Image

അടിപിടിയോടെപരസ്യപ്രചാരണം അവസാനിച്ചു

Published on 21 April, 2019
അടിപിടിയോടെപരസ്യപ്രചാരണം അവസാനിച്ചു


ലോകസഭാ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ പ്രചാരണം അടിപിടിയോടെ കൊടിയിറങ്ങി. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ്‌ പരസ്യ പ്രചാരണത്തിന്‌ കൊട്ടിക്കലാശത്തോടെ പരിസമാപ്‌തിയായി.

വൈകീട്ട്‌ ആറ്‌ മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന്‌ അനുവദിച്ച സമയം. വലിയ ആവേശത്തോടെയാണ്‌ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന്‌ അണി നിരന്നത്‌. സംഥാനത്ത്‌ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ 127 പേര്‍ക്ക്‌ പരുക്കേറ്റു

തിരുവനന്തപുരത്ത്‌ കലാശക്കൊട്ടിനിടെ എ കെ ആന്റണിയുടെ റോഡ്‌ ഷോ എല്‍.ഡി. എഫ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു. വേളിയില്‍ ആണ്‌ സംഭവം.

ശശി തരൂരിന്റെ പ്രചാരണത്തിന്റെ റോഡ്‌ ഷോയാണ്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ തടഞ്ഞത്‌. സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഉള്ള തന്റെ അവകാശം പോലും നിഷേധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണിതെന്നും എ കെ ആന്റണി പറഞ്ഞു.

വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ്‌ വേളിയിലെത്തിയത്‌. റോഡ്‌ ഷോയ്‌ക്ക്‌ അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ്‌ നടപടി.
എന്നാല്‍ മുന്‍കൂറായി റോഡ്‌ ഷോയ്‌ക്ക്‌ അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്‌തില്ലെന്ന്‌ ശശി തരൂര്‍ ആരോപിച്ചു.

തൊടുപുഴയില്‍ എല്‍ഡിഎഫ്‌ ബ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുഡിഎഫ്‌ പ്രവര്‍ത്തകന്‌ പരിക്കേറ്റിട്ടുണ്ട്‌. തിരുവല്ലയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനിടെ പോലീസുകാരന്‌ പരിക്കേറ്റു.

പാലാരിവട്ടത്തു കലാശക്കൊട്ടിനിടയില്‍ സിപിഐഎം എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമായി. ആലപ്പുഴ സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും ഉണ്ടായി.

പത്തനംതിട്ടയുടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സു രേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ തടഞ്ഞ്‌ വച്ചു. മുതിര്‍ന്ന എല്‍ഡിഎഫ്‌ നേതാക്കള്‍ എത്തിയാണ്‌ സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്‌.

ആറ്റിങ്ങലില്‍ ബിജെപി സിപിഎം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നേര്‍ക്ക്‌ നേര്‍ക്ക്‌ നേര്‍ നിന്ന്‌ മുദ്രാവാക്യം വിളിക്കുന്ന സാഹചര്യം സംഘര്‍ഷത്തിന്റെ വക്കോളം എത്തിയെങ്കിലും പൊലീസ്‌ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.

കൊല്ലം കരുനാഗപ്പള്ളിയിലും ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമായി. പൊലീസ്‌ ലാത്തി വീശി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങളും തകര്‍ത്തു. മലപ്പുറത്ത്‌ ഉന്തിനും തള്ളിനും ഇടയില്‍ പോലീസുകാരന്‌ പരിക്കേറ്റു. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു.

വടകര ലോക്‌സഭാ മന്‌ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയും വ്യാപക സംഘര്‍ഷം ഉണ്ടായി. കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്‌, യുഡിഎഫ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന്‌ സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു.

പലയിടത്തും എല്‍.ഡി.എഫ്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടി. സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തില്‍ നിലയുറപ്പിച്ചു. വടകരയിലെ പലയിടത്തും സംഘര്‍ഷം വ്യാപിച്ചതോടെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര സേന വൈകിട്ട്‌ റൂട്ട്‌ മാര്‍ച്ച്‌ നടത്തും

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ്‌ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ദിവസമായ ഏപ്രില്‍ 23 ന്‌ വൈകീട്ട്‌ ആറ്‌ മുതല്‍ 24 ന്‌ രാത്രി 10 വരെയാണ്‌ ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക