Image

കേരളം റെക്കോര്‍ഡ് പോളിംഗിലേക്ക്

Published on 23 April, 2019
കേരളം റെക്കോര്‍ഡ് പോളിംഗിലേക്ക്
തിരുവനന്തപുരം:  മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തിലേക്ക്. വോട്ടെടുപ്പിന്റെ ഏഴ് മണിക്കൂര്‍ പിന്നിടുമ്ബോള്‍ മൂന്ന് മണ്ഡലങ്ങളില്‍ അമ്ബത് ശതമാനം വോട്ടിംഗ് പിന്നിട്ടു. വയനാട്, കണ്ണൂര്‍, കൊല്ലം മണ്ഡലങ്ങളാണ് അമ്ബത് ശതമാനം പോളിംഗ് പൂര്‍ത്തിയാക്കിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് വോട്ടിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ ട്രെന്‍ഡാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഇടത്, വലത് മുന്നണിയും എന്‍.ഡി.എയും പ്രതികരിച്ചു.

കേരളത്തില്‍ ഇതുവരെ മൊത്തം 47.39 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു മണിക്കൂര്‍ കൊണ്ട് വോട്ടു ചെയ്തവര്‍ 1.24 കോടി. പോളിങ് ബൂത്തുകളില്‍ ഉച്ചയ്ക്കു മുന്‍പു വരെയുണ്ടായിരുന്ന വന്‍ തിരക്ക് ഇപ്പോള്‍ കുറഞ്ഞു. മൂന്നു മണിക്കുശേഷം വീണ്ടും തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു പോളിങ്. മരിച്ചവരെയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇതും മറികടന്നുള്ള പോളിങ്ങായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

രാവിലെ തന്നെ ക്യൂവില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. സമീപകാലത്തുണ്ടായതിനേക്കാള്‍ ഏറ്റവും വലിയ ശതമാനം പോളിംഗ് ആണ് ഇത്തവണ ഉണ്ടാവുകയെന്നതാണ് രാവിലത്തെ വോട്ടര്‍മാരുടെ ക്യൂ സൂചിപ്പിക്കുന്നത്. മൂന്നു മുന്നണികളും കടുത്ത പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് തങ്ങള്‍ക്കനുകൂലമായാണ് മൂന്ന് മുന്നണികളും കാണുന്നത്. കഴിഞ്ഞ തവണ താരമ്യേന കുറഞ്ഞ പോളിംഗ് അനുഭവപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ഇത്തവണ രാവിലെ കനത്ത പോളിംഗ് ആണ് നടന്നത്. സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വോട്ടിംഗ് നടന്ന ഉടന്‍ തന്നെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായ തകരാറുകള്‍ തുടക്കത്തില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് ഈര്‍പ്പം കാരണമാണ് ചില മെഷീനുകള്‍ തകരാറിലായത്. അത് ഉടന്‍ തന്നെ മാറ്റി പുതിയവ സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വോട്ട് ചെയ്ത കണ്ണൂര്‍ ജില്ലയിലെ പിണറായിയിലെ ബൂത്തിലും വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം കുറച്ചുസമയം പോളിംഗ് മുടങ്ങി.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ മൂന്നാംഘട്ടത്തില്‍ 117 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ കൂടാതെ ജമ്മു കാശ്മീരിലെ ഒന്ന്, ബിഹാറിലെ അഞ്ച്, പശ്ചിമബംഗാളിലെ അഞ്ച്, അസമിലെ നാല്, ഉത്തര്‍പ്രദേശിലെ 10, , മഹാരാഷ്ട്രയിലെ 14, ചത്തീസ്ഗഡിലെ 7, ഒഡീഷയിലെ 6, കര്‍ണാടകയിലെ 14, ഗുജറാത്തിലെ 26, ത്രിപുരയിലെയും ഗോവയിലെയും രണ്ട് വീതം, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി , ദാമന്‍ ദ്യൂ ( ഓരോന്നു വീതം) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിവരെ നീണ്ടു നില്‍ക്കും. വൈകിട്ട് ആറിന് മുമ്ബ് ക്യൂവില്‍ എത്തിയവര്‍ക്കും വോട്ട് ചെയ്യാം. തിരുവനന്തപുരത്തടക്കം പലയിടങ്ങളിലും രാവിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം തകരാറിലായി. ചിലയിങ്ങളില്‍ അത് പോളിംഗ് വൈകിപ്പിച്ചു. പകരം യന്ത്രം എത്തിച്ചും തകരാര്‍ പരിഹരിച്ചുമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ടു ചെയ്യുന്നതായി പരാതി ഉയര്‍ന്നു. കൊല്ലത്തും മലപ്പുറത്തും കള്ളവോട്ട് നടന്നതായാണു പരാതി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പാതാക്കര ബൂത്ത് 60ല്‍ ക്രമനമ്ബര്‍ 587 രാജന്‍ എന്ന വോട്ടറുടെ വോട്ട് രാജന്‍ എത്തിയപ്പോഴേക്കും മറ്റാരോ ചെയ്തു പോയി. ഇതേത്തുടര്‍ന്നു പരാതി നല്‍കി. കൊല്ലം നഗരത്തിലെ പട്ടത്താനം എസ്‌എന്‍ഡിപി യുപി സ്‌കൂളില 50 ാം നമ്ബര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ പേരില്‍ കള്ളവോട്ടു ചെയ്തു.

7.45 നാണു യുവതി വോട്ടു ചെയ്യാനെത്തിയത്. അതിനു മുന്‍പേ ആരോ വോട്ടു ചെയ്തു. വോട്ടു ചെയ്യണമെന്നു മഞ്ജു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നു ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കി. ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നാണു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക