Image

കൊളംബോയിലെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു, 7 പേര്‍ അറസ്റ്റില്‍. ആരും ഉത്തരവാദിത്വമേറ്റില്ല

Published on 21 April, 2019
കൊളംബോയിലെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു, 7 പേര്‍ അറസ്റ്റില്‍. ആരും ഉത്തരവാദിത്വമേറ്റില്ല
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. വിവിധ അന്തര്‍ദേശീയ മാധ്യമങ്ങളാണ് മരണസംഖ്യ പുറത്ത് വിട്ടിരിക്കുന്നത്. വിവിധ ഇടങ്ങളിലായി അഞ്ഞൂറില്‍ അധികം ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടേയും പരിക്ക് ഗുരുതരമായത് കൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്ന്.

സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 35 പേര്‍ വിദേശികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കാസര്‍ഗോഡ് സ്വദേശിനിയും ഉണ്ട്. സംഭവത്തില്‍ ഇതുവരെ 7 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് ശക്തമായ അന്വേഷണം നടത്തി വരികയാണ്.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ പളളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും അടക്കമാണ് ആദ്യം ആറിടത്ത് സ്‌ഫോടനങ്ങളുണ്ടായത്. പിന്നീട് രണ്ടിടത്ത് കൂടി തുടര്‍സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എട്ടാമത്തെ സ്‌ഫോടനം ഉണ്ടായത് കൊളംബോയിലെ ഹൗസിംഗ് കോംപ്ലക്‌സില്‍ ആയിരുന്നു. ചാവേറാണ് ഇവിടെ പൊട്ടിത്തെറിച്ചത്. ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

എല്‍ടിടി കാലത്തിന് ശേഷം ശ്രീലങ്കയില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് നടന്നിരിക്കുന്നത്. തീവ്രവാദ സംഘടനകള്‍ ആരും തന്നെ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട മൂന്ന് ഹോട്ടലുകളും ഒരു പളളിയും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ്. അത് കൂടാതെ കൊഛികഡെയില സെന്റ് ആന്റണീസ് ചര്‍ച്ചിലും നെഗോമ്‌ബോയിലെ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ചിലും സ്‌ഫോടനം നടന്നു.

ഷാഗ്രി ലാ, കിംഗ്‌സ് ബ്യൂറി എന്നീ പഞ്ച നക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. താല്‍ക്കാലികമായി രാജ്യത്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുളള സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ബുധനാഴ്ച വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക