള്‍. അവയുടെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് പുണ്യപുരാതനമായ  'ഗൗരീശങ്കരം' അഥവാ സുപ്രസിദ്ധമായ മൗണ്ട് എവറെസ്റ്റ്. ആ കൊടുമുടിയുടെ ശിരസ്സില്‍നോക്കി ആനന്ദത്തോടെ നിന്നപ്പോള്‍, എന്റെ മനസ്സില്‍ ചന്തമുള്ളൊരു ചിത്രം പതിഞ്ഞു! വോങ്ങിന്റെ മകള്‍ 'സൈലബി' യുടെ മുഖം. അവളുടെ ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസവും കണ്ണില്‍ നിറഞ്ഞ നിഷ്‌കളങ്കതയും ആകര്‍ഷകമായിരുന്നു. എന്റെ ഹൃദയത്തില്‍ കാന്തകവേശനം. മധുരമായ ആദ്യാനുഭവം! അറിയേണ്ടതും കാണേണ്ടതുമായ സംഗതികളെക്കുറിച്ചു സംസാരിച്ചുകൊണ്ട്, ചിറ്റപ്പനും ചിറ്റമ്മയും വോങ്ങും മുമ്പോട്ട് പോയി. അവരുടെ പിന്നില്‍ കുശലം പറഞ്ഞുകൊണ്ട് ഞങ്ങളും നടന്നു. ആസ്വാദ്യകരമായിരുന്നു ആ വേള.

രാവിന്റെ യാമങ്ങളില്‍ മലനിരകളെ തഴുകിവരുന്ന വെണ്ണിലാവിനും, വര്‍ണ്ണശബളമായ പ്രഭാതകിരണങ്ങള്‍ക്കും, മറ്റ് അഴകേറിയ കാഴ്ചകള്‍ക്കും വേണ്ടി ചിറ്റപ്പനും ഭാര്യയും ഹോട്ടലില്‍ തങ്ങി. അരുണവര്‍ണ്ണം ധരിച്ച അന്തിമേഘങ്ങളെ കണ്ടുകൊണ്ട് ഞങ്ങള്‍ മൂന്നുപേരും മൈനാഗുരിയിലേക്ക് മടങ്ങി.

അന്ന് രാത്രിയില്‍ കണ്ണടച്ചു കിടന്നപ്പോഴും പിറ്റേന്ന് ഉണര്‍ന്നപ്പോഴും എന്റെ മനസ്സില്‍ സൈലബിയുടെ മുഖം. അവളെ കാണുന്നതിനുള്ള അഭിനിവേശം. 
അസാധാരണമായൊരു ചിന്തയും അന്തര്‍ദ്ദാഹവും. അന്ന്, കോളെജില്‍നിന്നും വീട്ടില്‍ മടങ്ങിയെത്തുന്നതിന് മുമ്പ്, മൈനാഗുരിയിലുള്ള അവളുടെ അമ്മയുടെ തയ്യല്‍ക്കടയുടെ മുമ്പില്‍ അകലെ മറഞ്ഞുനിന്നു. സൈലബിയെ കണ്ടു. പഠനം കഴിഞ്ഞ് അവള്‍, അമ്മ 'സാങ്ങ്‌ലി'യുടെ സഹായത്തിന്, തയ്യല്‍കടയില്‍ എത്തുമായിരുന്നു. കാണാനും കാര്യം പറയാനും അതു സൗകര്യമായി. എന്റെ വരവും പോക്കും കാഴ്ചയും എന്തിനെന്ന് എനിക്ക് തിട്ടമില്ലായിരുന്നു. എന്റെ സന്ദര്‍ശനം അനാവശ്യമെന്നോ നിഷിദ്ധമെന്നോ തോന്നിയില്ല. എപ്പോഴും, വിചാരങ്ങള്‍ക്ക് വിശുദ്ധിയും വിശ്വസ്ഥതയും ഉണ്ടായിരുന്നു. അവളുടെ ആരംഭസൗഹൃദം ആവേശകരമായ ആത്മാര്‍ത്ഥതയായി വളര്‍ന്നു. മികച്ചധാര്‍മ്മികത നിസ്വാര്‍ത്ഥ സ്വഭാവത്തിലും ഉണ്ടായിരുന്നു.

(തുടരും...)


മഴ(കഥ-ഭാഗം:1): ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക