Image

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് മുളക്കല്‍ (87) നിര്യാതനായി

Published on 23 April, 2019
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് മുളക്കല്‍ (87) നിര്യാതനായി
ന്യു യോര്‍ക്ക്: പ്രശസ്ത പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്നാനായ സംഘടനകളുടെ സ്ഥാപക പിതാക്കന്മാരിലൊരാളുമായ തോമസ് മുളക്കല്‍ (88) ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി.

ഡല്‍ഹിയിലെ ആദ്യകാല മലയാളി പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ഡല്‍ഹി ലേഖകനായിരുന്നു. ഇതോടൊപ്പം കേരള ഭൂഷണം, കേരള ധ്വനി തുടങ്ങിയ മലയാളം പത്രങ്ങള്‍ക്കു വേണ്ടിയും എഴുതി. പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥി ആയിരുന്നു.

കിടങ്ങൂര്‍ സ്വദേശിയായ അദ്ദേഹം 1980-ല്‍ അമേരിക്കയിലെത്തി. ഇവിടെയും സാംസ്‌കാരിക-സാമൂഹിക രംഗത്തും മീഡിയ രംഗത്തും സജീവമായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ മാറ്റങ്ങള്‍ തോമസ് മുളക്കല്‍ അടുത്തു നിന്നു കാണുകയും വായനക്കാരിലെത്തിക്കുകയും ചെയ്തു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സെക്രട്ടറിമാരായിരുന്ന എം.ഒ. മത്തായി, എന്‍.കെ. ശേഷന്‍ തുടങ്ങിയവരുടെ സുഹൃത്തും, വി.കെ. മാധവന്‍കുട്ടി, വി.എം. മരങ്ങോലി, ടി.വി. ആര്‍. ഷേണായി തുടങ്ങിയ പ്രശസ്ത പത്രപ്രവര്‍ത്തകരുടെ സമകാലികനുമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥകാലത്തും പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

നാട്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1954 ല്‍ ആണ് ആദ്യമായി ഡല്‍ഹിയില്‍ എത്തുന്നത്. വൈകുന്നേരങ്ങളില്‍ഫ്രഞ്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ഫ്രഞ്ച് ഭാഷ പഠിച്ചു. ഫ്രഞ്ച് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ എ.എഫ്.പിയില്‍ ജോലി കിട്ടി. അധികം താമസിയാതെ ഉന്നത പരിശീലനത്തിനു വേണ്ടി പാരീസിലേയ്ക്ക് അയച്ചു. പരിശീലനത്തിനു ശേഷം എ.എഫ്.പിയുടെ പാരീസ്, ലണ്ടന്‍, ജനീവാ ഓഫീസുകളില്‍ ജോലി ചെയ്ത ശേഷം ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി.

പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ വീണ്ടും അവസരം ലഭിച്ചു. ഉന്നത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരോടൊത്ത് അന്താരാഷ്ട്ര തലസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അവസരങ്ങളുണ്ടായി.

ഇന്റര്‍ നാഷണല്‍ കാത്തലിക് യൂണിയന്‍ ഓഫ് ദി പ്രസിന്റെ (യു.സി.ഐ.പി) ക്ഷണം അനുസരിച്ച് വിയന്നാ, റോം, പാരീസ്, ഹോങ്കോംഗ്, ബാങ്കോക്ക് എന്നീ സ്ഥലങ്ങളില്‍ വച്ചു നടത്തിയ അന്തര്‍ദേശീയ മീഡിയാ കോണ്‍ഫറന്‍സുകളില്‍ സംബന്ധിച്ചു.

1967 ജനുവരിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊന്നിച്ച് സ്പെഷ്യല്‍ എയര്‍ ഫോഴ്സ് വിമാനത്തില്‍ ബോംബെയ്ക്കും, അവിടെ നിന്നും കേരളത്തിലേക്കും പോകുന്നതിനും വിമാനത്തില്‍ വച്ച് പ്രധാന മന്ത്രിയുമായി അഭിമുഖം നടത്തുന്നതിനുമുള്ള അവസരം ലഭിച്ചതുജീവിതത്തിലെ ധന്യമായ നിമിഷങ്ങളായി കരുതുന്നുവെന്നു അദ്ദേഹം പറഞ്ഞിരുന്നു.

അതുപോലെ തന്നെ, കാത്തലിക് ബിഷപ്സ് കോണ്‍ഹറന്‍സിന്റെ (സി.ബി.സി.ഐ.) പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ കാര്‍ഡിനല്‍ വലേറിയന്‍ ഗ്രേഷ്യസ്, കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍, കാര്‍ഡിനല്‍ പടിയറ തുടങ്ങി മതമേലദ്ധ്യക്ഷന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു

വത്തിക്കാന്‍ മൂന്നു പ്രാവശ്യം സന്ദര്‍ശിക്കുന്നതിനും, മാര്‍പാപ്പമാരായ പോള്‍ ആറാമനുമായും ജോണ്‍പോള്‍ രണ്ടാമനുമായും കൂടിക്കാഴ്ച നടത്തുന്നതിന് സാധിച്ചതും ഓര്‍മ്മയുടെ പവിഴ ചെപ്പില്‍ഭദ്രമായി സൂക്ഷിക്കുന്നുവെന്ന്അദ്ദേഹം പറയുമായിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നീണ്ട 28 വര്‍ഷങ്ങള്‍.

ഇന്റര്‍ നാഷണല്‍ കാത്തലിക് യൂണിയന്‍ ഓഫ് ദി പ്രസിന്റെ (യു.സി.ഐ.പി) പ്രസിഡന്റിന്റെ ക്ഷണമനുസരിച്ചാണ് ആദ്യമായി 1978 ല്‍ അമേരിക്കയില്‍ എത്തുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകരേയും മാധ്യമങ്ങളെയും സന്ദര്‍ശിക്കുന്നതിനും അന്നത്തെ ചിക്കാഗോയിലെ കര്‍ദിനാള്‍ ജോണ്‍ കോഡിയുമായി അഭിമുഖം നടത്തുന്നതിനും അവസരമുണ്ടായി. രണ്ടു മാസത്തെ പര്യടനശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയി. പിന്നീട് 1980 ല്‍ ഇമ്മിഗ്രന്റ ് വിസയില്‍ അമേരിക്കയില്‍ എത്തി.

ന്യൂയോര്‍ക്കില്‍ എത്തിയ ശേഷംസൗത്ത് കൊറിയന്‍ ഇവാഞ്ചലിസ്റ്റായിരുന്ന റവ. സണ്‍ മ്യൂങ്ങ് മൂണ്‍ നടത്തിക്കൊണ്ടിരുന്ന ന്യൂസ് വേള്‍ഡ് എന്ന പത്രത്തിലും, അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു.

ദീര്‍ഘദര്‍ശിയായ തോമസ് മുളക്കലിന്റെ നേത്രുത്വത്തില്‍ ഏതാനും സമുദായ സ്നേഹികള്‍ 1986-ല്‍ സംഘടിപ്പിച്ച സമ്മേളനമാണു ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ആയി മാറിയത്. കെ.സി.സി.എന്‍.എ. ഫൗണ്ടിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം അനുഭവങ്ങളുടെ ഒരു പാരാവാരമായിരുന്നു

1986 ലെ കണ്‍വന്‍ഷന്‍ മുതലാണ് കെ. സി. സി. എന്‍. എ. യുടെ ചരിത്രം ഒദ്യോഗികമായി ആരംഭിക്കുന്നത്. 1984 ല്‍ ആരംഭിച്ച ഒരുക്കങ്ങളാണ് 1986-ല്‍ കണ്‍വന്‍ഷനോടെ ഫലപ്രാപ്തിയിലെത്തിയത്.

'അമേരിക്കയില്‍ കുടിയേറിയതിനു ശേഷം 1983 ല്‍ ഞാന്‍ ന്യൂയോര്‍ക്കിലെ സംഘടനയുടെ പ്രസിഡന്റായി. അന്ന് ഞാന്‍ മുന്നോട്ടു വച്ച ഒരു ആശയമായിരുന്നു അമേരിക്കയിലെ ക്നാനായക്കാരുടെ ഒരു ദേശീയ സംഗമം. ആശയം ചിക്കാഗോയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. ആവേശോജ്ജ്വലമായ ഒരു സ്വീകരണമാണ് ആ നിര്‍ദ്ദേശത്തിനു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. 1984 ല്‍ കണ്വന്‍ഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ കഠിനമായ പരിശ്രമം 1986 ല്‍ ഫലം കണ്ടു. ആദ്യ കണ്‍ വന്‍ഷന്റെ മനോജ്ഞതയും ഗ്ലാമറും പങ്കെടുത്തവരെ ഹഠദാകര്‍ഷിച്ചു. ഇതൊരു സ്ഥിരം സംവിധാനമാക്കണം എന്ന് എല്ലാവരും ആവശ്യപ്പെട്ടു. കണ്‍ വന്‍ഷന്‍ സ്ഥിരമായി നടത്താന്‍ ഒരു ദേശീയ സംവിധാനം വേണം എന്ന അഭിപ്രായമുണ്ടായി. 'ജനാധിപത്യരീതിയിലുള്ള ഒരു ദേശീയ സംഘടന' എന്ന ആശയം അങ്ങനെയാണ് ഉരുത്തിരിഞ്ഞത്- മുന്‍പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രഥമ കണ്‍വന്‍ഷനുവേണ്ടി രൂപീകരിക്കപ്പെട്ടകോ ഓര്‍ഡിനേറ്റിംഗ് കമ്മറ്റി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍ എന്നീ പ്രധാന കേന്ദ്രങ്ങളിലുള്ള സംഘടനകള്‍ നാഷണല്‍ കമ്മറ്റിയിലേയ്ക്ക് പ്രതിനിധികളെ തിരഞ്ഞെടുത്തു.

'നാഷണല്‍ കമ്മറ്റിയുടെ പ്രഥമ സമ്മേളനം എന്റെ വസതിയില്‍ വച്ചാണ് നടന്നത്. തുടര്‍ന്നു നടന്ന രണ്ടാമത്തെ മീറ്റിംഗില്‍ സംഘടനയ്ക്ക് പേര് നിശ്ചയിച്ചു. മൂന്നാമത്തെ മീറ്റിംഗ് കാലിഫോര്‍ണിയായില്‍ നടന്നു. ഞാനായിരുന്നു അധ്യക്ഷന്‍,' അദ്ദേഹം അനുസ്മരിച്ചു.

കെ.സി.സി.എന്‍.എ. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായതില്‍ അദ്ധേഹം അഭിമാനം കൊണ്ടു.

ന്യൂ ജേഴ്സിയില്‍ നടന്ന ക്നാനായ നാഷണണ്‍ കണ്‍വന്‍ഷനില്‍ കെ.സി.സി.എന്‍.എ.യുടെ ഫൗണ്ടീംഗ് ഫാദര്‍ എന്ന നിലയില്‍ ആദരിക്കുകയുണ്ടായി.

പരിചയപ്പെടൂന്ന എല്ലാവരുമായും സൗഹ്രുദം പുലര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ധേഹം. ആരെയും ശത്രുപക്ഷത്താക്കാതിരിക്കാനുംഅദ്ധേഹത്തിനു കഴിഞ്ഞു. തോമസ് മുളക്കല്‍ ചെയ്ത സഹായങ്ങളെപറ്റിനന്ദി പൂര്‍വം അനുസ്മരിക്കുന്ന ഒട്ടേറെ പേര്‍ അമേരിക്കയിലും ഇന്ത്യയിലും ഉണ്ട്.

ഒരു കാലത്ത് കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ-മത നേതാക്കള്‍ ഡല്‍ഹിലെത്തുമ്പോള്‍ ആദ്യം അവര്‍ വിളിക്കുക തോമസ് മുളക്കലിനെ ആയിരുന്നു.

ഭാര്യ മേരിക്കുട്ടി കവിയൂര്‍ കൂട്ടോത്തറ കുടുംബാംഗമാണ്.
മക്കള്‍: സൈലസ് മുളക്കല്‍ & ആശ കല്ലാട്ട്; സൈജന്‍ മുളക്കല്‍ & ലിറ്റിമോള്‍ ചെമ്മലക്കുഴിയില്‍
കൊച്ചുമക്കള്‍: ക്രിസ്, കെവിന്‍, സ്റ്റീവന്‍, സെറീന.

പൊതുദര്‍ശനം: ഏപ്രില്‍ 28 ഞായര്‍, 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040
സംസ്‌കാര ശുശ്രുഷ: ഏപ്രില്‍ 29 തിങ്കള്‍ രാവിലെ 10 മണി സെന്റ് പോള്‍ ദി അപ്പസ്തല്‍ ചര്‍ച്ച്, 2535 സീഡര്‍ സ്വാമ്പ് റോഡ്, ബ്രൂക്ക് വില്‍, ന്യു യോര്‍ക്-11545
സംസ്‌കാരം സെന്റ് ചാള്‍സ്/റിസറക്ഷന്‍ സെമിത്തേരി, 2015 വെല്വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യു യോര്‍ക്ക്-11735 
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് മുളക്കല്‍ (87) നിര്യാതനായി
Join WhatsApp News
Thomas T Oommen 2019-04-23 12:13:24
Sad news. Condolences and prayers. 
vincent emmanuel 2019-04-23 22:15:59
Mr.Thomas mulackal helped me a lot while i was new Delhi. Good man. Always helpful. Rest in peace Mr.Mulackal.
Raju Mylapra 2019-04-23 22:28:41
ഞാൻ വളരെയധികം ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന - എന്നെ വാത്സല്യപൂർവ്വം സ്നേഹിച്ചിരുന്ന ബഹുമാനപെട്ട തോമസ് മുളക്കലിന് ആദരാജ്ഞലികൾ.. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിനോടുള്ള അനുശോചനം അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക