Image

സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് 301-ാം റാങ്ക്; അഭിമുഖത്തില്‍ ഒന്നാമതും! അഭിമാനമായി കോട്ടയത്തുകാരി ആര്യ

Published on 21 April, 2019
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് 301-ാം റാങ്ക്; അഭിമുഖത്തില്‍ ഒന്നാമതും! അഭിമാനമായി കോട്ടയത്തുകാരി ആര്യ

കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 301-ാം റാങ്ക് നേടിയ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍ നായര്‍ അഭിമുഖത്തില്‍ നേടിയത് ഒന്നാം സ്ഥാനം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയാണ് ആര്യ ഒന്നാമത് എത്തിയത്. ഇന്റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക് നേടിയാണ് ആര്യ മികച്ച വിജയം സ്വന്തമാക്കിയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് അഭിമുഖ പരീക്ഷയ്ക്ക് മികച്ച മാര്‍ക്കോടെ പ്രവേശനം ആര്യ നേടിയത്. പ്രളയത്തേക്കുറിച്ചും റബറിന്റെ വിലയിടിവിനേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സാധാരണയായി മുക്കാല്‍ മണിക്കൂറോളം നീളുന്ന അഭിമുഖം ആര്യയ്ക്ക് 20 മിനിട്ടില്‍ താഴെ സമയം മാത്രമേ നീണ്ടുനിന്നുള്ളൂ. ഉയര്‍ന്ന റാങ്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആര്യ. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. കിടങ്ങൂര്‍ എഞ്ചിനീയറിങ് കോളേജില്‍ ബിടെകില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയായിരുന്നു വിജയം. ബിടെക് പഠന വേളയിലാണ് സിവില്‍ സര്‍വീസ് മോഹം മനസില്‍ ഉദിച്ചത്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറായി മധ്യപ്രദേശില്‍ ജോലി ചെയ്തുവരികയായിരുന്നു ആര്യ. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ലഭിച്ചപ്പോഴും ആര്യയുടെ ലക്ഷ്യം സിവില്‍ സര്‍വീസായിരുന്നു. ഇതിനിടെ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിന് ചേര്‍ന്നിരുന്നു. കൂരോപ്പട അരവിന്ദം ഹൗസില്‍ റിട്ട. ലേബര്‍ കമ്മീഷണര്‍ ജി രാധാകൃഷ്ണന്‍ നായരുടെയും സ്‌കൂള്‍ അധ്യാപികയായിരുന്ന സുജാതാ രാധാകൃഷ്ണന്റെയും രണ്ടുമക്കളില്‍ മൂത്തയാളാണ് ആര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക