Image

രേണുകേ, മാപ്പ് (ചെറുകഥ: അമ്മു സക്കറിയ)

Published on 20 April, 2019
രേണുകേ,  മാപ്പ് (ചെറുകഥ: അമ്മു സക്കറിയ)
തെക്കെ പറമ്പില്‍ ചിത ഇപ്പൊഴും കത്തിയെരിഞ്ഞുകൊണ്ടേയിരുന്നു. എന്റെ രേണുകയാണു ആ തീയില്‍ എരിഞ്ഞമരുന്നത്.  പത്തുവര്‍ഷം മുന്‍പു  എന്റെ ജീവിതത്തിലേക്കു കൊട്ടും കുരവയുമായി കടന്നുവന്ന എന്റെ പ്രിയപ്പെട്ട  ഭാര്യ.

അകത്തു തളര്‍ന്നുറങ്ങുന്ന  എന്റെ പ്രീയപ്പെട്ട മക്കളുടെ മുഖത്തേക്കു ഒന്നു പാളിനോക്കി. അവര്‍ക്കു എല്ലാം അവരുടെ അമ്മയായിരുന്നു. വെളുപ്പിനു  അഞ്ചുമണി മുതല്‍ രാത്രി പതിനൊന്നു മണിവരെ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു യന്ത്രമായിരുന്നു എന്റെ  രേണുക. പക്ഷെ അതൊന്നും കാണാനോ അവളെ ഒന്നു ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കാനൊ എനിക്കു കഴിഞ്ഞിട്ടില്ല. ഒരു സാധാരണ തുണിക്കടയില്‍ ജോലി നോക്കുന്ന ഞാന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു എപ്പോഴും. രാവിലെ എണീറ്റു ദിനചര്യകള്‍ കഴിഞ്ഞാല്‍ രേ ണുക മേശപ്പുറത്തു വെയ്ക്കുന്ന ബ്രെയ്ക്കുഫാസ്റ്റും കഴിച്ച് ഒന്‍പതു മണിയുടെ ബസ്സ്പിടിക്കാന്‍ ബസ്സ്‌സ്‌റ്റോപ്പിലേക്കു ഒരോട്ടമാണു. കടയില്‍ താമസിച്ചു ചെന്നാല്‍ മാനേജരുടെ വായിലിരിക്കുന്നതു മുഴുവന്‍ കേള്‍ക്കണം. ഒരുവിധത്തില്‍ ബസ്സിന്റെ വാതിലില്‍ തൂങ്ങിയാടി പട്ടണത്തിലെത്തിയാലും വീണ്ടും പത്തുമിനിട്ടുകൂടി നടക്കണം കടയിലെത്താന്‍. കസ്റ്റമെര്‍സ്സ് ആരും ഇല്ലെങ്കില്‍ പോലും ഒന്നു ഇരിക്കാനോ വിശ്രമിക്കാനോ അനുവാദമില്ല. അവിടത്തെ മനംമടുപ്പിക്കുന്ന ജോലിയും കഴിഞ്ഞു വീട്ടിലെത്തുമ്പോളായിരിക്കും രേണുക തന്റെ പരിഭവങ്ങളുമായി അടുത്തെത്തുന്നത്. അപ്പോള്‍ അതൊന്നും കേള്‍ക്കനുള്ള മാനസികാവസ്തയിലായിരിക്കില്ല. ഭക്ഷണം കഴിക്കുമ്പോള്‍ പോലും  തന്റെ ചിന്ത നാളെ കുട്ടികളുടെ ഫീസ് എങ്ങനെ കൊടുക്കും വീട്ടു സാധനങ്ങല്‍ വാങ്ങാനുള്ള  പൈസ എവിടെ നിന്നുണ്ടാക്കും എന്നെല്ലമായിരിക്കും. ജോലിയെല്ലാം കഴിഞ്ഞു രേണുക കിടക്കാനെത്തുമ്പോഴേയ്ക്കും ഞാനുറങ്ങിക്കഴിഞ്ഞിരിക്കും. അവള്‍ക്കു  ശക്തിയായ തലവേദന വരാറുണ്ടെന്നു ഇടക്കെപ്പോഴൊ പറഞ്ഞിരൂന്നു. ഒരു ഡോക്ടറെ കാണിക്കാന്‍ പോലും തനിക്കായില്ല.

രണ്ടു ദിവസം മുന്‍പു രേണുക ബോധംകെട്ടു വീണു വായില്‍ നിന്നും നുരയും പതയും വന്നു അതുകൊണ്ടു അടുത്തുള്ള ഹോസ്പിറ്റലില്‍ അഡ്മിറ്റ്   ചെയ്തു എന്നു അടുത്ത വീട്ടിലെ  ചേച്ചി ഫോണ്‍  ചെയ്തു . ഉടനെതന്നെ മാനേജരോട് രണ്ടു ദിവസത്തെ അവധി  ചോദിച്ചു. മുഖം കറുപ്പിച്ചു കൊണ്ടാണു അയാള്‍ രണ്ടു ദിവസത്തെ അവധി അനുവദിച്ചത്. ഹോസ്പിറ്റലില്‍ എത്തിയ ഞാന്‍ കണ്ടതു ആകെ തളര്‍ന്നു അവശയായ എന്റെ രേണുവിനെയാണു.  സംസാരിക്കാന്‍  പോലുമുള്ള ശക്തി നഷ്ടപ്പെട്ട എന്റെ പ്രീയപ്പെട്ട  ഭാര്യ. എന്നെ കണ്ടതും അവളുടെ മുഖം സന്തോഷം കൊണ്ടു തുടുത്തു.  എന്റെ കയ്യില്‍ മുറുകെ പിടിച്ചു കൊണ്ടു “ സാരമില്ല ചേട്ടാ ചെറിയ ഒരു തലകറക്കം” . അപ്പോഴാണു എന്റെ  ശ്വാസം നേരെ വീണത്.   ടെസ്റ്റുകള്‍  പലതു  നടത്തി. ഡോക്ടര്‍ അദ്ദേഹത്തിന്റെ  മുറിയിലേക്കു എന്നെ വിളിപ്പിച്ചു.  അവള്‍ക്കു  ബ്രെയിന്‍  ടൂമര്‍ ആണെന്നും എത്രയും വേഗം  ഓപ്പറേഷന്‍ ചെയ്യണം  എന്നും എന്നെ അറിയിച്ചു. ഞാനാകെ തളര്‍ന്നു പോയി. കയ്യും കാലൂം തളരുന്നതു പോലെ.  പല പ്രാവശൃം തലവേദന പറഞ്ഞിട്ടും ഒന്നു  കേള്‍ക്കാന്‍  പോലും മനസ്സു കാണിക്കാതിരുന്നതിനു ഞാന്‍ എന്നെതന്നെ ശപിച്ചു. എന്റെ രേണു അസുഖം മാറി വീട്ടിലെത്തിയാല്‍ അവള്‍ക്കു കൊടുക്കാവുന്ന   സ്‌നേഹവും കരുതലും കൊടുക്കണം. ഇനിയൊരിക്കലൂം  എന്റെ രേണുക വിഷമിക്കാന്‍ ഇടവരരുത്.

പിറ്റെ ദിവസം ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയപ്പേള്‍ അവളുടെ മുഖത്ത് ഭയവും ദുഖവും നിഴലിച്ചിരുന്നു.  മുറിയുടെ വാതിക്കല്‍ എത്തുവോളം എന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന  രേണുവിന്റെ. പിടി വിടുവിക്കാന്‍  പാടുപെടേണ്ടി വന്നു.

മണിക്കൂറുകള്‍ കടന്നു പോയി.  വാതില്‍ തുറക്കുന്നതും കാത്ത്  അക്ഷമനായി നിന്നപ്പോളെല്ലാം  എന്റെ  രേണുകയുടെ ജീവനുവേണ്ടി എല്ലാ ദൈവങ്ങളോടും പ്രാര്‍ധിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം പുറത്തുവന്ന ഡോക്ടറുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. സോറി എന്നൊരുവാക്ക് എന്നെനോക്കി പറഞ്ഞിട്ട് അദ്ദേഹം കടന്നു പോയി. പിറകെ വെള്ള തുണിയിട്ട്  മൂടിയ രേണുകയെ സ്‌റ്റ്രെച്ചറില്‍ പുറത്തേക്കു  കൊണ്ടുവരുന്നതിന്റെ ശബ്ദം  ഒരിടിമുഴക്കം പോലെ കാതില്‍ വന്നലച്ചു. ഭൂമി കീഴുമേല്‍ മറിയുന്നതുപോലെ. വായിലെ വെള്ളം വറ്റി വരണ്ടു. നാക്കു ചലിക്കുന്നില്ല. കണ്ണുകള്‍ക്കു മുകളില്‍ ആവരണം ഇട്ടപോലെ. ഒന്നും കാണാനാകുന്നില്ല.പാവം എന്റെ രേണുക. ആ ആത്മാവ് വിടപറയാന്‍ വെമ്പല്‍ കൊണ്ടപ്പോള്‍ ഒരുനിമിഷം തന്റെ പ്രീയതമന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാണില്ലെ ? പത്തുവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും കിട്ടാത്ത ഒരു തലോടലിനു വേണ്ടി കൊതിച്ചിരിക്കുകയില്ലെ  ? എല്ലാം എന്റെ തെറ്റ്. രേണുകെ മാപ്പ്....മാപ്പ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക