Image

ഹേമന്ദ്‌ കര്‍ക്കരെ കൊല്ലപ്പെട്ടത്‌ തന്റെ ശാപം മൂലമെന്ന്‌ പ്രജ്ഞാസിംഗ്‌, വിശദീകരണം തേടുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍

Published on 19 April, 2019
ഹേമന്ദ്‌ കര്‍ക്കരെ കൊല്ലപ്പെട്ടത്‌ തന്റെ ശാപം മൂലമെന്ന്‌ പ്രജ്ഞാസിംഗ്‌, വിശദീകരണം തേടുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍


ന്യൂഡല്‍ഹി: മുംബയ്‌ ഭീകരാക്രമണത്തിനിടെ എ.ടി.എസ്‌ തലവന്‍ ഹേമന്ദ്‌ കര്‍ക്കരെ കൊല്ലപ്പെട്ടത്‌ തന്റെ ശാപം മൂലമാണെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാസിംഗ്‌ താക്കൂറിന്റെ പരാമര്‍ശം വിവാദമാകുന്നു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ തന്നെ കുടുക്കാന്‍ കര്‍ക്കരെ ശ്രമിച്ചിരുന്നു. ഇതില്‍ കുപിതയായ താന്‍ അയാളെ ശപിച്ചു.

ഇതിന്‌ പിന്നാലെ രണ്ട്‌ മാസത്തിനകം കര്‍ക്കരെ തീവ്രവാദികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടതായും പ്രജ്ഞ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രജ്ഞ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മദ്ധ്യപ്രദേശിലെ മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫീസര്‍ വ്യക്തമാക്കി.

2008 നവംബര്‍ 26ന്‌ 166 പേരുടെ മരണത്തിന്‌ ഇടയാക്കിയ മുംബയ്‌ ഭീകരാക്രമണത്തിനിടയിലാണ്‌ അന്നത്തെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തലവനായിരുന്ന ഹേമന്ദ്‌ കര്‍ക്കരെ കൊല്ലപ്പെടുന്നത്‌. ഇതിന്‌ രണ്ട്‌ മാസം മുമ്‌ബാണ്‌ മാലേഗാവിലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ പ്രജ്ഞാ സിംഗിനെ അറസ്റ്റുചെയ്‌തിരുന്നു.

മുംബയ്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ക്കരെയുടെ ധീരതക്കായി രാജ്യം അശോക ചക്രം നല്‍കി നല്‍കി ആദരിച്ചിരുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ പറഞ്ഞ്‌ ജാമ്യത്തിലിറങ്ങിയ പ്രജ്ഞാ നിലവില്‍ ബി.ജെ.പി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ഭോപ്പാലില്‍ മത്സരിക്കുകയാണ്‌

വടക്കന്‍ മഹാരാഷ്‌ട്രയിലെ മാലേഗാവില്‍ 2008 സെപ്‌റ്റംബര്‍ 29നായിരുന്നു രാജ്യത്തെ നടുക്കിയ ബോംബ്‌ സ്‌ഫോടനം നടക്കുന്നത്‌ ആറുപേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിന്‌ പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്നായിരുന്നു ആദ്യം പൊലീസ്‌ പറഞ്ഞത്‌.

എന്നാല്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന ഹേമന്ദ്‌ കര്‍ക്കരെ സ്‌?ഫോടനത്തിന്‌ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ തേടിപ്പോവുകയും അത്‌പ്രജ്ഞാസിംഗിന്റേതെന്ന്‌ കണ്ടെത്തുകയുമായിരുന്നു.

ഇതേ തുടര്‍ന്ന്‌ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ അവരെ അറസ്റ്റ്‌ ചെയ്‌തു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പ്‌ അംഗമായ പ്രജ്ഞയും കൂട്ടാളികളും ചേര്‍ന്നാണ്‌ സ്‌ഫോടനത്തിന്‌ ഗൂഢാലോചന നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍. 2016 മെയ്‌ മാസം സാധ്വിക്ക് എന്‍.ഐ.എ ക്ലീന്‍ ചിറ്റ്‌ നല്‍കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക