Image

കേരളം മണിക്കൂറുകള്‍ക്കുള്ളില്‍ പോളിംഗ് ബൂത്തിലേക്ക്; ഇത് ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം സങ്കീര്‍ണ്ണമായ തിരഞ്ഞെടുപ്പ്

കല Published on 22 April, 2019
കേരളം മണിക്കൂറുകള്‍ക്കുള്ളില്‍ പോളിംഗ് ബൂത്തിലേക്ക്; ഇത് ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം സങ്കീര്‍ണ്ണമായ തിരഞ്ഞെടുപ്പ്

2019 ലോക്സഭാ ഇലക്ഷന്‍ ഭാവി ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്ന ഇലക്ഷനാണെന്ന് എല്ലാ രാഷ്ട്രീയ നിരീക്ഷകരും ഒരു പോലെ വിലയിരുത്തുന്നു. ഇത്തവണ പോരാട്ടം ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഹിന്ദുത്വ പാര്‍ട്ടിയും മതേതര പാര്‍ട്ടികളും തമ്മിലാണ്. ഒരു വശത്ത് തീവ്രമത രാഷ്ട്രീയം മറുവശത്ത് ചിതറി കിടക്കുന്ന മതേതര പാര്‍ട്ടികള്‍. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യം അവകാശപ്പെടാനുള്ള കോണ്‍ഗ്രസ് മുതല്‍ ഏറ്റവും സമീപകാല രാഷ്ട്രീയ രൂപമായ ആം ആദ്മിക്ക് വരെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അതി ശക്തമായ ഒരു മതേതര മുന്നണിയായി ഒരുമിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. സമയവും ഉണ്ടായിരുന്നു. എന്നിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ നിരവധിയായി ഭിന്നിച്ചു തന്നെ നില്‍ക്കുന്നു എന്നതാണ് രാജ്യത്തെ സ്ഥിതി വിശേഷം. ശക്തരായ പ്രാദേശിക പാര്‍ട്ടികളെല്ലാം തന്നെ ബിജെപി വിരുദ്ധരായിട്ടും അവരില്‍ പകുതിപ്പേരെ പോലും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നിരുന്നാലും ബിജെപിക്കെതിരെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ പോരാട്ടം തന്നെ നടത്തുന്നുമുണ്ട്. 
ഈ ദേശിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല കേരളത്തിലെ രാഷ്ട്രീയ രംഗവും. എക്കാലത്തും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എല്‍ഡിഎഫും മാത്രമായിരുന്നു കേരളത്തിലെ പോരാട്ട രംഗത്തുള്ള രണ്ടേ രണ്ടു മുന്നണികള്‍. ഇവരില്‍ ആര്‍ക്കെങ്കിലും അനുകൂലമായി മാത്രമുള്ള രാഷ്ട്രീയ സാഹചര്യമായിരിക്കും ഓരോ ഇലക്ഷനിലും. എന്നാല്‍ ഇക്കുറി കേരളത്തില്‍ സ്ഥിതി ഗതികളും ദേശിയ രാഷ്ട്രീയത്തിന് സമാനമാണ്. കാലുറപ്പിക്കാന്‍ ബിജെപി സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് മത്സരിക്കുന്ന തിരഞ്ഞെടുപ്പ്. ഇക്കുറി ബിജെപിയെ പറിച്ചെറിഞ്ഞാല്‍ എന്നേക്കുമായി അകറ്റിനിര്‍ത്താമെന്ന ഉറപ്പില്‍ ഇടതുപക്ഷവും യുഡിഎഫും. 
കേന്ദ്രത്തില്‍ ഒരുമിച്ച് മതേതര മുന്നണിക്കായി ശ്രമിക്കുന്ന ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും പരസ്പരം കേരളത്തില്‍ മത്സരിച്ചേ മതിയാകു. അതേ സമയം കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയപ്പോള്‍ പോലും സിപിഎമ്മിനെ അനുകൂലിച്ച് സംസാരിക്കേണ്ടി വരുന്ന സാഹചര്യം. നാളെ രാഹുല്‍ ഗാന്ധിയെ സപ്പോര്‍ട്ട് ചെയ്യാനുള്ളവരാണ് നിങ്ങള്‍ എന്ന ചോദ്യവും ബോധ്യവും ഒരേപോലെ സിപിഎമ്മിന് മുമ്പിലുണ്ട്. 
ഫലത്തില്‍ മൂന്ന് മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്ക് വിജയ പ്രതീക്ഷയുള്ളത് എങ്കില്‍പ്പോലും പൊതുവില്‍ കേരളത്തിലും ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലുള്ള ഒരു മത്സരം തന്നെയാണ്  നടക്കുന്നത്. അത്രമേല്‍ ഭയക്കുന്നുണ്ട് ബിജെപി എന്ന രാഷ്ട്രീയത്തിലെ കേരളത്തിലെ സകല പാര്‍ട്ടികളും. ഒരിക്കല്‍ താമര വിരിയാന്‍ അനുവദിച്ചാല്‍ അത് എക്കാലത്തേക്കുമുള്ള അവസരമായി ബിജെപി മാറ്റിയെടുക്കുമെന്ന ബോധ്യമുണ്ട് കേരളത്തിന്‍റെ മനസറിയുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നത്.
ശബരിമല വിഷയമാണ് കേരളത്തില്‍ ബിജെപിയെ ഇത്രത്തോളം പ്രതീക്ഷയുള്ള സ്ഥിതിയിലേക്ക് എത്തിച്ചത്. ഏറ്റവും അവസാന നിമിഷം ശബരിമലയില്‍ ്അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിര്‍ദേശം കേന്ദ്രത്തിന്‍റേതായിരുന്നു എന്ന് വെളിപ്പെടുത്തുന്ന തെളിവ് മുഖ്യമന്ത്രി പരസ്യപ്പെടുത്തി. ഇതോടെ ശബരിമലയില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ഏറെക്കുറെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു. എങ്കിലും ശബരിമലയെ കുറെയൊക്കെ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നത് തീര്‍ച്ചയാണ്. ഇവിടെയാണ് ഇനി മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അറിയേണ്ടത്. മതം പറഞ്ഞ് എത്തുന്നവിന് വോട്ട് നല്‍കരുതെന്ന് തമിഴനായ വിജയ് സേതുപതി പോലും ഏതാനും ദിവസം മുമ്പാണ് നമ്മളെ ഉപദേശിച്ചത്. മലയാളിയെ ഇക്കാര്യം ഉപദേശിക്കേണ്ടതില്ല നവോത്ഥാന മുല്യങ്ങളില്‍ പണിതുയര്‍ത്തിയ കേരളത്തിന് ഇത് ബോധ്യമുള്ളതാണ് എന്ന് തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു ഈ തിരഞ്ഞെടുപ്പില്‍. അതിനാണ് രാജ്യം മുഴുവനും കാത്തിരിക്കുന്നത്. 
മറ്റൊരു പ്രധാന കാര്യം സിപിഎമ്മിന്‍റെ രാഷ്ട്രീയ ഭാവിയാണ്. കേരളത്തില്‍ കനത്ത തിരിച്ചടി നേരിട്ടാല്‍ രാജ്യത്ത് സിപിഎം നാമമാത്രമായി ചുരുങ്ങും. ബംഗാളിലും തൃപുരയിലും ഇക്കുറി സിപിഎമ്മിന് പ്രതീക്ഷകളില്ല. തമിഴ്നാട്ടില്‍ ചിലപ്പോള്‍ ഒരു സീറ്റ് ഡിഎംകെ മുന്നണിക്കൊപ്പം നില്‍ക്കുന്നതിനാല്‍ വിജയിക്കാന്‍ കഴിഞ്ഞേക്കാം. കേരളം മാത്രമാണ് എന്തെങ്കിലും പ്രതീക്ഷയുള്ളത്. കുറഞ്ഞത് എട്ട് സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ ഭാവി തന്നെ അവശതയിലാകും. ഇനിയൊരു തരിയെങ്കിലും ബാക്കിയുള്ള കേരളത്തിലും രാഷ്ട്രീയ തിരിച്ചിറക്കത്തിന്‍റെ തുടക്കമാവും. 
കേരളത്തില്‍ സിപിഎമ്മിന്‍റെ പതനമാണ് സത്യത്തില്‍ ബിജെപിയും ആഗ്രഹിക്കുന്നത്. നേര്‍ക്ക് നേരെ നിന്ന് ഏത് തരത്തിലും തലത്തിലും ബിജെപിയെ ചെറുക്കുന്നത് സിപിഎമ്മമാണ് കേരളത്തില്‍. സിപിഎമ്മിന്‍റെ പതനം തങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമാകും എന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടു തന്നെ സിപിഎം പരാജയപ്പെട്ടാലും ഒരു ബിജെപി സ്ഥാനാര്‍ഥി പോലും വിജയിക്കാതിരിക്കേണ്ടത് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ ഭാവിയുടെ പ്രശ്നമാണ്. എന്തായാലും ഈ സങ്കീര്‍ണ്ണതകള്‍ക്ക് നാളെ കേരളത്തിലെ ജനം വിധിയെഴുതും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക