Image

പ്രവാസികള്‍ക്കൊപ്പം എന്നും നിലകൊണ്ട ഇടതുപക്ഷത്തെ തെരെഞ്ഞെടുപ്പില്‍ വിജയിപ്പിയ്ക്കുക: നവയുഗം

Published on 22 April, 2019
പ്രവാസികള്‍ക്കൊപ്പം എന്നും നിലകൊണ്ട ഇടതുപക്ഷത്തെ തെരെഞ്ഞെടുപ്പില്‍ വിജയിപ്പിയ്ക്കുക: നവയുഗം
ദമ്മാം: എല്ലാക്കാലത്തും പ്രവാസികള്‍ക്കൊപ്പം നില്‍ക്കുകയും, പ്രവാസികളുടെ പ്രശ്!നങ്ങളില്‍ സജീവമായി ഇടപെടുകയും, ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങളും, പ്രവാസപുനരധിവാസപദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്ത കേരളത്തിലെ ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത് വിജയിപ്പിയ്ക്കണമെന്ന് പ്രവാസികളോടും, കുടുംബങ്ങളോടും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. 

ചരിത്രത്തില്‍ ആദ്യമായി പ്രവാസിക്ഷേമത്തിനായി ഒരു വകുപ്പു രൂപീകരിച്ചത് ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷമന്ത്രിസഭയാണ്. അക്കാലം മുതല്‍ ഇപ്പോള്‍ വരെ, പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി എന്നും  പ്രവര്‍ത്തിച്ചത് ഇടതുപക്ഷസര്‍ക്കാരുകള്‍ തന്നെയായിരുന്നു. നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡ്, ലോകകേരളസഭ എന്നിവ രൂപീകരിച്ചതും, 100 രൂപയില്‍ തുടങ്ങിയ പ്രവാസി ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപ വരെയാക്കി ഉയര്‍ത്തിയതും, പ്രവാസികുടുംബങ്ങളിലെ  വിവാഹം, ചികിത്സ, മരണം, തൊഴില്‍  എന്നിവയ്ക്ക് നല്‍കുന്ന ധനസഹായപദ്ധതികള്‍ ഏര്‍പ്പെടുത്തിയതും,  സാന്ത്വനം, ബിസിനെസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍, പ്രവാസി ചിട്ടി തുടങ്ങിയ നിരവധി പ്രവാസി പുരനധിവാസ സംരംഭങ്ങള്‍ തുടങ്ങിയതും ഇടതുപക്ഷ സര്‍ക്കാരുകളാണ്. ഷാര്‍ജ സുല്‍ത്താന്റെ കേരളസന്ദര്‍ശനത്തെ ഉപയോഗപ്പെടുത്തി നയതന്ത്രചര്‍ച്ചകളിലൂടെ നൂറുകണക്കിന് മലയാളികളെ യു.എ.ഇയിലെ ജയിലില്‍ നിന്നും മോചിപ്പിച്ച കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രവാസലോകം ആവേശത്തോടെ അഭിനന്ദിച്ചതും മറക്കാന്‍ കഴിയില്ല.

എന്നാല്‍ കേന്ദ്രം ഭരിച്ചിരുന്ന മോഡി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചത്. മോഡി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങള്‍ വ്യോമയാനമേഖലയെ തകര്‍ത്തപ്പോള്‍, വിമാനടിക്കറ്റ് നിരക്കില്‍ ഉണ്ടായ വന്‍വര്‍ദ്ധന  പ്രവാസികളുടെ  നട്ടെല്ലൊടിച്ചു. പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന കാര്‍ഗോയ്ക്ക് ഉയര്‍ന്ന നികുതി അടിച്ചേല്‍പ്പിച്ചും, നാട്ടിലേയ്ക്ക് പണം അയയ്ക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജില്‍ നികുതി ഏര്‍പ്പെടുത്തിയും, പ്രവാസികളെ പിഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍, നിതാഖാത്ത് മൂലം തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിയ പ്രവാസികളെ തിരിഞ്ഞു നോക്കിയില്ല. പ്രവാസികളെപ്പോലും മതവിശ്വാസത്തിന്റെ പേരില്‍ വിഘടിപ്പിയ്ക്കാനാണ് സംഘപരിവാര്‍ സംഘടനകളും, കേന്ദ്രസര്‍ക്കാരും ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത്. 

മലയാളികളായ എല്ലാ പ്രവാസികളും കുടുംബങ്ങളും ഇടതുമുന്നണി സര്‍ക്കാരുകള്‍ നടത്തിയ പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളെ പരിഗണിച്ച്, കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിയ്ക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഇടതുപക്ഷസ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാനായി, എല്ലാ പ്രവാസികളും നാട്ടിലുള്ള കുടുംബങ്ങളെയും, സുഹൃത്തുക്കളെയും ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ത്ഥിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രെസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദും അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക