Image

കണ്ണൂര്‍ കൈക്കലാക്കാന്‍ സുധാകരന്‍, ഭൂരിപക്ഷം ഉയര്‍ത്താന്‍ ശ്രീമതിയും (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 19 April, 2019
കണ്ണൂര്‍ കൈക്കലാക്കാന്‍ സുധാകരന്‍, ഭൂരിപക്ഷം ഉയര്‍ത്താന്‍ ശ്രീമതിയും (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-18
(തെരഞ്ഞെടുപ്പ് അവലോകനം- കണ്ണൂര്‍)

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വികസനമോ, ജനനന്മയോ ചര്‍ച്ച ആവുന്നില്ല. അത് ഒരു പോരാട്ടത്തിന്റെ തനിയാവര്‍ത്തനമാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പടയോട്ടമെന്ന് പറയാം. ബോംബു രാഷ്ട്രീയത്തിന്റ കഥകള്‍ ഏറെ കേള്‍ക്കുന്ന ഇവിടെ, വിജയം അതു കൊണ്ട് തന്നെ ആധികാരികമാക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. കഴിഞ്ഞ തവണ മത്സരിച്ചു വിജയിച്ച സിപിഎമ്മിന്റെ പി.കെ. ശ്രീമതിയും യുഡിഎഫിന്റെ കെ. സുധാകരനും വീണ്ടും കൊമ്പുകോര്‍ക്കുന്നു. പാര്‍ട്ടി കോട്ടയാണ് കണ്ണൂരെന്നു പറഞ്ഞു പരത്തുമ്പോഴും കോണ്‍ഗ്രസ് ജയിച്ചു കയറി ചരിത്രമുള്ള ഇവിടെ ഇത്തവണ നിലനില്‍പ്പിന്റെ പോരാട്ടത്തിനു കൂടിയാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. പി.കെ. ശ്രീമതിയുടെ കഴിഞ്ഞ തവണത്തെ വിജയം അത്ര ആധികാരികമെന്നു പറയാനാവില്ല. 6566 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നതു ശരി തന്നെ. പക്ഷേ, സിപിഎമ്മിന്റെ കോട്ടയില്‍ നിന്നും അതല്ല പാര്‍ട്ടി പ്രതീക്ഷിച്ചത്. ഇവിടെ നിന്നും നോട്ട നേടിയ 7026 വോട്ടുകള്‍ സിപിഎമ്മിന്റെ കണ്ണുതുറപ്പിച്ചു. ഇത്തവണ ജയിക്കാന്‍ ഇതൊന്നും പോരെന്നും കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നത് മറച്ചു പിടിച്ചിട്ടു കാര്യമില്ലെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ വാശിയേറിയ പോരാട്ടത്തിനാണ് ഇവിടെ വേദിയൊരുങ്ങിയിരിക്കുന്നത്. ബിജെപിയുടെ സി.കെ. പത്മനാഭനും ആളും അലങ്കാരവുമായി പിന്നാലെയുണ്ട്.


ഇടതുപക്ഷത്തിന്റെ അഭിമാനമാണ് കണ്ണൂരിലെ മണ്ണെങ്കിലും സിപിഎമ്മും സിപിഐയും തമ്മിലടിച്ചതിന്റെ ചരിത്രവും ഇവിടെ കാണാം. 1977-ല്‍ സിപിഐയിലെ സി.കെ. ചന്ദ്രപ്പന്‍, സിപിഎമ്മിലെ ഒ.ഭരതനെ തോല്‍പ്പിച്ചു. 1951-ല്‍ എ.കെ.ജി ജയിച്ചു കയറിയ ഇവിടെ 1962-ല്‍ എസ്.കെ. പൊറ്റക്കാടും വെന്നിക്കൊടി പാറിച്ചിരുന്നു. തുടര്‍ന്ന് സി.കെ. ചന്ദ്രപ്പന്‍ ഇടതു തരംഗം തുടര്‍ക്കഥയാക്കിയെങ്കിലും ആയുസു കുറവായിരുന്നു. കെ. കുഞ്ഞമ്പു 1980-ല്‍ കോണ്‍ഗ്രസിനു സീറ്റ് തിരികെ സമ്മാനിച്ചു. പിന്നീട് മുല്ലപ്പള്ളിയുടെ പടയോട്ടമായിരുന്നു, ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലത്തോളം.1984 മുതല്‍ 1998 വരെ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പമായിരുന്നു. തുടര്‍ച്ചയായ അഞ്ചു തവണ.

1998ല്‍ സിപിഎം രംഗത്തിറക്കിയ എ.പി. അബ്ദുള്ളക്കുട്ടി മുല്ലപ്പള്ളിയെ അട്ടിമറിച്ചു. 2004ലും അബ്ദുള്ളക്കുട്ടി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2009ല്‍ കെ സുധാകരനിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. 2014ല്‍ കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയെ രംഗത്തിറക്കി സിപിഎം വീണ്ടും കണ്ണൂര്‍ കോട്ട തിരിച്ചുപിടിച്ചു. ഇത്തവണ സുധാകരനു ജയിച്ചേ തീരു. അതൊരു വാശിയുടെയും നിലനില്‍പ്പിന്റെയും പ്രശ്‌നമാണെങ്കില്‍ ഭൂരിപക്ഷം ഏതു വിധേനയും വര്‍ദ്ധിപ്പക്കാതെ ശ്രീമതിക്കു തരമില്ല. ബിജെപിക്കു വേണ്ടി മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭനാണ് രംഗത്ത്. കഴിഞ്ഞ തവണ പി.സി. മോഹനന്‍ മാസ്റ്റര്‍ പിടിച്ച 51636 വോട്ടുകള്‍ രണ്ടിരട്ടിയാക്കാനാണ് സികെപി ലക്ഷ്യമിടുന്നത്. ശബരിമല പ്രശ്‌നങ്ങളും കേന്ദ്രത്തിലെ തുടര്‍ഭരണമെന്ന സ്വപ്‌നവും ഇതു സാധ്യമാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. 

കണ്ണൂര്‍, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭമണ്ഡലങ്ങളില്‍ തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍ മാത്രമാണ് സിപിഎമ്മിന്റെ കരുത്ത് തെളിയിച്ചത്. അഴീക്കോടും, ഇരിക്കൂറും, പേരാവൂരും യുഡിഎഫ് വെന്നിക്കൊടി പാറിച്ച ഇടമാണ്. ലീഗിനു മേധാവിത്വമുള്ള അഴീക്കോട് കാര്യമായ ഗുണമുണ്ടാക്കാനാണ് സുധാകരന്റെ ശ്രമം. 1212678 വോട്ടര്‍മാരാണ് ആകെ മണ്ഡലത്തിലുള്ളത്. ഇതില്‍ തന്നെ 570043 പേര്‍ പുരുഷന്മാരും 642633 പേര്‍ സ്ത്രീകളുമാണ്. എസ്ഡിപിഐ സ്വാധീനമുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ സുധാകരന് ഭീഷണിയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിനെ മറച്ചു പിടിക്കാന്‍ ആര്‍എംപിയുടെ പരസ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് വ്യാപകമായി പ്രചരിപ്പിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളം, ദേശീയ പാത വികസനം, കണ്ണൂര്‍ നഗരത്തിന്റെ അടിമുടി മാറ്റം, റെയില്‍വേ പാക്കേജ് എന്നിവയൊക്കെ ചേര്‍ന്ന് വോട്ടു പെട്ടിയിലാക്കാന്‍ മൂന്നു പേരും ശ്രമിക്കുന്നുണ്ടെന്നതാണ് ഇവിടുത്തെ കൗതുകം. എന്നാല്‍ ഇതൊന്നും ആര്‍ക്കും കൃത്യമായി അവകാശപ്പെടാനാവില്ലെന്നു വോട്ടര്‍മാര്‍ക്കു നന്നായറിയാം. അവര്‍ രാഷ്ട്രീയ കൊലപാതകങ്ങളെ എതിര്‍ക്കുന്നു, ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചു നിര്‍ത്താന്‍ സഹായിക്കണമെന്നു മാത്രം അഭ്യര്‍ത്ഥിക്കുന്നു. അക്കാര്യത്തില്‍ പക്ഷേ തെരഞ്ഞെടുപ്പു പ്രമാണിച്ചു താത്ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടെങ്കിലും ത്രികോണ മത്സരമാണ് കണ്ണൂരില്‍ നടക്കുന്നതെന്നു മാത്രം പറയാം.


-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക